ഇന്ത്യയിലെ നാടോടിചിത്രകല – 1-​‍ാം ഭാഗം

ശരീരത്തിലും ഗുഹകളിലും പാറകളിലും വരച്ച രൂപങ്ങളാണ്‌ ലോകത്തെവിടെയും ആദ്യചിത്രങ്ങൾ. യഥാർത്ഥരീതിയിൽ മൃഗങ്ങൾ, നായാട്ട്‌ എന്നിവ ആദിമനിവാസികൾ വരച്ചിട്ടുളളത്‌ പലയിടത്തും കാണാം. പലതും സാരസംഗ്രഹരേഖാരൂപമാണ്‌. ചുമപ്പ്‌, മഞ്ഞ, ചാരനിറം എന്നീ വർണ്ണങ്ങളാണ്‌ കൂടുതൽ പ്രദേശത്തും കാണുന്നത്‌. മനുഷ്യൻ സ്ഥിരതാമസം തുടങ്ങിയപ്പോൾ പടം വരയ്‌ക്കുന്ന സ്ഥലങ്ങൾക്കും വൈജാത്യമേറി. നിത്യോപയോഗസാധനങ്ങളിലും നിലത്തും ഭിത്തിയിലും മച്ചിലും ചിത്രമെഴുത്താരംഭിച്ചു. മിക്കവാറും എല്ലാ ചിത്രമെഴുത്തും ഏതെങ്കിലും ഒരനുഷ്‌ഠാനവുമായി ബന്ധപ്പെട്ടാണ്‌ പണ്ടുണ്ടായതും നിലനിന്നുപോന്നതും. ഒരു രാജാവിന്റെ പുരോഹിതപുത്രൻ മരിച്ചപ്പോൾ സങ്കടപ്പെട്ടവരോട്‌ അവന്റെ ഒരു ഛായാചിത്രം വരച്ചെടുത്താൽ അതിനു ജീവൻ നൽകി പുത്രനു പുനർജന്മം കൊടുക്കാമെന്ന്‌ ബ്രഹ്‌മാവ്‌ പറഞ്ഞതായി ‘ചിത്രലക്ഷണ’മെന്ന ഗ്രന്ഥത്തിൽ പറയുന്നുണ്ട്‌. വിശ്വാസം, അനുഷ്‌ഠാനം, മോഹസാക്ഷാത്‌കാരം എന്നിങ്ങനെ പലതുമായും ബന്ധപ്പെട്ട ഒരു മിത്താണ്‌. മൺപാത്രങ്ങളിലെ ചിത്രങ്ങൾ അതിപ്രാചീനകാലം തുടങ്ങി കാണാം. ജ്യോമട്രിക്‌ ആകൃതിയിലൊരുക്കിയ അലങ്കാരചിത്രങ്ങളും ഡിസൈനുകളും സിന്ധുസംസ്‌കാരകാലത്തെ പാത്രാവശിഷ്‌ടങ്ങളിലുണ്ട്‌. മുഖത്തെഴുത്തും മെയ്യെഴുത്തും അനുഷ്‌ഠാന&വിനോദരംഗകലകളുമായി ബന്ധപ്പെട്ടവയാണ്‌.

1. നിലംചിത്രങ്ങൾഃ ഭാരതത്തിൽ മിക്കവാറും എല്ലായിടത്തും നിലംചിത്രങ്ങൾ ഉണ്ട്‌. ഭൂമിശോഭ വരുത്തുന്ന ഈ രചനകൾ മംഗളകാരിയായിട്ടാണു കരുതുന്നത്‌. കേരളമുൾപ്പടെയുളള പല ദക്ഷിണഭാരതപ്രദേശത്തും ഇതിനെ കോലം&കലം എന്നു പറയുമ്പോൾ ബംഗാളിലും ആസാമിലും ഇത്‌ ‘അല്പന’യും ബീഹാറിൽ ‘അരിപ്പന’യും രാജസ്ഥാനിൽ ‘മണ്ഡന’യും ഗുജറാത്തിലും മഹാരാഷ്‌ട്രയിലും ‘രംഗോലി’യും ഉത്തർപ്രദേശത്തെ പലയിടത്തും ‘ചൗക്‌ പുരാന’യുമാണ്‌. വീടിന്റെ ഉമ്മറത്തും അകത്തെ ആരാധനാമുറിയിലും ഇതു വരയ്‌ക്കുന്നു. നിത്യേന പാറ്റേൺ മാറ്റി വരയ്‌ക്കുന്ന ഇതിന്റെ ലാവണ്യം അതിലെ ദൈവികാംശത്തിലടങ്ങിയിരിക്കുന്നു എന്നാണ്‌ വിശ്വാസം. അതുകൊണ്ടുതന്നെ ജീവിതത്തിലെ സമഗ്രഭാവങ്ങളും ഉൾക്കൊണ്ട്‌ സംരക്ഷണം നല്‌കാൻ കഴിയുന്ന ദിവ്യചിത്രങ്ങളായാണ്‌ ഇവയെ കണക്കാക്കുന്നത്‌. പലയിടങ്ങളിലും ചിത്രം വരയ്‌ക്കുമ്പോഴുളള കൈവിരലിന്റെ താളത്തോടൊപ്പം (ഇതാണ്‌ചിത്രത്തിൽ ദൃശ്യതാളമായി ‘കാണാൻ’ കഴിയുന്നത്‌) സംഗീതാത്മകമായി ഓരോ ചിത്രത്തിനു കല്പിച്ചുകൊടുത്തിട്ടുളള ഗാനമാലപിക്കുന്ന പതിവും ഉണ്ട്‌. ഇത്‌ സ്‌ത്രീകളുടെ ഒരനുഷ്‌ഠാനവും ആചാരവുമാണ്‌. ഓരോ പെൺകുട്ടിയും പാരമ്പര്യമായി ഇതിൽ പരിശീലനം നേടുന്നുണ്ട്‌. വിവാഹിതയായി ശ്വശുരഗൃഹത്തിലെത്തുന്നവൾ അവിടെ ഉമ്മറത്ത്‌ ‘കോലം’ വരക്കണമെന്നത്‌ മംഗളകർമ്മങ്ങളിൽപ്പെട്ട ഒരു ചടങ്ങാണ്‌. നിത്യേന ചെയ്യുന്നത്‌ വളരെ ലളിതമായ പാറ്റേണിൽപ്പെട്ടതായിരിക്കും. എന്നാൽ വിശേഷാവസരങ്ങളിൽ ബൃഹത്തും സങ്കീർണ്ണവുമായ പാറ്റേണുകൾ നിർമ്മിക്കാറുണ്ട്‌. വടക്കേ ഭാരതത്തിൽ മാസങ്ങളോളം അനേകം സ്‌ത്രീകൾ ഒന്നിച്ചു ചേർന്നു വരയ്‌ക്കുന്ന പാറ്റേണുകൾ വളരെ വിശേഷദിവസങ്ങൾക്കുവേണ്ടി ഒരുക്കാറുണ്ട്‌. അരിയും ഗോതമ്പും പൊടിരൂപത്തിലും കുഴമ്പുരൂപത്തിലും, സസ്യങ്ങളിൽനിന്നും കല്ലുകളിൽനിന്നുമെടുക്കുന്ന പൊടിരൂപത്തിലും ദ്രാവകരൂപത്തിലുമുളളവയാണ്‌ ചായങ്ങൾ. മിക്കവാറും വിരൽത്തുമ്പും കൈപ്പത്തിയുമാണ്‌ ‘ബ്രഷു’കൾ. കമ്പുകൾ കെട്ടിയുണ്ടാക്കുന്ന എഴുത്തുപകരണങ്ങളും ഉപയോഗിക്കാറുണ്ട്‌.

ഈ മംഗളരേഖാരൂപങ്ങൾ മിക്കവാറും ജ്യോമട്രിക്‌ പാറ്റേണുകളാണ്‌. ഇത്‌ ഭാരതം മുഴുക്കെ കാണുന്ന പ്രതിഭാസമാണ്‌. ബിന്ദു, രേഖ, ത്രികോണം, ചതുരം, വൃത്തം, സ്വസ്തികം, താമര, ശംഖ്‌, പാദം, ലതകൾ, വൃക്ഷങ്ങൾ, ഇലകൾ, മൃഗമോട്ടീഫുകൾ തുടങ്ങി പലതും ഇതിൽ കാണാം. മനുഷ്യ മൃഗരൂപങ്ങളും ജ്യോമട്രിക്‌ പാറ്റേണുകളിൽത്തന്നെ നിർദ്ധാരണം ചെയ്‌തെടുത്തവയാണ്‌. ജ്യോമട്രിക്‌ പാറ്റേണുകൾ അടിസ്ഥാനരൂപനിർമ്മാണഘടകങ്ങളായെടുത്ത്‌ പ്രാദേശിക ദേവകൾ തൊട്ട്‌ ഉന്നതമിത്തിലെ ദേവകളെവരെ ഇവർ വരച്ചുണ്ടാക്കും. ഈ രചനകളിൽ ഭാരതം മുഴുക്കെ കാണുന്ന മറ്റൊരു സവിശേഷപ്രതിഭാസം രേഖകൾ ഒരിക്കലും മുറിഞ്ഞുകാണരുത്‌ എന്ന വിശ്വാസമാണ്‌. മുറിഞ്ഞ രേഖാഭാഗത്തുകൂടി അമംഗളശക്തികൾ കേറിപ്പറ്റും എന്നവർ കരുതുന്നു. എന്നാൽ ഈ രൂപാങ്കനത്തിൽ രണ്ടു ഘടകങ്ങളുണ്ട്‌. ഒന്ന്‌, അതിന്റെ അനുഷ്‌ഠാന&ദൈവികാംശം. രണ്ട്‌ അതിന്റെ അലങ്കാരപ്പൊലിമ. അനുഷ്‌ഠാന ഘടകത്തിൽ കൃത്യമായ പാറ്റേണുകൾ മാറ്റം വരുത്താതെ നിലനിർത്തുമ്പോൾ അലങ്കാരപ്പൊലിമ വരുത്താൻ സ്‌ത്രീകൾ തങ്ങളുടെ ലാവണ്യബോധവും ഭാവനയും സ്വതന്ത്രമായുപയോഗിക്കും.

ശിവനെ പ്രസാദിപ്പിച്ച്‌ പുത്രനുണ്ടാകാൻ വരയ്‌ക്കുന്ന രൂപാങ്കനമാണ്‌ ‘പീഠം’. ഒരു കേന്ദ്രബിന്ദുവിനെ വലയം ചെയ്‌തുകൊണ്ട്‌ ഒന്നിനോടടുത്ത മറ്റൊന്ന്‌ എന്ന രീതിയിൽ വരയ്‌ക്കുന്ന ചതുരങ്ങളോ വൃത്തങ്ങളോ ആണിവ. മദ്ധ്യത്തിലേയ്‌ക്ക്‌ നാലുകോണുകളിൽനിന്ന്‌ ഓരോ രേഖയും കൂടി വരയ്‌ക്കും. ഏറ്റവും വലിയ ചതുരം&വൃത്തം (പുറത്തേത്‌) ആണ്‌ ദിവ്യസ്ഥാനം. ദിവ്യസ്ഥാനത്തേയ്‌ക്കുളള ചവിട്ടുപടികൾ പോലെ അവയ്‌ക്കുപുറത്തു രേഖകൾ വരയ്‌ക്കും. ചിത്രത്തിന്റെ രണ്ടുഭാഗത്ത്‌ വളഞ്ഞ വരകൾകൊണ്ട്‌ സമുദ്രത്തിരമാലകളെ സൂചിപ്പിക്കും. ഉത്തർപ്രദേശത്ത്‌ പലയിടത്തും ഇതു കാണാം. അവിടങ്ങളിൽ ദീപാവലിക്കാലത്ത്‌ മഹാലക്ഷ്‌മിക്കുവേണ്ടി ‘ചൗക്കി’ (സ്ഥാനം) വരയ്‌ക്കും. രണ്ടു ത്രികോണങ്ങൾ കെട്ടുപിണഞ്ഞു നിൽക്കുന്ന ഈ രൂപം ലക്ഷ്‌മിക്കും സരസ്വതിക്കും ചേരും. ഇതിനെ ചുറ്റി ഇരുപത്തിനാലു ദലങ്ങളുളള താമരമോട്ടീഫ്‌ ബോർഡറായുണ്ടാവും. ഏറ്റവും പുറത്തെ വൃത്തത്തിന്റെ നാലു ദിക്കുകളിൽ ലക്ഷ്‌മിപാദവും ചേർക്കും. താമരയിതളുകൾ ചിലപ്പോൾ ത്രികോണരൂപത്തിലാകാം. സ്വസ്തികയും പതിവുണ്ട്‌.

ബീഹാറിലെ മധുബനി (മധുവനം-മിഥില) യിൽ സ്‌ത്രീകൾ വീട്ടുമുറ്റത്ത്‌ ധൂളീചിത്രങ്ങളൊരുക്കാറുണ്ട്‌. ജ്യോമട്രിക്‌ രൂപങ്ങളും വീട്ടിലേയ്‌ക്കു കടന്നുവരുന്നപോലുളള ലക്ഷ്‌മീപാദങ്ങളും അരിമാവുകൊണ്ടു വരയ്‌ക്കുന്ന ഇവർ ലക്ഷ്‌മീപാദങ്ങൾക്കു ചുറ്റും ഐശ്വര്യചിഹ്‌നമായി താമരയിതളുകളുടെ മോട്ടീഫുകളും ഒരുക്കും. രാജസ്ഥാനിൽ നീല, പച്ച, കറുപ്പ്‌, ചുമപ്പ്‌ എന്നീ വർണ്ണപ്പൊടികൾകൊണ്ട്‌ രൂപാങ്കനം നടത്താറുണ്ട്‌. സാധാരണ ദിവസങ്ങളിൽ കൂടിക്കലർന്നതോ ഒറ്റയ്‌ക്കുളളതോ ആയ ചതുരങ്ങൾ വരയ്‌ക്കുമ്പോൾ വിശേഷദിവസങ്ങളിൽ വൃത്തങ്ങളും ബഹുഭുജരൂപങ്ങളുമൊരുക്കും. ബംഗാളിലേയും ആസാമിലേയും ‘അല്പനങ്ങൾ’ വളരെ സങ്കീർണ്ണമാണ്‌. നേർരേഖകൾ, ചുറ്റിക്കെട്ടുകളുളള സർപ്പിളരേഖകൾ, ചക്രങ്ങൾ, വളഞ്ഞുപുളഞ്ഞ ഇലകൾ തുടങ്ങിയവയാലൊരുക്കുന്ന കുടിലചംക്രമണം ഇതിൽകാണാം. മദ്ധ്യപ്രദേശിലെ ‘മണ്‌ഡന’കളും ഇതോടു സാമ്യം വഹിക്കുന്നവയാണ്‌. മഴക്കാലം മാറിവരുന്ന പൗർണ്ണമിരാത്രിയിൽ മദ്ധ്യപ്രദേശത്തുകാർ ഇലകളുടേയും പൂക്കളുടേയും ഫലങ്ങളുടേയും ശൈലീവത്‌കൃതനിറമുളള പശ്ചാത്തലത്തിൽ ഹോളികാലത്ത്‌ ദിവ്യഡമരു വരയ്‌ക്കുന്നത്‌ ശൈലീവത്‌കൃത ത്രികോണാകൃതികളുപയോഗിച്ചാണ്‌. മഹാരാഷ്‌ട്രയിൽ മോദകം (ഗണപതിക്കു പ്രിയമുളള മധുരപലഹാരം), സ്വസ്തിക, ശംഖകമലം എന്നിവയുടെ രൂപങ്ങൾ വരയ്‌ക്കാറുണ്ട്‌. വളരെ സങ്കീർണ്ണമായ സ്വസ്തികരൂപങ്ങൾ ഇവർക്കുണ്ട്‌. ഹിമാചൽ പ്രദേശത്ത്‌ ജീവിതത്തിന്റെ അനന്തത കാട്ടുവാൻ സർപ്പരൂപം ഉപയോഗിക്കുമ്പോൾ ‘കാലം’ എന്ന പ്രതിഭാസം ചക്രരൂപത്തിലാണ്‌ പ്രകടിപ്പിക്കുന്നത്‌.

ദക്ഷിണ ഭാരതത്തിൽ വരയ്‌ക്കുന്ന കോലം അടിസ്ഥാനപരമായി രേഖാങ്കണം മാത്രമാണെന്നു പറയാം. നനഞ്ഞ നിലത്ത്‌ ധൂളികൊണ്ട്‌ കുത്തുകളും വരകളും ഉപയോഗിച്ച്‌ കോലം വരയ്‌ക്കുന്നു. നിത്യേന വരയ്‌ക്കുന്ന കോലങ്ങൾ ലളിതമായിരിക്കും. വിശേഷദിവസങ്ങളിൽ ഇതേ പാറ്റേണുകൾ എത്രവേണമെങ്കിലും വിപുലമാക്കി വരയ്‌ക്കാനുളള സാദ്ധ്യത സ്‌ത്രീകൾ ഉപയോഗിക്കാറുണ്ട്‌. അരിമാവുപയോഗിച്ചും കോലങ്ങൾ വരയ്‌ക്കും. വലതുകൈയുടെ മോതിരവിരൽ ഒരു പ്രത്യേകതരത്തിൽ മടക്കി ചിലപ്പോൾ ചെറിയൊരു കഷണം തുണിയുപയോഗിച്ച്‌ അരിമാവുകൊണ്ട്‌ ഉണക്കനിലത്തെഴുതുന്ന രീതി ചിലയിടത്തുണ്ട്‌. ഇത്‌ തികച്ചും ഒരു ഗാർഹിക കലയാണ്‌. ജ്യോമട്രിക്‌ രൂപങ്ങളുപയോഗിച്ച്‌ സൂര്യനും ചന്ദ്രനും പ്രധാനനക്ഷത്രങ്ങളും ഇതിലെഴുതും. തുളസിപൂജയ്‌ക്ക്‌ തുളസിത്തറയും കൃഷ്‌ണാഷ്‌ടമിക്ക്‌ തൊട്ടിലും കൊച്ചു കാല്പാടുകളും വീട്ടുമുറ്റത്ത്‌ ജ്യോമട്രിക്‌ പാറ്റേണിലെഴുതുന്ന പതിവ്‌ ദക്ഷിണഭാരതത്തിലുണ്ട്‌. കൊയ്‌ത്തുമായി ബന്ധപ്പെട്ട്‌ കുത്തുകളും വരകളുമുളള കോലമെഴുതുമ്പോൾ സമൃദ്ധിയുടെ ചിഹ്‌നമായ കുടവും വരയ്‌ക്കും. പിതൃക്കൾക്കുവേണ്ടി നീക്കിവെച്ചിട്ടുളള ദിവസം കോലംവരച്ച്‌ അതിൽ ഭക്ഷണപദാർത്ഥങ്ങൾ വെച്ച്‌ കാക്കയെ ഊട്ടുന്ന പതിവും ചിലയിടത്തുണ്ട്‌. ആന്ധ്രപ്രദേശത്തെ ‘മുഗുലു’വിൽ ഓരോ ആഴ്‌ചയ്‌​‍്‌ക്കും ഓരോ കോലം എന്നു നിർദ്ദേശിക്കുന്നുണ്ട്‌. തിങ്കളാഴ്‌ചയ്‌ക്കു ശിവപീഠം, ചൊവ്വയ്‌ക്ക്‌ കാളീപീഠം, ബുധനു സ്വസ്തികം, വെളളിക്ക്‌ ലക്ഷ്മീപീഠം എന്നിങ്ങനെ ചില ദിവസങ്ങളിൽ വളരെ കൃത്യമായ രൂപം നിർദ്ദേശിക്കുന്നുണ്ട്‌. കേരളത്തിൽ തമിഴ്‌ബ്രാഹ്‌മണരുടെ ഗൃഹങ്ങളിൽ കോലമിടുന്ന പതിവുണ്ട്‌. വൈവിദ്ധ്യമാർന്ന ജ്യോമട്രിക്‌ പാറ്റേണുകളാണിവ.

കേരളത്തിൽ പല ക്ഷേത്രങ്ങളിലും ഗൃഹങ്ങളിലും നിലംചിത്രങ്ങൾ വരയ്‌ക്കാറുണ്ട്‌. സർപ്പക്കളം, അയ്യപ്പൻകളം, ഭദ്രകാളിക്കളം, വേട്ടയ്‌ക്കൊരുമകൻകളം തുടങ്ങി നിരവധി കളങ്ങൾ വിവിധ അനുഷ്‌ഠാനങ്ങളുമായി ബന്ധപ്പെട്ട്‌ കേരളത്തിനുണ്ട്‌. പുതിയ വീടിന്റെ പാലുകാച്ചുമായി ബന്ധപ്പെട്ട്‌ ‘വാസ്തുപുരുഷ’ക്കളം എഴുതി പൂജ നടത്തുന്നു. കേരളത്തിന്റെ ഏറ്റവും ജനപ്രീതിയാർന്ന നിലംചിത്രം ഓണത്തിന്റെ പൂക്കളമാണ്‌. ഇത്‌ ഒരു ഗാർഹികകലയാണ്‌. മഴക്കാലം മാറി പ്രകൃതി പ്രകാശമാനമാകുമ്പോൾ ചുറ്റുമുളള പൂക്കൾകൊണ്ട്‌ ജ്യോമട്രിക്‌ പാറ്റേണുകളിൽ കളമിടുന്നത്‌ കുട്ടികളുടെയും സ്ര്തീകളുടെയും കലയാണ്‌. ചിങ്ങത്തിൽ അത്തം തുടങ്ങി തിരുവോണം വരെയാണ്‌ പൂക്കളം ഇടുന്നത്‌. ഓരോ ദിവസവും മാറിമാറിയാണിതിടുന്നത്‌. തിരുവോണത്തിന്‌ തുമ്പക്കുടവും ചെത്തിപ്പൂവും കുരുത്തോലയരിഞ്ഞതുമാണ്‌ കളത്തിന്റെ മാദ്ധ്യമം. മറ്റു ദിവസങ്ങളിൽ തുമ്പ, മുക്കുറ്റി എന്നിവയടങ്ങുന്ന നിരവധി നാടൻപൂക്കളും വിവിധ വർണ്ണപ്പൂക്കളുപയോഗിച്ച്‌ വൃത്തം, ചതുരം, താമരയിതൾ മോട്ടീഫ്‌ തുടങ്ങി നിരവധി രൂപങ്ങൾ വീട്ടുമുറ്റത്തൊരുക്കുന്നു. ആദ്യകാലത്ത്‌ ഈവിധ ജ്യോമട്രിക്‌ പാറ്റേണുകൾ മാത്രമേ ഉണ്ടായിരുന്നുളളു. 1970&80 കളോടെ ഓണം ദേശീയാഘോഷമായി സർക്കാർതലത്തിൽ ആചരിക്കാൻ തുടങ്ങിയതോടെ അതുവരെ ഗാർഹികകലയായി മാത്രം നിന്നത്‌ ഒരു മൽസരയിനമായിത്തീർന്നു. പൂക്കൾക്കുപകരം വിവിധ വർണ്ണകടലാസുകളും കല്ലുപ്പിൽ വിവിധ ചായം പൂരട്ടിയതും ഇന്ന്‌ പലയിടത്തും കാണാം. ഗാർഹികകലയായിരുന്ന ഘട്ടത്തിൽ ജ്യോമട്രിക്‌ പാറ്റേണിൽമാത്രം ഒതുങ്ങിയിരുന്ന ഇത്‌ മൽസരയിനമായപ്പോൾ വിഷയ വൈവിദ്ധ്യം പ്രകടിപ്പിക്കുന്നുണ്ട്‌. ഇപ്പോൾ ഇതിൽ പല സന്ദേശങ്ങളും നൽകുന്ന ആഖ്യാനങ്ങൾ കാണാം. (1999 ൽ കാർഗിൽയുദ്ധം പൂക്കളവിഷയമായി മൽസരരംഗത്തു വന്നല്ലോ) കലാചാതുരിയോടെയും ചിത്രകലയിലെ കോംപോസിഷൻ, വർണ്ണബോധം എന്നീ ഘടകങ്ങളോടെയും ഒരുക്കുന്ന പൂക്കളം ഇന്ന്‌ ഒരു ‘നഗര ഫോക്ക്‌ചിത്രം’ ആയി മാറുന്നുണ്ട്‌.

2. മണ്‌ഡല&താന്ത്രിക&വ്രതചിത്രംഃ നിലംചിത്രങ്ങളിൽ താന്ത്രികവിഷയങ്ങൾക്കു പ്രാധാന്യം നൽകാറുണ്ട്‌. നിലത്തുമാത്രമല്ല, ചുമരിലും രഹസ്യാത്മക പ്രതലങ്ങളിലും ഇവയെഴുതും. വിഷയരഹസ്യം, വൈവിദ്ധ്യം, ക്രോഡീകൃതഭാഷ എന്നിവ ഇതിലേറും. പ്രപഞ്ചരഹസ്യത്തിന്റെ ഒരു ദൃശ്യപാഠമായിട്ടാണ്‌ ഇതുപയോഗിക്കുന്നത്‌. സ്ഥിരവാസം തുടങ്ങിയവർ ഗ്രാമവാസികളായി പുരോഗമിച്ചപ്പോൾ ദൃശ്യകലയിൽ അവരാർജ്ജിച്ച പല നാട്ടറിവുകളും ചേർന്നു. അറിവുകൾ പലപ്പോഴും മനുഷ്യ&മൃഗ&സസ്യ&നക്ഷത്ര കഥാപാത്രങ്ങളിലൂടെ മിത്തുകളായി വിവിധ ആഖ്യാനരീതികളിൽ ബഹിർഗ്ഗമിച്ചു. ഭാരതത്തിലെ എല്ലാ നാടൻചിത്രഭാഷാ സംവേദനത്തിലും പ്രകൃതിയുടെ&പ്രപഞ്ചത്തിന്റെ താളം കാണാം. ഉത്തരായനവും ദക്ഷിണായനവും ചാന്ദ്രമാസവും മഴക്കാലവും വേനൽക്കാലവും നോക്കി കൃഷിയിറക്കുന്ന നാട്ടറിവ്‌ എവിടെയുമുണ്ട്‌. അതൊരു ജീവിതചര്യയും ജീവിതവീക്ഷണവുമാണ്‌. അതിന്റെ തുടർച്ചയായി പ്രകൃതിലാവണ്യചിന്തയും ഉണ്ടായി. ഭൂമിപൂജയും ഭൂമിശോഭയും ഭിത്തിയലങ്കാരവും ഈ ചിന്തയുടെ ആവിഷ്‌കാരം ചെയ്യുന്ന ചിത്രഭാഷയാണ്‌. ഈ ശോഭതന്നെ വസ്‌ത്രത്തിലും മെയ്യിലും പകർത്തി. കേരളത്തിൽ പണ്ടുമുതലേ വെളുപ്പും കസവും നിറങ്ങളേ വസ്‌ത്രത്തിനുളളു. വസ്‌ത്രംതന്നെ വളരെ കുറച്ചുമാത്രമേ ഉപയോഗിച്ചിരുന്നുളളു. മറ്റിടങ്ങളിൽ പച്ചയും ചുമപ്പും മഞ്ഞയും പ്രകൃതിയുടെ ഫലഭൂയിഷ്‌ഠതയെ ആവാഹിക്കുംമട്ടിൽ ജനങ്ങൾ വസ്‌ത്രമാക്കിയുടുത്തു. കേരളത്തിൽ നിത്യജീവിതത്തിലല്ല, അനുഷ്‌ഠാനങ്ങളിലാണ്‌ വർണ്ണവൈവിദ്ധ്യമുളള വസ്‌ത്രങ്ങളുളളത്‌.

സൂര്യരശ്‌മി നിറബോധവും ഭൂമി സ്ഥലബോധവും കൊടുത്തപ്പോൾ രണ്ടിന്റെയും സംയോജനം ചിത്രമാക്കിയെടുത്തു. അത്‌ പ്രകൃതിയുമായി സംവേദനം ചെയ്യാനുളള ഭാഷയായത്‌ ഭാരതത്തിന്റെ ഏതുഗ്രാമത്തിലും കാണാം. പ്രപഞ്ചരഹസ്യത്തിലടങ്ങിയ ഗുപ്തജ്ഞാനം മന്ത്ര&തന്ത്ര&യന്ത്ര വിധികളിൽ ക്രോഡീകരിച്ചു. ഭൂമിയും ആകാശവും വായുവും അഗ്‌നിയും ജലവും ഏറ്റവും അടിസ്‌ഥാന ജ്യോമട്രിക്‌ രൂപങ്ങളിലൊതുക്കി. ത്രികോണവും കുംഭാകൃതിയും ഉർവ്വരതാചിഹ്‌നങ്ങളായി. പ്രാഗ്‌ശൈവ സങ്കല്പവുമായി ബന്ധപ്പെട്ട ലിംഗ-യോനീ ചിഹ്‌നങ്ങൾ തന്ത്ര&മണ്‌ഡല ചിത്രങ്ങളിലെ പ്രധാനയിനമാണ്‌. ചിത്രം വ്യക്തിക്കും ഗ്രാമത്തിനും സുരക്ഷിതത്വം പ്രദാനം ചെയ്യുന്ന ‘ദൃശ്യരക്ഷകൾ’ആണ്‌. നോണ, കാമരൂപ, കാമാഖ്യ, ചാമുണ്ഡി തുടങ്ങി ഒട്ടനേകം ‘ശക്തി’കളുടെ ചിത്രങ്ങൾക്ക്‌ കൃത്യമായ ലക്ഷണനിർവ്വചനങ്ങളുണ്ട്‌.

മണ്‌ഡലം എന്നാൽ വൃത്തമെന്നർത്ഥം. വൃത്തം പൂർണ്ണതയുടെ അടയാളമാണ്‌. തുടക്കവും അവസാനവും അറിയാൻ കഴിയാത്ത പൂർണ്ണതയുടെ ചിഹ്‌നമായ വൃത്തത്തിന്റെ ഉളളിലെ ശൂന്യതയാണ്‌ മണ്‌ഡലം. മണ്‌ഡലത്തിൽ രൂപമുണ്ടാക്കിയാൽ തനിക്ക്‌ വാങ്ങ്‌മൊഴിയിലൂടെ അതിഭൗതികതയുമായി സംവേദനം ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ ദൃശ്യഭാഷയിലൂടെ ആവിഷ്‌ക്കരിക്കാനാകുമെന്ന ചിന്തയാണിതിലെ ബീജം. അതുകൊണ്ടുതന്നെ അമൂർത്ത ജ്യോമട്രിക്‌ രൂപങ്ങളാണിതിന്റെ അടിസ്‌ഥാനം. ഇവയ്‌ക്ക്‌ മാന്ത്രികശക്തിയുണ്ടെന്നാണു വിശ്വാസം. ആണും പെണ്ണും നപുംസകവുമുൾക്കൊളളുന്ന ഇവയെ ഉറങ്ങിക്കിടക്കുന്ന ശക്തിയായി ഗണിച്ച്‌ ഉണർത്താനുളള ക്രിയകൾ ചെയ്യുമ്പോൾ ചിത്രം ജീവത്താകുന്നു എന്നത്രെ സങ്കല്പം. ഇവയിൽ ഏറ്റവും ലളിതവും മാന്ത്രികശക്തിയാൽ രൂക്ഷമല്ലാത്തതും നിത്യോപയോഗവസ്തുപോലെ ഉപയോഗിക്കാവുന്നതുമായ ചിത്രങ്ങളാണ്‌ അല്പനയും അരിപ്പനയും കോലവും ചൗക്കയുമെല്ലാം. പ്രതിസാമ്യം ആണ്‌ മണ്‌ഡലങ്ങളുടെ രൂപസൗഷ്‌ഠവവും ശക്തിയും. ദ്വാരപാലകനും ക്ഷേത്രപാലനും ഇതിന്റെ മനുഷ്യരൂപങ്ങളും. മണ്‌ഡലചിത്രങ്ങളിൽ ‘സർവ്വതോഭദ്ര’ ചിത്രത്തിന്‌ വലിയ സ്ഥാനമുണ്ട്‌. പദം സൂചിപ്പിക്കുന്നതുപോലെ സർവ്വതും ഭദ്രമാക്കുന്ന മാന്ത്രികലിഖിതമാണിത്‌. ദുർഗ്ഗാപൂജയോടനുബന്ധിച്ച്‌ തുളസിത്തറയ്‌ക്കു ചുറ്റും സ്‌ത്രീകൾ ഇതെഴുതാറുണ്ട്‌. ബിന്ദുക്കളും വൃത്തങ്ങളും ഉപയോഗിച്ച്‌ വരയ്‌ക്കുന്ന ഈ ചിത്രം രണ്ടു ത്രികോണങ്ങളാണ്‌. ഒരു ത്രികോണത്തിന്റെ കൂർത്തയഗ്രം ആകാശത്തേയ്‌ക്കും മറ്റേ ത്രികോണത്തിന്റേത്‌ ഭൂമിയിലേയ്‌ക്കും എന്ന സങ്കല്പത്തിൽ വരയ്‌ക്കുന്ന ഇത്‌ അതിലളിതാങ്കനമാണ്‌. കന്യാഭൂമിയും പുരുഷസൂര്യനും യോജിക്കുന്ന സർവ്വതുമുൾക്കൊളളുന്ന പ്രപഞ്ചസ്വരൂപമത്രെ ഇത്‌. മദ്ധ്യപ്രദേശിലെ ബേരിബേരി (പഞ്ചമാരി) എന്നിടത്തെ ചരിത്രാതീത ശിലാചിത്രങ്ങളിലും ‘സർവ്വതോഭദ്ര’രൂപം ലഭിച്ചിട്ടുണ്ട്‌. എന്നാൽ പുരാണങ്ങളുടെ കാലഘട്ടമായപ്പോൾ യന്ത്രങ്ങളും മണ്‌ഡലങ്ങളും ആര്യദൈവങ്ങളെ പകർത്താനുളള ഉപകരണങ്ങളാകുന്നുണ്ട്‌. പല നിഗൂഢ വിശ്വാസങ്ങളുമടങ്ങുന്ന അനേകായിരം ചിത്രങ്ങൾ ഭാരതത്തിന്റെ പലഭാഗത്തും ദൃശ്യമാണ്‌. ചരിത്രാതീതകാലം തുടങ്ങി ജനങ്ങൾ വിശ്വസിച്ചും ആചരിച്ചും പ്രയോഗിച്ചും പോന്നിരുന്ന ഇവയെല്ലാം പിന്നീട്‌ സംഘടിത&ഉന്നത മതങ്ങളുടേയും നിഗൂഢമതങ്ങളുടേയും മേഖലകളിലേക്കു നീങ്ങുന്നുണ്ട്‌.

വ്രതമണ്‌ഡങ്ങൾ എന്ന വിഭാഗത്തിൽപെടുന്ന ചിത്രങ്ങൾ ഭാരതത്തിൽ പൊതുവായ സംസ്‌കാരത്തിന്റെ ഭാഗമായി വ്യാപിച്ചു. അഥർവ്വവേദത്തിലും കൗശികസൂത്രത്തിലും ഇവയെക്കുറിച്ചു പരാമർശമുണ്ട്‌. ഭാരതത്തിലെ ആദിമനിവാസികളുടെ കൂട്ടായ്‌മയുടെയും ഗാർഹികാചാരങ്ങളുടെയും തുടർച്ചയും വളർച്ചയുമാണത്‌. പുരോഹിതരില്ലാത്തതും മിക്കവാറും അബ്രാഹ്‌മണ സ്വഭാവമുളളതും സ്‌ത്രീകൾക്കു നല്ല പങ്കാളിത്തമുളളതുമാണിത്‌. അല്പനയും അരിപ്പനയും കോലവുമെല്ലാം ഈ കുടുംബത്തിലെ വിദൂരബന്ധുക്കളാണ്‌. ചിത്രം, ചിത്രലിപി എന്നിവ ചേർന്ന ആദിലിഖിത രൂപം ഇതിലുണ്ട്‌. ഗൃഹപൂജയും വിവാഹവും പ്രസവവും എല്ലാം മന്ത്ര&ചിത്രഭാഷകൊണ്ട്‌ പരിപാവനമാക്കുന്ന ക്രിയ മിക്കവാറും സ്‌ത്രീകളാണ്‌ ചെയ്‌തിരുന്നതെങ്കിലും പിന്നീട്‌ ബ്രാഹ്‌മണമത മേധാവിത്തത്തോടെ സ്‌ത്രീകളും അബ്രാഹ്‌മണരും അരികുകളിലേയ്‌ക്ക്‌ ഒതുങ്ങിപ്പോയി. മിഥിലയിലെ അരിപ്പന ഉർവ്വരതയുമായി ബന്ധപ്പെട്ടതാണ്‌. ഉദാത്തവത്‌ക്കരിച്ച മനുഷ്യലൈംഗികതയാണ്‌ വിവാഹത്തോടനുബന്ധമായി മിഥിലയിലൊരുക്കുന്ന ചിത്രങ്ങൾ, തുറന്നതാമര പെണ്ണും നീണ്ടമുളള ആണുമാണ്‌. ‘തുഷാരി’പൂജ കന്യകമാർ ചെയ്യുന്ന പൂജയും ചിത്രവുമാണ്‌. മിഥിലയിലെ ‘മോഹകാർപ്പന’ വിവാഹവുമായി ബന്ധപ്പെട്ട ‘മോഹ’ത്തിന്റെ ചിത്രമാണ്‌. ഇതിനു സമാന്തരമായി ബംഗാളിലെ ചില കൂട്ടരിൽ സ്‌ത്രീകൾ ചെയ്യുന്ന ഒരു ക്രിയയ്‌ക്കുവേണ്ടിയുളള ചിത്രമാണ്‌ ‘സുഭാഷിണീ വ്രതം’.

3. ചുമർചിത്രംഃ ഭാരതത്തിലെ പല പ്രദേശത്തേയും ഗ്രാമീണരുടെ വീടുകളുടെ ഭിത്തിചിത്രങ്ങൾകൊണ്ടലങ്കരിക്കുന്ന പതിവുണ്ട്‌. പ്രാദേശിക ദേവീ-ദേവരൂപങ്ങളും ഉന്നതപുരാണ ദേവീ-ദേവൻമാരും പ്രകൃതിശക്തിരൂപങ്ങളുമെല്ലാം ഇതിൽ കാണാം. കുലദേവതമാരും ഗൃഹദേവതമാരും ഭിത്തികളിൽ നിറയുന്നത്‌ മിക്കവാറും സ്‌ത്രീകളുടെ കരവിരുതിലൂടെയാണ്‌. ഭിത്തിയിൽ മണ്ണുതേച്ചു വരയ്‌ക്കുവാനുളള പ്രതലമൊരുക്കുന്നു. കണ്ണാടിച്ചില്ലുകളും വളപ്പൊട്ടുകളും ഉണങ്ങിയ കായ്‌കളും മറ്റുമുപയോഗിച്ച്‌ ഉയർന്ന പ്രതലചിത്രം നിർമ്മിക്കുന്നതും ഇതിന്റെ ഭാഗമാണ്‌. പല ഉൽസവ-വിശേഷദിവസാഘോഷങ്ങളിലും വീടിന്റെ (കുടിൽ) ഭിത്തികളിൽ നിലവുമെല്ലാം ചിത്രംകൊണ്ട്‌ നിറയുമ്പോൾ സമ്പൂർണ്ണഗ്രാമം ഒരു ചിത്രഗ്യാലറിയായിത്തീരുന്നു. കടകളുടെ ഭിത്തിയും ചിത്രഭരിതമാക്കാറുണ്ട്‌. ഓരോ അവസരത്തിലും ഭിത്തി വെളളപൂശി-മണ്ണു പൂശി പുതുചിത്രങ്ങൾ വരയ്‌ക്കും. പക്ഷി മൃഗ സസ്യ മനുഷ്യ രൂപങ്ങളെല്ലാം ശൈലീവത്‌കൃതമായി ഭിത്തിയിലെഴുതും. ‘അസംസ്‌കൃതശൈലിയും ചിന്തയും മിത്തുമാണതിന്റെ ശക്തി. പാരമ്പര്യമാണതിന്റെ സ്രോതസ്സ്‌. നിത്യജീവിതം തന്നെയാണ്‌ ചിത്രപരിശീലനക്കളരി.

മധുബാനിഃ ബീഹാറിലെ മിഥില (രാമായണത്തിലെ സീതയുടെ ജൻമസ്ഥലം) യിൽ സ്‌ത്രീകളുടെ നാടൻചിത്രകലാ പാടവം ഇന്ന്‌ ലോകംമുഴുവൻ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്‌. ആര്യൻമാരുടെ അധിനിവേശം കേന്ദ്രീകരിച്ച പ്രദേശമായ മിഥിലയിൽ നിന്നാണ്‌ ഭാരതത്തിലെ ഇതരഭാഗങ്ങളിലേയ്‌ക്ക്‌ വേദസംസ്‌കാരം വ്യാപിച്ചതെന്ന്‌ പറയപ്പെടുന്നു. ഇ.ഡി.12 മുതൽ 14-​‍ാം നൂറ്റാണ്ടുവരെ കർണ്ണാടക രാജവംശങ്ങൾ അവിടെ ആധിപത്യം സ്ഥാപിച്ചെങ്കിലും ദക്ഷിണഭാരതസംസ്‌കാരം ആ ഭാഗത്ത്‌ യാതൊരു പ്രഭാവവും ചെലുത്തിയില്ല. അതിപ്രാചീനകാലം മുതൽ നാടോടി സംസ്‌കാരത്തിന്റേയും ഗോത്രസംസ്‌കാരത്തിന്റേയും കേന്ദ്രമായിരുന്നു മിഥില. ഓരോ കുടുംബത്തിനും ജാതിക്കും കൃത്യമായ അലങ്കാരലക്ഷണങ്ങളുളള ചിത്രഭാഷയുണ്ട്‌. ഭിത്തിയിലെഴുതാൻ കൊച്ചു പെൺകുട്ടികളെ തയ്യാറാക്കുന്നത്‌ കടലാസിൽ എഴുതി പഠിപ്പിച്ചുകൊണ്ടാണ്‌. മിഥിലാ പ്രദേശത്തെ ഏറ്റവും പ്രധാനജില്ലയായ മധുബാനിയിലെ ചിത്രങ്ങൾ ചുമപ്പ്‌, മഞ്ഞ, കറുപ്പ്‌ തുടങ്ങി നിരവധി വർണ്ണങ്ങളുപയോഗിച്ച്‌ ചെയ്യുന്നു. ഓരോ ഗ്രാമത്തിലും എന്തിന്‌ ഓരോ സ്‌ത്രീക്കും സ്വന്തമായ ശൈലിയുണ്ടെന്നത്‌ മധുബാനി ചിത്രങ്ങളുടെ സവിശേഷതയാണ്‌. സൂക്ഷ്മനിരീക്ഷണത്തിലേ ഇത്‌ വ്യക്തമായി കാണാനാകു. ബ്രാഹ്‌മണരും അബ്രാഹ്‌മണരും ദളിതരുമെല്ലാം അവരവരുടെ പാരമ്പര്യരീതിയിൽ വരയ്‌ക്കുന്നു. ചിത്രസ്ഥലമായ ഭിത്തിയുടെ തിരശ്ചീനമായ-ലംബാക്ഷങ്ങൾ അനായാസേന സംവിധാനം ചെയ്യുന്നു. നാടൻചിത്രകലകളുടെ സവിശേഷ ഉദാഹരണം ഏറ്റവും പ്രബലമായി കാണുന്നത്‌ മധുബാനി ചിത്രങ്ങളിലാണ്‌. കഥയിലെ സന്ദർഭം, സ്ഥലം, കാലം എന്നിവ വേർതിരിച്ചു കാട്ടാനുപയോഗിക്കുന്ന ഈ രണ്ട്‌ അക്ഷങ്ങൾ ശാസ്‌ത്രീയതയും ലാവണ്യവും ഒരുമിപ്പിക്കുന്നവയാണ്‌. പണ്ടുകാലത്ത്‌ അടുക്കളപ്പണിക്കൊപ്പം ചെയ്യുന്ന ഒരു പണിയായിരുന്നു ചിത്രരചനയും എന്നതാണ്‌ ഇതിലെ അനായാസതയ്‌ക്കുളള കാരണം. ഈ സ്വാഭാവികത പേറുന്ന ചിത്രരചനയിൽ വരച്ച സ്‌ത്രീകളാരെന്നു തിരയുന്നത്‌ അടുത്ത കാലംവരെ നിരർത്ഥകമായിരുന്നു. ഇന്ന്‌ കടലാസിൽ വരയ്‌ക്കുന്ന ചിത്രങ്ങളിൽ പലരും അവരുടെ കൈയൊപ്പ്‌ ചേർക്കുന്നു. രൺഥി ഗ്രാമത്തിലെ ജഗദംബാദേവി, ജിത്‌വാർപൂരിലെ ഊഖാദേവി, ചിറി ഗ്രാമത്തിലെ ഗംഗാദേവി, രൺഥിയിലെ മഹാസുന്ദരീദേവി തുടങ്ങി നിരവധി പേർ ഇന്ന്‌ വളരെ പ്രസിദ്ധി നേടിയ മധുബാനി ചിത്രകാരികളാണ്‌. രഘു ചിത്രങ്ങളുടെ (കടലാസിലേത്‌) വലിപ്പവും ചുമർചിത്രത്തിന്റെ വലിപ്പവും തമ്മിലുളള വൈജാത്യവും സാജാത്യവും അതിശ്രേഷ്‌ഠമായി പൊരുത്തപ്പെടുത്താൻ കഴിയുന്നതും ഇവരുടെ വൈദഗ്‌ദ്ധ്യമാണ്‌. ചിത്രവിഷയങ്ങളാകട്ടെ തികഞ്ഞ പ്രസാദാത്മകവും. ദുഃഖം, വ്യാകുലത, വിഷാദം, ദുരന്തം തുടങ്ങിയ ന്യൂനഭാവങ്ങൾ ഇല്ലാത്തവയാണ്‌ മധുബാനി ചിത്രങ്ങൾ. മിഥിലാചിത്രങ്ങളിൽ മിഥുനസങ്കല്പത്തിനാണ്‌ ഏറെ പ്രാമുഖ്യം. ശിവ-ശക്തി, രാമ-സീത, കൃഷ്‌ണ-രാധ തുടങ്ങിയ കഥാപാത്രങ്ങൾ ഇല്ലാത്ത ചിത്രങ്ങൾ കുറയും. ഈ കഥാപാത്രങ്ങൾക്ക്‌ സമകാലികച്ഛായയും പെരുമാറ്റവും പലപ്പോഴും നൽകുന്നുണ്ട്‌. അതിനാൽ കഥാപാത്രങ്ങളെല്ലാം ഓരോ തലമുറയുടെ അഭിരുചിയും ഏറ്റെടുക്കാൻ കഴിവുളള സജീവസാന്നിദ്ധ്യം കാട്ടുന്നു.

ഇന്ന്‌ കലാകാരികൾ&കലാകാരൻമാർ അങ്ങാടിയിൽനിന്ന്‌ ചായം മേടിച്ചുപയോഗിക്കുന്നുണ്ട്‌. പണ്ട്‌ കറുപ്പ്‌ കൺമഷിയുണ്ടാക്കുന്ന രീതിയിലും മഞ്ഞ മഞ്ഞളിൽനിന്നും ഓറഞ്ചുനിറം പ്ലാശുമരത്തിൽനിന്നും ചുമപ്പ്‌ കുസും പൂവിൽനിന്നും ഉണ്ടാക്കി എടുക്കുമായിരുന്നു. ഒരു കമ്പിന്റെ അറ്റത്ത്‌ വേണ്ടവിധത്തിൽ നൂലുകൾ കെട്ടിയുണ്ടാക്കുന്നതായിരുന്നു പണ്ട്‌ ചിത്രരചനയ്‌ക്കുളള തൂലിക. ഓരോ വർണ്ണത്തിനും ഓരോ തൂലിക ഉപയോഗിക്കുകയാണ്‌ പതിവ്‌. ആദ്യം രൂപത്തിന്റെ പരിധിരേഖ കറുപ്പിലെഴുതി അതിനുളളിൽ ചായം തേയ്‌ക്കുകയാണ്‌ രചനാരീതി. കാര്യമായ അലങ്കാരധോരണികൾ ഉളളതിൽ പോലും വിഷയത്തിനാവശ്യമായ മിതത്വം കാണിക്കുന്ന ചിത്രങ്ങളാണിവ.

Generated from archived content: essay2_june15_05.html Author: vijayakumar-menon

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here