നാട്ടറിവു പഠനം തിരിച്ചുപോക്കല്ല, തിരിച്ചറിവാണ്‌

സസ്യമൃഗാദികളെപ്പോലെ മാത്രമേ മനുഷ്യനും ഈ ഭൂമിയിൽ അധികാരമുളളു. മറ്റുളളവയേക്കാൾ സിരാപടലം കൂടുതൽ വികസിച്ചിട്ടുളള ജീവി എന്ന വിശേഷതയാൽ മനുഷ്യന്റെ ചിന്താമണ്ഡലം വിപുലമായി. ശരീരം, ആംഗ്യം, ശബ്‌ദം, ചിത്രം, സംസാരം, ലിപി എന്നീ മാദ്ധ്യമങ്ങളിലൂടെ സംവേദനം നടത്താൻ തുടങ്ങിയതോടെ ഒരുവന്റെ ചിന്ത മറ്റുളളവരെയും അറിയിക്കാമെന്നായി. അതോടെ പ്രപഞ്ചവിജ്ഞാനം സംവേദനക്ഷമമായി. സംസ്‌കാരവും വളർന്നു. ഒപ്പം സ്വാർത്ഥയുടെയും ലാഭക്കൊതിയുടെയും അധിനിവേശത്തിന്റെയും കളകളും കരുത്താർജ്ജിച്ചു.

തന്റെ ചുറ്റുമുളളതിനെ നോക്കിയറിഞ്ഞപ്പോൾ കിട്ടിയ അറിവാണ്‌ ശാസ്‌ത്രവിജ്ഞാനം. ഈയറിവ്‌ എല്ലാ വിജ്ഞാന ശാഖകളിലും കാണാം. വിതയ്‌ക്കാതെയും കൊയ്യാതെയും ജീവിച്ചിരുന്നവരിൽനിന്ന്‌ കൃഷിയിലേക്കു നീങ്ങിയ മനുഷ്യവംശം സമ്പാദിച്ച അറിവ്‌ ഓരോ പ്രദേശത്തെയും നാട്ടറിവാണ്‌. അത്‌ ശാസ്‌ത്രീയഗവേഷണം തന്നെയാണ്‌. കാലാവസ്ഥ, വെളളം, സസ്യം, കൃഷി, വൈദ്യം, കല, സംഗീതം, സാഹിത്യം തുടങ്ങി എല്ലാം ഈ ചിന്തയുടെ ഭാഗമാണ്‌. അവയെല്ലാം അതാതു ദേശത്തെ ചുറ്റുപാടിൽനിന്നു നിർദ്ധാരണം ചെയ്‌തെടുത്തതിനാലാണ്‌ ഓരോ ദേശത്തും വ്യത്യസ്‌തതയും വൈവിദ്ധ്യവും ഉണ്ടായത്‌. വൈവിദ്ധ്യം പ്രകൃതിസ്വഭാവമാണ്‌. അടിസ്ഥാന ഘടകങ്ങൾ പലതും ഏകമായിരിക്കുമ്പോഴും അവയുടെ ആവിഷ്‌കരണത്തിൽ വൈവിദ്ധ്യം കാണുന്നു. ഓരോ പരിണാമഘട്ടത്തിലും ഉണ്ടാകുന്നത്‌ പ്രസക്തമാണോ അല്ലയോ എന്നുനോക്കി തളളിയും കൊണ്ടും ഉണ്ടായതാണ്‌ ഓരോ നാട്ടിലെയും അറിവ്‌. ഏകമാനലോകം എന്നത്‌ പ്രകൃതിയിലില്ല. സസ്യത്തിന്റെ ഉച്ഛ്വാസം മൃഗങ്ങൾക്കുളള ശ്വാസമാകുന്ന വൈരുദ്ധ്യം പ്രകൃതിസത്യമാണ്‌. ജൈവകൃഷിയിൽനിന്നു രാസകൃഷിയിലേക്കു മാറിയപ്പോഴുണ്ടായ ദുരന്തം മാനവരാശി മനസ്സിലാക്കി തെറ്റുതിരുത്തുമ്പോഴേക്കും പ്രകൃതിമുഴുവനും നശിക്കാം. ഓരോ ദേശത്തെ മണ്ണും കാറ്റും മഴയും വ്യത്യസ്‌തമായിരിക്കുമെന്ന ജ്ഞാനമാണ്‌ കൃഷിയുടെ നാട്ടറിവ്‌. കാണിക്കാരുടെ പച്ച ആരോഗ്യപ്പച്ചയും ഓജസ്സു നല്‌കുന്നതുമായത്‌, ഈ അറിവിലൂടെയാണ്‌. സർപ്പവിഷം മരുന്നും ആകാം എന്നത്‌ ഭാരതത്തിലും ചീനയിലും പണ്ടേയുളള ഫാർമസ്യൂട്ടിക്കൽ ബയോകെമിസ്‌ട്രിയാണ്‌. ഏതമൃതും അധികമായാൽ വിഷമാകും എന്ന ചൊല്ല്‌, ഈ കെമിസ്‌ട്രിയറിവ്‌, ഔചിത്യം എന്നിവ ചേർന്ന സുഭാഷിതമാകുന്നതപ്പോഴാണ്‌. നാട്ടറിവിന്റെ ഒരു മുഖ്യസ്വഭാവം ഔചിത്യമാണ്‌. ഔചിത്യം വിട്ട ശാസ്‌ത്രവും ടെക്‌നോളജിയും പരിണാമശത്രുവായി മാറും. അത്‌ സ്വാർത്ഥതയാകുന്നതും അപ്പോഴാണ്‌. വൻ അണക്കെട്ടുകൾ ലോകമെങ്ങും നിരാകരിച്ചുകഴിഞ്ഞ കാലത്ത്‌ ലക്ഷക്കണക്കിനാൾക്കാരെ കുടിയൊഴിപ്പിച്ച്‌ നർമ്മദാ പദ്ധതികളുണ്ടാക്കുന്ന ക്രൂരത സ്വാർത്ഥതയും മാനവികതാ വിരുദ്ധവുമാകുന്നതപ്പോഴാണ്‌. ചാലിയാർപ്പുഴയിലെ വിഷം പുതിയ കാളിയന്റേതുമാകും.

കൃഷിയുടെ ഭാഗമായി പണ്ടേതന്നെ വന്ന വ്യവസായം കേരളത്തിൽ മിക്കവാറും ഐങ്കുടി കമ്മാളരാണു ചെയ്‌തിരുന്നത്‌. ഇത്‌ ജൈവ&കൃഷി&വ്യവസായ&കലാമേഖലകളുടെ സംയോജനമാണ്‌. കൈമാറ്റക്കച്ചവടത്തിൽ നില നിന്ന കാർഷിക വ്യവസായം ബ്രിട്ടീഷുകാർക്കു നശിപ്പിക്കേണ്ടിവന്നത്‌ ലാഭ വ്യവസായത്തിനുവേണ്ടിയായിരുന്നു. ലാഭവ്യവസായത്തിൽ മാനവികതയില്ല. മാഞ്ചസ്‌റ്ററിലെ തുണിയുടെ വിപണിക്ക്‌ ഡാക്കയിലെ കൈവ്യവസായം ഭീഷണിയായപ്പോൾ നാടൻവിദ്യയുടെ വിരൽ മുറിച്ചത്‌ പുരാണത്തിലെ വനവാസിയായ ഏകലവ്യന്റെ വിരലിന്റെ ആവർത്തനഗാഥയാണ്‌. ചീനയിൽ കറുപ്പു കൊടുത്തുമയക്കി രാജ്യം കൊളളയടിച്ചു. ഭാരതത്തിൽ പലയിടത്തും (കേരളത്തിൽ കൊടുങ്ങല്ലൂരിലും) കൈവേലക്കാരുടെ നിർമ്മിതികളുടെ മൂല്യം താഴാതെ നോക്കാൻ, പണ്ട്‌ നമുക്ക്‌ ഗിൽഡുകളുണ്ടായിരുന്നു. അതാതു പ്രദേശത്തെ സാങ്കേതികവിജ്ഞാനം അന്നാട്ടുകാരുടെ ബൗദ്ധികസ്വത്തായി അംഗീകരിക്കുന്ന പതിവ്‌ നാട്ടറിവിന്റെ ധർമ്മനീതിശാസ്‌ത്രമാണ്‌.

നാട്ടറിവു പഠനത്തിന്റെ പ്രാധാന്യം

നാട്ടറിവു പഠനം സംസ്‌കാര&രാഷ്‌ട്രീയ&സാമ്പത്തിക&ശാസ്‌ത്ര&കലാപഠനമാണ്‌. അത്‌ നരവംശത്തിന്റെ പരിണാമപഠനമാണ്‌. നാട്ടറിവുപഠനം തിരിച്ചുപോക്കല്ല, തിരിച്ചറിവാണ്‌. ഔചിത്യവും, വസ്‌തുനിഷ്‌ഠതയും, ശാസ്‌ത്രീയതയും, മാനവികതയിലൂന്നിയ ധർമ്മബോധവുമാണതിന്റെ പാത. ഓരോ പ്രദേശത്തെ നൃത്തത്തിൽനിന്നും ഗാനത്തിൽനിന്നും വളർന്ന്‌ ക്ലാസിക്കൽ രൂപമായി പക്വതയാർജ്ജിച്ച കലകളേ ലോകത്തുളളൂ. ഈ വിധം മാത്രമേ ചിത്ര&ശില്‌പ&വാസ്‌തുകലകളും ലോകത്തെവിടെയും പരിണമിച്ചിട്ടുളളു. പരിണാമക്രിയയിൽ പലതും രൂപവ്യത്യാസപ്പെടും. ജീവിതവീക്ഷണം മാറുമ്പോൾ കലാവീക്ഷണവും മാറും. എന്നാൽ ഒന്നിനെ ബോധപൂർവ്വം നശിപ്പിക്കുന്ന അധികാരകേന്ദ്രങ്ങളെ ചെറുക്കുന്നത്‌ നാട്ടറിവു പഠനത്തിന്റെ മുഖമുദ്രയാണ്‌. പക്ഷെ നാട്ടറിവു പഠനം ജീർണ്ണതയുടെ പുനരുദ്ധാരണമാക്കി മാറ്റുന്നത്‌ ഉന്നതവംശ&മതാധിനിവേശക്കാർക്ക്‌ ഇന്ന്‌ ഒരാവശ്യമായിത്തീർന്നിട്ടുണ്ടെന്ന കാര്യം വളരെ ഗൗരവപൂർവ്വം കാണേണ്ടിയിരിക്കുന്നു. നാടിന്റെ സ്വത്വമറിയുന്നതാണ്‌ നാട്ടറിവ്‌. ഇത്‌ മതമൗലികവാദികളും രാഷ്‌ട്രീയാധികാരകേന്ദ്രങ്ങളും ശാസ്‌ത്രകച്ചവടവാദികളും ചൂഷണം ചെയ്യുന്നതിനെതിരെ ജാഗരൂകരാകേണ്ടത്‌ നാട്ടറിവുപഠനത്തിന്റെ ഉദ്ദേശ്യമായിരിക്കണം.

Generated from archived content: essay-feb17-05.html Author: vijayakumar-menon

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here