പക്ഷികളുടെ പറുദീസയാണ് തട്ടേക്കാട്. പ്രശസ്‌ത പക്ഷിനിരീക്ഷകനായ സാലിം അലിയുടെ പേരിൽ അറിയപ്പെടുന്ന തട്ടേക്കാട് പ്രകൃതിസ്‌നേഹികളുടെ മനം കവരുന്ന അത്യപൂർവ്വമായ ദൃശ്യവിരുന്നാണെന്നുപറയാം.
നേരത്തെ ഇടുക്കി ജില്ലയിലായിരുന്നു തട്ടേക്കാടിന്റെ സ്‌ഥാനം. എന്നാൽ ഏതാനും വർഷം മുമ്പ് തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ സ്‌ഥാനം എറണാകുളം ജില്ലയിലായി. കോതമംഗലത്തു നിന്ന് 12 കിലോ മീറ്ററാണ് തട്ടേക്കാട് പക്ഷിസങ്കേതത്തിലേയ്‌ക്കുളള ദൂരം.
1983 ലാണ് തട്ടേക്കാട് പക്ഷി സങ്കേതമായി പ്രഖ്യാപിച്ചത്. പക്ഷികളുടെ സംഗീതം ഇവിടെയെത്തുന്ന യാത്രകൾക്ക് ആനന്ദം പകരുന്നു. ദശാബ്‌ദങ്ങൾക്കുമുമ്പ് ഡോ. സാലിം അലിയാണ് ഈ പക്ഷിസങ്കേതത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞത്. അന്ന് അദ്ദേഹം 167 ഇനം പക്ഷികളെ ഇവിടെ നിന്നു കണ്ടെത്തി. തുടർന്ന് നടന്ന ഗവേഷണത്തിൽ ബോംബെ നാച്വറൽ ഹിസ്‌റ്ററി സൊസൈറ്റി 253 ഇനം പക്ഷികൾ ഇവിടെയുണ്ടെന്ന് സർവേയിലൂടെ മനസ്സിലാക്കി. കൂടുതൽ പക്ഷികളെ കണ്ടെത്താനുള്ള ശ്രമം പിന്നെയും തുടർന്നു. പ്രശസ്‌ത പക്ഷിനിരീക്ഷകനും ഡോ. സാലിം അലിയുടെ ശിഷ്യനുമായ ഡോ. സുഗതൻ കൂടുതൽ പരീക്ഷകളെ കണ്ടെത്താൻ കഠിനശ്രമംതന്നെ നടത്തി. സൂക്ഷ്‌മമായ നിരീക്ഷണത്തിൽ അദ്ദേഹം 270 ഇനം പക്ഷികളുടെ സാന്നിധ്യം മനസ്സിലാക്കി. ഇക്കൂട്ടത്തിൽ വംശനാശം സംഭവിച്ചതെന്നു കരുതിയ ഒരു പക്ഷിയേയും കണ്ടെത്തി. മാക്കാച്ചിക്കാട (ഫ്രോഗ് മൗത്ത്) ആയിരുന്നു ആ പക്ഷി. ഉയരം കുറഞ്ഞ മടക്ക എന്ന വ്യക്ഷമാണ് ഇതിന്റെ ആവാസസ്‌ഥാനം. ഉണങ്ങിയ ഇലയോടുസാദൃശ്യമുള്ള ഈ പക്ഷിയെ കണ്ടെത്താൻ എളുപ്പമല്ല. പക്ഷികൾക്കുപുറമെ മറ്റു മൃഗങ്ങളെയും ഇവിടെ കാണാം.
ഭൂതത്താൻ കെട്ടിനോടു ചേർന്നാണ് തട്ടേക്കാട്. പക്ഷികളെക്കുറിച്ച് മനസ്സിലാക്കാനും പഠിക്കാനും ഇവിടെ സൗകര്യമുണ്ട്. പുലർച്ചെ ഏഴുമണിക്കും സൂര്യാസ്‌തമയത്തിനുമുമ്പുമാണ് പക്ഷികളെ നിരീക്ഷിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. നിരവധി വിദേശിയർ ഇവിടെ ഗവേഷണങ്ങൾക്കായി എത്തുന്നുണ്ട്. തട്ടേക്കാടുനിന്ന് പതിനാലു കിലോമീറ്റർ കൂടി പോയാൽ പിണവർകുടിയായി. പിണവർകുടിക്കും തട്ടേക്കാടിനും ഇടയ്‌ക്കാണ് ഉരുളൻ തണ്ണി. ഉരുളൻ തണ്ണിയിൽനിന്ന് 2 കിലോമീറ്റർ നടന്നാൽ മനോഹരമായ പുല്ലാശാരിക്കുത്ത് വെള്ളച്ചാട്ടം കാണാം. തട്ടേക്കാടുനിന്ന് മുൻകൂർ അനുവാദം വാങ്ങി പുല്ലാശാരിക്കുത്തിലേക്കു പോകാം. അവിടെയും ഫോറസ്‌റ്റ് ക്യാമ്പുണ്ട്. അധികം സഞ്ചാരികൾ എത്തിച്ചേരാത്ത പ്രദേശമാണ് പുല്ലാശാരിക്കുത്ത് വെള്ളച്ചാട്ടം. 2009-ൽ ഈ വെള്ളച്ചാട്ടത്തിൽ ഒരു ആനക്കുട്ടിയും അമ്മയും ചരിഞ്ഞിരുന്നു.
താഴെയുള്ള വെള്ളച്ചാട്ടം താരതമ്യേന ചെറുതാണ്. എന്നാൽ മുകളിലെ വെള്ളച്ചാട്ടം ഒരേസമയം സുന്ദരവും അപകടം പിടിച്ചതുമാണ്. സാഹസികർക്ക് താഴെ നിന്ന് മുകളിലേക്ക് നടന്നു കയറാം. കൂറ്റൻ പാറകളും ജലാശയത്തിലെ ഗുഹയും വിവിധതരം ചിത്രശലഭങ്ങളും കാണികളെ ആഹ്ലാദഭരിതരാക്കും.
വെള്ളച്ചാട്ടത്തിനുതാഴെ ആനുടെ ശല്യമില്ല. എന്നാൽ മുകളിൽ എപ്പോഴും ആനയുടെ സാന്നിധ്യമുണ്ട്. ഏതാണ്ട് 38 ആനകൾ ഈ പ്രദേശത്തുണ്ടെന്നാണ് വനംവകുപ്പിന്റെ കണക്ക്.
തട്ടേക്കാടിനടുത്തുള്ള ആനക്കയം ടൂറിസ്‌റ്റുകൾ അധികം ശ്രദ്ധിക്കപ്പെടാതെ പോകുന്ന നദീസംഗമസ്‌ഥാനമാണ്. പൂയംകുട്ടി – ഇടമലയാർ എന്നീ നദികൾ ഇവിടെ കൂടിച്ചേരുന്നു. നദീതീരത്തുകൂടി നടന്നാൽ സംഗമസ്‌ഥാനത്തെത്താം. പ്രധാന പാതയിൽ നിന്ന് ഏതാണ്ട് ഒന്നര കിലോമീറ്റർ മാറിയാണ് ഇത്.
ഗതാഗതം
എറണാകുളത്തുനിന്ന് ആലുവ – മൂന്നാർ റൂട്ടിൽ 55 കിലോമീറ്റർ യാത്ര ചെയ്‌താൽ തട്ടേക്കാട് എത്താം. കോതമംഗലത്തുനിന്ന് പൂയംകുട്ടി പിണവർകുടി, ആനക്കയം, ഉരുളൻ തണ്ണി, തട്ടേക്കാട്, എന്നിവിടങ്ങളിലേക്ക് സ്വകാര്യബസ്സുകളുണ്ട്. കോതമംഗലത്തുനിന്ന് തട്ടേക്കാട്ടേക്കുള്ള ദൂരം 12 കിലോമീറ്ററാണ്. സമീപത്തുള്ള റയിൽവേ സ്‌റ്റേഷൻ ആലുവ & അങ്കമാലി. എയർപോർട്ട് 42 കി. മീ.
താമസം & വിശ്രമം
കോതമംഗലത്തും തട്ടേക്കാടും താമസസൗകര്യമുണ്ട്. തട്ടേക്കാട് ഹോം സ്‌റ്റേ സൗകര്യവും ലഭ്യമാണ്. ഇൻസ്‌പെക്‌ഷൻ ബംഗ്ലാവിലും തട്ടേക്കാട് ഡോർ മിറ്ററിയിലും വനംവകുപ്പുമായി ബന്ധപ്പെട്ടാൽ താമസ സൗകര്യം ലഭിക്കും. ഓവുങ്കലിൽ നദിതീരത്തുള്ള വ്യൂ ടവറിലും താമസസൗകര്യം ലഭ്യമാണ്. സ്‌കൂൾ & കോളേജ് വിദ്യാർത്ഥികൾക്കായി പരിസ്‌ഥിതി ക്യാമ്പും ട്രക്കിംഗും വനംവകുപ്പ് സംഘടിപ്പിക്കുന്നുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്‌ഃ
ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്‌റ്റ്‌സ്,
തിരുവനന്തപുരംഃ ഫോൺ – 0471 2322217.
തട്ടേക്കാട് അസി. വൈൽഡ് ലൈഫ് വാർഡൻ,
തട്ടേക്കാട് ബേഡ് സാങ്ങ്‌ച്വറി,
ഞായപ്പിള്ളി. പി.ഒ, കോതമംഗലം.
കേരളം.
ഫോൺ – 0485 2588302.
Generated from archived content: essay1_dec2_10.html Author: venuwariyathu_sujithvasudevan
Click this button or press Ctrl+G to toggle between Malayalam and English