ഇന്ത്യയിലെ നാടോടിചിത്രകല – 2-​‍ാം ഭാഗം

വാർളി, ഭിൽ, ശബര ചിത്രങ്ങൾഃ വടക്കേ ഭാരതത്തിലെ പ്രാചീനവർഗ്ഗക്കാർ അവരുടേതായ രീതിയിൽ അതിസങ്കീർണ്ണമായ ചിത്രാങ്കനങ്ങൾ ചുമരിൽ ചെയ്യാറുണ്ട്‌. മഹാരാഷ്‌ട്രയിലെ വാർളി, ഗുജറാത്തിലെ ഭിൽ വംശജരുടെ പിത്തോറ ചിത്രങ്ങൾ ഒറീസ്സയിലും സമീപത്തുമുളള ശബരരുടെ ചിത്രങ്ങൾ എന്നിവ നാടൻ ചുമർചിത്രകലയുടെ സ്വഭാവങ്ങൾ കാണിക്കുന്നു. വെളുത്ത പ്രതലത്തിൽ ചുമപ്പും കറുപ്പുമാണ്‌ ഗോന്ത്‌ വംശജരുടെ ചിത്രങ്ങളിൽ ഏറെകാണുന്നത്‌. ചുമപ്പ്‌ മൺഭിത്തിയിൽ ശബരർ വെളുപ്പ്‌ വർണ്ണമുപയോഗിച്ച്‌ ചിത്രമെഴുതുന്നു. വാർളിക്കാരും ഭിലുകളും ചെമ്മൺഭിത്തിയിൽ വെളുപ്പും ചുമപ്പും വർണ്ണങ്ങൾ കൂടുതൽ ഉപയോഗിക്കുന്നു. ഇവരുടെ ചിത്രങ്ങൾക്ക്‌ തങ്ങളുടെ പൂർവ്വീകരായ ഗുഹാനിവാസികളുടെ ഗുഹാചിത്രങ്ങളുമായി സാമ്യമുണ്ടെന്ന്‌ പുപുൽജെയ്‌കർ അഭിപ്രായപ്പെടുന്നുണ്ട്‌. ഗുഹയിലെ ഇടുങ്ങിയ ഭിത്തിയിൽ കാണുന്ന രീതി കുറച്ചുകൂടി വിസ്തൃതിയുളള പടുത്തുയർത്തിയ ഗൃഹഭിത്തിയിലേയ്‌ക്ക്‌ മാറ്റിയപ്പോഴുണ്ടായ പ്രയോഗ&ശൈലീവ്യത്യാസവും സാജാത്യവും ഈ രചനകളിൽ ദൃശ്യമാണ്‌. ഉർവ്വരതാനുഷ്‌ഠാനവും രോഗപ്രതിരോധശക്തിയെന്ന വിശ്വാസവും പരേതാത്‌മാക്കളുടെ തൃപ്തിയെന്ന ആശ്വാസവുമെല്ലാമടങ്ങുന്ന വിവിധ വീക്ഷണങ്ങൾ ഇവയിലുണ്ട്‌. മന്ത്രചിത്രലിപികൾപോലെ ഉപയോഗിക്കുന്ന ഇവയിൽ രഹസ്യാത്മകതയേറും. പുരോഹിതസ്ഥാനത്തുളളവരാണ്‌ ഇതൊരുക്കുന്നത്‌. അതിനാൽ സ്‌ത്രീപങ്കാളിത്തം കുറവാണ്‌. എങ്കിലും കൂടുതൽ ‘പുരോഗമിച്ച’ സമതലപ്രദേശവുമായി ബന്ധമുളളയിടങ്ങളിൽ സ്‌ത്രീപങ്കാളിത്തവും കാണാം.

വാർളിചിത്രങ്ങൾ ചലനാത്മകതയേറുന്നവയാണ്‌. ചോളത്തിന്റെ ദേവതയായ ‘ഫലഘട’ത്തിന്റെ ചിത്രം രണ്ടു ത്രികോണങ്ങൾ ചേർത്താണുണ്ടാക്കുന്നത്‌. മുകളിലേയ്‌ക്കുയർന്ന ത്രികോണം ആണും (നിവർന്ന ഫലകം) താഴേയ്‌ക്കുളളതു പെണ്ണും (ഘടം) എന്നത്രെ സങ്കല്പം. ത്രികോണങ്ങളുടെ രചനയിൽ ചില ലക്ഷണങ്ങൾ ഇവർ പാലിക്കുന്നു. ദൈവരൂപങ്ങളുപയോഗിക്കുന്ന ത്രികോണങ്ങൾ കുറുകെ ഛേദിക്കില്ല. മനുഷ്യരൂപങ്ങൾക്കുപയോഗിക്കുന്നവ കുറുകെ ഛേദിച്ചവയായിരിക്കും. ഇവയ്‌ക്ക്‌ അടിസ്ഥാന ജ്യോമട്രി രൂപമായ നേർരേഖകൾ കൈകാലുകളായി കൊടുത്താൽ അവ ജൈവമാകും. ഇവയിൽ അഞ്ചുകഴുത്തുളള ഒരു ദേവന്‌ വലിയ പ്രാധാന്യമുണ്ട്‌. ‘പഞ്ചശിര’ ദേവന്‌ തലകളില്ല. ഓരോ കഴുത്തിലും ചോളനാമ്പു പൊടിച്ചു നിൽക്കും. മരണം, പുനർജനനം, ഉർവ്വരത, കൃഷി, മനുഷ്യൻ, പ്രപഞ്ചം എന്നിവകളെയെല്ലാം സൂചിപ്പിക്കുന്ന ചിത്രലിപികൾ പോലെയാണിത്‌. ഈ രൂപം സ്‌ത്രീകൾ മാത്രമേ ആരാധിക്കാൻ പാടുളളൂവത്രേ. ശൈവസങ്കല്പത്തിലും ഉന്നത ശൈവമിത്തുകളിലും ‘പഞ്ചമുഖലിംഗ’ രൂപങ്ങളുണ്ട്‌. അതിന്റെ പ്രാഗ്‌സ്വഭാവവും പ്രാചീനസിംബോളിസവും ഇതിൽ കാണാം. വാർളി ചിത്രങ്ങളിൽ വൃക്ഷവും വനവും ഒരു പ്രധാന മോട്ടീഫാണ്‌. വനനിബിഡത കാണിക്കുന്ന ചിത്രങ്ങളിൽ മനുഷ്യർ ആശ്ചര്യത്തോടെ വനനിരീക്ഷം നടത്തുന്ന ഭാവം മിക്കതിലുമുണ്ട്‌. വനം വെട്ടിത്തെളിച്ച്‌ അവിടങ്ങളിൽ കുടിൽകെട്ടി താമസിക്കുന്ന സംസ്‌കാരമാറ്റം കാണിക്കുന്ന ചിത്രങ്ങളും ഇവർ വരയ്‌ക്കാറുണ്ട്‌.

ഗുജറാത്തു ഭാഗത്തെ ഭിൽ വംശജർ വരയ്‌ക്കുന്ന ‘പിത്തോറ’ ചിത്രങ്ങൾ മാന്ത്രികശക്തിയുളളതായാണ്‌ അവർ കണക്കാക്കുന്നത്‌. ചുമരിൽ മുഴുവൻ വരച്ചുകൂട്ടുന്ന ഈ ചിത്രങ്ങളിൽ കുതിരപ്പുറത്തെ മനുഷ്യസവാരി വളരെയധികം ആവർത്തിച്ചു കാണാം. ഓരോ സവാരിക്കാരനും പ്രത്യേകം പ്രത്യേകം പേരുനൽകിയിട്ടുളള ഓരോ പിത്തോറദേവനായിരിക്കും. ഭിലുകളുടെ മന്ത്രവാദി പുരോഹിതനായ ‘ബുവ’ വായിൽ ജവറപാനീയമെടുത്ത്‌ ചുമരിൽ തുപ്പി കൈയിന്റെയോ അരിവാളിന്റെയോ രൂപം നിർമ്മിച്ച്‌ ആ കുടിലിനെ സംരക്ഷിക്കുന്ന മാന്ത്രികവിദ്യ ചെയ്യുന്ന പതിവുണ്ട്‌. കുടിലുകളുടെ മുന്നിലെ ചുമരിൽ ദേവൻമാരുടെ ചെറിയ റിലീഫുകളും ഇവരുണ്ടാക്കുന്നു. പിത്തോറചിത്രരചനയുടെ അനുഷ്‌ഠാനങ്ങളിൽ കോഴിബലി ഇന്നും നടത്തുന്നുണ്ട്‌. ഗോന്ത്‌ വർഗ്ഗക്കാർ കൃഷ്‌ണലീലയും രാസലീലയും അവരുടെ ചുമരുകളിൽ വരയ്‌ക്കുന്നു. വിന്ധ്യാപർവ്വത നിവാസികളായി അറിയപ്പെട്ടിരുന്ന ശബരൻമാർ പലയിടങ്ങളിലും വ്യാപിക്കുകയും അവരുടേതായ സംസ്‌കാരചിഹ്‌നങ്ങൾ അവിടങ്ങളിൽ പതിക്കുകയും ചെയ്‌തിട്ടുണ്ട്‌. എന്നാൽ പല യുദ്ധങ്ങളിലും തോറ്റുപോയ ഇക്കൂട്ടർ വീണ്ടും കാട്ടിലേയ്‌ക്കു കുടിയേറി ആദിമജീവിതരീതി സ്വീകരിച്ചതായും പറയുന്നുണ്ട്‌. ഇവരുടെ ദൈവങ്ങൾക്ക്‌ മനുഷ്യരൂപമില്ല. കുടത്തിന്റെ ആകൃതിയുടെ വിവിധ ദൃശ്യാന്തരങ്ങളാണുളളത്‌. രാജസ്ഥാനിലും ഒറീസയിലും മറ്റിടങ്ങളിലും ആ പ്രദേശനിവാസികൾ തങ്ങളുടെ കുടിലുകളുടെ ചുമരുകൾ ചിത്രംകൊണ്ടു നിറയ്‌ക്കുന്നു. വിഷയം അവരുടെ പ്രാദേശിക മിത്തുകളായിരിക്കും.

കേരളത്തിൽ മറയൂർ, ഇടയ്‌ക്കൽ തുടങ്ങിയ പ്രദേശങ്ങളിൽ ചരിത്രാതീതകാല ചിത്രങ്ങളുണ്ട്‌. എന്നാൽ 16-​‍ാം നൂറ്റാണ്ടോടെ ക്ഷേത്രഭിത്തികളിലും കൊട്ടാരഭിത്തികളിലും കണ്ടുതുടങ്ങുന്ന ചിത്രശൈലി ക്ലാസിക്കൽ സ്വഭാവമുളളതാണ്‌. ക്ഷേത്രം തന്നെ ആര്യവത്‌കൃതവും സംസ്‌കൃതവത്‌കൃതവുമായ ഒരു ആഢ്യവർഗ്ഗത്തിന്റെ അധീനതയിലാണല്ലോ. പല ക്രിസ്ത​‍്യൻപളളികളിലും ചുമർചിത്രങ്ങളുണ്ട്‌. പാശ്ചാത്യവിഗ്രഹലക്ഷണങ്ങൾ പേറുന്ന ചിത്രങ്ങളാണിവ. മുസ്ലീംപളളികളിൽ ഇസ്ലാംമതാചാരപ്രകാരം ലിപിവടിവു കാണിക്കുന്ന അറബി അക്ഷരങ്ങളുടെ ചുമർലിഖിതങ്ങൾ കാണാം.

4. ചിത്രപ്പാട്ട്‌ഃ ചുമർചിത്രങ്ങളിൽ കഥാകഥനമുണ്ടെങ്കിലും നാടോടി സംസ്‌കാരത്തിന്റെ ഭാഗമായി ‘കൊണ്ടുനടന്നു’ കാണിക്കുന്ന ചിത്രങ്ങൾ മറ്റൊരിനത്തിൽപ്പെടുന്ന ആഖ്യാനചിത്രങ്ങളാണ്‌. പഴക്കം പറയാമെങ്കിലും എ.ഡി.15-​‍ാം നൂറ്റാണ്ടോടെ ഭാരതത്തിലെ പല പ്രദേശത്തും (വടക്കേ ഭാരതത്തിൽ പ്രത്യേകിച്ചും) ‘കൊണ്ടുനടക്കാവുന്ന’ ചിത്രങ്ങൾക്ക്‌ സമൂഹത്തിൽ പ്രിയമേറുന്നുണ്ട്‌. മുന്നേതന്നെ താളിയോല ഗ്രന്ഥങ്ങളിലെ സാഹിത്യലിഖിതത്തോടൊപ്പം ചിത്രലിഖിതങ്ങളുമുണ്ടായിരുന്നു. സാഹിത്യഭാഷയിലുളള ആഖ്യാനത്തിന്റെ സമാന്തര ദൃശ്യഭാഷാഖ്യാനമായിരുന്നു അത്‌. എന്നാൽ 15-​‍ാം നൂറ്റാണ്ടോടെ വടക്കേ ഭാരതത്തിൽ പ്രാദേശികഭാഷകളായ മൈഥിലി, അവഥി, ബ്രജ്‌ തുടങ്ങിയ ഭാഷകൾ ആഖ്യാനത്തിന്റെ മേഖലയിൽ ശക്തമായി. അതോടൊപ്പം അവിടങ്ങളിൽ ദൃശ്യഭാഷയും പ്രബലമായി. എഴുത്തുഭാഷയേക്കാൾ സംസാരഭാഷ എന്ന നിലയിലാണ്‌ ഈ പ്രാദേശികഭാഷകൾ നിലനിന്നതും വളർന്നതും. ആ വാങ്ങ്‌മയസംസ്‌കാരത്തിന്റെ നാടോടിത്തവുമായാണ്‌ അതിന്റെ ദൃശ്യഭാഷയ്‌ക്കും അടുപ്പം കാണുന്നത്‌. നിലത്തുനിന്നും ചുമരിൽനിന്നും വേർപെട്ട്‌ തുണി-കടലാസു ചുരുളുകളിൽ ഉണർന്ന ഈ ചിത്രങ്ങൾ സമൂഹത്തിൽ ഒരു കൂട്ടത്തിനോടോ ഓരോ വീട്ടിലെ അംഗങ്ങളോടെ നേരിട്ടു സംവാദം നടത്തുന്നവയായി. ചുരുൾചിത്രം വരയ്‌ക്കുന്നവർ അതു കൊണ്ടുനടന്ന്‌ അതിലെ രൂപങ്ങൾ ചൂണ്ടിക്കാട്ടി ഒപ്പം അതിന്റെ പാട്ടുകളും പാടുക എന്ന രീതിയുപയോഗിച്ചു. അത്‌ ഒരു ‘ചിത്രപ്പാട്ടു’ രീതിയായി. ഈ ചിത്രപ്പാട്ടുകാരെ ‘പട്വ’ എന്നാണ്‌ വടക്കേ ഭാരതത്തിൽ പൊതുവേ അറിയുന്നത്‌. ഈ പാരമ്പര്യം എന്നു തുടങ്ങി എന്ന്‌ കൃത്യമായി പറയുക വയ്യ. ഇക്കൂട്ടർതന്നെ നാഥദ്വാര, പുരി, കാളിഘട്ട്‌, തഞ്ചാവൂർ എന്നീ ക്ഷേത്രനഗരങ്ങളിൽ അവിടത്തെ ഉൽസവക്കമ്പോളത്തിൽ ചിത്രവില്പനയും നടത്താറുണ്ട്‌. ഭിത്തിയിൽ ചിത്രം വരയ്‌ക്കുകയും, മണ്ണുകൊണ്ടു ശില്പമുണ്ടാക്കുകയും ക്ഷേത്രച്ചുമരലങ്കരിക്കുകയും ചെയ്യുന്ന ഈ ‘പട്വാ’കൾ പ്രവൃത്തിയിലും കലയിലും ജീവിതത്തിലും നാടോടി സംസ്‌കാരം കാണിക്കുന്നു.

ഈ ചിത്രങ്ങളിൽ പലതിലെയും കഥ രാമായണ, ഭാരത, ഭാഗവത ഗ്രന്ഥങ്ങളിൽ നിന്നാകും. എങ്കിലും അവയോടൊപ്പം തങ്ങളുടെ പ്രാദേശിക ദൈവങ്ങളും കഥാപാത്രങ്ങളും അനായാസമായി കൂടിച്ചേരും. രാമരാവണയുദ്ധം വരയ്‌ക്കുവാൻ രാമന്റെ കൂടെ ഭരതനും യുദ്ധം ചെയ്യുന്നത്‌ ഉന്നത രാമായണത്തിലില്ല. ഭരതൻ ആ സമയം നാടുവാഴുകയാണല്ലോ. എന്നാൽ സ്വന്തം സഹോദരൻ യുദ്ധം ചെയ്യുമ്പോൾ നാടുവാണിരിക്കാൻ തയ്യാറാകാതെ ഭരതനും യുദ്ധത്തിൽ പങ്കെടുക്കുന്നതായി ചിത്രീകരിക്കുന്ന ‘പട്വാ’കളുണ്ട്‌. രാമായണത്തിന്റെ ഒരു ‘ഫോക്‌പാഠ’മാണിത്‌. അതിലവരുടെ ജീവിതവീക്ഷണം പ്രതിഫലിക്കുന്നു. സഹോദരന്റെ ദുരിതം പങ്കിടാൻ തയ്യാറായ ഭരതൻ ‘പട്വാ’കളുടെ സഹോദരസ്നേഹമെന്ന ജീവിത വീക്ഷണത്തിന്റെ ചിഹ്‌നമാണ്‌. ഇതാണ്‌ സ്വാഭാവികമായിവരുന്ന പാഠാന്തരത്തിനു ഹേതു. അതുപോലെ ദൈവങ്ങളുടെ കൂടെ സമകാലികരും കടന്നുവരാം. ഈ ചിത്രപ്പാട്ടുകാർ അതാതു നാട്ടിലുളള മാന്ത്രിക പ്രവൃത്തി, ജ്യോതിഷം, കൈനോട്ടം എന്നിവയും നടത്താറുണ്ട്‌. തിരശ്ചീനമായോ ലംബമായോ ചുരുട്ടിവെക്കുന്ന ഈ ചിത്രങ്ങൾ ചിത്രപ്പാട്ടവതരിപ്പിക്കുന്ന സമയത്ത്‌ ചുരുൾ നിവർത്തി, കഥയുടെ ഓരോ ഭാഗം തൊട്ടുകാട്ടി, ആ ഭാഗത്തെക്കുറിച്ചുളള പാട്ടുപാടി, ഒരു ദൃശ്യ-ശ്രവ്യാനുഭവം, പ്രദാനം ചെയ്യുന്നവരാണ്‌ ‘പട്വാ’കൾ. അതിനവർക്ക്‌ ‘ദക്ഷിണ’യും കിട്ടും. പലപ്പോഴുമിത്‌ വിവിധ അനുഷ്‌ഠാനങ്ങളുമായി ബന്ധപ്പെട്ടാണു ചെയ്യുന്നത്‌. ഇത്‌ കലയും ജീവിതമാർഗ്ഗവുമാണ്‌. ഗ്രന്ഥങ്ങളോട്‌ കൂടിയ ചിത്രങ്ങളിൽ ചിത്രത്തോടൊപ്പം അതിൽ ലിപി വിന്യാസമുണ്ടാകും. അത്‌ അതിന്റെ സാഹിത്യഭാഗമാണ്‌. ചിത്രപ്പാട്ടിൽ ലിപിവിന്യാസമില്ല. ലിഖിത സാഹിത്യത്തിൽനിന്ന്‌ തനി നാടോടി പാട്ടുസാഹിത്യമായി ഇതു മാറുന്നു. ലിപി ലാവണ്യം കാണുന്നതിനുപകരം ഇവിടെ നാടൻപാട്ടിന്റെ സ്വരലാവണ്യമായി അതു കേൾക്കാൻ കഴിയും. നൂറ്റാണ്ടുകളായി അവരാർജിച്ചുപോന്ന പല സിംബോളിക്‌ രൂപങ്ങളും ചിത്രപ്പാട്ടിന്റെ ഈ ചുരുൾ ചിത്രങ്ങളിൽ കാണാം.

20-25 അടി നീളം വരുന്ന പടങ്ങളാണ്‌ ചുരുട്ടി ‘പട്വാ’കൾ കൊണ്ടുനടക്കുന്നത്‌. പലതിലേയും ശൈലീവത്‌കരണം സവിശേഷതയുളളതാണ്‌. നദിക്ക്‌ സർപ്പചലനത്തിന്റെ ആകൃതിരേഖയും, സ്‌ത്രീശരീരത്തിന്‌ ലതാവളവുകളും, ഫലങ്ങൾക്ക്‌ കുംഭാകൃതിയും പൊതുവെ കാണുന്ന സ്വഭാവമാണ്‌. അതുകൊണ്ടുതന്നെ വാർളി ഭിത്തിചിത്രങ്ങളിലും കാണുന്ന പോലുളള ജ്യോമിട്രിവത്‌കൃതരൂപങ്ങൾ ഇല്ല എന്നുതന്നെ പറയാം. സംഗീതത്തിന്റെ താളം, കാറ്റ്‌, സസ്യലതാദികൾക്കു നൽകുന്ന ചലനം, മനുഷ്യനിർമ്മിതികളിൽ വർത്തുളരൂപങ്ങളോടുളള ആഭിമുഖ്യം എന്നിവയാണ്‌ ഇവയിൽ കാണാവുന്ന ശൈലീവിശേഷത.

കണ്ടും കേട്ടും പരിചയമുളള ‘ജാത്ര’കളിലെ രംഗങ്ങളുടെ ടാബ്‌ളോപോലുളള രംഗമോ രംഗാംശമോ വരച്ച്‌ അവയെ പാട്ടുകൊണ്ടു ബന്ധപ്പെടുത്തുന്നതാണ്‌ ചിത്രപ്പാട്ടിലെ ആഖ്യാനത്തിന്റെ ഒഴുക്ക്‌. രാമയാത്ര, ശിവയാത്ര, ചണ്‌ഡിയാത്ര എന്നിവയെല്ലാം ഈ വിധത്തിൽ ചിത്രപ്പാട്ടിൽ കാണാം. ‘യമപടം’ ഒരു പ്രധാന ചിത്രമാണ്‌. ദുഷ്‌ടരെ നിഗ്രഹിക്കുന്ന ധർമ്മദേവന്റെ ചിത്രപ്പാട്ടാണത്‌. ബംഗാൾ&ബീഹാർ പ്രദേശത്തെ ‘സന്താൾ’ വർഗ്ഗക്കാരുടേത്‌ വിവിധ ആചാരങ്ങളുമായി ബന്ധപ്പെട്ട മാന്ത്രികചിത്രങ്ങളാണ്‌. ഈ ‘ജാതു പട്വാ’ക്കൾ അവരുടെ വർഗ്ഗ&ഗോത്ര ദേവന്മാരോടൊപ്പം തന്നെ കൃഷ്‌ണനേയും മൃഗരൂപമുളള മനുഷ്യരേയും അവരുടെ നായക&രാജാവായ ‘സത്യപീർ’നെയും വരക്കും. ‘സത്യപീർ’ ഹിന്ദുക്കളും മുസ്ലീങ്ങളും ആദരവോടെ സ്‌മരിക്കുന്ന ഒരു കഥാപാത്രമാണ്‌. ജാതുപട (മന്ത്രചിത്രം) ങ്ങളിൽ മൃതരുടെ രൂപമെഴുതി അവസാനം ചെയ്യുന്ന ക്രിയയാണ്‌ ‘ചക്ഷുദാനം.’ കണ്ണിന്റെ കൃഷ്‌ണമണി വരക്കുന്ന ഉന്‌മീലനക്രിയയാണിത്‌. മൃതലോകത്തിൽനിന്ന്‌ ആവാഹിച്ചെടുത്ത രൂപങ്ങളാണിതെന്നത്രെ വിശ്വാസം.

രാജസ്ഥാനിലെ ഭിൽദേശത്തെ ചിത്രപ്പാട്ടുകാരായ ‘ഭോപ്പ’മാർ ‘പാബുജി കാ പട്‌’ ചിത്രച്ചുരുളുകളുമായി നാടുചുറ്റി പ്രകടനം നടത്തുന്നവരാണ്‌. തിരശ്ചീനമായി നീളത്തിലാണ്‌ ഈ ചിത്രച്ചുരുൾ. ‘റാതോറി’ലെ വീരനായകനായ ‘പാബുജി’യും അദ്ദേഹത്തിന്റെ കറുത്ത കുതിര ‘കേസൽകാലിനി’യുമാണ്‌ ഇതിലെ മുഖ്യകഥാപാത്രങ്ങൾ. മഞ്ഞ, ചുമപ്പ്‌, കറുപ്പ്‌ എന്നിവയുടെ തീക്ഷ്‌ണ ടോണുകൾ ഉപയോഗിച്ച്‌ ഇതിലെ രൂപങ്ങളൊരുക്കുന്നു. ‘ദേവൽ ദേവി’ എന്ന ഒരു ദേവതാകഥാപാത്രം തന്റെ കുതിരയായ ‘കേസർകാലിനി’യുടെ പുറത്തേറി രാജസ്ഥാനിലെ മാർവാർ ദേശത്ത്‌ കാലിമേയ്‌ക്കുമ്പോൾ ജിയാലിലെ ‘ജിന്തുരാജ്‌’ അവളുടെ കുതിരയെ സ്വന്തമാക്കാൻ ശ്രമിച്ചു. കുതിരയെ വിട്ടുകൊടുക്കാൻ തയ്യാറാവാതെ ദേവൽദേവി ‘കോലുഗർലെ’ ഗ്രാമത്തിലെ നായകനെ സമീപിച്ചു. അദ്ദേഹത്തിന്റെ മകനായ യുദ്ധവീരൻ ‘പാബുജി’ ദേവൽദേവിയുടെ കന്നുകാലികളെ രക്ഷിക്കാമെന്നേറ്റു. ദേവി പാബുജിക്ക്‌ ‘കേസൽകാലിനി’ എന്ന സ്വന്തം കുതിരയെ നൽകി. ഒരിക്കൽ കുതിരപ്പുറത്തു സവാരി ചെയ്യുന്ന ഈ വീരനായകനെ കണ്ട്‌ ആ നാട്ടിലെ രാജകുമാരി അനുരക്തയാവുകയും തന്നെ വിവാഹം ചെയ്യണമെന്ന്‌ പാബുജിയോട്‌ അഭ്യർത്ഥിക്കുകയും ചെയ്‌തു. തനിക്ക്‌ ദേവൽദേവിയുടെ കാലിക്കൂട്ടങ്ങളുടെ പരിപാലനമാണ്‌ പ്രധാനധർമ്മം എന്നു പറഞ്ഞ്‌ അവളുടെ പ്രേമം നിരസിച്ച പാബുജിയെ നിർബന്ധിച്ച്‌ തന്നെ വിവാഹം ചെയ്യാൻ അവൾ സമ്മതിപ്പിച്ചു. വിവാഹം നടക്കുന്ന സമയത്ത്‌ ‘ജിന്ത്‌രാജ്‌’ ദേവൽദേവിയുടെ കാലികളെ മോഷ്‌ടിച്ചു. ഈ വിവരം ദേവൽദേവി പാബുജിയെണ വിവാഹസമയത്തു തന്നെ അറിയിച്ചപ്പോൾ വിവാഹം മുടക്കി ഉടനെതന്നെ ‘ജിന്ത്‌രാജ്‌’നെ നേരിടാൻ പാബുജിയും ആയിരം യോദ്ധാക്കളും തിരിച്ചു. യുദ്ധത്തിൽ പാബുജിയും കുതിര കേസർകാലിനിയും കൊല്ലപ്പെട്ടു. സ്വർഗ്ഗത്തിലെങ്കിലും തനിക്കു ഭർത്താവുമായി ചേരാൻ കഴിയുമെന്നു കരുതി വധു സതിയനുഷ്‌ഠിച്ചു. ഈ ചിത്രപ്പാട്ട്‌ ഗ്രാമസമൂഹത്തിനു മുന്നിൽ കലാകാരകുടുംബത്തിലെ ഭോപ്പയും ഭാര്യയുംചേർന്നു പാടും. നീളത്തിൽ ചുരുൾ നിവർത്തിയ ചിത്രത്തിലെ സന്ദർഭങ്ങൾ പാട്ടിനനുസരിച്ച്‌ അതാതു സമയത്തു തെളിയിച്ചു കാണിക്കാൻ അതാതിടത്ത്‌ പന്തം കാട്ടികൊടുക്കും. രാജസ്ഥാനിലെ നാഥദ്വാരയിൽ നാടോടിച്ചിത്രപ്പാട്ടുകൾ വൈഷ്‌ണവകഥകൾ വരച്ച ചിത്രങ്ങളുപയോഗിച്ച്‌ ശ്രീനാഥജി എന്ന ദൈവത്തിന്റെ കഥയും ചൊല്ലാറുണ്ട്‌.

കേരളത്തിലെ ചിത്രപ്പാട്ട്‌&ചുരുൾചിത്രപാരമ്പര്യത്തിൽ ബ്ല (ംലാ) വേലിപ്പാട്ടാണ്‌ പ്രധാനം. എറണാകുളം ജില്ലയിൽ ഇന്നും അപൂർവ്വമായി കാണാവുന്ന ഈ കലാരൂപം ലംബരൂപത്തിലുളള ചിത്രത്തുണിയാണ്‌. ഇതു നിവർത്തി ഒരു വടിയിൽ തൂക്കിനിർത്തും. മറ്റൊരു വടിയുപയോഗിച്ച്‌ ഓരോ രൂപത്തിൽതൊട്ട്‌ അതിന്റെ കഥപ്പാട്ട്‌ പാടും. ശൈവകഥയായ ശൂരത്തുണ്‌ഡചരിതമാണ്‌ ആഖ്യാനം ചെയ്യുന്നത്‌. ഓണക്കാലത്ത്‌ വീടുകളിൽപോയി ചിത്രപ്പാട്ടുകാർ ഇത്‌ അവതരിപ്പിക്കാറുണ്ട്‌. ശൈവഭക്തനായ ശൂരത്തിണ്‌ഡന്‌ ശിവകൃപയാൽ ഒരു മകൻ ജനിക്കുന്നു. വലിയ ദയാലുവായ ശൂരത്തുണ്‌ഡൻ ഭക്ഷണദാനം ചെയ്‌തശേഷം മാത്രമേ ആഹാരം കഴിക്കൂ എന്ന വ്രതമുളളയാളാണ്‌. പതിവായി അനേകംപേർക്ക്‌ ഭക്ഷണം നൽകാറുളള ശൂരത്തുണ്‌ഡന്‌ ഒരു ദിവസം ഭക്ഷണസമയം കഴിഞ്ഞിട്ടും ആരെയും കാണാനായില്ല. വ്രതഭംഗം വരാതിരിക്കാൻ ആൽത്തറയിൽ കണ്ട ഭിക്ഷുവിനോട്‌ ദാനം സ്വീകരിക്കാൻ അഭ്യർത്ഥിച്ചു. തനിക്കു ഭക്ഷണം തരാൻ ശൂരത്തുണ്‌ഡനാവില്ല എന്നു ശഠിച്ച ഭിക്ഷുവിന്‌ എന്തുവേണമെങ്കിലും നൽകാമെന്നു പറഞ്ഞപ്പോൾ സ്വന്തം മകനെ കറിവച്ചുകൊടുക്കാൻ ഭിക്ഷു കല്പിച്ചു. സത്യവ്രതനായ ശൂരത്തുണ്‌ഡനതു ചെയ്‌തു. പ്രീതനായ ഭിക്ഷു (അത്‌ പരമശിവനായിരുന്നു) മകനെ തിരിച്ചു നൽകിയനുഗ്രഹിച്ചു. ഇതിനു സമാന്തരമായി പ്രാദേശിക പാഠവ്യത്യാസത്തോടെ ഒരു കഥ സൗരാഷ്‌ട്രഭാഗത്തുണ്ട്‌. ബ്ലാവേലിപ്പാട്ടിൽ കഥാഖ്യാനത്തോടൊപ്പം ചില സുഭാഷിത വരികളും കേൾക്കാം. വളരെ അസംസ്‌കൃതശൈലി ആണ്‌ ചിത്രത്തിന്റേത്‌.

ആന്ധ്രയിലും മഹാരാഷ്‌ട്രയിലും ചിത്രകാഥികൻമാരുണ്ട്‌. വിജയനഗര രാജാക്കൻമാരുടെ കാലത്തെ ചിത്രകാരൻമാരുടെ പാരമ്പര്യം പേറുന്ന ഈ കൃതികളെ പ്രതിഷ്‌ഠാനചിത്രങ്ങൾ എന്നാണു വിളിക്കുന്നത്‌. രാമായണ-ഭാരത കഥകളുടെ പ്രാദേശിക പാഠങ്ങളുൾക്കൊണ്ട ഈ ചിത്രങ്ങൾ ദന്തനിറത്തിനു പ്രാധാന്യം നൽകുന്നവയാണ്‌. ഇതിന്റെ ശൈലിക്ക്‌ അന്നാട്ടിലെ ‘തോൽബൊമ്മലാട്ട’ത്തിലെ തുകൽനിർമ്മിത രൂപങ്ങളുടെ സാമ്യമുണ്ട്‌. ആന്ധ്ര, കർണ്ണാടക, മഹാരാഷ്‌ട്ര പ്രദേശങ്ങളിലെ സങ്കരഭാഷയാണ്‌ ഇതിലുപയോഗിക്കുന്ന വാചികം. ചിത്രങ്ങളുടെ ശൈലിക്ക്‌ ആന്ധ്രപ്രദേശിലെ ലേപാക്ഷി ചുമർചിത്രശൈലിയുമായും സാമ്യം തോന്നിക്കാം. ‘പ്രതിഷ്‌ഠാന’ചിത്രങ്ങളിൽ സൈനിക വിഷയങ്ങൾക്കാണ്‌ പ്രാധാന്യം. ആന്ധ്രയിൽ കാളഹസ്‌തി, നാഗപട്ടണം എന്നിവിടങ്ങളിൽ ക്ഷേത്രങ്ങളിലെ രഥോൽസവത്തിന്‌ ഒരു തിരശ്ശീലപോലെ വിശാലമായ ചിത്രത്തുണി ഉപയോഗിക്കുന്ന പതിവുണ്ട്‌. പത്തുകൈകളുളള ഭദ്രകാളിയാകും പ്രധാന രൂപം. കൂടാതെ രേണുക(പരശുരാമന്റെ അമ്മ), കൃഷ്‌ണലീല, പാലാഴിമഥനം, രാമായണം എന്നീ വിഷയങ്ങളും കാണാം. ഗുജറാത്തിൽ സപ്‌തമാതാക്കളുടെ ചിത്രങ്ങൾ (മാതി നിപച്ചേഡി)വരച്ച്‌ അമ്മദൈവങ്ങളെ ആരാധിക്കാറുണ്ട്‌. ഭദ്രകാളി, നാലുകൈകളുളള ബഹുചാര, അംബ, ചാമുണ്‌ഡി, കാളിക, ഖോദിയാൾ എന്ന മുടന്തിയമ്മ തുടങ്ങി നിരവധി അമ്മരൂപങ്ങൾ ചിത്രങ്ങളിലുണ്ടാകും. ‘ബുവ’ എന്ന പുരോഹിതന്റെ അനുഷ്‌ഠാനനൃത്തം ഇതോടനുബന്ധിച്ചു നടക്കും.

ബംഗാളിലെ പ്രസിദ്ധമായ ഒരു നാടൻ ചിത്രകലാരചനയാണ്‌ ‘കാളിഘട്‌’ പടങ്ങൾ. ഇവ കാളിഘട്ടിലെ ബസാർ ചിത്രങ്ങളെന്നും അറിയപ്പെടുന്നു. കടലാസിലെഴുതി കുറഞ്ഞ വിലയ്‌ക്ക്‌ കാളിഘട്ടിലും മറ്റു ക്ഷേത്രബന്ധികളായ അങ്ങാടികളിലും വിൽക്കുന്ന ഇവ വരയ്‌ക്കുന്ന ചിത്രകാരൻമാർക്ക്‌ 19-​‍ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ പാശ്ചാത്യശൈലീ സ്വാധീനവും ചെറിയ തോതിൽ ലഭിക്കുന്നുണ്ട്‌. ആദ്യഘട്ടത്തിലെ കാളിഘട്‌ ചിത്രങ്ങളിൽ ദൈവികവിഷയങ്ങളായിരുന്നു പ്രധാനം. പിന്നീട്‌ മതബന്ധമില്ലാത്തതും പരിഹാസം കലർന്നതുമായ ചിത്രങ്ങൾ ഉണ്ടാകാൻ തുടങ്ങി. ഭർത്താവിനെ ചങ്ങലയ്‌ക്കിട്ട്‌ ഒരു ആടിനെപ്പോലെ ഭരിക്കുന്ന ഭാര്യമാർ, മദ്യപൻമാർ, അഭിസാരികമാർ, വിടൻമാർ, ബ്രിട്ടീഷ്‌ ജീവിതം അനുകരിക്കുന്ന ബംഗാളിബാബുമാരുടെ ക്യാരിക്കേച്ചറുകൾ എന്നിവ കാളിഘട്‌ ചിത്രങ്ങളിൽ കാണാം. ഫാന്റസി അശേഷമില്ലാത്ത ഈ ചിത്രരചന കുടുംബാഗങ്ങളുടെയും സമൂഹത്തിന്റെയും കൂട്ടായ്‌മയാണ്‌. തടിച്ച ഒഴുക്കുളള രേഖ ഇവയുടെ സവിശേഷതയാണ്‌. ജാമിനിറായ്‌ കാളിഘട്‌ ഫോക്‌ ചിത്രങ്ങളിൽ നിന്ന്‌ പുതിയഭാഷ നിർദ്ധാരണം ചെയ്‌ത്‌ ആധുനിക ഭാരതീയകലയെ സമ്പുഷ്‌ടമാക്കുന്നുണ്ട്‌. കൊട്ടാരങ്ങളിലേയും ആര്യവത്‌കൃതക്ഷേത്രങ്ങളിലേയും കലാരൂപങ്ങൾ, ചിത്രങ്ങൾ, ഗാനങ്ങൾ എന്നതിനു സമാന്തരമായി ഒരു പക്ഷേ അതിലും കൂടുതൽ ജനവിശ്വാസ&പങ്കാളിത്തത്തോടെ ഭാരതത്തിന്റെ പല ഭാഗങ്ങളിലും നിരവധി ചിത്രകലാരൂപങ്ങൾ നിലകൊളളുന്നു. ഗ്രാമവാസികളുടേതു കൂടാതെ വനവാസികളിൽ വിഭിന്നമായ മറ്റു സംസ്‌കാര&വിശ്വാസ ചിഹ്‌നങ്ങളടങ്ങിയ അവരുടെ ജീവിതത്തിന്റെ വീക്ഷണം മുഴുവൻ പേറുന്ന ചിത്രരൂപങ്ങൾ ധാരാളമുണ്ട്‌.

Generated from archived content: essay2_june23_05.html Author: vijayakumar-menon

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here