ബ്രഹ്‌മപുത്രയിലെ വീട്‌

യാത്രകൾ അറിവും ആനന്ദവുമാണ്‌. മലയാളികൾ ഏറെ കേട്ടിട്ടില്ലാത്ത അസ്സമിനെപ്പറ്റി ഒരു പുസ്‌തകം വായിക്കാൻ കിട്ടിയപ്പോൾ ആദ്യം നിസ്സംഗതയോടെയാണിതിനെ സ്വീകരിച്ചത്‌. യാത്രാവിവരണങ്ങൾക്ക്‌ കഥകളെപ്പോലെ, നോവലുകളെപ്പോലെ വായനക്കാർ കൂടി കൂടി വരുന്നു.! സഞ്ചാരം ഇഷ്‌ടപ്പെടുന്നവരിൽ പലരും പലകാരണങ്ങളാൽ സഞ്ചാരിയാകാൻ കഴിയാതെ തളച്ചിടപ്പെടുമ്പോൾ യാത്രാഗ്രന്ഥങ്ങൾ അവന്‌ ആനന്ദമേകുന്നു. ഒരാൾ (ഇവിടെ ഒരുവൾ) കണ്ടുനടവഴികളെക്കുറിച്ച്‌ നാം വായിച്ച്‌ യാത്രചെയ്യുമ്പോൾ അവരുടെ ഇഷ്‌ടം കുറെ നമ്മുടെ ഇഷ്‌ടം കൂടിയാവുന്നു. അവരുടെ അനുഭവം നമ്മുടെ അനുഭവം കൂടിയാവുന്നു.

പറഞ്ഞുവരുന്നത്‌ കെ.എ.ബീന രചിച്ച ബ്രഹ്‌മപുത്രയിലെ വീട്‌ എന്ന യാത്രാവിവരണത്തെക്കുറിച്ചാണ്‌. ചെറുപ്പം മുതലേ ഏറെ യാത്ര ചെയ്യാൻ കൊതിച്ച ഒരു യാത്രക്കാരി. പക്ഷേ, പലയാത്രകളും സഫലമാകാതിരുന്നപ്പോൾ അവർ ദുഃഖിച്ചിരിക്കണം.

“അവസരമൊത്തു കിട്ടുമ്പോഴൊക്കെ നാടു കാണാനിറങ്ങിത്തിരിക്കുന്ന എന്റെ സുഹൃത്തുക്കളോട്‌ അടക്കാനാവാത്ത അസൂയ തോന്നിയിട്ടുണ്ട്‌.”…..ബീനയുടെ വാക്കുകൾ…

കണ്ണും മനസ്സും തുറന്നുള്ള ഒരു യാത്രയുടെ യഥാർത്ഥ ചിത്രങ്ങൾ ബ്രഹ്‌മപുത്രയിലെ വീട്ടിൽ കാണാം. ആദ്യത്തെ ഏതാനും അധ്യായങ്ങൾ ഗാർഹിക അനുഭവങ്ങളും ജീവിച്ച ചുറ്റുപാടുകളും മനുഷ്യരുമൊക്കെയാണ്‌. അവരെക്കുറിച്ചൊക്കെ പറയുമ്പോൾ കഥാപാത്രങ്ങൾ നമ്മുടെ മുന്നിൽ വന്നു നിൽക്കുന്നതുപോലെ നമുക്കു തോന്നും. ചില അധ്യായങ്ങൾ കഥ വായിക്കുന്നതുപോലെ രസിച്ചു വായിക്കാം. ചിലതാകട്ടെ കൗതുകങ്ങളുടെ നാളുകളാണ്‌. ഗുവാഹത്തി എന്ന പേര്‌ എത്രയോതവണ നാം കേട്ടിരിക്കുന്നു. അടയ്‌ക്കച്ചന്ത എന്നാണ്‌ ഈ വാക്കിന്റെ അർത്ഥമെന്ന്‌ പക്ഷേ, നാമാരും കേട്ടിട്ടില്ല. അസ്സംകാർക്ക്‌ നമുക്ക്‌ തെങ്ങ്‌ പോലെയാണ്‌ കവുങ്ങ്‌.

ബ്രഹ്‌മപുത്രയുടെ ഹൃദയത്തെ തൊട്ടറിഞ്ഞ്‌ കടന്നുപോകുമ്പോൾ ബീന എന്ന സഞ്ചാരി ഒന്നും മറക്കുന്നോ മറയ്‌ക്കുന്നോ ഇല്ല. അസ്സമിലെ പെന്തുപ്പൊക്കത്തെപ്പറ്റി പറയുമ്പോൾ നമ്മുടെ വീടും കുത്തൊഴുക്കിൽപ്പെട്ട്‌ കഷ്‌ടപ്പെടുന്നതുപോലെ തോന്നും. ഈ അനുഭവം തരാൻ കഴിഞ്ഞതാണ്‌ ഈ കൃതിയുടെ വിജയം. ഒരു നാടിന്റെ ഹൃദയമിടിപ്പുകളറിയാൻ വഴിയിലൂടെ നടക്കുമ്പോൾ ഉണ്ടാകുന്ന വെറും കാഴ്‌ചകൾക്കാവില്ല. കാരണം, പ്രകൃതിയും മനുഷ്യരും മാറ്റങ്ങൾക്ക്‌ വശംവദരാകുന്നു. വേനലിലും വർഷത്തിലും ബ്രഹ്‌മപുത്രയ്‌ക്ക്‌ രണ്ട്‌ മുഖമാണ്‌. മൺസൂണിൽ സംഹാരരുദ്രയെപ്പോലെ ആഞ്ഞടിക്കുന്ന ബ്രഹ്‌മപുത്രയെ ഭയക്കാത്തവർ ഇല്ലതന്നെ!

ബീനയുടെ അനുഭവം മറ്റുള്ളവരിൽ നിന്ന്‌ വ്യത്യസ്‌തമാക്കുന്നത്‌ ഏറെ നാളത്തെ അസ്സമിലെ അവരുടെ ജീവിതമാണ്‌. അസ്സമിനെക്കുറിച്ചെഴുതിയപ്പോൾ അവർ അസ്സംകാരിയായി, ബിഹു ആഘോഷിക്കുകയും ബിഹു പലഹാരങ്ങൾ ഉണ്ടാക്കുകയും ചെയ്‌തു. ബിഹു പലഹാരങ്ങളെക്കുറിച്ച്‌ (പിക്കകൾ) എഴുതുമ്പോൾ ഒരു വീട്ടമ്മയുടെ ആത്മാർത്ഥത അക്ഷരങ്ങളിൽ പ്രകാശിക്കുന്നുമുണ്ട്‌.

ബിഹുമാത്രമല്ല, അസ്സമിലെ മറ്റാഘോഷങ്ങളെക്കുറിച്ചും ‘ബ്രഹ്‌മപുത്രയിലെ വീടി’ൽ പറയുന്നുണ്ട്‌. നമ്മുടേതിൽ നിന്ന്‌ വ്യത്യസ്‌തമായ നവരാത്രിയാഘോഷമാണ്‌ അസ്സമികളുടേത്‌. സെപ്‌തംബർ മുതൽ മൂന്നു മാസക്കാലം അസ്സമിലെ പ്രകൃതി ഏറെ അനുയോജ്യമാണ്‌. പൂജകളുടെ കാലമാണിത്‌.

കാവാഖ്യയെക്കുറിച്ച്‌ വിശദമായിത്തന്നെ ലേഖിക എഴുതിയിട്ടുണ്ട്‌. യാഥാർത്ഥ്യവും സങ്കല്‌പവും ഇഴചേർന്നു നിൽക്കുന്ന കാവാഖ്യ. ദേവി ഋതുമതിയാവുന്ന ജൂൺമാസത്തിലെ അമ്പുഗച്ചി ഉത്സവം.

പുറം കാഴ്‌ചകൾക്കപ്പുറത്ത്‌ അസ്സമികളുടെ സംസ്‌കാരിക കാഴ്‌ച്ചപ്പാടുകളെക്കുറിച്ചും ബ്രഹ്‌മപുത്രയിലെ വീട്ടിൽ പരാമർശങ്ങളുണ്ട്‌. അനുദിനം അസ്വസ്‌ഥമാകുന്ന അസ്സമിന്റെ മനസ്സ്‌ വളെരെ നന്നായി ഈ ഗ്രന്ഥത്തിൽ വരച്ചു കാട്ടുന്നു. യാത്രപോകുമ്പോൾ ചെറിയ കുറിപ്പുകൾ തയ്യാറാക്കിവച്ച്‌ പിന്നീട്‌ അത്‌ പുസ്‌തകരൂപകത്തിലാക്കുകയല്ല ബീന ചെയ്‌തതെന്ന്‌ ഗ്രന്ഥത്തിലൂടെ സവാരിക്കിറങ്ങുന്ന യാത്രകന്‌ ബോധ്യമാകും. ഗ്രന്ഥരചന തുടങ്ങിയപ്പോൾ മനസ്സിൽ മായാതെ നിന്നതും തികട്ടിവന്നതും വേദനിപ്പിച്ചതും ഭയപ്പെടുത്തിയതുമായ കുറെ അനുഭവങ്ങൾ… എഴുതിപ്പിക്കാൻ അവതാരങ്ങൾപോലെ വന്ന കുറെ മനുഷ്യർ… ഒപ്പം കാലം കൈയിൽ വച്ചുകൊടുത്ത കുറെ കാഴ്‌ചകൾ… ഇതെല്ലാം കൂട്ടിവായിച്ചാൽ ബ്രഹ്‌മപുത്രയിലെ വീടായി! ഇരുപത്തിയാറ്‌ അധ്യായങ്ങളിൽ അസ്സമിന്റെ കഥപറയുമ്പോൾ സിക്കിമും മണിപ്പൂരുമൊക്കെ ചന്തം പാലിക്കാൻ നമ്മുടെ മുന്നിലെത്തുന്നു. മുറിവുണക്കാൻ ഭൂപൻദാ എന്ന അധ്യായത്തിലാകട്ടെ, ഭൂപൻദാ എന്ന മനുഷ്യസ്‌നേഹിയെ മനോഹരമായി അവതരിപ്പിക്കുന്നു.

അസ്സമിനെ ലോകപ്രശസ്‌തമാക്കുന്നതിൽ വലിയ പങ്കുവഹിക്കുന്ന കാസിരംഗ ദേശീയോദ്യാനത്തെപ്പറ്റി നല്ലൊരു ചിത്രം നമ്മുടെ മുന്നിൽ ലേഖിക വരച്ചു കാട്ടുന്നുണ്ട്‌. ഒറ്റക്കൊമ്പൻ കണ്ടാമൃഗത്തെക്കുറിച്ച്‌ കൂടുതൽ കാര്യങ്ങൾ പറയുന്നില്ലെങ്കിലും കാസിരംഗയുടെ മനോഹാരിത വാക്കുകളിൽ തെളിയുന്നു. വർഷങ്ങൾക്കുമുമ്പ്‌ ബാലികയായിരിക്കെ റഷ്യൻ പര്യടനസംഘത്തോടൊപ്പമായിരുന്നു ബീനയുടെ ആദ്യവിദേശയാത്ര. ആ യാത്രാവിശേഷങ്ങൾ ‘ബീന കണ്ടറഷ്യ’ എന്ന ഗ്രന്ഥത്തിലൂടെ നമുക്ക്‌ പരിചിതമാണ്‌. അതെന്തായാലും ബ്രഹ്‌മപുത്രയിലെ വീട്‌ ഈയിടെ വായിച്ചു യാത്രാ വിവരണങ്ങളിൽ മികച്ച ഒന്നാണ്‌.

Generated from archived content: book1_may9_09.html Author: venu_warriyath

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here