അറിയില്ലയോ? നിളാദേവിയാണെന്നെ
മറന്നുവോ സഹ്യന്റെ പുത്രിയെ നിങ്ങള്‍!
ദക്ഷിണ ഗംഗയായ് പുകള്‍പെറ്റു നാടിന്‍
രക്ഷ്ക്കു ജീവജലം തന്ന ധന്യ ഞാന്‍
ഹരിതാഭമാക്കി സമൃദ്ധിയാല്‍ ഞാനീ
ധരിത്രിയെപ്പാലൂട്ടി സന്തുഷ്ടമാക്കി
ചിന്തിച്ചുനോക്കുവിന്‍ നിങ്ങളിലെന്‍ ജീവ
സ്പന്ദനമല്ലേ തുടിപ്പു ചൈതന്യമായ്!
നാടിന്‍ കുളിരും , കുടിനീരുമായ് , ജീവ
നാഡിയായ്, സംസ്കൃതിക്കീറ്റില്ലമായിവള്‍;
തുഞ്ചന്റെ തത്തയെക്കൊണ്ടു പാടിച്ചു തേ-
നഞ്ചും മലയാള ശീലുകല്‍ ഞാന്‍ മുദാ.
കരളില്‍ മുറിപ്പാടിന്‍ നൊമ്പരമേറ്റി-
ന്നിരുതീരം തൊട്ടൊഴുക്കില്ലെനിക്കിപ്പോള്‍
മണലൂറ്റുകാര്‍ക്കും , ജലചൂഷകര്‍ക്കും
പണയപ്പെടുത്തിയോ നിഷ്ഠൂരമെന്നെ
ഗത്യന്തരമില്ലെന്‍ വിരിമാറു കീറി
മധ്യത്തു ചാലിട്ടു പാതതീര്‍ത്തെന്‍ ഗതി
മുട്ടിച്ചു വറ്റിച്ചു തണ്ണീരിലിറ്റിച്ചു
മട്ടിയോളം വിഷമാലിന്യമൊക്കെയും
സോദരിമാരുനേകരെന്നെപ്പോലെ
നീര്‍ തന്നു മണ്ണിനെപ്പോറ്റും തടിനികള്‍
നെറികേടു ശീലിച്ച നിങ്ങള്‍ക്കിനിയും
അറിയില്ല നന്ദികാട്ടാനവരോടും
കരുതിയില്ലത്രയും ക്രൂരതയെന്നോ-
ടരുതേയെന്നോതാനുമില്ലേ കരുത്തര്‍?
കരുതിയെനിക്കും വിധിച്ചവരോര്‍ത്തൊ
മരണത്തിന്‍ ശംഖൊലി മലനാട്ടിനും?
സരസ്വതിക്കുണ്ടായ ദുര്‍ഗതി പോലെ
ധരയിലൊരോര്‍മ്മയായ് തീര്‍ന്നിടാം ഞാനും
നദികള്‍ നാടിന്റെ സമ്പത്തെന്ന പാഠം
പതിതരേ വൈകാതെ നിങ്ങള്‍ പഠിക്കും.
Generated from archived content: poem2_nov10_11.html Author: vijayan_t