കഥയിതു വാസുദേവം

ഒരെഴുത്തുകാരൻ മറ്റൊരെഴുത്തുകാരനെപ്പറ്റി എഴുതുന്നു…..! രണ്ടും സിനിമയിലെ പ്രതിഭകൾ!

സ്വന്തം ജീവിതത്താളിലെ ഒരേടു കീറി എം.ടി. വാസുദേവൻ നായർ എന്ന അക്ഷരങ്ങൾക്കുള്ളിലെ മഹാത്ഭുതത്തെ വരച്ചു കാട്ടുന്ന എഴുത്തുകാരൻ നമുക്കു പ്രിയപ്പെട്ട ജോൺപോൾ! കാവ്യമധുരമായ ഭാഷയിലൂടെ, സിനിമയിലെ ജീവൻ തുടിക്കുന്ന കഥാപാത്രങ്ങളുടെ വാക്കുകളിലൂടെ ജോൺപോൾ എന്നും നമുക്ക്‌ ആരാധ്യനാണ്‌.

എം.ടി.യുമായി ബന്ധപ്പെട്ട നിരവധി ഗ്രന്ഥങ്ങൾ പ്രകാശിതമായിട്ടുണ്ട്‌. എങ്കിലും ഉറവ വറ്റാത്ത കിണർ പോലെ എം.ടി. എന്നും എഴുത്തുകാരുടെ ചിന്തകളിൽ, വാക്കുകളിൽ ജീവജലം പകരുന്നു. ഓർക്കുട്ടും, ചാറ്റിംഗും എസ്‌.എം.എസുമെല്ലാം തകർത്താടുമ്പോഴും എം.ടി.യുടെ ‘വചനങ്ങൾ’ യുവതലമുറ ഏറ്റുപാടുന്നു. എം.ടി. ഒരിക്കൽ ലോകസാഹിത്യത്തെ വിശേഷിപ്പിച്ച ചിലവരികളുണ്ട്‌. “കാലത്തിന്റെ ഓളപ്പാളികളിൽ ഒഴുകിയൊഴുകി ശൂന്യതയിൽ വിലയം പ്രാപിക്കാത്ത അമൂല്യരത്നങ്ങളാണ്‌ ലോക ക്ലാസിക്കുകൾ”എന്ന്‌. ഇതേ വരികൾ കൊണ്ട്‌ തന്നെ എം.ടി.യുടെ കൃതികളേയും വിലയിരുത്താവുന്നതാണ്‌.

എഴുതണമെന്നു തോന്നുമ്പോൾ എഴുതുന്നവർ…. എഴുത്തിനെ പിടിച്ചു വച്ച്‌ പിടിച്ചുവച്ച്‌ ഇനി എഴുതാതിരിക്കാനാവില്ല എന്നു ഒരു തരം ഉന്മാദവസ്ഥയിലെത്തുമ്പോൾ മാത്രം എഴുതുന്നവർ… ഇങ്ങനെ എഴുത്തുകാർ പലതരമുണ്ട്‌. ജോൺപോൾ ആദ്യഗണത്തിൽ പെടുന്നയാളല്ല. മറിച്ച്‌ എഴുത്ത്‌ അനിവാര്യമാകുമ്പോൾ മാത്രം എഴുതുന്നയാളാണ്‌. അങ്ങനെ എഴുതുമ്പോൾ അക്ഷരങ്ങളുടെ ചൈതന്യവും ശക്തിയും നഷ്ടപ്പെടരുതെന്നും ജോൺ പോളിന്‌ നിർബന്ധമുണ്ട്‌. എം.ടി.യെ തന്റെ പേനത്തുമ്പിലേക്ക്‌ ആവാഹിച്ചപ്പോൾ മേല്‌പറഞ്ഞതെല്ലാം ജോൺപോൾ ഒരിക്കൽ കൂടി ഹൃദയത്തിൽ ഉരുക്കിയൊഴിച്ചതുപോലെ തോന്നി.

പലപ്പോഴും നമ്മുടെ കനൽവഴികളിൽ അന്തർമുഖനായി ഒപ്പം നടക്കുന്ന എം.ടി. എന്ന ഏകാന്തപഥികന്റെ ചിത്രം ജോൺപോൾ അവതരിപ്പിക്കുമ്പോൾ ഇതുവരെ കാണാത്ത ചില എം.ടി. മുഖങ്ങൾ നമുക്ക്‌ ദൃശ്യമാകുന്നു.!

നല്ല വായനക്കാരനല്ല താനെന്ന്‌ ജോൺ പോൾ ഒരിടത്ത്‌ പറയുന്നുണ്ട്‌. പിന്നെ എങ്ങനെ ലേഖകൻ എം.ടിയുടെ അക്ഷരങ്ങൾക്ക്‌ അടിമയായി? ‘കഥയിതു വാസുദേവം’ വായിക്കുമ്പോൾ ലേഖകന്റെ വായനയുടെ ഒരു സുപ്രധാന പരിണാമ ഘട്ടത്തിലാണ്‌ അദ്ദേഹം എം.ടിയിലെത്തുന്നത്‌ എന്ന്‌ വ്യക്തമാവും. മാൻഡ്രേക്കിലൂടെ, ദുർഗപ്രസാദ്‌ ഖത്രിയിലൂടെ, മോഹൻ ഡി കങ്ങഴയിലൂടെ…. എം.ടി.യിലെത്തിയപ്പോൾ എവിടെ വച്ചോ ജോൺപോൾ തന്നെത്തന്നെ കാണുകയും ആ അക്ഷരങ്ങളുടെ മാസ്‌മരികതയിൽ ലയിച്ചുപോവുകയും ചെയ്‌തു. കാലവും മഞ്ഞും നാലുകെട്ടും വായിക്കുന്നതിനുമുമ്പെ മറ്റുള്ളവർ അതിലെ എത്രയെത്ര അരിമണികളാണ്‌ ജോൺ പോൾ എന്ന കുറുകിയിരിക്കുന്ന പ്രാവിന്‌ കൊറിക്കാൻ എറിഞ്ഞുകൊടുത്തത്‌!

എം.ടി.യുടെ ജീവിതചക്രത്തിലെ വൈവിധ്യം നിറഞ്ഞ മേഖലകൾ ‘കഥയിതു വാസുദേവ’ത്തിലൂടെ ജോൺ പോൾ അനാവരണം ചെയ്യുമ്പോൾ ഒരിക്കലും അതിനൊരു പഠനഗ്രന്ഥത്തിന്റെ കാർക്കശ്യമോ കടുപ്പമോ കാണാനാവില്ല. ആദ്യകാലത്തെ എം.ടി.യുടെ കഥകളെക്കുറിച്ചും സിനിമയെക്കുറിച്ചുമാണ്‌ തുടക്കത്തിൽ ജോൺപോൾ പറയുന്നത്‌. കഥയിൽ നിന്ന്‌ സിനിമയിലേക്കുള്ള എം.ടി.യുടെ വരവ്‌ സിനിമാ പ്രേമികളെ ആഹ്ലാദിപ്പിച്ചെങ്കിലും കഥാസ്വാദകരെ പലപ്പോഴും വേദനിപ്പിച്ചു! എങ്കിലും സാഹിത്യത്തേയും സിനിമയേയും രണ്ടും രണ്ടായി കാണാൻ എം.ടി.ക്കു കഴിഞ്ഞു.

എം.ടി.യുടെ സിനിമാ ജീവിതത്തിലെ നിറപ്പകിട്ടുള്ള നിരവധി മുഹൂർത്തങ്ങൾ ഈ ഗ്രന്ഥത്തിലുണ്ട്‌. ജോൺപോൾ എന്ന സിനിമാക്കാരൻ അത്‌ മറ്റാരെക്കാളും നന്നായി നമ്മുടെ മുന്നിൽ വരച്ചുകാട്ടുന്നു. കഥാപാത്രങ്ങളേയും കഥാഗതിയേയും അസാധാരണമായ രീതിയിൽ എം.ടി എങ്ങനെ വഴിതിരിച്ചുവിട്ടുവെന്ന്‌ ജോൺപോൾ പറഞ്ഞുതരുന്നു. ഏറെ വിവാദമുയർത്തിയ പെരുന്തച്ചന്റെ കഥ നിരവധി ഉദാഹരണങ്ങളിൽ ഒന്നു മാത്രം.

സിനിമയിലേക്കു വരുമ്പോൾ ഒരു തുടക്കക്കാരനുണ്ടാകാവുന്ന രംഗഭീതി എം.ടി.ക്കുമുണ്ടായിരുന്നു എന്നാൽ അതെല്ലാം എത്രവേഗത്തിലാണ്‌ എം.ടി. മറികടന്നതെന്ന്‌ ജോൺ പോളിന്റെ വാക്കുകൾ സാക്ഷ്യപ്പെടുത്തുന്നു.

എം.ടി. സിനിമകളുടെ നല്ലൊരു വിലയിരുത്തൽ ഈ ഗ്രന്ഥത്തിന്‌ വായനാസുഖം നൽകുന്നുണ്ട്‌. സൗഹൃദത്തേക്കാൾ, സാഹിത്യത്തേക്കാൾ ഇവിടെ സിനിമയ്‌ക്കാണ്‌ മുൻതൂക്കം. നഖക്ഷതങ്ങളേയും പഞ്ചാഗ്നിയേയും വിലയിരുത്തുന്നതു വായിക്കുമ്പോൾ ജോൺ പോൾ ഇക്കാര്യത്തിൽ എത്ര സത്യസന്ധമായിട്ടാണ്‌ വസ്‌തുതകൾ ചികഞ്ഞെടുത്തിരിക്കുന്നതെന്നും അവയോട്‌ ഇടപഴകുന്നതെന്നും നമുക്ക്‌ ബോധ്യമാകും. എം.ടി.യുടെ കൃതികളേയും ജീവിതത്തേയും സിനിമകളേയും കാഴ്‌ചപ്പാടുകളേയും വ്യത്യസ്ത മീഡിയകളിലായി പലരും നമുക്കു മുന്നിലെത്തിച്ചിട്ടുണ്ട്‌. എന്നാൽ അവിടെയെങ്ങും കാണാത്ത അപൂർവ്വ നിറക്കൂട്ടുകളും രേഖാചിത്രങ്ങളും ജോൺപോൾ തന്റേതുമാത്രമായ രചനാ ഭംഗിയിലൂടെ നമുക്ക്‌ പകർന്നു തരുന്നു. നമുക്ക്‌ കാണാൻ കഴിയാത്ത വ്യത്യസ്‌തനായ ഒരു എം.ടി.യാണ്‌ കഥയിതു വാസുദേവത്തിലേത്‌ എന്നല്ല ഇത്രയും പറഞ്ഞതിന്റെ പൊരുൾ. മറിച്ച്‌ തന്റെ കണ്ടെത്തലുകൾക്കും വ്യാഖ്യാനങ്ങൾക്കും ജോൺ പോൾ വേറിട്ടൊരു കാഴ്‌ച വായനക്കാരിൽ നൽകുന്നു എന്നതാണ്‌.

എം.ടി.യെ അറിയാൻ ശ്രമിക്കുന്ന പുതിയൊരു വായനക്കാരന്‌ ഈ ഗ്രന്ഥം ഒരു മൂല്യാനുഭവം തന്നെയാണ്‌. എന്നാൽ എം.ടി.യുടെ ആരാധകരായവർക്ക്‌, എം.ടി.യെ ഒരുപാട്‌ അറിഞ്ഞവർക്ക്‌, ഒരുപാടു വായിച്ചവർക്ക്‌ അപൂർവ്വമായി ചില ഭാഗങ്ങളിൽ ആവർത്തന വിരസത അനുഭവപ്പെടാം. എന്നാൽ ഇതൊരിക്കലും ഒരു ന്യൂനതയായി കാണാനാവില്ല. കാരണം, ഓരോഗ്രന്ഥത്തിലേയും സ്‌പന്ദിക്കുന്ന ഭാഗങ്ങളാണ്‌ ജോൺപോൾ പ്രത്യേകമായി തിരഞ്ഞെടുത്തിരിക്കുന്നത്‌.

കൃതിയുടെ അവസാനഭാഗത്ത്‌ ഗ്രന്ഥകാരൻ കാഴ്‌ചസാക്ഷ്യം മാത്രമാണ്‌ തന്റെ കുറിപ്പുകൾ എന്നു വ്യക്തമാക്കുന്നുണ്ട്‌. ഇത്‌ സത്യസന്ധവും സുതാര്യവുമായ വരികളാണെന്നത്‌ നിസ്‌തർക്കമാണ്‌. സ്വന്തം പ്രവർത്തനമണ്ഡലത്തിൽ ജോൺ പോളിനു നേരിടേണ്ടിവന്ന അനുഭവങ്ങൾ, പാളിച്ചകൾ, തെറ്റിദ്ധാരണകൾ, വേദനകൾ…. ഇവയൊന്നും സ്വന്തം ക്യാമറക്കണ്ണുകളിൽ നിന്ന്‌ അദ്ദേഹം മായ്‌ക്കാനോ മറയ്‌ക്കാനോ ശ്രമിക്കുന്നില്ല. കവർ പേജിൽ പറയുന്നതു പോലെ സാഹിത്യവും സിനിമയും സൗഹൃദവും ഇതിൽ ഇഴചേർന്നു നിൽക്കുന്നു. എം.ടി.യുടെ ചിത്രങ്ങളും മനോഹരമാണ്‌.

Generated from archived content: vayanayute6.html Author: venu_warriyath

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here