നിലക്കാത്ത സ്പന്ദനം

പുറത്ത്‌ മഴ പെയ്യുന്നുണ്ട്‌.

മനസിനകത്തും ചിലപ്പോൾ മഴ പെയ്യാറുണ്ട്‌. ഓർമ്മകളാണ്‌ മനസിനകത്ത്‌ മഴയായി പെയ്യാറുള്ളതെന്ന്‌ ചിലരൊക്കെ പറയില്ലേ, അതു പോലെ ഇവിടെ, ഈ ജനലരികിൽ ഇരുന്നാൽ എനിക്ക്‌ മഴ വ്യക്തമായീ കാണാം. പക്ഷെ മഴ എന്നെ കാണുന്നുണ്ടാകില്ല. ഓർമ്മകളുടെ മഴ ഒരിക്കലും പെയ്തുതീരില്ലല്ലോ.

ജനലഴികളിലൂടെ മഴച്ചാറൽ മുഖത്ത്‌ വന്നു പതിക്കുന്നുണ്ട്‌ . ബാഗ്ലൂരിൽ ഞാൻ താമസിച്ചിരുന്ന വീട്ടിലും ജാലകത്തിലൂടെ മഴ എന്നെ കാണാൻ വരുമായിരുന്നു. അതൊരുകാലം.

ലോകം മുഴുവൻ സന്ദര്യമാണെന്നും ജീവിതം മുഴുവൻ പ്രകാശമാണെന്നും തോന്നിയിരുന്ന കാലം. എന്തിലും ആഘോഷത്തിന്റെ അംശം കാണുന്നത്‌ യുവത്വത്തിന്റെ മാത്രം പ്രത്യേകതയാണല്ലൊ.

അല്ലെങ്കിലും ജീവിക്കാൻ ആവശ്യത്തിലധികം പണവും ആരും അസൂയപ്പെടുന്ന ജോലിയും ഉള്ളവർക്ക്‌ ജീവിതം ഉത്സവമാണല്ലോ.

എഞ്ജിനീയറിങ്ങിനു ചേരാൻ അവസരം ലഭിച്ചിട്ടും ഡിഗ്രി തന്നെ തിരഞ്ഞെടുത്തത്‌ ലെക്‌ചർ ആവാനുള്ള മോഹം കൊണ്ടായിരുന്നു. ആഗ്രഹം പോലെ തന്നെ പഠിത്തത്തിനു ശേഷം ഉയർന്ന ശമ്പളത്തിൽ ജോലി ലഭിച്ചു. അതും ബാഗ്ലൂരിലെ പ്രശസ്തമായ ഒരു കോളേജിൽ.

ബന്ധുവായ ഒരു വൃദ്ധയുടെ വീട്ടിലായിരുന്നു അന്ന്‌ താമസിച്ചിരുന്നത്‌. ഭർത്താവു മരിച്ച അവർ തനിച്ചായിരുന്നു താമസം മക്കൾ വിദേശത്ത്‌. തനിച്ച്‌ ജീവിക്കുന്ന അവർക്കും തനിയെ ജീവിച്ചു ശീലമില്ലാത്ത എനിക്കും അതൊരനുഗ്രഹമായിരുന്നു. ഞാനൊരു പെൺകുട്ടിയായതുകൊണ്ട്‌ വേറെ ബഹളങ്ങളൊന്നുമില്ല. അവർക്കും സുഖം എനിക്കും സുഖം. എല്ലാം കൊണ്ടും സുഖം.

ബാഗ്ലൂരിൽ എനിക്ക്‌ അധികം സുഹൃത്തുക്കളൊന്നുമുണ്ടായിരുന്നില്ല. പുസ്തകങ്ങളും മുകളിലത്തെ മുറിയുമായിരുന്നു എന്റെ വലിയ സുഹ്യത്തുക്കൾ. വീണാ………..എന്നു വൃദ്ധ നീട്ടി വിളിക്കുന്നതു കേട്ടാലറിയാം അത്‌ നാട്ടുകാര്യങ്ങൾ പറയാനാണെന്ന്‌ വേറെ ശല്യങ്ങളൊന്നുമില്ല സുഖം സ്വസ്ഥം. ആ സ്വസ്ഥയിലേക്കാണ്‌ നീരജ്‌ ഭാട്ടാചാര്യ കടന്നു വന്നത്‌.

അടുത്ത വീട്ടിൽ ബംഗാളി ദമ്പതികൾ താമസിത്തിനു വരുന്ന കാര്യം വൃദ്ധ മുൻപു പറഞ്ഞിരുന്നു.

വ്യദ്ധയുടെ മുറിയിൽ വച്ചാണ്‌ ഞാനയാളെ ആദ്യമായി കാണുന്നത്‌. എന്നോട്‌ ചിരിച്ചുകൊണ്ട്‌ നമസ്‌ക്കാർ പറഞ്ഞു.

ബാംഗ്ലൂരിൽ അയൽക്കാരുമായി അധികം ചങ്ങാത്തമൊന്നും പതിവില്ല. പ്രത്യേകിച്ചും എന്നെപ്പോലുള്ള അന്യനാട്ടുകാർക്ക്‌.

പക്ഷെ നീരജ്‌ ഭട്ടാചര്യ ഈ വീട്ടിലെ നിത്യ സന്ദർശകനായി മാറി. വൃദ്ധയ്‌ക്ക്‌ അയാളെ ഇഷ്‌ടമായിരുന്നു. ആൺമക്കളില്ലാത്ത അവർക്ക്‌ അയാൾ ഒരു മകനായി തോന്നിയിരിക്കണം

.

ഒരു ദിവസം ഞാൻ മുകളിൽ മഴ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. മഴ അന്നൊക്കെ ഒരു വിരുന്നുകാരനായിരുന്നു.

സുഖം തന്നെയല്ലേ? അയാളാണ്‌, നീരജ്‌ ഭട്ടാചാര്യ. അപ്പുറത്തെ ജനാലയ്‌ക്കൽ അയാൾ നിൽക്കുന്നു. ഹിന്ദിയാണ്‌ ചോദിച്ചത്‌. ഞാൻ മറുപടി പറഞ്ഞില്ല. ഇയാൾ ഇത്ര നേരവും ഇവിടെത്തന്നെ നില്‌ക്കുകയായിരുന്നോ.

എനിക്ക്‌ ബംഗാളി അറിയാമെന്ന കാര്യം അയാളിൽ കുറച്ചൊന്നുമല്ല ആഹ്ലാദമുണ്ടാക്കിയത്‌. അന്യനാട്ടിൽ ഒരാളോട്‌ മാത്യഭാഷയിൽ സംസാരിക്കാൻ പറ്റുക നല്ല കാര്യമല്ലേ? എല്ലാ ദിവസവും വീട്ടിൽ വരുന്നതു കാണുമ്പോൾ ഇയാൾക്കു വേറെ പണിയൊന്നുമില്ലെ എന്നു തോന്നിയിട്ടുണ്ട്‌.

അങ്ങനെ ചെറുപ്പത്തിൽ അമ്മാവൻ പറഞ്ഞു തന്ന ബംഗാളിയിലൂടെ ഞാൻ നീരജ്‌ ഭാട്ടാചര്യയെ അറിയാൻ തുടങ്ങി. അയാളും ഭാര്യയുമായിരുന്നു വീട്ടുകാർ. ഭാര്യയെ കണ്ടപ്പേൾ മൂത്ത സഹോദരിയാകുമെന്നാണ്‌ ഞാൻ ധരിച്ചത്‌. ഭാര്യയ്‌ക്ക്‌ അയാളെക്കാൾ 19 വയസ്സ്‌ കൂടുതലായിരുന്നു. ധാരാളം സ്വത്തുനുടമയായിരുന്നു ഭാര്യ. ആ സ്വത്തുക്കൾ നോക്കിനടത്തുക മാത്രമായിരുന്നു അയാളുടെ ജോലി.

അയാളുടെ സംസാരം, എനിക്കൊന്തോ ഉപദ്രവമായി തോന്നിയില്ല. പുസ്തകങ്ങളെ നീരജിന്‌ വലിയ താൽപര്യമായിരുന്നു. അതായിരുന്നു അധികം സംസാരിക്കാത്ത എന്നെയും ഒരുപാട്‌ സംസാരിക്കുന്ന അയാളെയും ചേർത്തുനിർത്തിയ ഘടകം.

നോവലുകൾ വായിക്കറില്ലേ? ഞാൻ ചോദിക്കും. വായിക്കുമായിരുന്നു……. പ്രീഡിഗ്രിക്ക്‌ പഠിക്കുമ്പോൾ. അയാൾ പറയും.

ഇപ്പോഴില്ല?

ഇല്ല

അതെന്താ?

മനസമാധാനം ഇല്ലാത്തതുകൊണ്ട്‌.

എവിടെപ്പോയീ മനസമാധാനം?

എവിടെയോ പോയീ…… എന്തായാലും ഇപ്പോഴില്ല.

ആ സംഭാഷണം അങ്ങനെ നീണ്ടു നീണ്ട്‌ പോകും.

കുടുംബത്തെക്കുറിച്ച്‌ ഞാൻ അയാളോട്‌ അധികമൊന്നും ചോദിച്ചിട്ടില്ല. ബംഗാളിലെ പേരുക്കേട്ട ഒരു ബ്രാഹമണ കുടുംബത്തിൽ ജനിച്ചതാണയാൾ. എന്തോ സാഹചര്യത്തിൽപ്പെട്ട്‌ ഇങ്ങനെയൊരു വിവാഹം നടന്നു. ഭാര്യ ഒട്ടും സ്നേഹമില്ലാത്ത പ്രകൃതമായിരുന്നു. കുടുംബം എന്ന വിഷയം വരുമ്പോൾ മാത്രമാണ്‌ അയാൾ നിശ്ശബ്‌ദനായിരുന്നത്‌ എന്നു മാത്രമറിയാം.

ഞങ്ങളുടെ സൗഹൃദം വളർന്നുകൊണ്ടേയിരുന്നു. വ്യദ്ധയ്‌ക്ക്‌ ചില സംശയങ്ങൾ ഉണ്ടായിരുന്നെന്ന്‌ തോന്നുന്നു. എങ്കിലും ഞാനത്‌ ശ്രദ്ധിക്കുവാൻ പോയില്ല. അയാളും ഞാനും ഏകദേശം ഒരേ പ്രായക്കാരായിരുന്നതുകൊണ്ടാകാം.

വ്യദ്ധയ്‌ക്ക്‌ അയാൾ കുറെ സഹായങ്ങളൊക്കെ ചെയ്തിരുന്നു. കറന്റ്‌ ബില്ലടക്കുക, പൂന്തോട്ടം സൂക്ഷിക്കുക തുടങ്ങിയ സഹായങ്ങൾ. ഒരു ദിവസം ഞാൻ തിരിച്ചു വരുമ്പോഴുണ്ട്‌, എന്റെ മുറിയിൽ ചിതറിക്കിടക്കുന്ന പുസ്തകങ്ങളും കടലാസുകളുമെല്ലാം വൃത്തിയായി അടുക്കിവച്ചിരിക്കുന്നു.

പുസ്തകങ്ങൾ എപ്പോഴും ഭംഗിയായി ഇരിക്കണം. അതാണ്‌ സൂക്ഷിക്കാനെളുപ്പം.

പിന്നീടൊരിക്കൽ നീരജ്‌ അതിനെപ്പറ്റി പറഞ്ഞു. ഇയാൾ എന്തിന്‌ ഇതൊക്കെ ചെയ്യുന്നു?

ഞാൻ ചോദിച്ചിട്ടില്ല.

ചോദ്യങ്ങൾക്കുമപ്പുറത്താണല്ലോ മനസ്സിന്റെ ഭാഷ.

സന്തോഷത്തിൽ അവസാനിക്കുന്ന പ്രണയ കഥകളോട്‌ നീരജിന്‌ വലിയ ആവേശമായിരുന്നു. ജീവിതത്തിൽ ഒരിക്കലും നേടാൻ കഴിയാത്ത കുടുംബം എന്ന സത്യത്തോടുള്ള ഒടുങ്ങാത്ത സ്നേഹം കൊണ്ടായിരിക്കണം………

അച്‌ഛന്‌ സുഖമില്ലെന്നറിഞ്ഞാണ്‌ ഞാൻ നാട്ടിലേക്ക്‌ തിരിച്ചത്‌. രണ്ടാഴ്‌ച അവിടെ തങ്ങി. ആശുപത്രിയിൽ നിന്നും ഡിസ്‌ച്ചാർജ്ജ്‌ ചെയ്ത ശേഷമാണ്‌ ഞാൻ തിരിച്ചു വന്നത്‌.

മൂന്നു നാലു ദിവസം നീരജ്‌ വീട്ടിൽ വന്നില്ല. അന്വേഷിച്ചപ്പോഴാണറിഞ്ഞത്‌ സുഖമില്ലാതിരിക്കുകയാണെന്ന്‌. ഞാൻ കാണാൻ ചെന്നു. അയാൾ വളരെ ക്ഷീണിച്ചിരുന്നു. സൗന്ദര്യത്തെ ആരാധിക്കുകയും ആവാഹിക്കുകയും ചെയ്ത ആ മുഖമാകെ മങ്ങിയിരുന്നു.

എന്നെ കണ്ടാൽ നിർത്താതെ സംസാരിക്കുമായിരുന്നയാൾ അന്ന്‌ ഒന്നും മിണ്ടിയില്ല. ഒന്നു ചിരിച്ചു പോലുമില്ല.

ഒരു മാസം കഴിഞ്ഞിട്ടാണ്‌ അറിഞ്ഞത്‌. ബംഗാളികൾ നാട്ടിലേക്കു തിരിച്ചുപോയ വിവരം. എന്നോട്‌ ഒന്നു പറഞ്ഞുപോലുമില്ല.

പിന്നീട്‌ ഞാൻ അക്കാര്യം മെല്ലെ മറക്കാൻ തുടങ്ങി. കോളേജിൽ പരീക്ഷാക്കാലമായിരുന്നു. എനിക്ക്‌ ധാരാളം പേപ്പറുകൾ പരിശോധിക്കുവാൻ ഉണ്ടായിരുന്നു. ജോലിയിൽ ആഴ്‌ന്നിറങ്ങിയ സമയം.

മൂന്നു മാസത്തിനു ശേഷമാണ്‌ വൃദ്ധ ആ വിവരം പറഞ്ഞത്‌.

വീണ……..നമ്മുടെ നീരജില്ലെ………ആ ബ്രാഹ്മണൻ ……….ഇന്നലെ മരിച്ചു പോയി.

മഴ തോർന്നുവെന്നോ വെയിൽ കൂടിയെന്നോ പറയുന്ന ലാഘവത്തോടെയാണ്‌ അവരതു പറഞ്ഞത്‌. അല്ലെങ്കിലും എന്റെ മനസ്സിലെ ഇടിനാദം അവർ കേട്ടിരിക്കില്ലല്ലോ.

ആത്മഹത്യ ആയിരുന്നത്രെ …………കഷ്‌ടമായി.

ആത്മഹത്യ.

എന്തിന്‌ ആത്മഹത്യ ചെയതു?

എന്തിന്‌?

വൃദ്ധയുടെ കഷ്‌ടമായി വീണ്ടും വീണ്ടും മൻസ്സിൽ വന്നു മുഴങ്ങുന്നു. അന്നാണ്‌ എന്റെ മനസ്സും മരവിച്ചത്‌. ജീവിതത്തിൽ എന്നുമെനിക്ക്‌ തുണയായിരുന്ന ഏകാന്തത, അന്നാദ്യമായി ഉള്ളു വോദനിപ്പിച്ചു.

എന്തിന്‌ ആത്മഹത്യ ചെയ്തു?

ആർക്കാണറിയുന്നത്‌. എപ്പോഴും ചെയ്യുന്നതു പോലെ ചിന്തിക്കാൻ മാത്രമേ എനിക്കു സാധിച്ചുള്ളൂ.

ആരുമില്ലാഞ്ഞിട്ടോ? അതോ മനസമാധാനമില്ലാഞ്ഞിട്ടോ? സമാധാനമില്ലാത്തത്‌ അത്ര വലിയ ദുഃഖമാണോ? ഒരുപക്ഷെ, നഷ്‌ടപ്പെട്ടവർക്ക്‌ മാത്രമേ അതിന്റെ വില അറിയുമായിരിക്കൂ.

ഇത്ര ചെറുതാണോ ജീവിതം പെട്ടെന്നുണ്ടായ ഒരു പ്രേരണയിൽ അലിഞ്ഞില്ലാതാകാൻ മാത്രം ചെറുത്‌? പക്ഷെ ആ ജീവിതം, മരിച്ചാലും തീരുന്നില്ല. ആരാണ്‌ ഇതിനുത്തരവാദി? സമൂഹമോ? വ്യക്തികളോ? ഒരിക്കലും ചേരാത്ത മനപ്പൊരുത്തമോ?

അല്ലെങ്ങിലും ഞാനെന്തിനാണു ദുഃഖിക്കുന്നത്‌. അയാളെനിക്ക്‌ ആരായിരുന്നു? സുഹൃത്തോ ? സഹോദരനോ? പ്രണയിയോ? അറിയില്ല…….പക്ഷെ എന്തോ ആയിരുന്നു. ഒരിക്കലും മറക്കാനാവാത്ത എന്തോ ഒന്ന്‌.

എന്തെല്ലാമോ പഠിപ്പിക്കുന്നു, അനുഭവങ്ങൾക്കൂടെ, അർഹിക്കാത്തത്‌ പലതും നൽകുകയും ഓർക്കാപ്പുറത്ത്‌ തിരിച്ചെടുക്കുകയും ചെയ്യുന്നു.

അതിന്‌ ജീവിതം നീരജിനെ എനിക്ക്‌ നൽകിയിട്ടില്ലല്ലോ.

സത്യം പൊരിയും വെളിച്ചത്തിൽ ഞാനൊരു നിത്യപ്രചോദനം.

കവി എന്നും ഒരു പ്രചോദനമാണ്‌. ഇയാളോ ഒരിക്കിലും തീരാത്ത വേദനയും.

നീരജ്‌ ഭട്ടാചാര്യ അവിടെ മരിച്ചിട്ടില്ല. എന്നും സൗന്ദര്യത്തെ ഓർമ്മിപ്പിച്ചുകൊണ്ട്‌ എന്റെ മനസ്സിൽ ജീവിച്ചുകൊണ്ടേയിരുന്നു.

ഒരു ജന്മത്തിന്റെ നിലക്കാത്ത ജീവസ്പന്ദനവും പേറിക്കൊണ്ട്‌.

ഇഷ്‌ടമില്ലാത്ത ജീവിതത്തെക്കാൾ ഭേദം മരണമാണെന്നു ഞാൻ ആദ്യമൊക്കെ ചിന്തിച്ചിരുന്നു. നീരജ്‌ അത്‌ വിശ്വസിച്ചതിനെ ചോദ്യം ചെയ്യാതെ ശിരസാവഹിച്ചു. ആ സത്യം അവിടെ തീരുന്നില്ല…………

പുറത്ത്‌ ഇപ്പോഴും മഴ പെയ്യുന്നുണ്ട്‌.

മനസ്സിനകത്തും.

Generated from archived content: story20_sept26_08.html Author: vidhya_s_nair

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English