നാനാ മേഖലകളില്‍ ഭാരതം പുലര്‍ത്തിയ ഗരിമയെക്കുറിച്ചു നാം അഭിമാനത്തോടുകൂടി പറയാറുണ്ട്. എന്നാല്‍ ഭാരതം തീര്‍ത്തും ഉദാസീനത പുലര്‍ത്തിയ ഒരു രംഗമുണ്ട്. അത് ചരിത്രമാണ്. ശാസ്ത്രീയ ചരിത്രം രേഖപ്പെടുത്താതിരുന്നതിനാല്‍ പലതരം കെട്ടുകഥകളാണ് ആ സ്ഥാനത്തു വന്നത്. കെട്ടുകഥകള്‍, സ്വാഭാവികമായും അഭിപ്രായ വ്യത്യാസങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിയൊരുക്കി. ചരിത്രത്തിന്റെ ഈ അപര്യാപ്തത ഇരുപതാം നൂറ്റാണ്ടിന്റെ കലയായ ചലച്ചിത്രത്തെവരെ ബാധിച്ചിട്ടുണ്ട്. നമ്മുടെ നിശബ്ദ സിനിമയുടെ ചരിത്രം അവ്യക്തതകളുടെ നിഴല്‍ മൂടിയതാണ്.
ലോകസിനിമയുടെ സ്ഥിതി ഇതല്ല. ലോകത്താദ്യമായി പ്രദര്‍ശിപ്പിക്കപ്പെട്ട ചലച്ചിത്രങ്ങള്‍ വരെ ഇന്നും നമുക്ക് കാണാന്‍ കഴിയും. സിനിമയുടെ കണ്ടെത്തലിന്റെ പിന്നിലെ പലപല മുഹൂര്‍ത്തങ്ങളും തെളിവുകളുടെ പിന്‍ബലത്തോടെ രേഖപ്പെടുത്തിയിരിക്കുന്നു.
ചരിത്രത്തെ അറിയുക എന്നത് പഠനത്തിന്റെ അനിവാര്യമായ ഭാഗമാണ്. ചലച്ചിത്രം ഒരു കലാരൂപമെന്ന നിലയില്‍ അംഗീകാരം നേടുകയും അതിനെ അധീകരിച്ച് പഠനങ്ങളും വിശകലനങ്ങളും രൂപപ്പെടാന്‍ തുടങ്ങുകയും ചെയ്തതോടെ സിനിമയുടെ ചരിത്രത്തില്‍ കൂടുതല്‍ ആളുകള്‍ ആകൃഷ്ടരായി. എന്നാല്‍ അപ്പോഴും ഇന്ത്യയില്‍ സിനിമയ്ക്കു ആ രീതിയിലുള്ള അംഗീകാരങ്ങള്‍ ലഭ്യമായിരുന്നില്ല. ഒരു കേവല വിനോദം എന്ന നിലയ്ക്കായിരുന്നു സിനിമ ഇവിടെ സ്വീകരിക്കപ്പെടുന്നത്. കേവല വിനോദം എന്നാല്‍ നൈമിഷികമായ അനുഭൂതി പകരുന്ന ഒന്ന് എന്നര്‍ഥം. ഗൗരവകരമായ ആസ്വാദനത്തിന് അത് യോഗ്യമാകുന്നില്ല. അതുകൊണ്ടുതന്നെ പഠനമനനനിദിധ്യാസങ്ങള്‍ക്ക് അവിടെ പ്രസക്തിയുമില്ല.
നിര്‍മാതാക്കള്‍ക്ക് എത്രയും പെട്ടെന്നു തങ്ങളുടെ നിര്‍മിതി വിറ്റ് കാശാക്കുക എന്നതായിരുന്നു ലക്ഷ്യം. തീയറ്ററുകളിലെ പ്രദര്‍ശനം പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ പിന്നെ ആ സിനിമകൊണ്ട് എന്തെങ്കിലും പ്രയോജനം ഉള്ളതായി അവര്‍ കരുതിയില്ല. അതുകൊണ്ടുതന്നെ അവര്‍ അതിനെ അഗണ്യകോടിയിലേക്കു തള്ളുന്നു. പയ്യെ പയ്യെ അത് സ്വാഭാവിക മരണം പ്രാപിക്കുന്നു.
സിനിമ കലാരൂപമാണ് എന്ന ബോധ്യം നമുക്കുണ്ടാകുന്നതോടെയാണ് ചരിത്രത്തെ നാം തേടുന്നത്. സിനിമയുടെ ഉത്ഭവത്തിനു ശേഷം ഹ്രസ്വകാലമേ പിന്നിട്ടിരുന്നുള്ളൂവെങ്കിലും ചരിത്രം കൈപ്പിടിയില്‍ നിന്നു വഴുതിപ്പോയ അനുഭവമായിരുന്നു. പലവാക്കുകളും നഷ്ടപ്പെട്ടുപോയ ഒരു പ്രബന്ധം പോലെയായിരുന്നു നമ്മുടെ സിനിമാ ചരിത്രം. വിട്ടപോയതൊക്കെ കണ്ടുപിടിച്ചു യഥാസ്ഥാനത്തു വിളക്കിച്ചേര്‍ത്തു ചരിത്രത്തെ പുനഃസ്ഥാപിച്ച ഒരു മനുഷ്യന്‍ നമുക്കിടയിലുണ്ടായിരുന്നു. ചേലങ്ങാട്ട് ഗോപാലകൃഷ്ണനാണ് ചരിത്രത്തെ പ്രത്യാനയിച്ച ആ മഹദ് വ്യക്തി.
ജീവിത കാലത്ത് ചേലങ്ങാട്ടിനു നന്ദികേടു മാത്രമേ ലഭിച്ചിരുന്നുള്ളൂ. അദ്ദേഹത്തിന്റെ ഗവേഷണ ഫലങ്ങള്‍ക്കിടം നല്‍കാന്‍ വന്‍ പ്രസിദ്ധീകരണങ്ങള്‍ വിമുഖത കാട്ടി. സ്വന്തമായി പുസ്തകങ്ങള്‍ അച്ചടിച്ച് ഇറക്കേണ്ടതായും വന്നു. മനസ് മടുപ്പിക്കുന്ന അനുഭവങ്ങളൊന്നും ചേലങ്ങാട്ടിനെ പിന്തിരിപ്പിക്കാന്‍ പര്യാപ്തമായിരുന്നില്ല. താന്‍ തെരഞ്ഞെടുത്ത കര്‍മരംഗത്ത് അക്ഷോഭ്യനായി നിന്നുകൊണ്ട് നിസ്തന്ദ്രപരിശ്രമം നടത്തുകയായിരുന്നു അദ്ദേഹം.
ചേലങ്ങാട്ടിന്റെ ചരിത്ര ഗവേഷണങ്ങളില്‍ ഏറ്റവും മൂല്യമേറിയത് ജെ.സി. ദാനിയേലിനെ കണ്ടെത്തിയതാണ്. ‘ബാലന്‍’ ആണ് മലയാളത്തിലെ ആദ്യ സിനിമ എന്നു വിശ്വസിച്ചവര്‍ക്കും വിശ്വസിക്കാനാഗ്രഹിച്ചവര്‍ക്കും വന്‍ പ്രഹരമേല്‍പ്പിച്ചുകൊണ്ടാണ് ചേലങ്ങാട്ട് മലയാളത്തിലെ യഥാര്‍ഥ ആദ്യസിനിമയെക്കുറിച്ചുള്ള വിവരങ്ങള്‍ അവതരിപ്പിച്ചത്. വര്‍ഷങ്ങള്‍ കഴിഞ്ഞു ജെ.സി. ദാനിയേല്‍ അംഗീകരിക്കപ്പെട്ടപ്പോള്‍ തങ്ങളാണ് അദ്ദേഹത്തെ കണ്ടെത്തിയത് എന്ന അവകാശവാദവുമായി മുന്നിലേക്കു വരാന്‍ പലരുമുണ്ടായി. അവരോര്‍ക്കാത്ത ഒരു വസ്തുത1967ല്‍ത്തന്നെ തന്റെ ഒരു പുസ്തകത്തില്‍ ദാനിയേലിനെപ്പറ്റി ചേലങ്ങാട്ട് എഴുതിയിട്ടുണ്ട് എന്നതാണ്. അങ്ങനെ കറുപ്പിലും വെളുപ്പിലും ചേലങ്ങാട്ട് ദാനിയേലിന്റെ സാക്ഷ്യം അവതരിപ്പിച്ചു കഴിഞ്ഞാണ് അവകാശവാദങ്ങളുമായി പലരും എത്തിയത്.
വിഗതകുമാരന്റെ പ്രദര്‍ശന തീയതിയും അര്‍ഥശങ്കയ്ക്കിടയില്ലാത്ത വിധം അദ്ദേഹം കുറിച്ചിട്ടു. 1928 നവംബര്‍ 7. ഈ തീയതിയെ അട്ടിമറിക്കാനും ഏറെ ശ്രമങ്ങള്‍ നടന്നു. സ്വയം ചരിത്രഗവേഷകരായി അവരോധിക്കാനുള്ള വിഡ്ഢി വേഷങ്ങളുടെ പടപ്പുറപ്പാട് മാത്രമായിരുന്നു അത്.
‘ലോക സിനിമയുടെ ചരിത്രം’ എന്ന ഈ പുസ്തകത്തില്‍ വിവാദാസ്പദമായി ഒന്നുംതന്നെയില്ല. കാരണം, ഇത് ലോക സിനിമയുടെ ചരിത്രമാണ്. അതിബൃഹത്തായ ചരിത്രമാണ് ലോകസിനിമയുടേത്. അത് സംഗ്രഹിച്ചെഴുതാനുള്ള ശ്രമമാണ് ചേലങ്ങാട് നടത്തിയിട്ടുള്ളത്. വ്യത്യസ്തമായ ഒരു പരിണാമ ക്രമത്തിലാണ് അദ്ദേഹം അതാലേഖനം ചെയ്യുന്നത്. ആകെയുള്ള 32 അധ്യായങ്ങളില്‍ ആദ്യത്തെ പതിമൂന്നെണ്ണവും സിനിമയുടെ ആദ്യകാലത്തെയാണ് വര്‍ണിക്കുന്നത്. സിനിമ ഗ്ലാമറിലേക്കും വന്‍ മൂലധന സാധ്യതകളിലേക്കും വരുന്നതിനു മുന്‍പുള്ള ഇരുണ്ട കാലഘട്ടത്തെക്കുറിച്ചു പറയാന്‍ ചേലങ്ങാട് സവിശേഷ കൗതുകം പ്രദര്‍ശിപ്പിക്കുന്നു. അജ്ഞാതരും അവഗണിക്കപ്പെടുന്നവരുമായ പ്രതിഭാശാലികള്‍ക്കു വേണ്ടി സ്പന്ദിക്കുന്ന ഒരു മനസാണ് അദ്ദേഹത്തിന്റേത്.
ആദിമ കാലഘട്ടത്തെക്കുറിച്ചുള്ള വിസ്തൃത വിവരണത്തിനു ശേഷം തന്റെ എഴുത്ത് നിലച്ചുപോകുന്ന ഘട്ടം വരെയുള്ള ചലച്ചിത്ര വികാസത്തെപ്പറ്റിയും അദ്ദേഹം പ്രതിപാദിക്കുന്നുണ്ട്. ചലച്ചിത്ര വിദ്യാര്‍ഥികള്‍ക്കും ചലച്ചിത്ര സംബന്ധിയായി എഴുതുന്നവര്‍ക്കും ആശ്രയിക്കാവുന്ന ഒരു റഫറന്‍സ് ഗ്രന്ഥമാണിത്.
ലോക സിനിമയുടെ ചരിത്രം
ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍
കറന്റ് ബുക്‌സ്
വില- 110 രൂപ
Generated from archived content: book1_july26_13.html Author: vijayakrishnan