ഒരു പത്രവാർത്തയിൽ നിന്ന് ഇപ്പോൾ കണ്ണെടുത്തതേയുള്ളു. ആ വാർത്ത ഇതാണ്. ടാറ്റ കമ്പനി മമതബാനർജിയുടെ തൃണമൂൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പു ഫണ്ടിലേക്ക് അയച്ചുകൊടുത്ത ഏതാണ്ട് 27 ലക്ഷം രൂപ അവർ സ്വീകരിക്കാതെ മടക്കിയയച്ചിരിക്കുന്നു.!
ഇന്ത്യയിൽ കഴിഞ്ഞ ഏതാനും നാളുകളായിവാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന പ്രദേശങ്ങളാണ് നന്ദിഗ്രാമും സിംഗൂരും കന്ദമാലും! കന്ദമാലിന്റെ കഥ വേറെയാണെങ്കിലും നന്ദിഗ്രാമും സിംഗൂരും ഒരു നാണയത്തിന്റെ രണ്ടു പുറങ്ങളാണ്. ആദർശങ്ങളിലും മാനുഷിക മൂല്യങ്ങളിലും ഉറച്ചുനിന്ന് മനുഷ്യരാശിയുടെ മോചനത്തിനും രക്ഷയ്‌ക്കും വളർച്ചയ്‌ക്കും വേണ്ടി ഐക്യനിര കെട്ടിപ്പടുത്തവർ ഇപ്പോഴിതാ കാലത്തിന്റെ കുത്തൊഴുക്കിൽ എല്ലാം വിറ്റൊഴിയാനൊരുങ്ങുന്നു.! മണ്ണിനും അവിടെ പകലന്തിയോളം എല്ലുമുറിയെ പണിചെയ്യുന്ന മനുഷ്യനും അവന്റെ വിയർപ്പിനുമെല്ലാം വിലയില്ലാതാകുന്നു! പകരം പുത്തൻ ഉദാരവൽക്കരണത്തിന്റെ ഭാഗമായ പ്രത്യേകസാമ്പത്തികമേഖല ഉയർന്നുവരുന്നു! പുത്തൻ പണക്കാരുടെ, കൂറ്റൻ വ്യവസായികളുടെ ഫ്ലാറ്റും സംസ്‌കാരവും തത്വദീക്ഷയില്ലാത്ത വ്യവസായസംസ്‌ക്കാരവുമെല്ലാം ഉറഞ്ഞു തുളളുമ്പോൾ നാവിലെ അവസാനത്തെ തുള്ളി നീരുപോലും വറ്റി കർഷകൻ പിടഞ്ഞു വീഴുന്നു.!
ഇതൊരു മഹാദുരന്തമായി കാണാതെ പുത്തൻ സാമ്പത്തിക മേഖലകൾക്കായി മാധ്യമങ്ങൾ സ്‌തുതിപാടുമ്പോൾ നമുക്ക് സ്‌തംഭിച്ചു നിൽക്കാനേ പലപ്പോഴും കഴിയുന്നുള്ളൂ! കാരണം, പാവപ്പെട്ടവന്റെ ശബ്‌ദം ഏറ്റുപറയുന്ന ഉച്ചഭാഷണികൾ ലോകത്ത് ദുർലഭമായിക്കൊണ്ടിരിക്കുകയാണല്ലോ!.
എന്നാൽ ഇപ്പോഴും വളരെ ദൂരെ ഒരു പ്രകാശ ബിന്ദുകാണുന്നില്ലേ? ‘നന്ദിഗ്രാമുകൾ ഉണ്ടാകുന്നത്’ എന്ന പുതിയ ഗ്രന്ഥം അത്തരമൊരു വെള്ളിവെളിച്ചമാണ് അതുകൊണ്ടുതന്നെ മനുഷ്യനെ, മണ്ണിനെ സ്‌നേഹിക്കുന്നവർക്ക് ഇതൊരു ആനന്ദവുമാണ്. (ഒരു ഗ്രന്ഥം എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരമാകുമെന്ന അർത്ഥത്തിലല്ല, മറിച്ച് ദുർബലനുവേണ്ടി ചെറുതെങ്കിലും ഒരു നാവ് നീണ്ടുവന്നല്ലോ എന്ന ആഹ്ലാദം) നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾ പലപ്പോഴും പൊലിപ്പിക്കുന്ന വാർത്തകളുടെ പിന്നണിയാത്രക്കാരാണ്! പൊതുസമൂഹത്തിന് നിഷേധിക്കപ്പെടുന്ന യാഥാർത്ഥ്യങ്ങളും സത്യങ്ങളും അവർ ചവറ്റുകുട്ടയിലേക്ക് എറിഞ്ഞുകളയുന്നു. സ്വന്തം നിലനിൽപ്പിനും സ്വന്തം വിശപ്പുമാറ്റാനും സ്വന്തം കുടിലിലുറങ്ങാനും സ്വന്തം മണ്ണിൽ വിത്തിറക്കാനും മനുഷ്യൻ നടത്തുന്ന പോരാട്ടങ്ങൾ പലപ്പോഴ്ം അവർക്കു കാണാൻ കഴിയുന്നില്ല. കാരണം, മുഖ്യധാരാ മാധ്യമങ്ങളുടെ ലക്ഷ്യം മറ്റൊന്നായി മാറിയിരിക്കുന്നു! അവരും ആധുനിക ധനസിദ്ധാന്തങ്ങളുടെ, അവനു പിന്താങ്ങുന്ന പണപ്പാർട്ടികളുടെ കുഴലൂത്തുകാരായിപരിണമിച്ചിരിക്കുന്നു. ‘നന്ദിഗ്രാമുകൾ ഉണ്ടാകുന്നത് എന്ന കൃതി ഒരു കൂട്ടം പഠനങ്ങളോ അന്വേഷണങ്ങളോ ആണ്. ഒപ്പം സത്യസന്ധവും സുതാര്യവുമായ കുറെ വിലയിരുത്തലുകളും നമുക്കിതിൽ ദർശിക്കാനാവും! ഏറെ ചർച്ചചെയ്‌തതും ചെയ്യപ്പെടേണ്ടതുമായ ഒട്ടേറെ കാര്യങ്ങൾ ഈ ഗ്രന്ഥം അവതരിപ്പിക്കുന്നുണ്ട്. അത് നന്ദിഗ്രാമിൽ മാത്രം ഒതുങ്ങുന്നതല്ല. ലോകത്തെങ്ങും അവ പ്രസക്തമാണ്. ഹൃദയഭേദകമായ വാർത്തകൾ വരുമ്പോഴും അത് നിസ്സാര വൽക്കരിക്കുന്ന ഒരു മാനസികാവസ്‌ഥ സാധാരണക്കാരിൽപോലും കാണാൻ തുടങ്ങിയിരിക്കുന്നു. കാരണം, അവന്റെ കാലിലെ ചങ്ങലകളുടെ എണ്ണം കൂടിക്കൊണ്ടേയിരിക്കുന്നു. അവന്റെ ഭയം കൂടിക്കൊണ്ടേയിരിക്കുന്നു. അഥവാ മാധ്യമങ്ങൾ ദൈനംദിന കാഴ്‌ചകൾ അവനെ ഈ നിലപാടിലേക്ക് എത്തിച്ചിരിക്കുന്നു.!
നന്ദിഗ്രാമിന്റേയും സിംഗൂരിന്റെയും ശരിയും തെറ്റും എന്താണ്? ഇതുമായി ബന്ധപ്പെട്ടുണ്ടായ വാർത്തകളുടെ മാലപ്പടക്കത്തിൽ നിഷ്‌പക്ഷചിന്താഗതിയുള്ളവൻ ശബ്‌ദവും പുകയും മാത്രമേ തിരിച്ചറിയുന്നുള്ളു? യാഥാർത്ഥ്യമറിയാൻ എന്താണ് മാർഗം? പക്ഷാപാതപരമായ വാദങ്ങൾ കുത്തിനിറയ്‌ക്കപ്പെട്ട ലേഖനങ്ങൾക്കും പുസ്‌തകങ്ങൾക്കും മുന്നിൽ നിഷ്‌പക്ഷചിന്താഗതിക്കാർ എവിടെ നിൽക്കും? തീർച്ചയായും ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ഡിസി ബുക്‌സിന്റെ ’ഇടപെടലുകൾ‘ എന്ന ശീർഷകത്തിലുള്ള ’നന്ദിഗ്രാമുകൾ ഉണ്ടാകുന്നത്‘!
ഏതോ ഒരു ഗ്രന്ഥകർത്താവ് എഴുതിയ ഏതോ ഒരു കൃതി എന്നതിലുപരി സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുകയും സത്യസന്ധമായി പ്രതികരിക്കുകയും ശോഭിക്കുകയും ചെയ്യുന്നവരുടെ ഒരു കൂട്ടായ്‌മയാണ് ഇതിന്റെ, ഉള്ളടക്കം. അതുകൊണ്ടുതന്നെ വ്യത്യസ്‌തവും സജീവവും ചിന്തോദ്ദീപകവുമായ ആശയങ്ങൾ അഥവാ കാഴ്‌ചപ്പാടുകൾ ഇവിടെ ചർച്ചചെയ്യപ്പെടുന്നു.?
നന്ദിഗ്രാം പ്രശ്‌നത്തിൽ സി.പി.ഐ.(എം) സർക്കാർ കൈക്കൊണ്ട ശരിതെറ്റുകൾ ഈ ഗ്രന്ഥം ഭംഗിയായി അപഗ്രഥിക്കുന്നുണ്ട്. പാർട്ടിയുടെ ആദർശങ്ങളെ, നയങ്ങളെ സമ്പന്നരായ ആരാച്ചാർ മുറിച്ചുവിൽക്കുന്ന ദയനീയമായ അവസ്‌ഥ ഏതു മനുഷ്യ സ്‌നേഹിയെയാണ് മുറിപ്പെടുത്താത്തത്?. ഉപഭോഗവാഞ്ഞ്‌ഛയും അക്രമാസക്തമായ ആർത്തിയും തിന്നുവളരുന്ന മധ്യവർഗത്തിന്റെ പരിപോഷണത്തിനായി എന്തും കൊള്ളയടിക്കാമെന്ന തത്വശാസ്‌ത്രം അനുദിനം ശക്തിപ്രാപിച്ചുവരുന്നു. ഇതിന്റെ ബൈപ്രൊഡക്‌റ്റാണ് സെസ് (SEZ) എന്നു പറയാം. മനുഷ്യരാശിക്കുവേണ്ട അടിസ്‌ഥാനവിഭവങ്ങളായ കൽക്കരി, ധാതുക്കൾ, ബോക്‌സൈറ്റ്, ജലം, വൈദ്യുതി എന്നിവയെല്ലാം കോളനീകരണത്തിലൂടെ കൈക്കലാക്കുകയും ശബ്‌ദിക്കാനാവാത്തവിധം അടിമകളെ അവിടെ തളച്ചിടുകയും ചെയ്യുമ്പോൾ നാം നമ്മുടെ നരകപ്രദേശങ്ങൾ സൃഷ്‌ടിക്കുകയും നമ്മുടെ തന്നെ അവയവങ്ങൾ തിന്നേണ്ട ഗതികേടിലേക്ക് നാം എത്തിച്ചേരുകയും ചെയ്യുന്നു.! പ്രകടനങ്ങളും പ്രതിഷേധങ്ങളും ഫലിക്കാതാവുമ്പോൾ സങ്കീർണ്ണ സ്വഭാവമുള്ള ശത്രുനമ്മെ കീഴടക്കുന്നു. എത്ര വേദനാജനകമാണ് ഇതെല്ലാം?ഇന്ത്യയിലെ കരുത്തുറ്റ ശബ്‌ദങ്ങൾക്കുടമകളായ മഹാശ്വേതാ ദേവി, മേധാപട്‌കർ, അരുന്ധതിറോയ്, അശോക്‌മിത്ര തുടങ്ങിയവരെല്ലാം വളരെ ഗൗരവത്തോടെയാണ് നന്ദിഗ്രാമിനെ നോക്കിക്കാണുന്നത്. എഴുത്തുകാരും പരിസ്‌ഥിതിപ്രവർത്തകരും ചിന്തകരും പത്രാധിപന്മാരും സാമ്പത്തിക ഉപദേശകരുമെല്ലാം ചേർന്ന് വ്യത്യസ്‌തമായ കാഴ്‌ചപ്പാടിലൂടെ നന്ദിഗ്രാമിനെ നോക്കിക്കാണുമ്പോൾ അത് സത്യത്തിലേക്കും യാഥാർത്ഥ്യത്തിലേക്കും തുറക്കുന്ന വലിയൊരു വാതായനമായി മാറുകയാണ്. ഈ കാലഘട്ടത്തിലെ ഒരു വലിയ പ്രശ്‌നത്തെ ഗൗരവത്തോടെ നോക്കിക്കാണാനും വായനക്കാരിലെത്തിക്കാനും കഴിഞ്ഞതിൽ പത്രപ്രവർത്തകരായ ശ്രീ.കെ.എം. റോയിയും പി.കെ.ശിവദാസും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. ഇത് തീർച്ചയായും നാം വായിക്കേണ്ടപുസ്‌തകമാണ് – ചർച്ചചെയ്യപ്പെടേണ്ട പുസ്‌തകമാണ്.
നന്ദിഗ്രാമുകൾ ഉണ്ടാകുന്നത്, വില – 90 രൂപ ജന; എഡിറ്റർ – കെ.എം.റോയ്, എഡിറ്റർ – പി. കെ. ശിവദാസ്, പ്രസാധകർ – ഡി. സി. ബുക്‌സ്, കോട്ടയം.
Generated from archived content: book1_jun15_09.html Author: venu_warriyath
Click this button or press Ctrl+G to toggle between Malayalam and English