ജീവിതത്തിന്റെ നേർവരകൾ

ചില പുസ്‌തകങ്ങളെക്കുറിച്ച്‌ പറയാനും എഴുതാനും ഭാഗ്യം വേണമെന്നു പറയാറുണ്ട്‌. നല്ല മനസ്സുള്ളവരെ മിത്രങ്ങളായി കിട്ടുന്നതുപോലൊരു ഭാഗ്യം അപൂർവ്വം ചിലർക്കേ ആ ഭാഗ്യം ലഭിക്കാറുള്ളു. ചില ചങ്ങാത്തങ്ങളുടെ ഫലം വൻ ദുരന്തമായിരിക്കും. ചിലത്‌ മഹാഭാഗ്യവും! ഇവിടെ നമുക്കെല്ലാം ഭാഗ്യം കൊണ്ടുതന്ന ഒരെഴുത്തുകാരിയേയും കഥാകൃത്തിനെയും ഞാൻ കാണുന്നുണ്ട്‌. നമ്മുടെയെല്ലാം വായനയുടെ വസന്തത്തിലേക്ക്‌ സ്‌നേഹവും നനുത്ത കണ്ണീരും തന്ന്‌ ഒരു പുസ്‌തകം ജനിച്ചിരിക്കുന്നു. നഖക്ഷതമേറ്റ ഓർമ്മകൾ! കഥാകൃത്തും കവിയത്രിയുമായ മാധവിക്കുട്ടിയുടെ കൊച്ചി ജീവിതകാലഘട്ടത്തിലെ ഓർമ്മകളെ ആസ്‌പദമാക്കി പ്രശസ്‌ത കഥാകൃത്തായ എം.കെ. ചന്ദ്രശേഖരൻ എഴുതിയതാണ്‌ ഈ കൃതി.

ഭൗതികശരീരം മൺമറഞ്ഞുപോയെങ്കിലും മാധവിക്കുട്ടി ഇന്നും നമ്മളിൽ ജീവിക്കുന്നുണ്ട്‌ എന്നത്‌ ഒരു സത്യം മാത്രം. അവരുടെ കൃതികൾ വായിക്കാത്തവർ പോലും അവരെ അറിയുന്നുണ്ട്‌. കാരണം, അക്ഷരങ്ങൾക്കും പുസ്‌തകങ്ങൾക്കും അപ്പുറം വർണ്ണവൈവിധ്യങ്ങൾ നിറഞ്ഞ ഒരു ലോകം അവർ ജീവിതത്തിലൂടെ നമുക്കു കാണിച്ചുതന്നു. പുകമറകൾക്കുള്ളിൽ യഥാർത്ഥ ജീവിതവും സമൂഹത്തിൽ മറ്റൊരു ജീവിതവും നയിക്കുന്ന കപടൻമാരുടെ ലോകത്ത്‌ മാധവിക്കുട്ടി എക്കാലത്തും തലയെടുപ്പോടെ വേറിട്ടുനിന്നു. ഇണക്കിയും പിണക്കിയും സ്‌നേഹിച്ചും കുറെയേറെ വെറുപ്പിച്ചും പലരും അവരുടെ ജീവിതത്തെ ചിത്രീകരിച്ചു. ഇവിടെയാണ്‌ ‘നഖക്ഷതമേറ്റ ഓർമ്മകൾ’ ഗ്രന്ഥങ്ങളുടെ മഹാസമുദ്രത്തിൽ വേറിട്ട തുള്ളിയായി നിൽക്കുന്നത്‌.

സ്വന്തം ജീവിതത്തെ അതിന്റെ പച്ചപ്പോടെ വരച്ചുകാട്ടിയതാണ്‌ മാധവിക്കുട്ടിയെ സ്‌നേഹിക്കാൻ നമ്മെയൊക്കെ പ്രേരിപ്പിച്ചത്‌. ആ ജീവിതം പോലെ സുതാര്യമായിരുന്നു അവരുടെ കഥകളും. ചില കഥകളിൽ അനുഭവങ്ങളിൽ ആത്‌മചിത്രീകരണങ്ങളിൽ മാധവിക്കുട്ടി എഴുതാൻ മറന്നുപോയ ചില വസ്‌തുതകളുണ്ട്‌. കഥാകാരിക്ക്‌ ചില അനുഭവങ്ങളിൽ ചോദ്യങ്ങൾക്ക്‌ പ്രസക്തി ഉണ്ടായിരുന്നില്ല. എന്നാൽ വായനക്കാരൻ പലപ്പോഴും സംശയങ്ങളിൽ സ്വയം സൃഷ്‌ടിച്ച ചോദ്യങ്ങളിൽ അപൂർവ്വമായിട്ടാണെങ്കിലും വഴിമുട്ടിനിന്നു. നഖക്ഷതമേറ്റ ഓർമ്മകൾ വായിക്കുമ്പോൾ കഥാകൃത്ത്‌ പലപ്പോഴും വിട്ടുപോയ ചില അനുഭവങ്ങളുടെ പൂരണങ്ങൾ നമുക്കു തരുന്നു. ചിലപ്പോൾ നാം കേട്ടതോ വായിച്ചതോ ആയ ഒരു കഥയുടെ മറുപുറമാകാം അത്‌. നല്ല ചങ്ങാതിയായി കൂടെനിന്ന നാളുകളിൽ മാധവിക്കുട്ടി എഴുതാൻ മടിച്ച ചിലതെല്ലാം കഥാകൃത്തിനോടു തുറന്നുപറയുന്നു. എഴുതാതെ പോയ അവരുടെ നെഞ്ചിലെ മുത്തുകളായിരുന്നു അവ ഓരോന്നും. സ്‌നേഹിക്കപ്പെടുമെന്ന്‌ വിശ്വസിച്ചതിന്‌ അവർ നമ്മളോടാണ്‌ മാപ്പു ചോദിക്കുന്നത്‌. ചതിച്ചവരോടല്ല. ഈ ഹൃദയനൈർമ്മല്യം ആധുനിക യുഗത്തിൽ എവിടെയാണ്‌ കാണാനാവുക?

എന്റെ കഥ എഴുതിയതിനെക്കുറിച്ച്‌ നാം വായിച്ചിട്ടുണ്ട്‌. എന്നാൽ അതച്ചടിച്ചതിനു ശേഷമുണ്ടായ സ്‌ഫോടനങ്ങളെക്കുറിച്ച്‌ ചില കേട്ടറിവുകൾ മാത്രമേയുള്ളു. നോവലിലെ മൂന്നാം അദ്ധ്യായം വിരൽ ചൂണ്ടുന്നത്‌ എന്റെ കഥയുടെ പിന്നാമ്പുറ കഥയിലേക്കാണ്‌! എഴുപതുകളിലെഴുതിയ എന്റെ കഥ ഒരു ‘കൊല്ലം വാരിക’യിലാണ്‌ അച്ചടിച്ചുവന്നത്‌. തുടർന്നുണ്ടായ അപ്രിയസത്യങ്ങൾ മാധവിക്കുട്ടിയെ ഏറെ വേദനിപ്പിച്ചു. അവരുടെ നെഞ്ചിലെ പലമുള്ളുകളിൽ ഒന്നായിരുന്നു അത്‌. കഥയിലെ വില്ലൻ മാപ്പപേക്ഷിച്ചപ്പോൾ മാപ്പു നൽകി. ഒരിക്കലും ഓർമ്മിക്കാൻ ഇഷ്‌ടപ്പെടാത്ത ഒരു ഓർമ്മയായിരുന്നെങ്കിലും വില്ലൻ മരിച്ചിട്ടും ഓർമ്മകൾ നൊമ്പരപ്പെടുത്തിക്കൊണ്ടേയിരുന്നു.

കഥകളുടെ മാത്രമല്ല നിത്യജീവിതത്തിൽ അനുഭവിച്ചുപോയ നൂറുനൂറ്‌ സംഭവങ്ങളുടെ ചിട്ടയായ അവതരണമാണ്‌ ഈ കൃതിയിലൂടെ നോവലിസ്‌റ്റ്‌ അനാവരണം ചെയ്യുന്നത്‌. അത്‌ കഴിവതും സത്യസന്ധമായി അവതരിപ്പിച്ചിരിക്കുന്നു. ടിയാനെക്കുറിച്ചു പറയുമ്പോഴും പ്രണയത്തെക്കുറിച്ചു പറയുമ്പോഴും ഈ സത്യസന്ധത നമുക്ക്‌ ദർശിക്കാനാവും. ആത്‌മകഥ നോവലായതിനാൽ നിത്യജീവിതത്തിലെ ചുഴികളും മലരികളും ഇതിൽ നിറഞ്ഞുനിൽക്കുന്നു. മനുഷ്യന്റെ സ്വാർത്ഥതയുടെയും സ്വന്തമാക്കലുകളുടെയും എത്രയോ അനുഭവങ്ങൾ മറ്റുള്ളവരുടെ വേദനകൾ വീഞ്ഞാക്കി നുകരുന്നവരും ധാരാളം. ഇത്തരക്കാരെ നോവലിൽ പലയിടത്തും നമുക്കു നേർക്കുനേർ കാണാം. അവരുടെ പേരുകൾ ഒഴിവാക്കിയതിനാൽ മുഖങ്ങൾ പടർന്നിരിക്കുന്നു എന്നു മാത്രം. എന്നാൽ ഒരു സൂക്ഷ്‌മദർശിനിയിലൂടെ അധികം ബദ്ധപ്പാടില്ലാതെ തന്നെ ഇവരെ നമുക്കു കാണാനാകും.

ചില ഭാഗങ്ങൾ വായിച്ചപ്പോൾ മാധവിക്കുട്ടിക്ക്‌ നേരെയുണ്ടായ ചില ആക്രമണങ്ങൾ കഥാകൃത്തിനു നേരെയും ഉണ്ടാകില്ലേ എന്നു സംശയം തോന്നി. കാരണം പുകമറയ്‌ക്കുള്ളിലുള്ളവർ ശക്തരും നോവലിസ്‌റ്റിനെ തിരിച്ചറിയുന്നവരുമാണ്‌!

ഹൃദയത്തെ തൊട്ടുപോകുന്നവയാണ്‌ മാധവിക്കുട്ടിയുടെ അക്ഷരങ്ങൾ. മാധവിക്കുട്ടി, ചന്ദ്രശേഖരൻ എന്ന നോവലിസ്‌റ്റിലൂടെ അവതരിപ്പിക്കുമ്പോൾ അനുഭവ തീവ്രത ഏറെയാണ്‌. വിഷയത്തിന്റെ പ്രത്യേകത കൊണ്ടാവാം ചിലപ്പോഴെല്ലാം ലാളിത്യം കുറേശ്ശെ ചോർന്നുപോയിട്ടുമുണ്ട്‌.

അതെന്തായാലും ഒരു കാലഘട്ടത്തിന്റെയും ഒരെഴുത്തുകാരിയുടെയും മങ്ങലേൽക്കാത്ത നേർവരയാണ്‌ ഈ പുസ്‌തകം എന്നു പറയാം. മാധവിക്കുട്ടിയുടെ മരണശേഷം പുറത്തിറങ്ങിയ ഗ്രന്ഥത്തിന്റെ പ്രസാധകർ എച്ച്‌ ആന്റ്‌ സി ബുക്‌സ്‌ ആണ്‌.

(കടപ്പാട്‌ – കലാകൗമുദി)

Generated from archived content: vayanayute27.html Author: venu_warriyath

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English