അവസ്ഥാന്തരങ്ങൾ

അത്‌ മൗനം

തിരയിളക്കങ്ങളാരുമറിഞ്ഞതില്ല

കടലിന്റെ മനസ്സാണതിനു പലപ്പോഴും.

അത്‌ സ്വപ്‌നം

ഉറക്കം കൂട്ടിക്കൊണ്ടുപോയപ്പോൾ

സ്വർഗ്ഗത്തിലേക്കെന്നറിഞ്ഞില്ല.

ഉണർന്നപ്പോൾ സ്വർഗ്ഗവുമില്ല

സ്വപ്‌നം ഓർമ്മയിലുമില്ല.

ശേഷം ചിന്തയായിരുന്നു.

ഉളളതിനും ഇല്ലായ്‌മയ്‌ക്കുമിടയിൽ

പടർന്നു കയറി

തീ പോലെയതും ശമിച്ചപ്പോൾ

അപ്രായോഗികമെന്ന്‌ ചിലർ.

വിദൂരസ്ഥമെങ്കിലും

അതണയാതെ സൂക്ഷിച്ച്‌

ലക്ഷ്യത്തിലെത്തുമെന്ന വെല്ലുവിളിയിൽ ചിലർ.

ശേഷം വായനയായിരുന്നു

ഹൃദയ പ്രതിഫലനങ്ങളുടെ

കണ്ണുകളുടെ, കാഴ്‌ചകളുടെ…

വ്യർത്ഥതയറിഞ്ഞും

അർത്ഥരഹിതമെന്ന്‌ പറയാതെയും

ഒടുക്കം ഒരു കൽപ്പന

കൈക്കുമ്പിളിൽ നിന്ന്‌ ചോർന്നു പോവരുതെന്ന്‌,

ഒപ്പം വിധിയെ ചെറുക്കാൻ

വീണ്ടെടുക്കാൻ

പലതുമുണ്ടെന്ന ഓർമ്മപ്പെടുത്തലും

അത്‌ തട്ടിയുണർത്തലായിരുന്നു

ഉറക്കം വീഴ്‌ത്തിയ

ഉച്ചമയക്കങ്ങളിൽ നിന്ന്‌

കാൽപ്പനികഭ്രമങ്ങളിൽ നിന്ന്‌

നൈരാശ്യത്തിന്റെ വിഷാദഭാവങ്ങളിൽ നിന്ന്‌

പ്രയോജനവാദത്തിനൊരുങ്ങാതെ

നിഷേധിക്കാനേതുമില്ലാതെ

പിന്നെ, ഓരോരോ കണക്കുകൂട്ടലുകൾ

ഇന്നലെകളുടെ, ഇന്നിന്റെ

ശരിയും തെറ്റുമറിഞ്ഞ്‌

കാലത്തിന്നാഞ്ജാനുവർത്തികളാവുകയെന്ന

ഒരു കവിതയുടെ ആഹ്വാനം

മുൻവിധികളന്വേഷിക്കാതെ

അരുതെന്നിപ്പോൾ കാട്ടാളനോടല്ല

പൈശാചികതുല്യമായ

മനുഷ്യ മനസ്സുകളോട്‌

ചെയ്‌തികളോട്‌

താന്താൻ നിരന്തരം

ചെയ്യുന്ന കർമ്മങ്ങൾ

പൂരിപ്പിയ്‌ക്കപ്പെടുന്നത്‌

കാലത്തിന്റെ മഷി ചോർന്നു

പോവാത്ത, പേനത്തുമ്പിനാൽ

ഇത്‌ മനുഷ്യാവസ്ഥ

അപരിഹാര്യമെന്നെഴുതിത്തളളിയ,

അനൈക്യം കൊണ്ട്‌

പരാജയമേറ്റു വാങ്ങിയ

പരിഹാര്യകഥയുടെ

ഒരേട്‌.

Generated from archived content: poem_june4.html Author: vijila_perambra

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here