ഓണം എന്നും നല്ല സ്‌മരണകൾ തരുന്നതാണ്. എന്നുപറഞ്ഞാൽ സിനിമയിൽ വരുന്നതിനുമുമ്പുളള ഓണം. സിനിമയിൽ വന്നതിനുശേഷം ഓണം നഷ്‌ടപ്പെട്ടു എന്നു പറയുന്നത് ഏറെക്കുറെ ശരിതന്നെ. ഓണം അനുഭവിച്ചത് കുട്ടിക്കാലത്ത് തന്നെയാണ്. നഗരജീവിതത്തിൽ ഓണം അതിന്റെ ശരിയായ അർത്ഥത്തിൽ ഇല്ല എന്നുതന്നെ പറയാം. ഓണത്തെ അറിയുന്നത് ഗ്രാമങ്ങളിൽ തന്നെയായിരിക്കും, പുലികളി, അത്തപൂക്കളം, വടംവലി എന്നിങ്ങനെ ഒരുപാട് രസങ്ങൾ. ഒരുപക്ഷെ ഇപ്പോൾ ഗ്രാമങ്ങളിലും ഇവ നഷ്‌ടപ്പെടുന്നുവെന്ന് തോന്നുന്നു.
എന്റെ സ്വന്തം സ്ഥലം വിഴിഞ്ഞമാണ്. അവിടെ ഓണം വരുന്നു എന്ന് അറിയുന്നത് ഒരു കൂവലോടെയാണ്. ഓണം അടുക്കുമ്പോഴേയ്‌ക്കും കുട്ടികളും മുതിർന്നവരും വ്യത്യസ്തമായ കളികളിൽ ഏർപ്പെടും. പന്തുകളി….പകിടകളി എന്നിങ്ങനെ ഇവരുടെ കൂവലുകളാണ് ഓണത്തെ അറിയിക്കുന്നത്. ഓരോ വർഷം കഴിയുന്തോറും അതിന്റെ നിറങ്ങൾ നഷ്‌ടപ്പെടുന്നു. ഇത് ജീവിത വേഗതകൊണ്ടാവാം, നമ്മൾ മാറിയതുകൊണ്ടാവാം, പ്രായം ഏറിയതുകൊണ്ടാവാം… ആരെയും കുറ്റപ്പെടുത്താനാവില്ല.
ഇപ്പോൾ എന്റേത് ഒരു ഫ്ലാറ്റ് ജീവിതമായതുകൊണ്ട് ഓണം മാത്രമല്ല, ആഘോഷങ്ങളെല്ലാം അകന്നു നില്‌ക്കുകയാണ്. എങ്കിലും എന്റെ ബാല്യകാലംപോലെ ഓണം ആഘോഷിക്കുന്ന ഒട്ടേറെ കുട്ടികൾ നാട്ടിൻപുറങ്ങളിലുണ്ടാകും. അവർക്കൊപ്പം, പുഴഡോട്ട്‌കോമിന്റെ വായനക്കാർക്കൊപ്പം ഞാനും ഓണം ആഘോഷിക്കാം…..
ഹൃദയം നിറഞ്ഞ ആശംസകളോടെ വിജയകുമാർ
Generated from archived content: onam_greetings1.html Author: vijayakumar(actor)