കാടുകാണാൻ വന്ന പെൺകുട്ടി

ഇത്‌ കാടു കാണാൻ പോയ ഒരു പെൺകുട്ടിയുടെ കഥയാണ്‌ – സംഭവകഥ. ഇതൊരുസാധാരണ പെൺകുട്ടിയല്ല! ഒരു പക്ഷെ, നിങ്ങൾ കണ്ടിട്ടുള്ള, ഒരിക്കലും നിങ്ങളെ കാണാത്ത ഒരു പെൺകുട്ടി!

2007 ജനുവരി

ഇതൊരു വനയാത്രയുടെ നനുത്തതും പൊള്ളുന്നതുമായ അനുഭവമാണ്‌. സഹയാത്രികാരായിവന്നത്‌ അഞ്ചോളം കോളജുകളിലേയും എറണാകുളം ഗേൾസ്‌ സ്‌കൂളിലേയും പെൺകുട്ടികൾ. അവരിൽ നിന്ന്‌ എനിക്കൊരു അനിയത്തിയെ, മകളെ, ചങ്ങാതിയെ കിട്ടി – ഫ്ലെമിൻ ഗ്രേഷ്യസ്‌. അവൾ വനയാത്രയ്‌ക്ക്‌ ഞങ്ങളോടൊപ്പം വന്നത്‌ കാടുകാണാനല്ല, കണ്ണ്‌ ഒഴികെയുള്ള ഇന്ദ്രിയങ്ങളിലൂടെ കാട്‌ അനുഭവിക്കാനാണ്‌. അതെ ഫ്ലെമിൻ കാഴ്‌ചനഷ്‌ടപ്പെട്ട കുട്ടിയായിരുന്നു. മൂന്നരവയസ്സിൽ വർണക്കാഴ്‌ചകളിൽ നിന്ന്‌ പ്രകൃതി അവളുടെ കണ്ണുകൾ പൊത്തിപ്പിടിച്ചു.

വനം വകുപ്പും കൊച്ചിൻ സൗത്ത്‌ റോട്ടറി ക്ലബും തിരുവാങ്കുളത്തെ മഹാത്മാ മാതൃഭൂമി സ്‌റ്റഡിസർക്കിളും ചേർന്നാണ്‌ പ്രകൃതി പഠനക്യാമ്പ്‌ സംഘടിപ്പിച്ചത്‌. പരസ്‌പരം അറിയാത്ത നാല്‌പതതോളം കുട്ടികൾ! ക്യാമ്പിന്റെ തലേന്നു രാത്രി അപരിചിതമായ ഒരു ശബ്‌ദം ടെലിഫോണിലൂടെ എന്നെ തേടിയെത്തി. ഫ്ലെമിന്റെ അമ്മയായിരുന്നു അങ്ങേത്തലയ്‌ക്കൽ തന്റെ മകളെകൂടി തേക്കടിയിൽ നടക്കുന്ന ക്യാമ്പിൽ പങ്കെടുപ്പിക്കണമെന്ന്‌ അവർ അപേക്ഷിച്ചു. ഒപ്പം അവർ ഇത്ര കൂടിപറഞ്ഞു. “പക്ഷേ, സാറേ…………… എന്റെ മകൾക്കു കാഴ്‌ചയില്ല. എന്നു കരുതി അവളെ ഒഴിവാക്കരുത്‌. അവൾ നല്ല കോപ്പറേറ്റീവാ സാറേ….. നിങ്ങൾക്ക്‌ ഒരിക്കലും അവൾ ബുദ്ധിമുട്ടാവില്ല…”

ഞാൻ ഒരു നിമിഷം ചിന്തയിലാണ്ടു. ഒരമ്മയുടെ വാത്സല്യവും സ്‌നേഹവും നിസ്സഹായതയും ആ വാക്കുകളിലുണ്ട്‌. “ഫ്ലെമിൻ വന്നോട്ടെ…. കൂടെ അവളുടെ നല്ലൊരു കൂട്ടുകാരി കൂടിവേണം.”! ഞാൻ പറഞ്ഞു. അങ്ങനെ ഫ്ലെമിന്‌ കാടിനകത്തെ ക്യാമ്പിലേക്കുള്ള കവാടം തുറന്നുകിട്ടി.

തിരുവാകുളത്തെ രഞ്ഞ്‌ജിത്‌, മാതൃഭൂമിയിൽ ഇപ്പോൾ സീഡിന്റെ പ്രവർത്തനവുമായി സഹകരിക്കുന്ന വിനോദ്‌…. ഞങ്ങൾ മൂന്നുപേരെ ഗൈഡായിട്ടുള്ളു.

യാത്രക്കിടയിൽ എല്ലാവരേയും പരിചയപ്പെട്ടു. ഫ്ലെമിന്‌ ഒരു കൂട്ടുകാരിയുണ്ടായിരുന്നു – സൂര്യ! പേരുപോലെ ഫ്ലെമിന്റെ അകക്കണ്ണിലെ കാഴ്‌ചയായിരുന്നു അവൾ. അവർ ബസ്സിൽ അടുത്തടുത്തിരുന്നു. കണ്ടപ്പോഴേ (?) ഫ്ലെമിൻ എന്നോട്‌ താങ്ക്‌സ്‌ പറഞ്ഞു.

“സാർ, ഒത്തിരി സന്തോഷവും നന്ദിയുമുണ്ട്‌…… അവൾ പറഞ്ഞു. ഞാൻ അവളുടെ കണ്ണുകളിലേക്കു നോക്കി. എന്തോ പറയാൻ വെമ്പുന്ന കണ്ണുകൾ അവളോട്‌ കുറെ വിശേഷങ്ങൾ ചോദിച്ചു. എപ്പോഴും നിറഞ്ഞ സന്തോഷത്തോടെയായിരുന്നു മറുപടി. കാഴ്‌ചയില്ലായ്‌മയുടെ വ്യാകുലതകൾ അവളെ അലട്ടുന്നില്ലെന്നു തോന്നി.

അടിമാലിക്ക്‌ ഇപ്പുറത്ത്‌ ചീയപ്പാറ വെള്ളച്ചാട്ടം. ബസ്‌ വെള്ളച്ചാട്ടം എത്തുന്നതിന്‌ രണ്ടുകിലോമീറ്റർ മുമ്പ്‌ നിർത്തി. ഞങ്ങൾ കുട്ടികളോട്‌ കണ്ണടച്ചിരിക്കാനും പ്രകൃതിയെ ശ്രദ്ധിക്കാനും പറഞ്ഞു. ഒരു മിനിറ്റ്‌ പൂർണ നിശ്ശബ്‌ദതയ്‌ക്കുശേഷം എന്താണ്‌ കേട്ടത്‌ എന്ന്‌ ഞങ്ങൾ കുട്ടികളോട്‌ ചോദിച്ചു. കിളിയുടെ കരച്ചിൽ….. ബസ്സിന്റെ ഇരമ്പൽ….. കാറിന്റെ ഹോൺ….. വ്യത്യസ്‌തമായിരുന്നു ഉത്തരങ്ങൾ. ഫ്ലെമിൻ, നീ എന്തു കേട്ടു.?

സാർ, അടുത്തെവിടെയോ ഒരു വെള്ളചാട്ടമുണ്ട്‌! അവൾ പറഞ്ഞു. ആരും കേൾക്കാത്തത്‌ ഫ്ലെമിൻ കേട്ടിരിക്കുന്നു.

വൈകാതെ ബസ്‌ വെള്ളച്ചാട്ടത്തിനടുത്തെത്തി. കുട്ടികളെല്ലാം വണ്ടിയിൽ നിന്നിറങ്ങി. സൂര്യയുടെ കൈപിടിച്ച്‌ ഫ്ലെമിനും! വെള്ളച്ചാട്ടം കണ്ട ആഹ്ലാദത്തിലായിരുന്നു എല്ലാവരും…. കാലുനനയ്‌ക്കാനും ഫോട്ടോ എടുക്കാനും വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം നുകരാനും പലരും പലവഴിയെപോയി. ഒപ്പം ഫ്ലെമിന്റെ അനുവാദം വാങ്ങി സൂര്യയും താഴോട്ടിറങ്ങി. പ്രകൃതിയും ഇരമ്പം കേട്ട്‌, ചങ്ങാതിമാരുടെ ഹർഷാരവങ്ങൾ കേട്ട്‌ ഒരുവട്ടം ചെറുപുഞ്ചിരിയോടെ ഫ്ലെമിൻ തനിച്ച്‌ അല്‌പം മുകളിൽ. ഞാൻ അടുത്തു നിൽക്കുന്നത്‌ അവൾ അറിഞ്ഞില്ല.

”വെള്ളത്തിൽ കൈതൊടാൻ നീ പോകുന്നില്ലേ“? ഞാൻ ചോദിച്ചു. ”സർ, ഇതൊന്നും കാണാൻ എനിക്കു പറ്റുന്നില്ലല്ലോ! ഇതായിരുന്നു മറുപടി. അവളുടെ കണ്ണുകൾ നനഞ്ഞിട്ടുണ്ടോ? ആ മുഖത്ത്‌ നിറഞ്ഞു നിന്ന സന്തോഷത്തിനപ്പുറത്ത്‌ ചെറിയൊരു കാർമേഘം. എന്റെ കണ്ണു നിറഞ്ഞു പോയി. ഞാനവളുടെ കൈപിടിച്ച്‌ മെല്ലെതാഴോട്ടിറങ്ങി. “നിനക്ക്‌ വെള്ളച്ചാട്ടം കാണാൻ കഴിയില്ലെന്നതു ശരി. പക്ഷേ, ഇതനുഭവിക്കാം. ആനന്ദിക്കാം…..” ഞാൻ പറഞ്ഞു.

അലച്ചുതല്ലി വീഴുന്ന വെള്ളപ്പാളികളിലേക്ക്‌ ഞാനാ കൈകൾ നീട്ടിപ്പിടിച്ചു. ജലകണികകൾ ഞങ്ങളെ കുറേശ്ശെയായി നനച്ചു. അവളുടെ മുഖത്ത്‌ ആയിരം സൂര്യന്മാർ ഉദിച്ച പ്രകാശം….. ആ കണ്ണുകൾ പോലും നക്ഷത്രങ്ങൾ പോലെ തിളങ്ങി.

“എനിക്കൊരുപാടു സന്തോഷമുണ്ട്‌. ആദ്യമായിട്ടാ ഞാനിങ്ങനെ….. വാക്കുകൾ വിതുമ്പി……. അവൾ പറഞ്ഞു. ” ഞാൻ എറണാകുളം വിട്ട്‌ എങ്ങും പോയിട്ടില്ല…. ഇത്‌ വിശ്വസിക്കാൻ പറ്റുന്നില്ല സാർ…. വിനോദും സൂര്യയും രഞ്ഞ്‌ജിത്തും ആ സന്തോഷം പങ്കുകൊണ്ടു മറ്റാരും ഇതൊന്നും അറിയുന്നേയില്ലായിരുന്നു.

* * *

സന്ധ്യയോടെ ഞങ്ങൾ തേക്കടിയിലെ ക്യാമ്പ്‌ സെറ്റിലെത്തി. വഴിയിൽ കൊച്ചുകൊച്ചു ക്ലാസുകൾ…. പരിസ്‌ഥിതിയെക്കുറിച്ച്‌ ചിതറിയ ചിന്തകൾ…. രഞ്ഞ്‌ജിത്തും വിനോദും നർമം ചാലിച്ച കഥകൾ പറയാനും മറന്നില്ല. ക്യാമ്പ്‌ ഉദ്‌ഘാടനം കഴിഞ്ഞ്‌ ക്ലാസ്‌…….. പിന്നെ പരിചയപ്പെടുത്തൽ…..എല്ലാം കഴിഞ്ഞപ്പോഴേക്കും പന്ത്രണ്ടു മണിയായി.

പിറ്റേന്നു രാവിലെ ട്രക്കിംഗ്‌…. ഫ്ലെമിൻ ത്രില്ലിലായിരുന്നു. ‘ സർ എന്നോടൊപ്പം വേണം….. സൂര്യയുണ്ട്‌ എന്നാലും….! അവൾ പറഞ്ഞു ഞാൻ ഇതൊക്കെ നേരത്തെ തീരുമാനിച്ചതായിരുന്നു. വനപാലകരോടൊപ്പം രാവിലെ എട്ടിനുതന്നെ ട്രക്കിംഗ്‌ തുടങ്ങി.

“പത്തു പന്ത്രണ്ടു കിലോമീറ്റർ നടക്കണം…. സൂക്ഷിക്കണം…. കൂട്ടം തെറ്റിയോ. ഒറ്റയ്‌ക്കോ പോകരുത്‌….. ഞങ്ങൾ നിർദേശങ്ങൾ നല്‌കി. പലർക്കും ആദ്യത്തെ ട്രക്കിംഗ്‌ ആയിരുന്നു. ട്രക്കിൽ കയറി കാടുകാണുന്നതാണ്‌ ട്രക്കിംഗ്‌ എന്നുകരുതിയവരുമുണ്ട്‌.

കളിയും ചിരിയും കാടിനെ അറിഞ്ഞുമുള്ള യാത്ര. മരങ്ങളെക്കുറിച്ചും മൃഗങ്ങളെക്കുറിച്ചുമൊക്കെ ഗൈഡ്‌പറഞ്ഞുകൊണ്ടേയിരുന്നു. എന്റെ കൈപിടിച്ച്‌ ഫ്ലെമിൻ…. ഞാൻ ഒത്തിരി കഥകൾ അവൾക്കു പറഞ്ഞു കൊടുത്തു. ധൃതരാഷ്‌ട്രർക്ക്‌ കുരുക്ഷേത്ര യുദ്ധം വർണിച്ചുകൊടുത്ത സഞ്ഞ്‌ജയന്റെ റോൾ ആയിരുന്നു എനിക്ക്‌…. പ്രകൃതി….. സ്‌നേഹം….. പോസിറ്റീവ്‌ തിങ്കിംഗ്‌…. പഠനം…. ഈശ്വരവിശ്വാസം…. സാഹിത്യം തുടങ്ങി പലതും സംസാരിച്ചു. ഫ്ലെമിൻ ഒത്തിരി സന്തോഷത്തിലായിരുന്നു.

ട്രക്കിംഗ്‌ കുറച്ച്‌ കഠിനമായിരുന്നു. എങ്കിലും അവൾ തളർന്നില്ല. ദൂരത്തെകുറിച്ചോ, പ്രതിബന്ധങ്ങളെക്കുറിച്ചോ ഒന്നും ചോദിച്ചില്ല. നിരപ്പായ വഴിയിലെത്തിയപ്പോൾ ഫ്ലെമിനെ സൂര്യയെ ഏല്‌പിച്ച്‌ ഞാൻ തൽക്കാലത്തേക്ക്‌ പിൻവാങ്ങി. പിന്നെ അരമണിക്കൂർ കഴിഞ്ഞാണ്‌ ഫ്ലെമിനെ കണ്ടത്‌. അപ്പോഴേക്കും സമയം മൂന്നുമണിയോടടുത്തിരുന്നു. എല്ലാവർക്കും നല്ലവിശപ്പ്‌….. പലരും തളർന്നവശരായി. ഞാൻ ഫ്ലെമിന്റെ അടുത്തെത്തി. അവർ കരയുകയായിരുന്നു. കനത്ത മുഖം…. ആകെതകർന്നതുപോലെ!

”എന്തുപറ്റി?“ ഞാൻ ചോദിച്ചു. ’ഒന്നുമില്ലെന്നായിരുന്നു ഉത്തരം. ഒരുപാടു നിർബന്ധിച്ചിട്ടും അവൾ കണ്ണീരിന്റെ കാരണം പറഞ്ഞില്ല. ഒടുവിൽ സന്ധ്യയായപ്പോൾ അവളെ ഒറ്റക്ക്‌ വിളിച്ച്‌ ഞാൻ വീണ്ടും പറഞ്ഞു. ”നിന്നെ കരയിക്കാൻ ഞങ്ങളാരും ഒന്നും ചെയ്‌തില്ലല്ലോ…. പിന്നെയെന്താ? ഇവിടെ നിന്റെ സന്തോഷമാണ്‌ ഞങ്ങൾക്കെല്ലാം വലുത്‌…… ഒടുവിൽ അവൾ മടിച്ചുമടിച്ച്‌ കാര്യം പറഞ്ഞു.

കാഴ്‌ചയില്ലാത്ത ഫ്ലെമിനെ കൊണ്ടുവന്നത്‌ ശരിയായില്ലെന്ന്‌ കുറെ കുട്ടികൾ പറഞ്ഞുപോലും…… ട്രക്കിംഗ്‌ വൈകാൻ കാരണം അവളാണത്രെ! ഒരു കുട്ടികാരണം, നമ്മൾ നാല്‌പതുപേർ പട്ടിണികിടക്കേണ്ടിവന്നു! ചങ്ങാതിമാരിൽ ആരുടേയോ അനവസരത്തിലുള്ള വാക്കുകൾ….. അത്‌ ഫ്ലെമിൻ കേട്ടു. അവളുടെ മനസ്സുമുറിഞ്ഞു. കാട്‌ നൽകിയ സന്തോഷത്തിന്റെ, ശുദ്ധവായുവും കുളിരും അത്‌ നഷ്‌ടമായി. ചിലരുടെ വാക്കുകൾ അവളെ ദുഃഖത്തിലാഴ്‌ത്തി. എന്നിട്ടും അവൾക്കാരോടും പകയില്ലായിരുന്നു. സ്‌നേഹം മാത്രമായിരുന്നു മനസ്സിൽ.

അന്നുരാത്രി ക്യാമ്പിന്റെ അഹ്ലാദം തല്ലിക്കെടുത്തിയ കുട്ടികളെ ഞങ്ങൾപരസ്യമായി ശാസിച്ചു. ഒടുവിൽ അവർ പശ്ചാത്തപിച്ചു. അന്ന്‌ തേക്കടിയിലെ ഡി.എഫ്‌.ഒ. പത്മാ മൊഹന്തിയായിരുന്നു. ഫ്ലമിനെ അവർ ക്യാമ്പ്‌ ഓഫീസിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി. അവൾക്ക്‌ എന്തോ സമ്മാനം നൽകി. ഒപ്പം അവളെ ക്യാമ്പിനു കൊണ്ടുവന്ന ഞങ്ങളെ അനുമോദിക്കാനും അവർ മറന്നില്ല.

മൂന്നാം ദിവസം ക്യാമ്പു കഴിഞ്ഞപ്പോഴേയ്‌ക്കും ഫ്ലെമിൻ എല്ലാവരുടേയും ചങ്ങാതിയായിമാറിക്കഴിഞ്ഞിരുന്നു. കഥപറയാനും പാടാനും അവൾ ഞങ്ങളോടൊപ്പം കൂടി. പിന്നീടാണ്‌ ആ പ്രതിഭയെപ്പറ്റി ഞാൻ കൂടുതലറിഞ്ഞത്‌. വല്ലാർപാടം പള്ളിയിലെ സ്‌ഥിരം ഗായിക. സ്‌കൂൾ കലോത്സവത്തിൽ അവൾക്കു കിട്ടിയ സമ്മാനങ്ങൾ എണ്ണിയാൽ തീരില്ല. കാളിദാസന്റെ കഥ പറഞ്ഞ്‌ സമ്മാനം വാങ്ങിയ സ്‌കൂൾ പ്രതിഭ. പിരിയുംമുമ്പെ, ക്രിസ്‌മസിന്‌ വീട്ടിൽ വരാമെന്ന്‌ ഫ്ലമിന്‌ ഞാൻ വാക്കുകൊടുത്തിരുന്നു. ആ വാക്ക്‌ ഞാൻ പാലിച്ചു. ഒരു കൊച്ചുകേക്കുമായി ഞാൻ ഭാര്യയേയും മക്കളേയും കൂട്ടി വല്ലാർപാടത്തുള്ള ഫ്ലെമിന്റെ വീട്ടിലെത്തി. അവളുടെ മമ്മി, പപ്പ, അനിയത്തി എല്ലാവരും ഞങ്ങളെ സ്‌നേഹത്തോടെ സ്വീകരിച്ചു. അവർ ഇത്ര സന്തോഷിച്ച ദിവസങ്ങൾ കുറവായിരിക്കുമെന്നു തോന്നി. ഞങ്ങളെ പള്ളിയിൽ കൊണ്ടുപോയി ഫാദറെ പരിചയപ്പെടുത്താനും അവൾ കൂടെപ്പോന്നു.

“അവൾക്ക്‌ ക്യാമ്പ്‌ നന്നായി ഇഷ്‌ടപ്പെട്ടു. ഞാനവളെ നലുവയസ്സുമുതൽ കാണുന്നതാ. ഇത്ര ഹാപ്പിയായി കണ്ടിട്ടില്ല.” ഫാദർ പറഞ്ഞു. അദ്ദേഹം ഞങ്ങൾക്ക്‌ വീഞ്ഞും കേക്കും തന്നു.

* * *

അക്കൊല്ലം പരീക്ഷക്ക്‌ ഫ്ലമിനുവേണ്ടി എഴുതാൻ പോയത്‌ അവളുടെ മമ്മിയായിരുന്നു. ‘മറക്കാനാവാത്ത യാത്ര’യായിരുന്നു ഒരു ലേഖനം! ഫ്ലെമിന്‌ എഴുതാൻ രണ്ടാമതൊന്ന്‌ ആലോചിക്കേണ്ടി വന്നില്ല. അതെ ഞങ്ങളുടെ തേക്കടിയാത്ര? എല്ലാ ശക്തിയും എല്ലാ അനുഭവവും അവർ മമ്മിയുടെ അക്ഷരങ്ങളിലൂടെ കടലാസിലേക്കു പകർന്നപ്പോൾ മമ്മിയുടെ കണ്ണുനിറഞ്ഞു. ഫ്ലെമിൻ അതറിഞ്ഞില്ല. മമ്മികരയുന്നതിന്റെ കാരണം എക്‌സാമിനർ തിരക്കിയപ്പോൾ ഫ്ലെമിനും അതുകേട്ടു. മകൾ ടെൻഷനടിക്കാതിരിക്കാൻ അവർ നന്നേപാടുപെട്ടു.

“മമ്മി എന്തിനാ കരയുന്നത്‌? അവൾ ചോദിച്ചു.

”ഒന്നുമില്ല എന്റെ മകൾ ആ യാത്ര എത്രയേറെ ആനന്ദിച്ചുവെന്ന്‌ ഞാൻ ശരിക്കും അറിഞ്ഞത്‌ ഇപ്പോഴാ….. ആ സന്തോഷംകൊണ്ട്‌ കണ്ണുനിറഞ്ഞതാ….. മമ്മിയുടെ ശബ്‌ദം ഇടറി. എക്‌സാമിനർ വല്ലാതെ അപ്‌സെറ്റായി. ആ ചോദ്യം വേണ്ടായിരുന്നു എന്നവർക്കുതോന്നി. അന്നുരാത്രി മമ്മി എന്നെ വിളിച്ച്‌ എല്ലാം പറഞ്ഞു. ഒരു നല്ല കാര്യം ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷം തോന്നി.

* * *

കഴിഞ്ഞവർഷം മറ്റൊരു ക്യാമ്പു സംഘവുമായി തട്ടേക്കോടിനുപോയപ്പോൾ ഫ്ലെമിന്റെ, കഥ മറ്റുകുട്ടികളോടായി പറഞ്ഞു. ഭൂതത്താൻ കെട്ടിലെ മണ്ഡപത്തിൽ വച്ച്‌ ഞാനീ കഥപറയുമ്പോൾ എല്ലാവരും ശ്വാസമടക്കി കേട്ടിരുന്നു. ഇടയ്‌ക്ക്‌ ഒരാൾ എഴുന്നേറ്റു – ഹൈസ്‌കൂളിലെ ഒരു ടീച്ചർ!“ സാർ, സാറിന്റെ കഥയിലെ എക്‌സാമിനർ ഞാനാണ്‌. ഞങ്ങൾക്കെല്ലാം ഫ്ലെമിനെ ജീവനാ….”

2010 – ഫെബ്രുവരി

ഇപ്പോഴും ഫ്ലെമിൻ വിളിക്കാറുണ്ട്‌. ഇന്നലെയും അവൾ വിളിച്ചു രണ്ടാഴ്‌ച മുമ്പ്‌ മുൻരാഷ്‌ട്രപതി അബ്‌ദുൾകലാമിനെ കാണാൻ പോയ കാര്യം പറയാൻ…. ഒപ്പം പരീക്ഷയ്‌ക്ക്‌ വേണ്ടി പ്രാർത്ഥിക്കാൻ പറയാൻ….. എറണാകുളം മഹാരാജാസ്‌ കോളജിൽ ഞാൻ പഠിച്ചിറങ്ങി ഇരുപത്തെട്ടുവർഷത്തിനു ശേഷം എനിക്കൊരു ചങ്ങാതി. ഞാൻ സംസ്‌കൃതം എം.എ.യ്‌ക്കായിരുന്നെങ്കിൽ അവൾ ലിറ്ററേച്ചർ ബി.എ.ക്ക്‌.

ഫ്ലെമിനെക്കുറിച്ച്‌ ഒരുപാടു പറയാനുണ്ട്‌. പറഞ്ഞാൻ തീരാത്തത്ര കഥകൾ…. ഞങ്ങൾക്കറിയാം, അകക്കണ്ണുകൊണ്ട്‌ നീ ഞങ്ങളെയൊക്കെ കാണുന്നു. ഞങ്ങളുടെ യാത്രകളിൽ എന്നും നീയുണ്ടാകും….; ഞങ്ങളുടെ പ്രാർത്ഥനകളിലും.

Generated from archived content: essay1_mar17_10.html Author: venu_warriyath

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English