വി.കെ.എൻ ഒരു വടവൃക്ഷമാകുന്നു. ഒറ്റ ചില്വാനം ചെലവാക്കാതെ, ആ ചില്ലയിൽ ഒരൂട്ടം പക്ഷിക്കൂട്ടം റാകി പറപറാന്ന് പറന്ന് ചേക്കേറി വട കൊത്തി പറന്നിട്ടുണ്ട്. അപ്പടി പറന്ന ഒരു കരിങ്കാക്കയുടെ വട നിരൂബകമോൻ രമേശന്റെ തൊണ്ടയിലുടക്കിയതാകുന്നു അനംഗഭൈരവി.
കാണാമ്പോണ പൂരാടത്തെക്കുറിച്ചുളള ഉത്രാടപ്പാച്ചിൽ കഥ പറച്ചിലാണ് ഈ പെരും പടൈപ്പ് സ്വരൂപം. ഏറ്റവും വലിയ അസംബന്ധമായ സംബന്ധത്തെക്കുറിച്ചുളള കോൽക്കളിക്കൂത്ത്. ഒരു കൂത്ത് അച്ചിയുടെ ആട്ടക്കലാശക്കൂട്ടം പറച്ചിൽ-ഭാഷയുടെ മലമക്കളി; വാക്കുകളുടെ മലക്കം മറിച്ചിൽ!
വി.ആർ.ശിവദാസ് എന്നത് ആംഗ്ലേയവ്യാകരണപ്പിഴയുളള ഒരു പദമാകുന്നു. “വി ആർ ശിവദാസ്സസ്” എന്നതേ ശരിയാണരൂപമെന്ന് ‘ഹിന്ദു’പത്രം ഗോപി വരയ്‌ക്കുന്നു. നേരേ ചൊവ്വേ എഴുതിയാലും വായിച്ചാലും ചൊവ്വാഗ്രഹത്തിൽ എത്തില്ലെന്ന തിരിച്ചറിവാണ് ശിവദാസൻ എന്ന പുളളി വളളി തെറ്റാതെ മാതുവമ്മയുടെ ഉടലിൽ കവടി നിരത്തി പറയുന്നത്. പാട്ടെഴുത്താളികളും കവികാളകൂടങ്ങളും ഉടൽദേശത്ത് ചിതറിക്കിടക്കുന്നു.
“തിരയടങ്ങിയാലും
രതിയടങ്ങുകയില്ല” -എന്ന് ഏതോ മെഗാകവി പറഞ്ഞത് ഇവിടെ വിസ്‌മരിക്കുന്നു.
മാതുവമ്മ വാതിൽ പൊളിച്ച് വായനക്കാരെ കാത്തിരിക്കുന്നു.
അനംഗഭൈരവി (നോവൽ), വി.ആർ.ശിവദാസ്, വില – 40.00, സൊർബ പബ്ലിക്കേഷൻസ്.
Generated from archived content: book2_jan4_06.html Author: vijayakumar_kunissery