സാഗരതരംഗങ്ങളുടെ
ഒടുങ്ങാത്ത സംഗമസ്വപ്‌നങ്ങളുമായ്
നീയെന്നിൽ പെയ്‌തിറങ്ങുകയായിരുന്നു
മദാലസമൗനങ്ങളിൽ സ്‌ഫുടീകരിച്ചെടുത്ത
കാതരഭാവങ്ങളുമായ്
നീയെന്നിൽ ആഴ്‌ന്നിറങ്ങുകയായിരുന്നു.
നോക്കൂ…
ഇവിടെ നാം തനിച്ചാണ്,
ഈ സാഗരം ഇരമ്പുന്നത് എന്നിലാണ്,
അത് നീ ഒഴുക്കി വിട്ടതാണ്.
ഏഴിലംപാല പൂക്കുന്ന
രാത്രികളിൽ
അശ്വാരൂഢനായ് കുതിച്ചെത്തുന്ന
നിഷധേശ്വരനാണ് ഞാൻ.
കാലത്തിന്റെ
അനന്തതയ്‌ക്കിപ്പുറത്തുനിന്ന്
കൻമദസുഗന്ധവുമായ്
ദേശാന്തരഗമനം ചെയ്‌തെത്തിയ
ഞാറ്റുവേല പക്ഷിയാണ് ഞാൻ
നോക്കൂ,
ഇവിടെ നാം തനിച്ചാണ്
വേഴാമ്പൽ സ്വപ്‌നാടനം
നടത്തുന്ന ഈ തുരുത്തിൽ
നമുക്കൊരു വൃന്ദാവനം പണിയാം!
താരുണ്യത്തിന്റെ
ആഗ്നേയ നിശകൾ
അന്യോനം പകർന്നു നൽകാം!!
സ്‌നേഹസാന്ദ്രതയുടെ
ഈ വസന്തകേദാരത്തിൽ
ചക്രവാകങ്ങൾ കൊക്കുരുമ്മുന്നത്
നീ കാണുന്നില്ലേ!!
Generated from archived content: poem1_mar20_09.html Author: venugopal_perambra