പുനര്‍വായന
മലയാള കഥാസാഹിത്യത്തിലെ എക്കാലത്തെയും മഹാരഥന്മാരായിരുന്ന പോയതലമുറയിലെ പ്രമുഖകഥാകൃത്തുക്കളുടെ ഏതാനും കഥകള്‍ ഓരോ ലക്കത്തിലായി പ്രസിദ്ധീകരിക്കുന്നു. പുതിയ എഴുത്തുകാര്‍ക്ക് കഥാരചനയില്‍ മാര്‍ഗ്ഗദര്‍ശിയാകാന്‍ ഈ കഥകള്‍ പ്രയോജനപ്പെടും. ഈ ലക്കത്തില്‍ വെട്ടൂര്‍ രാമന്‍ നായരുടെ ‘ജ്യേഷ്ഠത്തി’ എന്ന കഥ വായിക്കുക.
” ചന്ദ്രന്‍ പോയി കിടന്നോളു. മണി പത്തു കഴിഞ്ഞു. ചേട്ടന്‍ വരാന്‍ ഇനിയും താമസിച്ചേക്കും ”
ഗോമതി പറഞ്ഞു. എന്നിട്ടും അയാള്‍ വായിച്ചുകൊണ്ടിരുന്ന പത്രത്തില്‍നോക്കി നിശ്ചലമായ കണ്ണുകളോടെ ഇരുന്നതേയുള്ളു.
”പിന്നെ, കുളിയും ഊണും എല്ലം ആകുമ്പോഴേക്കും അര്‍ദ്ധരാത്രിയാകും . ശാരദയാണെങ്കില്‍ അതാ ഉറക്കം തൂങ്ങുകയാണ് . നിങ്ങള്‍ കിടന്നോളു.” അവള്‍ തെല്ലൊരു മന്ദസ്മിതത്തോടെ തുടര്‍ന്നു: ”തെക്കെവാരത്തില്‍ കൂടാം .ഞങ്ങള്‍ അങ്ങോട്ടെങ്ങും വന്ന് ഉപദ്രവിക്കുന്നില്ല. വാഴപ്പൂവിലെ തേന്‍ പോലെ , കുറച്ചല്ലെ ഉള്ളു അവധിദിവസങ്ങള്‍. അതിങ്ങനെ പാഴാക്കിയാലോ?”
ഗോമതിയുടെ സ്വരത്തില്‍ വാത്സല്യവും ഗൂഡമായ പരിഹാസവും ഉണ്ടായിരുന്നു. ചന്ദ്രന്‍ ലജ്ജിച്ചു പോയി. അകത്തുനിന്നും കേട്ട കൈവളയുടെ കിലുക്കവും കാല്‍ പെരുമാറ്റവും ശാരദ തന്റെ പ്രതിഷേധം പ്രകടിപ്പിച്ചതിന്റേതാകണം.
” ഞാനും ഒന്നു കിടക്കുകയാണ്. അദ്ദേഹം വന്നാല്‍ വിളിച്ചു കൊള്ളും. ചന്ദ്രന് ഉറക്കം വരുമ്പോള്‍ വിളക്കിന്റെ തിരി താഴ്ത്തി വച്ചിട്ട് പോയി കിടക്കാം.”
ഗോമതി വാരത്തിലേക്ക് കടന്നു.
‘ എത്രനേരമുണ്ട് ഇങ്ങനെ നില്‍ക്കുന്നു? കിടന്നുറങ്ങു കുഞ്ഞേ!, അവള്‍ പറയുന്നതു കേട്ടു. അകത്തുനിന്നു പിന്നെയും ഒരു വളകിലുക്കവും കാല്‍പെരുമാറ്റവും. ചന്ദ്രന്‍ പത്രം താഴെവച്ച് തെല്ലിടെ ശ്രദ്ധിച്ചിരുന്ന ശേഷം ആലോചനാമഗ്നനായി.
അയാളുടെ മേശപ്പുറത്തെ വിളക്കൊഴിച്ച് മറ്റെല്ലാം അണഞ്ഞു. ഗോമതി അവളുടെ ഉറക്കറയുടെ വാതില്‍ അലസമായി വലിച്ചടച്ചു. ചന്ദ്രന് ഉറക്കവും ക്ഷീണവും ഉണ്ടായിരുന്നെങ്കിലും കിടക്കാന്‍ തോന്നിയില്ല. ചേട്ടത്തി ബോധപൂര്‍വ്വം തങ്ങള്‍ക്ക് അവസരം തരികയായിരുന്നു. എന്തായാലും അത് ഉപയോഗപ്പെടുത്തുന്നതായി അവര്‍ക്കു തോന്നിക്കൂട. അയാള്‍ കുറേ സമയം അങ്ങിനെ ഇരുന്നു. വാരത്തില്‍ നിന്നും കട്ടില്‍ മെല്ലെ കരയുന്നു. അതാ, ശാരദ കിടക്കുകയാണ് . അവള്‍ കാത്തുനിന്നു മടുത്തിരിക്കണം കിടക്കട്ടേ. കിടന്ന് ഉറക്കം പിടിച്ചുകഴിഞ്ഞാല്‍ സ്വൈര്യമായി. അല്ലെങ്കില്‍ അതിലെന്താണിത്ര ലജ്ജിക്കാന്‍! അവള്‍ ഭാര്യയും താന്‍ ഭര്‍ത്താവും. അതും മധുവിധുവിലെ ആദ്യരാത്രി . ചേട്ടനും ചേട്ടത്തിയും ആ നിമിഷങ്ങള്‍ കടന്നുപോയതല്ലേ?
തലേ ആഴ്ച ജോലിസഥലത്തുനിന്നും മടങ്ങുമ്പോള്‍ തീവണ്ടിയിലിരുന്ന് അയാള്‍ ഈ രംഗങ്ങളൊക്കെ ഭാവന ചെയ്തതാണ്. പക്ഷെ ചേട്ടത്തിയുടെ ചിത്രം തികച്ചും ഭിന്നമാണെന്ന് ചന്ദ്രനു തോന്നി. മൂന്നുനാലുദിവസം മുന്‍പു മാത്രമാണ് അയാള്‍ അവരെ ആദ്യമായി കാണുന്നത്. രണ്ടുവര്‍ഷം അയാള്‍ തുടര്‍ച്ചയായി മറുനാട്ടിലായിരുന്നു. ചേട്ടന്റെ വിവാഹത്തിന് എത്തുവാന്‍ തരപ്പെട്ടില്ല. അത് ഒന്നരക്കൊല്ലത്തിന് മുമ്പാണ് നടന്നത്. ഇപ്പോള്‍ അവര്‍ക്ക് ആറുമാസം പ്രായമായ ഒരാണ്‍ക്കുട്ടിയും ഉണ്ട്. ചേട്ടനാകട്ടെ ,സ്വതേ അരസികനാണ്. സ്വന്തം ജോലിയും സ്വന്തം പാടും. അതിനു പറ്റിയ ഒരു നാട്ടുമ്പുറത്തുകാരിയാവനണം ഭാര്യ. ( അതുതീര്‍ച്ചയായുമല്ലെന്ന് ഇപ്പോഴേക്കും മനസിലായി.) അതെ, എന്നിട്ടെന്താണ് അന്ന് ആലോചിച്ചത്? അമ്മയുണ്ടായിരുന്നകാലത്തേപ്പോലെ ആ ജീവിതം നീങ്ങുന്നു. രാവിലെ എഴുനേറ്റാല്‍ മൂപ്പര്‍ പുരയിടത്തിലാകെ ചുറ്റിയടിക്കും. നേന്ത്രവാഴയുടെ ഉണങ്ങിയ കൈകള്‍ ചുറ്റുകയോ മരച്ചീനിയുടെ ചുവട്ടില്‍ പടര്‍ന്നു പിടിച്ച കളപിഴുതുമാറ്റുകയോ ഒക്കെചെയ്തു കുറെ സമയം ചിലവാക്കും. പിന്നെ കുളിയും കുറിയിടലും എല്ലാം കഴിഞ്ഞ് കാപ്പിക്കു വന്നിരിക്കുന്നു. ആരോടും ഒരക്ഷരം മിണ്ടില്ല. ആവശ്യമുണ്ടെങ്കില്‍ ആ സമയം കാത്തിരുന്ന് കാപ്പിയും പലഹാരവും ഒക്കെ കൊണ്ടുവന്നു വച്ചുകൊള്ളണം .വേണ്ടതു വേണ്ടിടത്തോളം കഴിക്കും . ഗുണമോ ദോഷമോ പറയില്ല. വൈകുന്നേരം എപ്പോഴെങ്കിലും വന്നാലും അതൊക്കെതന്നെ സമ്പ്രദായം. അന്ന് അത് അമ്മയാണ് ചെയ്തതെങ്കില്‍ ഇപ്പോള്‍ ഭാര്യയായി എന്നു മാത്രം. ആ സ്ത്രീക്ക് എന്താണ് ഒരു സുഖം!. അവര്‍ ഒരാണ്‍കുട്ടിയെ പ്രസവിച്ചെത്രെ. അതെ അതൊരു കാര്യമാണ്. ഒരമ്മയാകുന്നതില്‍ ഒരു സ്ത്രീക്ക് വളരെ ഒക്കെ ആനന്ദിക്കുവാനും അഭിമാനിക്കുവാനുമുണ്ട്. എന്നാലും ഒരു സ്ത്രീയുടെ ആഗ്രഹം അതു മാത്രമാണോ? അമ്മമാര്‍ സഹിക്കുന്ന ക്ലേശങ്ങള്‍ കണ്ട് പലരും മാതൃത്വത്തെ അങ്ങേ അറ്റം ഉയര്‍ത്തികാണിച്ചിട്ടുണ്ട്. എന്തായിരിക്കും അവളുടെ അഭിനിവേശങ്ങള്‍! തന്റെ ഭാവിഭാര്യയുടെ രൂപവും ഭാവവും ധ്യാനിച്ചുകൊണ്ടാണ് അയാള്‍ അതിനെ പറ്റി ഓര്‍മിച്ചത്. കഴിഞ്ഞ അവധിക്കലത്ത് അയാള്‍ ആ പെണ്‍കുട്ടിയെ കണ്ടിരുന്നു. ഹൈസ്കൂളില്‍ പഠിക്കുന്ന ഒരു കുമാരി. പതിനഞ്ചിലധികം പ്രായമില്ല. അന്നേ അയാളുടെ ഹൃദയത്തില്‍ അവ്യക്തമായ ഒരാഗ്രഹം കൂമ്പിട്ടതാണ്. ചേട്ടന്‍ ഒരരസികനെങ്കിലും അവളെ തനിക്കായി കണ്ടു വച്ചല്ലോ . നിശ്ചയവും ഒരുക്കങ്ങളുമെല്ലാം പൂര്‍ത്തിയാക്കിക്കഴിഞ്ഞ് വിവാഹത്തിനൊരു ദിവസം മുമ്പു മാത്രം വന്നു ചേരത്തക്കവിധത്തില്‍ അയാള്‍ സമ്മതം മൂളിയതും അതുകൊണ്ടാണ്. അവളിപ്പോള്‍ പതിനേഴിന്റെ പൂര്‍ണ്ണിമയിലാകണം . പഠിപ്പും അഴകും ഉള്ള ഒരു ചെറുപ്പക്കാരി. വര്‍ഗ്ഗത്തെ നില നിറുത്തുവാനുള്ള മൃഗസാധാരണമായ സ്വഭാവത്തില്‍നിന്നും അവള്‍ക്കു വളരെയൊക്കെ കൂടുതല്‍ പ്രതീക്ഷിക്കാന്‍ കാണും. അല്ലെങ്കില്‍ അത് ഏതു ഗ്രാമ കന്യകക്കും ഉണ്ടാകും. വിശദാംശങ്ങളില്‍ പലതും വ്യത്യസ്തമായെന്നും വരാം. അത്രേയുള്ളു. അതേ, അതെന്താണ്….?
വാരത്തില്‍ നിന്ന് കട്ടില്‍ ഒന്നുകൂടി കരഞ്ഞു. ശാരദ ഉറങ്ങിയിട്ടില്ല. അവള്‍ എങ്ങിനെ ഉറങ്ങും? മണി പത്തര. എന്തായാലും ചേട്ടന്‍ വരുന്നോ എന്ന് കുറച്ചുകൂടി കാക്കണം. ഇല്ലങ്കില്‍ ആ മേശയുടെ അടുത്ത് അദ്ദേഹം വന്നിരിക്കുമ്പോള്‍ അതു പോലെ ആ കട്ടിലിന്റെ ചലനം അറിയില്ലേ? ഓ! മധുവിധു ആസ്വദിക്കണമെങ്കില്‍ തികച്ചും ഏകാന്തമായ സ്ഥലം വേണം. അതെ, അതു പോകട്ടെ അപ്പോള്‍ അവള്‍ താന്‍ യാത്രയില്‍ പ്രതീക്ഷിച്ചതുപോലാണോ ഇരിക്കുക? അല്ലെന്നു പറഞ്ഞു കൂട. രണ്ടു വര്‍ഷം കൊണ്ട് അത്ര വലിയ മാറ്റമൊന്നും വരാനില്ലല്ലോ . അവളുടെ ആഗ്രഹങ്ങളും താന്‍ കരുതിയതില്‍ നിന്നും ഭിന്നമാകാന്‍ വഴിയില്ല. എങ്ങിനെ ആകും ? എല്ലാ യുവതികളും ആഗ്രഹിക്കുന്നതില്‍ കവിഞ്ഞൊന്നും അതിലില്ലല്ലോ. അപ്പോള്‍ ഒന്നര വര്‍ഷം മുന്‍പു ചേട്ടത്തിയും അതൊക്കെ ആഗ്രഹിച്ചിരിക്കണം. ഇപ്പോഴും ആഗ്രഹിച്ചിരിക്കണം ഇപ്പോഴും ആഗ്രഹിക്കുന്നുണ്ടാകും. അതു വല്ലതും നല്‍കാന്‍ ചേട്ടനു കഴിയുമോ? പാവം ചേട്ടത്തി! അവര്‍ എന്തെല്ലാം ആഗ്രഹിച്ചിരിക്കും .തന്റെ ഭാര്യയേപ്പോലെ അതിനെ പറ്റി ഒന്നും വ്യക്തമായി മനസിലാക്കാന്‍ അവര്‍ക്കു കഴിയില്ലങ്കിലും . എന്നിട്ട് ഓ! അതെല്ലാം കുറെ കാലങ്ങള്‍ക്കുശേഷമാണ് ഈ മധുവിധുവില്‍ മനുഷ്യന്‍ പറഞ്ഞുണ്ടാക്കും പോലെ ഒരു പുണ്ണാക്കുമില്ല.അത് മൃഗീയതയുടെ ഉല്‍ഘാടനത്തിനുള്ള കാലമാണ്. അങ്ങനെ കുറെനാള്‍ കഴിഞ്ഞ് – തമ്മില്‍ പരിചയപ്പെട്ട് സമുദായത്തെ ഭയപ്പെടാതിരിക്കാന്‍ മാത്രം അടുത്തു ജീവിക്കുമ്പോഴെ ദാമ്പത്യം ആസ്വദനീയമാകു. അവള്‍ക്ക് എന്തെല്ലാം പറയുവാനുണ്ടാകും. അര്‍ദ്ധരാത്രിയുടെ നിശ്ശബ്ദതയില്‍ ഏകാന്തമായ ശയ്യാതലത്തില്‍ സ്നേഹസമ്പന്നനായ ഭര്‍ത്താവിനോടൊട്ടിക്കിടന്ന് അദ്ദേഹത്തിന്റെ രോമാവൃതമായ മാറില്‍ വിരലുകളോടിച്ചുകൊണ്ടോ കൈനഖങ്ങള്‍ തെറുപ്പിച്ചുകൊണ്ടോ അവള്‍ക്കെന്തെന്ത് ആത്മനിവേദനങ്ങള്‍ സമര്‍പ്പിക്കാനുണ്ടാകും ? ആ നിമിഷങ്ങളോ! മനുഷ്യനെ പരസ്പരം കാണാന്‍ സമ്മതിക്കാത്ത വേഷവിധാനങ്ങളെയും സ്ത്രീയേയും പുരുഷനേയും അകറ്റിനിര്‍ത്തുന്ന സാമൂഹ്യനീതിയേയും അതിജീവിച്ച ആഹ്ലാദത്തോടെ അവര്‍ സ്വയം മറന്നു കിടക്കുകയാണ്. ‘ അനന്യസാധാരണമായ കഴിവുകള്‍ ഉള്ള ബലിഷ്ഠനായ ഈ പുരുഷന്‍ ഇതാ എനിക്കു തികച്ചും വിധേയനാണ് ‘ എന്ന ചിന്ത അവളെ കൂടെ കൂടെ രോമാഞ്ചമണിയിക്കുന്നാണ്ടാകും. ആനന്ദാധിക്യത്താല്‍ നിറഞ്ഞ കണ്ണുകള്‍ അയാളുടെ കവിളില്‍ ചേര്‍ത്തു വച്ചുകൊണ്ട് അവള്‍ ചോദിക്കും:-
” പിന്നേയ് , ഞാനൊരു കാര്യം ചോദിച്ചാല്‍ നേരു പറയാമോ?”
” എന്താ സംശയം”?
തന്റെ പണ്ടത്തെ കാമുകിയേ പറ്റിയോ പഴയ പ്രേമകഥകളെ കുറിച്ചോ വല്ലതും ആയിരിക്കുമെന്ന ശങ്കകളോടെ അയാള്‍ പറയും. ആ മറുപടിയില്‍ അയാളുടെ ആത്മാവ് സത്യസന്ധമായി പ്രതിഫലിക്കുന്നില്ലെങ്കില്‍ അവള്‍ അതുടനെ മനസിലാക്കുകയായി.
” എന്നാല്‍ ഞാനിപ്പം ചോദിക്കുന്നില്ല” അവള്‍ മുഖം പിന്‍വലിച്ച് പരിഭവം നടിക്കും .ആ ഭര്‍ത്താവ് അതെങ്ങനെ സഹിക്കും. തന്റെ ആത്മാവ് രണ്ടായിപ്പിളരുന്ന കാര്യമായാലും അവളുടെ മുമ്പില്‍ താനൊന്നും മറച്ചു വയ്ക്കുകയില്ലന്ന് അയാള്‍ ആണയിട്ടു പറയും.
”എന്നാല്‍ ഞാന്‍ ചോദിക്കട്ടെ?”
”ഉം……”
”നിങ്ങളെ ….?”
” ഉം………?”
”ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടോ?‘’
”ഉം………”
”നേരുപറയണേ…”
”ഉം…”
”എന്നാപിന്നെ നിങ്ങള് എന്താ അമ്പലത്തില്പ്പോകാത്തത്?”
ദൈവത്തെ അദ്ദേഹത്തിന്റെ സ്വന്തം പാട്ടിനു വിട്ടിരിക്കുന്ന ആ ചെറുപ്പക്കാരന്‍ വല്ലാത്ത കുഴപ്പത്തിലാകും . ഈശ്വരന്റെ ഒടുവിലത്തെ രക്ഷാകേന്ദ്രം സ്ത്രീകളുടെ മനസ്സാണല്ലോ.അയാള്‍ വല്ലതുമൊക്കെ സമാധാനം പറയും. എതിര്‍ക്കുകുകയാണെങ്കില്‍ അവളുടെ യുക്തിവാദങ്ങളൊന്നൊന്നായി പുറത്തുവരും . സഹദേവവാക്യം അക്ഷരം പ്രതി ഇപ്പോള്‍ ഒത്തുകാണുന്നതും അവിശ്വാസികളായ സാംബപ്രഭുതികള്‍ക്കുവന്ന നാശവും ഒക്കെ അവള്‍ എടുത്തുകാണിക്കും. അവളുടെ ശരീരം പോലെ യുക്തിചിന്തയും മൃദുലമായിരുന്നുകൊള്ളട്ടെ എന്നു സമാധാനിച്ച് ആ ഭര്‍ത്താവ് കീഴടങ്ങും . ഒടുവില്‍ അവള്‍ ഒരു താക്കീതു നല്‍കും.
”” നിങ്ങള്‍ക്കേ , ദൈവവിശ്വാസം വേണം കേട്ടോ.”
പിന്നെ അയലത്തെ പെണ്‍കുട്ടിയുടെ പ്രേമകഥ- പുരുഷന്മാരുടെ വഞ്ചനകള്‍- അടുത്തവീട്ടിലെ മിസ്ട്രസ് ഗര്‍ഭിണിയാവാത്തതിന്റെ കാര്യം. – ആ ഭര്‍ത്താവിന്റെ മേല്‍ കണ്ണുള്ള നാട്ടിലെ പിഴപിടിച്ച ഏതെങ്കിലും സ്ത്രീയുടെ തന്ത്രങ്ങള്‍ – അവളോട് മിണ്ടുകയില്ലെന്നുള്ളതിന് ഒരുറപ്പ് – എല്ലാമായി അവള്‍ക്ക്. എന്തുമാത്രം സംസാരിക്കാനുണ്ടാകും! അവയധികവും അന്തസ്സാരശൂന്യമായിരിക്കാം.കാരണം, മാന്യതയും ഗൗരവവും നടിച്ച് നടക്കുന്ന കൃത്രിമമനുഷ്യരല്ലല്ലോ അപ്പോള്‍ അവര്‍. പിന്‍ വശത്തെ മുറിയില്‍ നിന്നും കട്ടിലിന്റെ അടക്കിയ കരച്ചില്‍ .ചന്ദ്രനൊന്നു ഞെട്ടിയുണര്‍ന്നു. മണി പതിനൊന്ന്. ചേട്ടന്‍ ഇനിയും വന്നിട്ടില്ല. പാവം ചേട്ടത്തി.! അയാള്‍ ആ ചിന്തകളെ കീറിമുറിച്ചുകൊണ്ട് എഴുന്നേറ്റ് വിളക്കിന്റെ തിരി താഴ്ത്തി . ഗോമതി സുഖമായി ഉറങ്ങികഴിഞ്ഞിരിക്കണം. അയാള്‍ വാരത്തിലേക്കു കയറി കതകടച്ച് തഴുതിട്ടു. ആ ഇരുട്ടില്‍ നവമായോരു ധൈര്യം ആ ശയ്യയുടെ പങ്കുപറ്റാന്‍ അയാളെ അനുവദിക്കുകയും ചെയ്തു.
രാവിലെ ശാരദ കതകുതുറക്കുന്ന ശബ്ദം കേട്ടാണ് ചന്ദ്രന്‍ ഉണര്‍ന്നത്. നേരം നന്നേ പുലര്‍ന്നിരിക്കുന്നു. അടുക്കളയില്‍ പാത്രങ്ങള്‍ കിലുങ്ങുന്ന ശബ്ദം . ആ വീട് ഉണര്‍ന്നു കഴിഞ്ഞു. എഴുന്നേല്‍ക്കാന്‍ അത്ര താമസിച്ചല്ലോ. ശാരദ ലജ്ജിച്ചുവിളര്‍ത്തു പോയി .അവള്‍ എങ്ങിനെ മറ്റുള്ളവരുടെ മുഖത്തു നോക്കും. പിന്‍ വശത്തുകൂടി ഒരുമട്ടു പുറത്തുകടന്ന് അവള്‍ അടുക്കളയിലേക്കു പോയി.
തടിച്ചു കനം തൂങ്ങുന്ന കണ്‍പോളകളോടെ ചന്ദ്രന്‍ പുറത്തു വന്നപ്പോള്‍ ഗോമതി ഒരു ഗ്ലാസ്സ് കാപ്പി അയാളുടെ മുമ്പില്‍ വച്ചു കൊടുത്തു. അവള്‍ വെറും സാധാരണമായി ഒന്നു നോക്കുകയും ചെയ്തു.’ അനിയാ, എങ്ങിനെ?’ എന്നൊരു ചോദ്യം അതിലുണ്ടെന്ന് ചന്ദ്രനു തോന്നി. പെണ്ണുങ്ങളുടെ പരിഹാസം ധ്വന്യാത്മകമായാ ല്‍ പോലും അസഹ്യമാണ്. അത് നെല്ലിക്കയുടെ ചവര്‍പ്പുപോലെ പിന്നീട് മധുരിക്കുന്നതായാലും ‘ഈ ചേട്ടത്തി വല്ലാത്തൊരു കുസൃതിക്കുടുക്ക തന്നെ ‘ അവര്‍ അടുക്കളയിലേക്കു മടങ്ങിയപ്പോള്‍ ചന്ദ്രന്‍ ആലോചിച്ചു.
കുളികഴിഞ്ഞുവന്നപ്പോള്‍ ചന്ദ്രന്‍ ശാരദയെ അവിടൊക്കെ നോക്കി .അവള്‍ അപ്പോഴും ലജ്ജിതയായി എവിടെയോ ഒതുങ്ങികൂടിയിരിക്കുകയാണ്. ആ നവവധുവിന്റെ വികാരങ്ങളെ ഗോമതി സഹതാപപൂര്‍വ്വം മനസിലാക്കുന്നതു പോലെ തോന്നി. ശാരദയെ അനാവശ്യമയി എങ്ങും വലിച്ചിഴക്കാന്‍ അവള്‍ ഒരുമ്പെട്ടില്ല. ചന്ദ്രനു കാപ്പി കൊടുത്തതും ഗോമതി തന്നെയായിരുന്നു.
”ഒരു ഇഡ്ഡലി കൂടി കഴിച്ചോളു.നല്ല വിശപ്പുണ്ടാകും ചന്ദ്രന്.”
”ആ നേന്ത്രപ്പഴം എന്തിനു ശേഷിക്കുന്നു… ഓ! പേടിക്കേണ്ട. അതെല്ലാം ധാരാളം കരുതിയിട്ടുണ്ട്. എന്റെ അനിയത്തിയുടെ കാര്യം ഞാന്‍ മറക്കുമോ? ഇതു ബാക്കിയാക്കേണ്ട്.”
അങ്ങനെ ഓരോന്നു പറയുമ്പോഴും ആ കുസൃതിത്തരം അവള്‍ അല്പ്പം സൂചിപ്പിക്കുമെന്നു മാത്രം.
ചേട്ടന്റെ പെരുമാറ്റവും ചന്ദ്രന്‍ സൂക്ഷിച്ചു. അയാള്‍ പ്രതീക്ഷിച്ചിരുന്നതില്‍ നിന്ന് അതിനു വലിയ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ ആ പരുപരുത്ത ഗദ്യത്തില്‍ കുറെയൊക്കെ കവിത കലര്‍ത്തുവാന്‍ ചേട്ടത്തിക്കു കഴിയുന്നുണ്ടന്നു ചന്ദ്രനു മനസിലായി. അയാള്‍ കാപ്പിക്കു സ്വയം വന്നിരിക്കും മുന്‍പ് അവള്‍ അതിനു ക്ഷണിക്കും. പിന്നെ ”ആ ചട്ടിനിക്ക് ഇത്തിരി ഉപ്പധികമാണില്ലേ? ” ” പഴം വേണ്ട്ത്ര വെന്തിരിക്കില്ല. കുഞ്ഞു കരഞ്ഞതു കൊണ്ട് നോക്കാതെ വാങ്ങുകയായിരുന്നു. ” ” പഞ്ചസാര എങ്ങിനെ? കുറവുണ്ടെങ്കില്‍ പറയണേ” അവസരങ്ങള്‍ക്കൊപ്പിച്ച് അവര്‍ അങ്ങിനെ ഓരോന്നു ചോദിക്കും . സംസാരിക്കാന്‍ കഴിയുന്ന ആര്‍ക്കും അതിനു മറുപടി പറ്യാതെ പറ്റില്ല. കാപ്പിക്ക് അല്പ്പം താമസമുണ്ടെന്ന് വന്നാല്‍ ഭര്‍ത്താവ് തയ്യാറാകാനും അത്രയും താമസിക്കത്തക്കവിധം എന്തെങ്കിലുമൊരു പണി അവള്‍ സൂത്രത്തില്‍ ഉണ്ടാക്കികൊള്ളും. അതൊന്നും ബോധപൂര്‍വ്വമല്ലന്നേ തോന്നു. അത്രക്ക് ഒഴുക്കുണ്ടാകും എല്ലാറ്റിനും. ക്രമേണ കുറിക്കു കൊള്ളുന്ന ഘട്ടങ്ങളില്‍ വല്ലതുമൊന്നു കടന്നു പറയാനും ചേട്ടന്‍ ഒരുമ്പെടുന്നതു കണ്ടപ്പോള്‍ ചന്ദ്രന്‍ അത്ഭുതപ്പെട്ടുപോയി. പക്ഷെ, അതു പറഞ്ഞ സഹോദരനേക്കാളും അതു പറയിച്ച ചേട്ടത്തിയേയാണ് അയാള്‍ മനസാ അഭിനന്ദിച്ചത്.
ശാരദ വീട്ടു ജോലികള്‍ കഴിയുന്നത്ര ഗോമതിയെ സഹായിക്കാതിരുന്നില്ല. എങ്കിലും അവള്‍ തികച്ചും ലജ്ജാവതിയായിരുന്നു. താന്‍ നേരെത്തെ കരുതിവച്ചതു പോലൊന്നും ചന്ദ്രന് അവളോട് പെരുമാറാന്‍ കഴിഞ്ഞില്ല. പകല്‍ വളരെ കുറച്ചെ അവര്‍ സംസാരിച്ചുള്ളു.ആ പെണ്ണിന്റെ പേരില്‍ അയാള്‍ക്ക് വല്ലാത്ത കമ്പം കയറിയിരിക്കുന്നുവെന്ന് മറ്റുള്ളവര്‍ക്ക് തോന്നില്ലേ? പിന്നെ വല്ലതുമൊരു നേരമ്പോക്കു പറഞ്ഞാല്‍ ത്തന്നെ അതിന്റെ രസികത്തം മനസിലാക്കാന്‍ ആ വധുവിന്നു കഴിയുന്നില്ലെന്നും അയാള്‍ക്കു തോന്നി. അവള്‍ ഗൗരവം കരുതി മറുപടി പറയുകയോ പരിഭവിച്ച് മുഖം വീര്‍പ്പിക്കുകയോ ചെയ്യുന്നു. ! പള്ളിക്കൂടത്തില്‍ പഠിച്ചത് അയവിറക്കുന്നതിനപ്പുറമൊന്നും അവളുടെ വിദ്യാഭ്യാസത്തിനു കഴിവില്ല . പക്ഷെ, അവള്‍ക്കു സ്നേഹിക്കാന്‍ കഴിയും. ഒരു ഭാര്യയുടെ സ്നേഹം മാത്രമാണോ ഒരു ഭര്‍ത്താവിനു വേണ്ടത്? സ്നേഹം വെറും നാട്യമാണെങ്കില്‍ തന്നെ നിരന്തരമായ അദ്ധ്വാനത്തിനും ക്ലേശങ്ങള്‍ക്കും ശേഷം തിരിച്ചെത്തുന്ന പുരുഷന്‍ തന്റെ ഹൃദയ തന്ത്രികളില്‍ തെല്ലധികാരത്തോടെ വിരലുകള്‍ ചലിപ്പിച്ചു വീണവായിക്കുന്ന ഒരു സുന്ദരിയേയല്ലേകൂടുതല്‍ ഇഷ്ടപ്പെടുക? സ്നേഹത്തെപറ്റി എന്താണ് ഇത്ര വിശ്വസിക്കാന്‍ വഴി? അത് ശാശ്വതമാണോ? സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്ന വ്യക്തികളില്‍ എന്തെല്ലാം മാറ്റങ്ങള്‍ വന്നാലും … എന്നാലും അതങ്ങനെ ആയിരിക്കട്ടെ. ആ ഭാര്യ തന്നെ എക്കാലവും സ്നേഹിക്കും. ഗുണവതികളായ എല്ലാ ഭാര്യമാരും ഭര്‍ത്താക്കന്മാരെ സ്നേഹിക്കുമ്പോലെ. ആ സ്നേഹം മറ്റു സൗഭാഗ്യങ്ങള്‍ ആകെ തങ്ങള്‍ക്കായി നല്‍കുകയും ചെയ്യും. പക്ഷെ….അയാള്‍ പിന്നെയും അസംതൃപ്തനായിരുന്നു.
സ്വപ്നങ്ങളും യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെടാതെകുഴങ്ങിയ ആ ചെറുപ്പക്കാരനും ജീവിതത്തെ പറ്റി ഒന്നും അറിഞ്ഞു കൂടാത്ത നല്ലവളായ ആ കൊച്ചു വധുവിനും മദ്ധ്യേനിന്ന് ഗോമതി ഇടക്കിടെ നല്ലനേരമ്പോക്കുകള്‍ സൃഷ്ടിച്ചിരുന്നു. അവയെല്ലാം ചന്ദ്രന്റെ ഹൃദയത്തില്‍ മധുരങ്ങളായ വേദനകള്‍ സൃഷ്ടിച്ചതോടൊപ്പം ആ ദമ്പതികളെ കൂടുതല്‍ ലജ്ജാപൂര്‍ണ്ണരും ആക്കിത്തീര്‍ത്തു. അങ്ങനെ ആ ജ്യേഷ്ഠ ത്തിയുടെ വ്യക്തിത്വത്തിന്റെ ഉജ്ജ്വലമായ പ്രകാശത്തില്‍ അവിടത്തെ മറ്റെല്ലാ ജീവികളും തികച്ചും നിഷ്പ്രഭങ്ങളായി വന്നു.
ഉച്ചക്ക് ഊണിനു സമയമായാല്‍ ചന്ദ്രനെ വിളിക്കുവാന്‍ ഗോമതി ശാരദയോട് പറയും . അതും ഒരു കുസൃതിച്ചിരിയോടെ. അപ്പോള്‍ത്തന്നെ അവള്‍ നാണിച്ചു പോകും. ഗോമതി പിന്നെ ആ വിഷയം വികസിപ്പിക്കുകയായി ഭര്‍ത്താവിനു വിളമ്പികൊടുക്കേണ്ടത് ഭാര്യയുടെ കര്‍ത്തവ്യമാണെത്രെ. ശാരദക്ക് അതിലൊന്നും സന്ദേഹമില്ല. പക്ഷേ അവള്‍ക്കൊരു മടി. ഒടുവില്‍ അദ്ദേഹത്തെ വിളിക്കുവാനുള്ള ജോലിയെങ്കിലും ചേട്ടത്തി ഏറ്റെടുക്കാന്‍ അവള്‍ അപേക്ഷിക്കുകയായി. ഗോമതിക്ക് അതെത്രയോ നിസ്സാരമായ കാര്യമാണ്. അവള്‍ അടുത്ത നിമിഷം വരാന്തയിലേക്കു വന്ന് ഉറക്കെ പറയുകയുണ്ടായി.:-
” ചന്ദ്രാ, ഉണ്ണാന്‍ എഴുനേറ്റു വരു; ഓ തെറ്റി, ഞാനല്ല ശാരദയാണ് വിളിക്കുന്നത് , കേട്ടോ.”
ആ അനുജന്റെ മുഖത്ത് അടുത്ത നിമിഷം കിളുര്‍ക്കുന്ന ലജ്ജയുടെ അഴകേറിയ ഭാവങ്ങള്‍ അവര്‍ വാത്സല്യപൂര്‍വ്വം ആസ്വദിക്കുകയും ചെയ്യും.
ശാരദ വിളമ്പി കൊടുക്കും. പക്ഷേ , ആ ജ്യേഷ്ഠത്തി അങ്ങനെ നോക്കി നില്‍ക്കുന്നതു കാണുമ്പോള്‍ അവള്‍ആകെ തളര്‍ന്നു പോകും. ചോറ് താഴെ തൂകുകയോ കൂട്ടാന്‍ ഇലയിലാകെ പടര്‍ന്ന് ഒഴുകുകയോ ചെയ്യും. ഒടുവില്‍ എന്തിനെങ്കിലും സഹായിക്കുന്നതിനായി ആ ചേട്ടത്തി അവിടെ എത്തേണ്ടി വരുമെന്നു തീര്‍ച്ച.
രാവിലേയും വൈകുന്നേരവും ആ സഹോദരന്മാര്‍ ഒരുമിച്ചായിരിക്കും ഭക്ഷണത്തിനിരിക്കുക. ആ സമയം വിളമ്പിന്റെ ചുമതല സ്വാഭാവികമായിത്തന്നെ ഗോമതിയില്‍ വന്നു ചേരും. മറ്റു ചിലപ്പോള്‍ ച്ന്ദ്രന്‍ പുറത്തു പോയി വന്നിട്ട് ഒരു ഗ്ലാസ്സ് നാരങ്ങാ വെള്ളത്തിന് ആവശ്യപ്പെട്ടെന്നു വരും. ഒരു മര്യാദക്കു വേണ്ടി അതു ശാരദയോടായിരിക്കും പറയുക. അവള്‍ അടുത്ത നിമിഷം അകത്തേക്കോടി നാരങ്ങ എവിടെ എന്നു ചേട്ടത്തിയോടന്വേഷിക്കും. അവള്‍ അതിന്റെ സ്ഥാനം പറഞ്ഞു കൊടുത്താല്‍ അതെടുത്തു കഴുകി , ഗ്ലാസ്സില്‍ വെള്ളവും വച്ചിട്ട് പഞ്ചസാരയേ പറ്റി തിരക്കുകയായി. അതും കഴിഞ്ഞാല്‍ സ്പൂണിന്റെ കാര്യമാകും. ഒടുവില്‍ ഗോമതി തന്നെ എഴുന്നേറ്റു വന്ന് ആ വെള്ളം കൂട്ടിക്കൊടുക്കുകയാണ് സാധാരണയായി ഉണ്ടാകുക. അങ്ങനെ ഓരോ വിധത്തില്‍ ശാരദയ്ക്കു തന്റെ ഭര്‍ത്താവിനു വേണ്ടി അധികമൊന്നും ചെയ്യാനുണ്ടായിരുന്നില്ല . ക്രമേണ ചന്ദ്രന്‍ അത് അവളില്‍ നിന്നും പ്രതീക്ഷിക്കാതെയുമായി. രണ്ടു വര്‍ഷത്തിനു ശേഷം വീട്ടില്‍ വന്ന അനുജന്‍ രണ്ടുമാസം തികച്ചില്ലാത്ത അവധിക്കാലത്ത് ഒന്നിനും ബുദ്ധിമുട്ടുണ്ടാകരുതെന്ന് ആ ജ്യേഷ്ഠനും ജ്യേഷ്ഠത്തിക്കും നിര്‍ബന്ധമുണ്ടായിരുന്നു.
പകല്‍ സമയത്ത് അവര്‍ മൂന്നുപേരും ചേര്‍ന്ന് വല്ലതും സംസാരിച്ചുകൊണ്ടിരിക്കും. മിക്കപ്പോഴും ശാരദക്ക് അധികമൊന്നും പറയുവാനുണ്ടാകില്ല. അവള്‍ എന്തെങ്കിലും പറഞ്ഞാല്‍ തന്നെ അതു ചന്ദ്രന്‍ പ്രതീക്ഷിക്കുന്നതാവില്ല. അയാള്‍ അതു കേട്ടതായി നടിക്കാതെ സംഭാഷണം തുടരും. ഗോമതിയാണ് അയാള്‍ ആഗ്രഹിക്കുമ്പോലെ പ്രശ്നങ്ങളെ മനസിലാക്കുന്നതും അപഗ്രഥിക്കുന്നതും. അവള്‍ അതിനു രൂപം നല്‍കുന്നത് എത്ര അനായാസമാണ്. ശാരദയുടെ പുസ്തകഭാഷയേക്കാള്‍ അത് ഋജുവും ലളിതവുമായിരിക്കും. അയാള്‍ ഹൃദയം തുറന്ന് അവളെ അഭിനന്ദിച്ചിട്ടുണ്ട്. അത് ഒരു മാനസികാടിമത്തത്തോളം എത്തിയത് ചന്ദ്രന്‍ തന്നെ വളരെ താമസിച്ചേ മനസിലാക്കിയുള്ളു.
അങ്ങിനെ ദിവസങ്ങള്‍ പോയി. ഗോമതിക്ക് ആ അനുജനെ കൂടുതല്‍ കൂടുതല്‍ ഇഷ്ടമായി വന്നു. പലപ്പോഴും ബാലിശമെന്നു പറയാവുന്ന അയാളുടെ സ്വഭാവവിശേഷങ്ങളെ പരിഹസിക്കുന്നതിലും നിഷ്കളങ്കത നിറഞ്ഞ ആ മുഖഭാവങ്ങള്‍ കണ്ടു രസിക്കുന്നതിലും അവള്‍ക്കു പ്രത്യേകമൊരുത്സാഹമുണ്ടായിരുന്നു. ശാരദ ആ സമയം ഗോമതിയുടെ കുട്ടിയെ എടുത്തു കളിപ്പിക്കുകയാവും. ആ ചേട്ടത്തിയെ അവളും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. അവളുടെ എല്ലാ കഴിവുകളിലും അപ്പുറം ശാരദക്കു ഗോമതിയോടുള്ള ആദരവ്. അവള്‍ അമ്മയായതിലാണെന്നു കാഴ്ചക്കാര്‍ക്ക് തോന്നി. ആ കുട്ടിയെ അവള്‍ അവന്റെ അമ്മയേക്കാളേറെ സ്നേഹിക്കുന്നതായും.
ആയിടെ ഗോമതി തന്റെ കൊച്ചനുജന്റെ ‘ ചോറൂണിനായി’ വീട്ടില്‍ പോയി. അവള്‍ വളരെനാള്‍കൂടി അച്ഛന്റെയും അമ്മയുടേയും അടുത്തേക്കു പോകുകയാണ്. ഒരാഴ്ച്ചയെങ്കിലും കഴിഞ്ഞേ മടങ്ങു. ശാരദക്കു പാചകത്തിലൊന്നും വലിയ പിടിയില്ല. പിന്നെ അവരുടെ ഒരു മരുമകള്‍ കൊച്ചുകുട്ടി മാത്രമാണുള്ളത്. ചന്ദ്രന് ഊണും കാപ്പിയുമൊന്നും നേരെയാകില്ലെന്ന് ഗോമതിക്കറിയാം. അവള്‍ ചന്ദ്രനുള്ള ഉപ്പിലിട്ടതും നെയ്യുമെല്ലാം പ്രത്യേകം കാണിച്ച് ശാരദയെ ഏല്പ്പിച്ചു. ഒരാഴ്ചത്തേക്കുള്ള എല്ലാ ഏര്‍പ്പാടുകളും പൂര്‍ത്തിയാക്കിയിട്ടേ അവള്‍ പുറപ്പെട്ടുള്ളു. പടിയിറങ്ങി നാലഞ്ചടി നടന്നു കഴിഞ്ഞ് അവള്‍ ചന്ദ്രനോട് പറഞ്ഞു:-
”വരണേ, ഞാന്‍ കാത്തിരിക്കും.”
” തീര്‍ച്ചയായും.”
അയാളും സമ്മതിച്ചു. ശാരദയാകട്ടെ അതിനെ പറ്റി പിന്നീട് എന്തെങ്കിലും ആലോചിച്ചെന്ന് തോന്നുന്നില്ല. ആ ചേട്ടത്തിയുടെ പ്രഭാവങ്ങളാകുന്ന ഉച്ചവെയിലില്‍ നിന്നൊഴിഞ്ഞ് തങ്ങള്‍ക്ക് സ്വൈര്യമായി കൂടുവാനുള്ള സമയം. അവര്‍ കുറച്ചൊന്നു പഴകും വരെയെങ്കിലും ആ ഏകാന്തത വളരെയൊക്കെ ആവശ്യമാണെന്ന് അവള്‍ കരുതിയിരിക്കണം . ശാരദയില്‍ ,കൂടുതല്‍ ഉന്മേഷവും പ്രസന്നതയും കളിയാടുന്നത് അതുകൊണ്ടാകാനേ വഴിയുള്ളു. ചന്ദ്രനാകട്ടെ പ്രത്യേകമായൊന്നും ഭാവിച്ചതേയില്ല.
ശാരദ അവളുടെ എല്ലാ കഴിവുകളോടും ചന്ദ്രനെ പരിചരിച്ചു. അതു തികച്ചും അയാള്‍ക്കു ബോധ്യവുമായി. എങ്കിലും ഓരോ ചെറിയകാര്യവും ഗോമതിയായിരുന്നാല്‍ എങ്ങിനെയെന്ന് ആലോചിക്കാതിരിക്കാന്‍ അയാള്‍ക്കുകഴിഞ്ഞില്ല. അതൊട്ടും ശാരദയ്ക്കനുകൂലമായിരുന്നില്ലതാനും.
താന്‍ ഒരിക്കലുമസംതൃപ്തനാണെന്ന് അറിയിക്കാതിരിക്കാന്‍ ചന്ദ്രന്‍ പ്രത്യേകം ശ്രദ്ധ വച്ചു. അവളുടെ എല്ലാക്കറികളും നല്ലതാണെന്ന് അയാള്‍ സര്‍ട്ടിഫിക്കറ്റെഴുതി. അവളുടെ സംഭാഷണങ്ങളില്‍ പ്രത്യേകം താത്പര്യം പ്രകടിപ്പിക്കുകയും ഇടക്കിടെ അഭിനന്ദനപൂര്‍വ്വം മന്ദഹസിക്കുകയും ചെയ്തു. രണ്ടു മൂന്നു ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ആ കൃത്രിമ ഭാവങ്ങളില്‍ അയാള്‍ തന്നെ മടുത്തു. നീണ്ട അവധിക്കാലം മിക്കപ്പോഴും ഒരു ശല്യമാണ്. നാട്ടില്‍ ഒന്നും ചെയ്യാനില്ലാതെ ഒരേ മട്ടുള്ള ജീവിതം. ഭാര്യയുടെ അടുത്ത് അങ്ങിനെ രാപകല്‍ കൂടുക, അതു തികച്ചും വിരസമായ ഒരേര്‍പ്പാടാണ്.ചന്ദ്രന് ഒരിടുങ്ങിയ മുറിയില്‍ അകപ്പെട്ടതു പോലുള്ള ഒരനുഭവം. അയാള്‍ക്കു പുറത്തു നിന്നും കുറെ ശുദ്ധവായു ശ്വസിച്ചാല്‍ക്കൊള്ളാമെന്നു തോന്നി.
ചോറൂണിനു തലേ ദിവസം രാത്രി ശാരദയും ചന്ദ്രനും അവരുടെ മുറിയില്‍ തനിച്ചിരിക്കുകയായിരുന്നു. കുറേ സമയത്തേക്ക് രണ്ടുപേരും ഒന്നും സംസാരിച്ചില്ല. എന്തെങ്കിലും പറയാന്‍ ഇരുവരും ആലോചിച്ചിരിക്കണം. ശാരദ മേശപ്പുറത്തേക്ക് ചാഞ്ഞു നിന്ന് വിളക്കിലെ തിരി മെല്ലെ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്തുകൊണ്ടിരുന്നു. അഴകുറ്റ ആ മാര്‍വ്വിടങ്ങള്‍ ശ്വാസത്തള്ളലാല്‍ ഇടക്കിടെ ദീര്‍ഘമായി വലിഞ്ഞുയരുകയും താണടങ്ങുകയും ചെയ്തു. കൈയുടെ പ്രവൃത്തി അറിയാത്തവിധം അവളുടെ ചിന്തകള്‍ ഏതോ വിദൂരമണ്ഡലങ്ങളില്‍ അലയുകയായിരിക്കണം.
” നമുക്ക് നേരത്തെ പോകണ്ടേ?”
ചന്ദ്രന്റെ പൊടുന്നെനെയുള്ള ചോദ്യം കേട്ട് ശാരദ ഞെട്ടി നിവര്‍ന്നു. അവള്‍ക്ക് ഒന്നും മനസിലായില്ല. കൈകള്‍ രണ്ടും മേശയില്‍ ചേര്‍ത്തു വച്ച് അവള്‍ നിവര്‍ന്നു നിന്ന് ചന്ദ്രനെ നോക്കി.
” എവിടെ?”
അവള്‍ അയാളുടെ മുഖത്തുനിന്ന് കണ്ണൂകളിളക്കിയില്ല.
”ചേട്ടത്തി ക്ഷണിച്ചിട്ടില്ലേ? ഞാന്‍ ഒന്നു പോകാമെന്നുവിചാരിക്കുന്നു. അവധി കഴിഞ്ഞു മടങ്ങിയാല്‍ ഇനിയും എന്നാണതുണ്ടാകുക?”
ശാരദ ഒന്നും പറഞ്ഞില്ല. ശിരസ്സ് മെല്ലെ കുനിച്ച് ആ വെളുത്ത കൈത്തണ്ടില്‍ ,കറുത്തും തങ്കനിറത്തിലും പറ്റി കിടക്കുന്ന വളകള്‍ എങ്ങിനെ ഇണങ്ങുന്നുവെന്ന് പരിശോധിക്കുന്നപോലെ അവള്‍ അല്പ്പ സമയം അനങ്ങാതെ നിന്നു. പിന്നെ ഒരു സ്വപ്നത്തില്‍ നിന്നും ഉണര്‍ന്നതു പോലെ തലയുയര്‍ത്തിയിട്ട് മന്ത്രിച്ചു:- ”ഓ! ഞാന്‍ വരുന്നില്ല.”
ആ മറുപടി ഒരേ സമയം അയാളെ ആശ്വസിപ്പിക്കുകയും അസ്വസ്ഥനാക്കുകയും ചെയ്തു. തനിച്ചു പോയാല്‍ കൊള്ളാമെന്ന ആഗ്രഹവും , ശാരദക്കു തോന്നാവുന്ന അതൃപ്തിയും ഇരുവശങ്ങളില്‍ നിന്നും അയാളെ ആക്രമിക്കുന്നുണ്ടായിരുന്നു. മധുവിധുവിന്റെ ഒരു മാസം പോലും പൂര്‍ത്തിയാകും മുന്‍പ് ആ ഏകാന്ത നിമിഷങ്ങളെ വലിച്ചെറിയുക. അത് ഒരു ഭാര്യയെ അപമാനിക്കലാണെന്ന് അയാള്‍ക്കറിയാം. എങ്കിലുമയാള്‍ക്ക് പോകണം .അവളുടെ സമീപത്തുതന്നെ അങ്ങിനെ അവധിക്കാലമത്രയും ഇരുന്നുകൊള്ളാമെന്ന് ഉറപ്പുകൊടുക്കുക സാധ്യമല്ല. പക്ഷേ സ്നേഹവതിയായ അവളെ വേദനിപ്പിച്ചാലോ! അവളുടെ ഹൃദയത്തിനു വേണ്ടതെല്ലം നല്‍കുവാന്‍ തനിക്കു കഴിയുന്നില്ലന്ന് ചന്ദ്രനറിയാം; തനിക്കു വേണ്ടതൊന്നും അവള്‍ക്കും. എന്നാലും അവള്‍ അയാളേയും അയാള്‍ അവളെയും ഗാഡ്ഡമായി സനേഹിച്ചിരുന്നു. സഹതാപത്തോടും ബഹുമാനത്തോടും കൂടെ , അയാളുടെ പ്രേമവായ്പ്പില്‍ ശാരദ തെല്ലും ശങ്കാകുലയാകാതിരിക്കത്തക്കവണ്ണം ചന്ദ്രന്‍ അന്നു രാത്രി ധാരാളം അവളുമായി സംസാരിച്ചു.
പുലര്‍ച്ചക്കു തന്നെ ചന്ദ്രന്‍ യാത്രക്കൊരുങ്ങി. അതിനിടയില്‍ വെറും സാധാരണമട്ടില്‍ അയാള്‍ ശാരദയെ അക്കാര്യം ഒന്നു കൂടി ഓര്‍മ്മിപ്പിക്കാന്‍ മറന്നില്ല.
” ദാ! ഞാന്‍ പോകുന്നുണ്ടേ. വരുന്നെങ്കില്‍ ഒരുങ്ങി കൊള്ളണം.”
നിര്‍ബന്ധിച്ചാല്‍ – വേണ്ട, അയാള്‍ അല്പ്പം കൂടി താല്പര്യമെടുത്താല്‍ – പുറപ്പെടാവുന്ന വിധമേ അവള്‍ നിഷേധിച്ചിട്ടുള്ളു. അയാള്‍ അത്രയും മനസ്സിലാക്കാത്തമട്ടില്‍ തനിച്ചു പുറപ്പെടുകയായിരുന്നു. യാത്രയില്‍ അയാളുടെ ഹൃദയം അജ്ജാതമായ ഏതോ വേദന നുണഞ്ഞുകൊണ്ടിരുന്നു. ജോലി സ്ഥലത്തുനിന്നും മടങ്ങുമ്പോഴുള്ള പ്രതീക്ഷകള്‍, വിവാഹം. പിന്നത്തെ നാലാഴ്ചയിലെ വിവിധ രംഗങ്ങള്‍, ആ യാത്ര- അങ്ങിനെ പലതും അയാളുടെ ഓര്‍മ്മകളില്‍ ഉയരുകയും മായുകയും ചെയ്തു. ആ ചിന്തകള്‍ മെല്ലെ ശാരദയില്‍ കേന്ദ്രീകരിക്കപ്പെട്ടു. അവള്‍ ആ സമയം എന്തു ചെയ്യുകയാവണം? വീട്ടു ജോലികള്‍ ചെയ്യുകയോ,ചിന്താമൂകയായി ഇരിക്കുകയോ? ;അതോ …? അത്രയുമായപ്പോള്‍ അയാളുടെ മനസാക്ഷി വല്ലാതെ പിടഞ്ഞു പോയി.അതെ ,താന്‍ തിരിഞ്ഞു നോക്കുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. അടുത്ത് നിമിഷം അവള്‍ ഹൃദയം പൊട്ടിക്കരഞ്ഞിരിക്കണം . ആ മുഖത്തെ നിസ്സഹായതയും യാചനകളുമവഗണിക്കാന്‍ തനിക്കെങ്ങനെ കഴിഞ്ഞു? ചന്ദ്രന് ആ ബസ്സ് പിന്നോക്കം പാഞ്ഞാല്‍ കൊള്ളാമെന്ന് തോന്നി. അയാള്‍ തന്റെ ഓര്‍മ്മകളെ നിയന്ത്രിക്കാന്‍ ശ്രമിച്ചുകൊണ്ട് ഗൗരവം പിടിച്ച് ഇരുന്നു.
ശാരദക്ക് എന്താണൊരു കുറവ്? പ്രത്യേകമായി ഒന്നും അയാള്‍ക്കു തോന്നിയില്ല. തന്റെ പ്രതീക്ഷകളെ അവള്‍ നിരാശപ്പെടുത്തിയിട്ടുണ്ടോ? അങ്ങനേയും പറഞ്ഞു കൂട. തന്റെ വിശ്വാസങ്ങളില്‍ ഈശ്വരനെ അടിച്ചേല്പ്പിക്കുവാനോ അന്തസ്സാരശൂന്യമായി മറ്റെന്തെങ്കിലും പറയുവാനോ ഇടയില്ലാത്തവിധം അവള്‍ക്ക് പഠിപ്പുണ്ട്. അത് എത്രയോ ആശ്വാസകരമാണ് . സൗന്ദര്യത്തിന്റെ കാര്യത്തില്‍ അയാള്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. പിന്നെ സംഭാഷണവും പെരുമാറ്റവുമൊക്കെ. അതിന്നും അവളുടേതായ ഒരാകര്‍ഷണീയതയും അച്ചടക്കവും ഇല്ലേ? അതേ, സ്വന്തമായ… ചന്ദ്രന്‍ ഒരു പുതിയ ആശയം കണ്ടെത്തിയതു പോലെ സീറ്റില്‍ നിന്നും പൊടുന്നനെ മുന്നോട്ടാഞ്ഞു പോയി. അതെ, ശാരദയെ അവളായി കാണുവാനല്ല .ഗോമതിയായി കാണുവാനാണ് താന്‍ അതുവരെ ശ്രമിച്ചതെല്ലാം. ഏതു ചെറിയകാര്യവും അവരെ ശല്യപെടുത്താതെ അയാള്‍ക്ക് ഓര്‍മ്മിച്ചു കൂടാ.ആ ചേട്ടത്തീയെന്തിനു അവര്‍ക്കു മദ്ധ്യേ വന്നു കൂടി. ഗോമതിയുടെ സ്ഥാനത്ത് മറ്റാരെങ്കിലുമായിരുന്നെങ്കില്‍ തങ്ങള്‍ ആഹ്ലാദപൂര്‍വ്വം കഴിയുമായിരുന്നില്ലേ? എന്തായാലും അയാള്‍ തികച്ചും നിസ്സഹായനായിരിക്കുന്നുവെന്ന് ചന്ദ്രനു മനസ്സിലായി.
ഗോമതിയുടെ വീട്ടില്‍ എത്തിയതോടെ ചന്ദ്രന്‍ മറ്റെല്ലം മറന്നു. അയാള്‍ ചെല്ലുമെന്ന് അവള്‍ക്ക് ഉറപ്പുണ്ടായിരുന്നെത്രെ. അവര്‍ ധാരാളം സംസാരിച്ചു. അമ്മയേയും ബന്ധുക്കളെയും എല്ലം അവള്‍ ചന്ദ്രനു പരിചയപ്പെടുത്തിക്കൊടുത്തു. അവളുടെ സാന്നിധ്യത്തില്‍ ആ വീട് നിറഞ്ഞു തുളുമ്പുകയാണ്. അജ്ഞാതമായ ഏതോ ജീവശക്തി അനുനിമിഷം തന്റെ സിരകളീലേക്ക് പ്രവഹിക്കുന്നതായി ചന്ദ്രന് തോന്നി. പുതു വെള്ളത്തില്‍ മത്സ്യം പോലെ., ആ ലഹരിയില്‍ അയാളുടെ ഹൃദയം തുള്ളിക്കളിച്ചു.
അന്ന് അവര്‍ എല്ലാവരും ഒരുമിച്ച് സിനിമക്കു പോയി. അടുത്ത ദിവസം അയല്‍ ക്ഷേത്രത്തില്‍ ഒരു ‘പടയണി’ ഉണ്ടായിരുന്നു. ആ സ്ഥലത്തിന്റെ പ്രത്യേകതകള്‍ നിഴലിക്കുന്ന ഒരുത്സവം.അതു കൂടി കണ്ടിട്ടേ പോകാവൂ എന്ന് ഗോമതിയുടെ സഹോദരന്‍ നിര്‍ബന്ധിച്ചു. അയാള്‍ വഴങ്ങി. അടുത്ത ദിവസം ചേട്ടന്‍ വന്നു. അന്നു വെള്ളിയാഴ്ചയായിരുന്നതു കൊണ്ട് പുറപ്പെടാന്‍ പറ്റില്ല. ചേട്ടത്തിയേയും കൂട്ടി അടുത്ത ദിവസം എത്താന്‍ ചന്ദ്രനെ ഏര്‍പ്പാടു ചെയ്തിട്ട് അദ്ദേഹം മടങ്ങിപ്പോയി. അങ്ങനെ ആ പുതിയ ലോകത്ത് കുറച്ചു ദിവസം അയാള്‍ ഉല്ലാസപൂര്‍വ്വം കഴിച്ചു കൂട്ടി. ..
ഗോമതിയും ചന്ദ്രനും തിരിച്ചെത്തിയത് തികച്ചും ഭിന്നമായ ഒരന്തരീക്ഷത്തിലേക്കായിരുന്നു.ശാരദ പൊട്ടുവാന്‍ വെമ്പി നില്‍ക്കുന്ന ഒരു അഗ്നിപര്‍വ്വതം പോലെ കാണപ്പെട്ടു. അവള്‍ അവര്‍ രണ്ടാളേയും അവജ്ഞയോടെ ഒന്നു നോക്കിയതല്ലാതെ കുറച്ചു നേരത്തേക്ക് ഒരക്ഷരം പോലും സംസാരിച്ചില്ല. ആ ഉജ്ജ്വലമായ മൗനം അവര്‍ ഇരുവരിലും ഒരപരാധബോധം ജനിപ്പിച്ചിരിക്കണം.
” സിനിമയും പടേണിയും എങ്ങിനെ? സുഖമായിരുന്നെന്നു തോന്നുന്നുവല്ലോ രണ്ടാളേയും കണ്ടിട്ട്?”
നിറഞ്ഞ പുച്ഛത്തോടെ അവള്‍ ചോദിച്ചു . ഒരു ഭാര്യയുടെ എല്ലാ ആത്മവീര്യവും അതിലുണ്ടായിരുന്നു. അവളുടെ മുഖത്തെ മാംസപേശികള്‍ നിലയുറക്കാതെ തുള്ളിക്കൊണ്ടിരുന്നു.
” മിടുക്കിയായ ചേട്ടത്തീ, ഇതാ ഇതു കൂടി നിങ്ങള്‍ക്കവകാശപ്പെട്ടതാണ്. ഇതിന്റെ ഭാരം വൃഥാ ഞാനെന്തിനു ചുവക്കുന്നു? ഇതും നിങ്ങള്‍ക്കിരിക്കട്ടെ.”
അവള്‍ ആ മംഗല്യസൂത്രം വലിച്ചുപൊട്ടിച്ച് ജ്യേഷ്ഠത്തിയുടെ നേര്‍ക്ക് എറിഞ്ഞു കൊടുത്തു. പിന്നെ ഭര്‍ ത്താവിന്റെ മുഖത്തേക്ക് തികഞ്ഞ രോഷത്തോടും ഹൃദയവ്യഥയോടും ഒന്നു നോക്കിയിട്ട് പുറത്തു കടന്ന് നടന്നു പോയി.
വിഷണ്ണനായി മുറിയിലേക്ക് കടന്ന് ചന്ദ്രന്റെ കണ്ണൂകളെ ആദ്യമായി സല്‍ക്കരിച്ചത് കത്തിച്ച ചന്ദനത്തിരികള്‍ക്കുപിന്നില്‍ അന്നത്തെ പുതു മൊട്ടുകളാല്‍ തീത്ത മുല്ലമാല കൊണ്ട് അലങ്കരിച്ചിരുന്ന സ്വന്തം ചിത്രമായിരുന്നു. തന്റെ അപരാധങ്ങളും ആ ഭാര്യയുടെ ആത്മാവും ഒപ്പം പ്രതിഫലിച്ചു നില്‍ക്കുന്ന ഒരു നവമുകുരം പോലെ മിന്നിയ ആ ഛായാപടത്തിന്റെ മുമ്പില്‍ അയാള്‍ വളരെ സമയം ചിന്താഗ്രസ്തനായി നിന്നു പോയി.
Generated from archived content: story1_oct19_11.html Author: vettur_ramannair