ശബ്ദം വിറ്റു ജീവിക്കുന്നവര്‍

എഫ്.എം.റേഡിയോയിലെ അമ്മിണി. അവളെന്നും അവനൊരാവേശമായിരുന്നു. കുപ്പിവള കിലുക്കം പോലുള്ള അവളുടെ ചിരിയും, കുസൃതി നിറഞ്ഞ ചോദ്യങ്ങളും നനുനനുത്ത ശബ്ദവും കൊണ്ട് അവളവനെ കീഴടക്കി. എവിടെ പോയാലും ഒരു മണിക്കുള്ള 101.2 യുവര്‍ എഫ്.എം.അതവന്‍ ട്യൂണ്‍ ചെയ്‌തെടുക്കും. ഏറെ നാളായൊരു മോഹം അവളെ ഒന്ന് കാണണം. തന്റെ പ്രണയം അവളെ ഒന്നറിയിക്കണം. ജീവിതത്തിലുടനീളം അവളുടെ കയ്യും പിടിച്ച് ഓടി നടക്കണം.

അസഹ്യമായ ആ പ്രണയ നൊമ്പരം അവനെ റേഡിയോ സ്‌റ്റേഷനില്‍ എത്തിച്ചു. അന്യര്‍ക്ക് പ്രവേശനമില്ല എന്ന ബോര്‍ഡു വരെ അവനെത്തി. ആകാംക്ഷയുടെ മുള്‍മുനയില്‍ നിന്ന് അടര്‍ന്നു വീഴാന്‍ ഇനി അല്‍പനേരം മാത്രം. സ്വയം സുന്ദരനെന്നു മനസ്സിലുറച്ച് അവന്‍ ആ വാതിലില്‍ തട്ടി .വാതില്‍ പതുക്കെ തുറന്നു. സുന്ദരിയായ ഒരു പെണ്‍കുട്ടി. വാക്കുകള്‍ പുറത്തുവരാതെ അവന്‍ വെമ്പല്‍ കൊണ്ടു.

‘അ ……..അ …….അമ്മിണി?’.

‘അല്ല ‘ മറുപടി വന്നു.

‘എനിക്ക് അമ്മിണിയെ ഒന്ന് കാണണം’. അവന്‍ പറഞ്ഞു.

‘അമ്മിണി ഓ …..ആര്യനന്ദ. അവള്‍ റക്കോഡിംഗ് റൂമിലാണ്. ഒന്ന് വെയ്റ്റ് ചെയൂ’. ‘ആരുവന്നിരിക്കുന്നു എന്ന് പറയണം’.

‘അത് …അത് ….ആരുമല്ല’.’ഒന്നു കാണണം അത്രമാത്രം.’

‘ഉം. ശരി. ഞാന്‍ പറഞ്ഞു നോക്കാം. ‘ആ സ്ത്രീ ശബ്ദം മറുപടി പറഞ്ഞു.

അവന്‍ കാത്തു നിന്നു .മനസ്സില്‍ ആവേശത്തിന്റെ അലയൊലികള്‍ ഉയര്‍ന്നു. അല്പനേരം കഴിഞ്ഞ് ഒരാള്‍ വാതില്‍ തുറന്നു. പിന്നാലെ അവളും.

പല്ലുകള്‍ ഉന്തി, കറുത്ത്, അന്ധയായ ഒരു സ്ത്രീ രൂപം, വീല്‍ ചെയറില്‍ അവനു മുന്നില്‍ വന്നു നിന്നു.

‘എത്തിയോ’? അമ്മിണിയുടെ ശബ്ദം. അവന്‍ ഞെട്ടിത്തരിച്ചു പോയി. അവള്‍ പറഞ്ഞു.

‘ഞാന്‍ ആരെയും കാണാറില്ല’. ‘എന്നെ ആര്‍ക്കും കാണിക്കാന്‍ ഇവര്‍ അനുവദിക്കാറുമില്ല’. ‘നിങ്ങള്‍ ആരാണെന്ന് ഞാന്‍ ചോദിക്കുന്നില്ല. ആ ചോദ്യത്തിനു എന്റെ ജീവിതത്തില്‍ യാതൊരു പ്രസക്തിയുമില്ല. ഇനിയും പ്രോഗ്രാം സ്ഥിരമായി കേള്‍ക്കണം. ഇതെന്റെ ജീവിതമാര്‍ഗമാണ്. ഞാന്‍ പോകട്ടെ’.

തന്റെ കാതുകളില്‍ വന്നലച്ച ശബ്ദം അവനെ നിര്‍ജീവനാക്കി. തന്റെ ചില്ലുകൊട്ടരത്തിന്റെ മണിമേടയിലേക്ക് ഏതോ ഒരു വികൃതി ചെക്കന്‍ കല്ലെടുത്തെറിഞ്ഞ പോലെ അവനു തോന്നി. അവന്‍ പതുക്കെ കസേരയില്‍ ഇരുന്നു.

അല്പം കൂടി കഴിഞ്ഞപ്പോള്‍ അവന്റെ ഫോണില്‍ അലാറം മുഴങ്ങി.

now time to get up. time is 1.00 pm…. now time to get up. time is 1.00 pm….

Generated from archived content: story1_may3_2013.html Author: vibi_sarath

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English