വെറുതെയാണെങ്കിലും നിന്നെയോർമ്മിക്കെയെൻ
ഹൃദയമത്യുച്ചം മിടിക്കുമാറുളളതും,
ഇരുളായ് പൊലിഞ്ഞ പൊൻതാരകം പോലെന്റെ
സകലവും നീയേ വലിച്ചെടുക്കുന്നതും,
അറിയില്ല നീപോലു,മീരാവിൽ നോവു- ഞാൻ
പറയുന്നതെന്നോടു മാത്രമായ്, ഒരു നോക്കു
തിരിയുവാൻ, നിൽക്കുവാൻ കനിയുകയില്ലെങ്കിലും
നിഴൽപോലുമെത്രയോ ദൂരെയെന്നാകിലും,
ഇതരസൗന്ദര്യങ്ങൾ പ്രണയകാലത്തിന്റെ
ഘടികാര ചക്രങ്ങളാക്കി നീയെങ്കിലും,
വിഫലമായ്‌പ്പോയ സമർപ്പണത്തിൻ സ്‌മൃതി,
ചിരവിയോഗത്തിൻ ദുരന്ത ദുഃഖദ്യുതി,
തിരകളായ്, അന്തകത്തിരകളായ്, വറ്റാത്ത
സ്വരസാഗരങ്ങളിൽ സ്വപ്‌നാന്തരധ്വനി…
പകരുവാൻ മറ്റെന്തിനി? കാറ്റടിച്ചു വീ-
ണെരിതീയറിഞ്ഞ മയിൽപ്പീലിതൻ ചിരി…
Generated from archived content: poem3_may10_06.html Author: vijayalakshmi