ഭൂമി വിൽപനയ്‌ക്ക്‌ഃ വാങ്ങുന്നവർക്ക്‌ ലൈഫ്‌ടൈം വായു സൗജന്യം

കാവിൽ ഭഗവതിക്കു ദുഃഖം താങ്ങാൻ വയ്യ. ഇവിടെ മൂന്നുനേരം പൂജയുണ്ടോ? കാണിക്കവഞ്ചിയിൽ കാശുണ്ടോ? നിവേദ്യമുണ്ടോ? പട്ടിണി കിടന്നു മടുത്തു. ബോറടി അസഹ്യം. നെല്ലിപ്പലകയുടെ കയ്‌പ്പറിഞ്ഞ ഭഗവതി അമ്പലം വിട്ടിറങ്ങി. ആൽത്തറയിൽ നിന്നും ബസിൽ കയറുമ്പോൾ രത്‌നം പതിപ്പിച്ച പൊൻചിലമ്പും പൊൻവളകളും പൊതിഞ്ഞിരുന്ന തുണിസഞ്ചി നെഞ്ചോട്‌ ചേർത്ത്‌ പിടിച്ചിരുന്നു. നഗരത്തിൽ റോഡിൽ വാഹനങ്ങൾ ഒന്നും ഓടുന്നില്ല. നഗരത്തിലെ ഒരു ക്ഷേത്രത്തിൽ പൊങ്കാലയാണ്‌, കൂടെ ഗജമേളയും ഘോഷയാത്രയും. ജനപ്രളയത്തിൽ മുങ്ങിയും പൊങ്ങിയും ഭഗവതി ഒഴുകി.

ആഗ്രഹം ആരുടെയും സ്വകാര്യസ്വത്തല്ലല്ലോ? തനിക്കും ഇതുപോലെ വമ്പൻ ഉത്സവങ്ങൾക്ക്‌ കൊതിയുണ്ടാവില്ലേ. നിറകണ്ണുകളോടെ ഭഗവതി കൂറ്റൻ കെട്ടിടത്തിനു മുകളിലെ വർണ്ണാഭമായ ബോർഡ്‌ മങ്ങിയും തെളിഞ്ഞും കണ്ടു. പുഷോ പുള്ളോ എന്ന്‌ ശങ്കിച്ചു നിന്ന ഭഗവതിക്കുമുന്നിൽ ഗ്ലാസ്സുകൾ ഇരുവശത്തേക്കും മാറി. മകരപ്പുലർച്ചക്കുപോലും ഇത്ര തണുപ്പുണ്ടാവില്ല. കൈയിലുള്ള പൊൻവളകളും ചിലമ്പും മേശപ്പുറത്ത്‌ വച്ച്‌ ഭഗവതി പറഞ്ഞു.

രക്ഷിക്കണം ഇപ്പോൾ എന്റെ കയ്യിൽ ഇതേ ഉള്ളൂ. വരുമാനത്തിനനുസരിച്ച്‌ ബാക്കി കമ്മീഷനിനത്തിൽ തന്നുകൊള്ളാം. കരാറിൽ ഒപ്പിട്ട ഭഗവതി നാട്ടിലേക്ക്‌ മടങ്ങി. അഡ്‌വേർടൈസിംഗ്‌ ഏജൻസിയിൽ കുലങ്കഷമായ ചർച്ച തുടങ്ങി. അഞ്ചുവർഷംകൊണ്ട്‌ നടപ്പിലാക്കേണ്ട പദ്ധതികൾ ആസൂത്രണം ചെയ്‌തു. പ്രാരംഭ നടപടിയായി കേരളത്തിലുടനീളം ഭഗവതിയുടെ ചിത്രമുള്ള കൂറ്റൻ ഫ്‌ളക്‌സ്‌ ബോർഡുകൾ ഉയർന്നു. സിനിമയിലെ യുവതാരം ക്ഷേത്രത്തിന്റെ അംബാസിഡറായി സ്‌ഥാനമേറ്റു. ടെലിവിഷനിൽ നിരന്തരം പരസ്യങ്ങൾ വന്നു. എഫ്‌.എം. റേഡിയോയിലെ പ്രിയഗീതം പരിപാടി സ്‌പോൺസർ ചെയ്യുന്നത്‌ ഭഗവതിയുടെ പേരിലാണ്‌. ചാനലിൽ വാർത്തകൾക്കൊപ്പം ഭഗവതിയുടെ വിശേഷങ്ങളും വന്നുതുടങ്ങി.

ദക്ഷിണേന്ത്യയിലെ മികച്ച സംഗീത ശില്‌പ്പികൾ അണിനിരന്ന ഭഗവതിയെ സ്‌തുതിക്കുന്ന ആൽബങ്ങൾ വിപണിയിൽ നിറഞ്ഞു. സംഗീതശകലങ്ങൾ റിങ്ങ്‌ടോണുകളായും നാമങ്ങൾ എസ്‌.എം.എസുകളായും മൊബൈലിൽ നിന്ന്‌ മൊബൈലുകളിലേക്ക്‌ പാഞ്ഞു. ആഴ്‌ചകളിലെ ചില പ്രത്യേക ദിവസങ്ങളിൽ ക്ഷേത്രസന്ദർശനം നടത്തുന്നവരുടെ കുടുംബത്തിന്‌ ഐശ്വര്യം ഏറുമെന്ന്‌ പ്രചരിപ്പിച്ചു. ഭഗവതിയുടെ ചിത്രം ആലേഖനം ചെയ്‌ത സ്വർണ്ണലോക്കറ്റിന്‌ സ്വർണ്ണത്തിന്റെ മാർക്കറ്റ്‌ വിലയുടെ അഞ്ചിരട്ടിവരെ ഉയർന്ന വിലയ്‌ക്കു വിറ്റു. അഞ്ചെണ്ണത്തിലധികം വാങ്ങുന്നവർക്ക്‌ സൗജന്യം പ്രഖ്യാപിച്ചു. ലോക്കറ്റ്‌ പ്രസ്‌റ്റീജിന്റെ ഭാഗമായി തീർന്നു. ഭഗവതിയെ കുറിച്ച്‌ ഡോക്യുമെന്ററികൾ ടെലിവിഷനിൽ വന്നു. കാവിലെ ഉത്സവത്തോടനുബന്ധിച്ച്‌ നടത്തിയ താരനിശയും മറ്റു ചടങ്ങുകളും ലൈവായി ഏവരും കണ്ടു. കാവിൽ ഭഗവതി ഡോട്ട്‌കോമിലൂടെ വഴിപാടുകൾ ബുക്കു ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരുകയാണ്‌.

ഭഗവതി ഇന്നു സന്തുഷ്‌ടമാണ്‌. ഒരു വിദേശിപോലുമില്ലാത്ത ദീപാരാധന അപൂർവ്വമാണ്‌. സെക്യൂരിറ്റി ജീവനക്കാർക്ക്‌ മാത്രം വലിയൊരു ഓഫീസുണ്ട്‌. ക്ഷേത്രത്തിൽ ജോലി ലഭിക്കാൻ എഴുത്തു പരീക്ഷയും അഭിമുഖ പരീക്ഷയും വിജയിക്കണം. ലക്ഷങ്ങൾ കൈക്കൂലിയിനത്തിൽ കീശയിൽ നിന്നും കീശയിലേക്ക്‌ മറിയുന്നു.

പരസ്യങ്ങൾ ജനജീവിതത്തിലെ അവിഭാജ്യഘടകമായി മാറിയിരിക്കുന്നു. മൊട്ടുസൂചി മുതൽ രാജ്യങ്ങൾക്കുവരെ പരസ്യമുണ്ട്‌. ഭാവിയിൽ ഗ്രഹങ്ങൾ പിടിച്ചെടുക്കുന്ന മനുഷ്യർ അവ വിൽക്കുവാൻ പരസ്യം നൽകിയേക്കാം. പരസ്യങ്ങൾ മനഃശാസ്‌ത്രപരമായ പ്രത്യായനങ്ങളെ വിദഗ്‌ദ്ധമായി ഉപയോഗപ്പെടുത്തി പുതിയ മിത്തുകളെ സൃഷ്‌ടിക്കുന്നു. അതാണല്ലോ ഒരു രൂപയുടെ ഉൽപ്പന്നം വിൽക്കുവാൻ പത്തുരൂപയുടെ പരസ്യം കാണിക്കുന്നതിനു പിന്നിലെ ചോദന.

ജനസംഖ്യ നിയന്ത്രണം, കുടുംബക്ഷേമം തുടങ്ങിയ ആശയങ്ങൾ പ്രചരിച്ചതും എയ്‌ഡ്‌സ്‌, പൊളിയോ, പക്ഷിപ്പനി തുടങ്ങിയ വ്യാധികൾ നിയന്ത്രിക്കേണ്ട മാർഗ്ഗങ്ങൾ പ്രചരിപ്പിച്ചതും പരസ്യങ്ങൾ വഴി തന്നെ. എന്നാൽ കച്ചവടത്തിൽ പരസ്യങ്ങൾ ഉപഭോക്താക്കളെ മനഃശാസ്‌ത്രപരമായി സ്വാധീനിച്ച്‌ കീഴ്‌പ്പെടുത്തുന്നു. ചില ഉൽപ്പന്നങ്ങൾ ജീവിതത്തിന്റെ ഭാഗം അല്ലെങ്കിൽ ചില ബ്രാൻഡ്‌ ഉൽപ്പന്നങ്ങൾ ഇല്ലെങ്കിൽ അത്‌ തന്റെ അഭിമാനത്തിന്‌ ക്ഷതമേൽപ്പിക്കുന്നതാണെന്ന മിഥ്യാധാരണ ജനിപ്പിക്കുന്നു. പരസ്യങ്ങൾ അനുസ്യൂതം വന്നുകൊള്ളട്ടെ, വിവേകമുള്ള മനുഷ്യന്‌ നെല്ലും പതിരും അറിയാൻ അൽപം വിവേചന ബുദ്ധിയുപയോഗിച്ചാൽ മതി. കണ്ണുമടച്ച്‌ പായുംമുമ്പേ ഒന്നു ചിന്തിക്കുന്നത്‌ എന്തായാലും നല്ലതുതന്നെ.

Generated from archived content: essay1_mar19_10.html Author: vijayasankar_v

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here