സൗന്ദര്യദേവതയുടെ മരണം

1962 ആഗസ്‌റ്റ്‌ 4-​‍ാം തീയതി രാത്രിയിലെപ്പോഴോ, മയക്കുമരുന്നു ഗുളികകൾ അധികം കഴിച്ചതിനാൽ മർലിൻ മൺറോ മരണമടഞ്ഞു. കാലിഫോർണിയയിൽ താൻ വാങ്ങിയ പുത്തൻ ബംഗ്ലാവിൽ ആ സമയം അവൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ വസതിയാണ്‌ അവൾ ആദ്യമായും അവസാനമായും സ്വന്തമാക്കിയത്‌. അല്ലാത്തപ്പോഴൊക്കെ വാടകവീടുകളിൽ മാറിമാറി താമസിക്കുകയായിരുന്നു. മൂന്നുതവണ വിവാഹിതയാകുകയും ആ ബന്ധങ്ങളെല്ലാം വിവാഹമോചനങ്ങളിൽ കലാശിക്കുകയും ചെയ്തതിനുശേഷം ഒറ്റക്കു താമസിക്കുകയായിരുന്നു അവൾ. കിടക്കയിൽ നഗ്നമായി കിടന്നിരുന്നു ആ ശരീരം. അവിടെ ആത്മഹത്യാക്കുറിപ്പുകൾ ഒന്നും കാണാനുണ്ടായിരുന്നില്ല. പക്ഷേ പന്ത്രണ്ടോളം ഒഴിഞ്ഞ കുപ്പികൾ – അവ മയക്കുമരുന്നു ഗുളികകളുടേതായിരുന്നു. അവിടെയെത്തിയ ആദ്യ പോലീസുകാരൻ കണ്ടത്‌ വീട്ടുകാര്യങ്ങൾ നോക്കുന്ന സ്ര്തീ തുണിയലക്കിക്കൊണ്ടിരിക്കുന്നതാണ്‌. ഒരുപാടു കഥകൾ ആ മരണത്തെച്ചുറ്റിപ്പറ്റി അന്നേ മുതൽ പടർന്നു കൊണ്ടേയിരിക്കുന്നു. പരസ്പരവിരുദ്ധങ്ങളായ ആ കഥകൾക്ക്‌ ഇന്നും ഒരു പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. മിക്കവാറും “ആത്മഹത്യ”യായിരുന്നു സംഭവമെന്ന്‌ ഔദ്യോഗിക വിശദീകരണം ഉണ്ടായി. പക്ഷെ “മിക്കവാറും” എന്നേ പറയാനായുള്ളൂ എന്നത്‌ ശ്രദ്ധേയമാണ്‌. ഓരോരോ പുതിയ വിശദീകരണങ്ങൾ പുതിയ സത്യങ്ങളുമായി മുന്നോട്ടുവരുന്നു – പക്ഷേ എല്ലാം വ്യത്യസ്തങ്ങൾ.

മിക്കവാറും കഥകൾ ആത്മഹത്യയെന്ന കണ്ടെത്തലിനെ സാധൂകരിക്കുന്നു. തന്റെ തൊഴിലിനുണ്ടായ കുഴപ്പങ്ങളെത്തുടർന്നുവന്ന നിരാശ അല്ലെങ്കിൽ ഒരു പ്രണയപരാജയം. ഇനിയുമഥവാ ഈ രണ്ടുകാരണങ്ങളും ഒരുപോലെ ആത്മഹത്യക്കു ഹേതുവായെന്നും പറയപ്പെടുന്നു. ചില കഥകൾ ഒരു കൊലപാതകമായിരുന്നു ആ സംഭവമെന്നു പറയുന്നു. ദുരൂഹമായ ഒരു നരഹത്യ. കെന്നഡിയുടെ ആളുകളാണ്‌ ഘാതകരെന്നു ചിലർ പറഞ്ഞു. CIAക്കും FBIയ്‌ക്കും പങ്കുണ്ടെന്ന്‌ ചിലർ പറയുന്നു. ചില കഥകളിൽ പറയുന്നു മർലിന്റെ മനഃശ്ശാസ്ര്തജ്ഞനാണതു ചെയ്തതെന്ന്‌. ചിലർ പറയുന്നു വീട്ടുകാര്യസ്ഥയാണാ സംഭവത്തിന്‌ പിന്നിലെന്ന്‌. അധികാരവും പണവുമുള്ളവർ അവളെ കൊലപ്പെടുത്തിയത്രേ! അവളെ മലിനീകരിച്ച ആളുകൾ തന്നെ അവളെ കൊലചെയ്തു. ഒരുപക്ഷേ അവൾ തന്നെയായിരുന്നു അവളുടെ ഏറ്റവും വഷളത്തം നിറഞ്ഞ ശത്രു.

മർലിന്റെ ചില പ്രാമാണികരായ ജീവചരിത്രകാരന്മാർ കൊലപാതകമായിരുന്നു സംഗതിയെന്ന്‌ വിശ്വസിക്കുന്നുണ്ട്‌. എന്തിനാണ്‌ താൻ മർലിൻ മൺറോയെ കൊല്ലുന്നതെന്നറിയാത്ത ഒരു വാടകകൊലയാളിയാണ്‌ മർലിനെ വധിക്കുന്നതെന്ന്‌ (തോക്കുപയോഗിച്ച്‌) മർലിന്റെ ജീവിതം ആധാരമാക്കിയെഴുതപ്പെട്ട Blonde എന്ന നോവലിൽ കാണുന്നുണ്ട്‌. കെന്നഡിയുടെ ബന്ധുക്കളോ ശത്രുക്കളോ ആവാം ഘാതകർ. പക്ഷേ മർലിൻ മൺറോക്ക്‌ കെന്നഡിയുമായി രഹസ്യബന്ധമുണ്ടായിരുന്നുവെന്നത്‌ ഒരിക്കലും തെളിയിക്കപ്പെടാത്ത ഒരു സംഭവമായിരുന്നുവെന്നോർക്കണം.

എന്താണ്‌ സത്യം?

ലോകത്ത്‌ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ഈ പൂജാവിഗ്രഹത്തിന്‌ സംഭവിച്ച ദുരന്തത്തെപ്പറ്റി നാമെങ്ങനെയറിയും?

മർലിൻ മൺറോയെക്കുറിച്ച്‌ ഒരുപാട്‌ വിവരങ്ങൾ നമുക്കുണ്ടെന്നാണ്‌ പൊതുവെ ധാരണ. അത്‌ ശരിയല്ല. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തയായ അഭിനേത്രി, ഏറ്റവും കൂടുതൽ ചിത്രങ്ങളെടുക്കപ്പെട്ട സുന്ദരി, ഏറ്റവും കൂടുതൽ എഴുതപ്പെട്ട സ്ര്തീ – പക്ഷേ അവളെക്കുറിച്ച്‌ അധികമൊന്നും വെളിവാക്കപ്പെട്ടിട്ടില്ല എന്നതാണ്‌ സത്യം.

സുന്ദരികളാണെന്നാലും അല്ലെങ്കിലും ഗ്ലാമറിന്റെ ലോകത്തുനിന്നും യൗവ്വനത്തിൽത്തന്നെ മരണം കൊണ്ട്‌ പിൻവാങ്ങുന്നവരെ മർലിൻ മൺറോയുമായി ഉപമിക്കാറുണ്ട്‌. 1997ൽ മരിച്ച ഡയാനാ രാജകുമാരിക്ക്‌ മർലിൻ മൺറോയുമായി സാധർമ്യം കൽപ്പിക്കപ്പെടുകയുണ്ടായി. മർലിൻ മരിച്ച്‌ ആറുമാസങ്ങൾ പിന്നിടും മുൻപേ സാഹിത്യത്തിലെ അതിപ്രശസ്തയായ ഒരു യുവതാരം പാചകവാതം തുറന്നുവച്ച്‌ ആത്മഹത്യയനുഷ്‌ഠിക്കുകയുണ്ടായി. സാഹിത്യത്തിലെ ‘മർലിൻ മൺറോ’ എന്ന്‌ അവർ വിശേഷിപ്പിക്കപ്പെടുകയുണ്ടായി.

ലൈംഗികതയുടെ പ്രതീകം എന്ന നിലയിൽ നിന്നും വിലാപത്തിന്റെ പ്രതീകമായി മർലിൻ അതിവേഗം മാറ്റപ്പെട്ടു. ലൈംഗിക സ്വാതന്ത്ര്യത്തിന്റെ വാഗ്ദാനമെന്ന നിലയിൽ നിന്നും ഏകാന്തതയിൽ പതിയിരിക്കുന്ന അപകടങ്ങളുടെ സൂചികയെന്ന നിലയിലേക്ക്‌ അവൾ മാറി. മർലിനെക്കുറിച്ച്‌ ജീവചരിത്രകാരന്മാർ വെട്ടിയും തിരുത്തിയും എഴുതിയ കഥകൾ ആണ്‌ ഈ പരിണാമത്തിന്‌ വഴിതെളിച്ചത്‌.

മർലിൻ മൺറോയെപ്പറ്റി പറയപ്പെട്ട പലതും പൊളിയായിരുന്നുവെന്നു പിന്നീട്‌ കണ്ടെത്തപ്പെട്ടിട്ടുണ്ട്‌. അത്തരം വിശദാംശങ്ങൾ അവളുടെ പ്രശസ്തിയെ രൂപീകരിക്കുന്നതിൽ പങ്കുവഹിച്ചിട്ടുണ്ട്‌. അവളുടെ യഥാർത്ഥ പിതാവിന്റെ സ്വത്വം, ബാലികയായിരിക്കെത്തന്നെ ബലാത്സംഗം ചെയ്യപ്പെട്ടത്‌, അവളുടെ മാതാവിന്റെ ചിത്തഭ്രമം, അവൾക്കു തന്നെയും മനോവൈകല്യമുണ്ടെന്ന കണ്ടെത്തൽ, അവളുടെ സൗന്ദര്യം ലൈംഗികാകർഷണീയതയും, അവളുടെ പ്രശസ്തി, അവൾക്കു വിധേയയാവേണ്ടിവന്ന ഗർഭഛിദ്രങ്ങൾ, മുകൾത്തട്ടിലേക്കെത്താൻ അവൾ ഇഴഞ്ഞു കയറിയ മാർഗ്ഗങ്ങൾ, അധികാരത്തിന്റെ പരമ സ്ഥാനങ്ങളിലുള്ളവരുമായി അവൾക്കുണ്ടായിരുന്നു ബന്ധങ്ങൾ… (ഡി മാഗിയോ, കെന്നഡി, മില്ലർ തുടങ്ങിയവരുമായിട്ടുള്ളവ) – തീർച്ചയായും അവസാനം പറഞ്ഞത്‌ അവൾക്കു മരണഹേതുകമായിട്ടുണ്ടാവാം.

സ്വന്തം പ്രതിച്ഛായ (IMAGE) ഊട്ടിയുറപ്പിക്കുന്നതിൽ മർലിൻ ശരിക്കും പണിയെടുത്തിട്ടുണ്ട്‌. പിന്നീട്‌ സ്വയം വിചാരണ ചെയ്തു. തന്റെ പ്രതിച്ഛായ തകർക്കുന്നതിൽ പരാജയപ്പെടുകയും ചെയ്തു. അവളേക്കാൾ കരുത്തുറ്റതായിപ്പോയി ആ പ്രതിച്ഛായ.

മർലിൻ മൺറോവിനെപ്പറ്റി വായിക്കുന്ന ഏതൊരാളും പെട്ടെന്ന്‌ അവളുടെ കൃത്രിമമായി രൂപവൽക്കരിക്കപ്പെട്ട വ്യക്തിത്വത്തെയാണ്‌ കണ്ടെത്തുക. നന്നായി ശ്രദ്ധയോടെ നിർമ്മിക്കപ്പെട്ടതും പൊതിഞ്ഞുവെക്കപ്പെട്ടതുമായ ‘വ്യക്തിത്വം’. ഈ പ്രതിച്ഛായ ഏതൊരാളെയും അത്യന്തം വശീകരിച്ചു നശിപ്പിക്കുന്നു. സ്ര്തീയുടെ മാദകവശ്യതയുടെ ഉത്തമോദാഹരണമായിത്തീരുന്നു മർലിൻ. അതും അരനൂറ്റാണ്ടോളം ആ അവസ്ഥ അവൾ നിലനിർത്തിപ്പോന്നിരുന്നുവല്ലോ. സാധാരണ ഒരു സ്ര്തീക്ക്‌ അതിന്‌ സാദ്ധ്യമേയല്ല. നടി എന്ന നിലയിൽ അവൾ ഏറ്റവും മുന്തിയ വിൽപ്പനച്ചരക്കുമായിരുന്നു. ആ കച്ചവടസാധ്യത തന്നെ അവളെ നശിപ്പിച്ചു. കാരണം അവളെപ്പറ്റി എന്തെഴുതിയാലും എഴുത്തുകാർ അനാവശ്യമായി പൊടിപ്പും തൊങ്ങലുകളും ചാർത്തി എഴുതി. അങ്ങനെ ഒരുപാട്‌ ഇല്ലാക്കഥകൾക്കും ഭാവനാവിലാസങ്ങൾക്കും നടുവിലകപ്പെട്ടുപോയി മർലിൻ. ഇന്നും എന്തായിരുന്നു ആ മരണത്തിന്‌ പിന്നിലെ ദൂരൂഹരഹസ്യമെന്ന്‌ വെളിവാക്കപ്പെട്ടിട്ടില്ല.

Generated from archived content: essay1_nov23_07.html Author: venuv_desam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English