അമ്മയ്‌ക്കൊരു താരാട്ട്‌

ഇളംകാറ്റിൽ മെല്ലെയിളകുന്ന അരയാലിലയുടെ സാരള്യവും സംഗീതവും! അത്‌ പാടിക്കൊണ്ടേയിരിക്കുന്നു. സൂക്ഷ്‌മമായി കാതോർത്താൽ ഇലയിളക്കത്തിലും കടലിരമ്പം കേൾക്കാം! താളബോധം നഷ്‌ടപ്പെട്ട്‌ കഠോരശബ്‌ദങ്ങളാൽ പലപ്പോഴും ഇളകിയാടുന്ന മലയാള കവിയുടെ രാത്രികളിൽ അപൂർവമായി ഒരു നിലാവുദിക്കുന്നു!

ശ്രീകുമാരൻ തമ്പിയുടെ അമ്മയ്‌ക്കൊരു താരാട്ട്‌ എന്ന ഏറ്റവും പുതിയ കവിതാ സമാഹാരം ഇത്തരമൊരു നറുംനിലാവാണ്‌. അമ്മയോടുളള സ്‌നേഹത്തെപ്പറ്റി എത്രയെത്ര കവികൾ വാഴ്‌ത്തിപ്പാടിയിരിക്കുന്നു! നഷ്‌ടപ്പെട്ട അമ്മ ഇന്നു പല മക്കളുടേയും കണ്ണീരല്ല! എന്നാൽ ചിലർക്കാവട്ടെ, എന്നും അമ്മയുടെ വേർപാട്‌ കണ്ണീരിന്റെ തോരാമഴ തന്നെയാണ്‌. അമ്മയുടെ സ്‌നേഹമറിയണമെങ്കിൽ നമ്മളും ഒരമ്മയാവണം എന്ന്‌ പഴമക്കാർ പറയാറുണ്ട്‌. ഇവിടെ ഒരു ചോദ്യമുയരുന്നു. അച്‌ഛനാകാൻ വിധിക്കപ്പെട്ട ഒരാളോ? ഒരുപാടു കടവും അതിലേറെ നോവും പേറിയ അച്ഛനായ കവിഹൃദയം. അയാൾക്ക്‌ അമ്മയാകാനാവില്ല.

എത്രയെടുത്താലുമൊട്ടും കുറയാത്ത

സ്വത്തൊന്നുമാത്രമതമ്മയാണൂഴിയിൽ

പേറ്റുനോവാൽ കടം വീട്ടുന്നു പുത്രിമാർ

ഓർത്താലധമർണ്ണരാൺമക്കളെന്നുമേ…

അമ്മയെക്കുറിച്ചുളള വേദനകൾ എത്രമാത്രമാണ്‌ കവി മനസ്സിൽ വേരോടിയിരിക്കുന്നത്‌.

പ്രണയത്തെക്കുറിച്ചും ഭൂമിയെക്കുറിച്ചും ഭൂമിയുടെ നഷ്‌ടങ്ങളെക്കുറിച്ചുമൊക്കെ ഉദാത്തവും ഉജ്വലവുമായ ഭാവനകൾ കവിതകളിലുടനീളം കാണാം. ഒപ്പം ഭൗതികതയുടെ നൂൽക്കെട്ടുകളിൽപ്പെട്ട്‌ ഞെട്ടിനിൽക്കുന്ന കവിയുടെ രണ്ടുകണ്ണുകൾ നമ്മെയും തുറിച്ചു നോക്കുന്നു. പൂവരശ്‌ എന്ന കവിതയിൽ നിസ്സഹായതയും പ്രകൃതിസ്‌നേഹവുമെല്ലാമാണ്‌ അന്തർലീനമായിയിരിക്കുന്നത്‌. പൂക്കൾ വിതറി മനസ്സും വീട്ടുമുറ്റവും അലങ്കരിച്ച പൂവരശിനോടുളള ഹൃദയബന്ധം എത്ര വലുതായിരുന്നുവെന്ന്‌ പൂവരശിലെ ഓരോ വരിയും കാണിച്ചുതരുന്നുണ്ട്‌. ആധുനികതയുടെ കാപട്യത്തിൽ, ആ കുത്തൊഴുക്കിൽ പിടിച്ചുനിൽക്കാനാവാതെ ആരും വീണു പോകുന്നു! കവിയും ഇതിൽനിന്ന്‌ വ്യത്യസ്തനാവുന്നില്ല.

കവിതയും കളളക്കഥകളും ആടും

നിഴലും വിറ്റു ഞാൻ കറൻസിയെണ്ണുമ്പോൾ

പഴയ പൂവരശുയർന്നു നിൽക്കുന്നു

ഹൃദയരൂപത്തിലിലയിളക്കുന്നു.

മനസ്സിൻ മുറ്റത്തു മലരിട്ടോതുന്നു

മരണമില്ലൊരു മരത്തിനും തോഴാ!

61 കവിതകളാണ്‌ അമ്മയ്‌ക്കൊരു താരാട്ടിലുളളത്‌. കാവ്യാനുഭൂതി ഓളം വെട്ടുന്ന ഇതിലെ ഓരോ കവിതയും ശ്രീകുമാരൻ തമ്പിയുടെ സർഗ്ഗാത്മകതയുടെ സ്വർണ്ണകിരണങ്ങളാണ്‌.

പ്രകൃതിയും മനുഷ്യരും അനുഭവങ്ങളും പലപ്പോഴായി കോറിയിട്ട ചില ബിംബങ്ങൾ സർഗ്ഗാത്മകതയുടെ തലോടലേറ്റ്‌ ജീവൻവച്ച്‌ നമ്മിലേക്ക്‌ വരുന്നതായി ചില കവിതകൾ വായിക്കുമ്പോൾ ബോധ്യപ്പെടും. സരളവും മധുരതരവുമായ വാക്കുകളുടെ ആലവട്ടവും വെൺചാമരവും അകമ്പടി കൂടിയാകുമ്പോൾ സ്വർണത്തിന്‌ സുഗന്ധംപോലെ അമ്മയ്‌ക്കൊരു താരാട്ട്‌ അവാച്യമായ ഒരു വായനാനുഭവമായി മാറുന്നു! മഹാകവി അക്കിത്തമാണ്‌ അവതാരിക തയ്യാറാക്കിയിരുക്കുന്നത്‌. കവിതകൾപോലെ അവതാരികയും മനോഹരമാണ്‌. എല്ലാ കവിതകളെക്കുറിച്ചും വിലയിരുത്തുകയെന്നത്‌ അവതാരിക എഴുതിയയാൾക്കും നിരൂപകനും എളുപ്പമല്ലല്ലോ! അതുകൊണ്ട്‌ അക്കിത്തവും ഉത്തമത്തിൽ ഉത്തമമായ ചില കവിതകളുടെ ഹൃദയത്തിലേക്കിറങ്ങാനും നമ്മിലേക്ക്‌ അതിന്റെ കാതൽ കൈമാറാനും ശ്രമിച്ചിട്ടുണ്ട്‌.

അമ്മയ്‌ക്കൊരു താരാട്ട്‌ (കവിതാസമാഹാരം)

ശ്രീകുമാരൻ തമ്പി

വില – 55 രൂപ, ഡിസി ബുക്‌സ്‌.

Generated from archived content: book1_july21_08.html Author: venu_warriyath

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here