ത്രിജടയുടെ സ്വപ്നം


​പ്രതീക്ഷയും നിരാശയും ജീവിതത്തിന്റെ രണ്ടു മുഖങ്ങളാണ് .രാമായണമെന്ന മാഹാരണ്യ​ത്തിലൂടെ സഞ്ചരിക്കുമ്പോൾ ​ഈ രണ്ടു മുഖങ്ങളും മാറി മാറി ​നമുക്ക് ദർശിക്കാനാകും . ചിലരുടെ നിരാശകൾ ചിലരുടെ പ്രതീക്ഷകളും ചിലരുടെ പ്രതീക്ഷക​ൾ മറ്റു ചിലരുടെ നിരാശകളും ആകുന്നു. എന്നാൽ ഈ രണ്ടു കാര്യങ്ങളിലും ബുദ്ധിമാന്മാരും വിവേകശാലിക​ളുമായവർ മനസ്സ് എന്ന മാന്ത്രിക കുതിരയെ പിടിച്ചു കെട്ടി മനശ്ശാന്തിയിലേക്കുള്ള പന്ഥാവിൽ യാത്ര തുടരുകയാണ് ചെയ്യുക .

പ്രതീക്ഷയും മനശ്ശാന്തിയും നഷ്ടപ്പെടുമ്പോൾ ദൈവികമായ ചില ശക്തികൾ നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെടും. കടൽ കടന്ന് ലങ്കയി​ലെത്തി സീതാദേവിയെ കാണാനാകില്ലെന്നു കരുതി ​നിരാശനായി ഇരുന്ന ഹനുമാന് അപ്പോൾ കൂട്ടാളികളിൽ നിന്ന് പ്രചോദനത്തിന്റെയും ഊർജതിന്റെയും വചനങ്ങൾ ശ്രവിക്കാനാകുന്നു. എത്ര ശക്തനാണെന്നു കരുതുന്നവനും ജീവിത യാത്രയിൽ ചിലപ്പോലെല്ലാം തകർന്നു പോകും. അവരെ നയിക്കുന്നതും ഉയർത്തുന്നതും ചില മഹാവ്യക്തിക​ളും അവരുടെ മഹത് വചനങ്ങളുമാണ് .


​രാമായണത്തിലെ സുന്ദരകാണ്‍ഡത്തിൽ ദു:ഖിതയായിരിക്കുന്ന ​അശോകവനിയി​ലെ സീതയെ കാണാം . രാമൻ ​മോചനത്തിനായി ​വരുമെന്ന പ്രതീക്ഷ വറ്റി, വേദനയിൽ നീറുന്ന സീതയുടെ മനസ്സുമാറ്റാൻ രാവണൻ​ ​ ​ത്രയാക്ഷി , ഏകപാദ, ദീർഘ ജിഹ്വ എന്നീ ​രാക്ഷസികളെ നിയോഗിക്കുന്നു .രാവണന്റെ അധികാരശക്തിയെ കുറിച്ചും എടുത്താൽ തീരാത്ത സമ്പത്തിനെ കുറിച്ചും രാക്ഷസികൾ സീതയോട് പറയുന്നുണ്ട് . കാട്ടിൽ അലയുന്ന​,​ പുല്ക്കൊടിയുടെ വില​പോലുമില്ലാത്ത, രാജ്യമില്ലാത്ത രാമനെക്കാൾ പതിന്മടങ്ങ്‌ ശക്തനാണ് രാവണൻ എന്ന് അവർ സീതാദേവിയെ ഓർമിപ്പിക്കുന്നു. പ്രലോഭിപ്പിച്ചു മനസ്സ് മാറ്റി സീതയെ വിവാഹം കഴിപ്പിക്കാൻ സമ്മതിപ്പിക്കുക എന്നതാണ് അവരുടെ ദൌത്യം .എന്നാൽ അവരിൽ നിന്നൊക്കെ വ്യത്യസ്തയായ ത്രിജട എന്ന രാക്ഷസി ​,​സീതയോട് പറയുന്നത് നേരെ മറിച്ചാണ് .​ വിഭീഷണപുത്രിയായ ​അവൾ സൂര്യനെപ്പോലെ തേജസ്വിയായ​, ഉത്തമ പുരുഷനായ ​ശ്രീരാമൻ ​നാലു കൊമ്പുള്ള ​ആനപ്പുറത്തേറി സീതയെ മോചിപ്പിക്കാൻ ​ലക്ഷ്മണനോടൊപ്പം ​വരുന്നതു സ്വപ്നം കാണുന്നു. ദുർഗുണങ്ങളുടെ വിളനിലമായ രാവണൻ യുദ്ധത്തിൽ പരാജപ്പെട്ടു യമപുരിക്ക് പോകുമെന്ന് ​ത്രിജട സ്വപ്നത്തിന്റെ സൂചനകളുടെ അടിസ്ഥാനത്തിൽ ​സീതാദേവിയോട് പറയുന്നു. ത്രിജടയുടെ വാക്കുകൾ കേൾക്കുമ്പോൾ അവൾ രൂപത്തിൽ മാത്രമാണ് രാക്ഷസി​ എന്ന് വ്യക്തമാണ് ​ . വാക്കുകളിലും പ്ര​വൃ​ത്തികളിലും അവൾ നന്മയുടെ മൂർത്തീഭാവമാണ്.​ ഒരു അമ്മയുടെ വാത്സല്യവും ഗുരുവിന്റെ ക്രാന്തദർശിത്വവും ഉറ്റമിത്രത്തിന്റെ സന്മനസ്സും ത്രിജടയുടെ വാക്കുകളിൽനിന്ന് നമുക്ക്മനസ്സിലാക്കാനാകുന്നു.

രാക്ഷസകുലത്തിൽ പിറന്നിട്ടും ത്രിജടയിൽ രാക്ഷസീയമായ ദുർഗുണങ്ങൾ ഒന്നും തന്നെ ദർശിക്കാൻ നമുക്കു കഴിയില്ല.കുലമല്ല, ഉദാത്തമായ ചിന്താഗതിയാണ് ത്രിജടയെ രാമായണത്തിൽ നല്ലൊരു വ്യക്തിത്വതിന്റെ ഉടമയാക്കിയത് .

നിത്യജീവിതത്തിൽ കാര്യ സാധ്യത്തിനായി മറ്റുള്ളവർ വച്ചുനീട്ടുന്ന അപ്പക്കഷണങ്ങൾ കണ്ട് മനുഷ്യൻ ഭ്രമിച്ചു പോകുന്നു. ​അത് ഭുജിച്ച് സുഖലോലുപതയിൽ ആറാടി ജീവിക്കാമെന്നും അവർ മോഹിക്കുന്നു. ജീവിതത്തിന്റെ പരമമായ സന്തോഷം ഒളിച്ചുകിടക്കുന്നത് എവിടെയാണ് എന്ന് തിരിച്ചറിയാൻ മൂഡമതികളായ ​അവർക്ക് കഴിയുന്നില്ല.സീതയുടെ മനസ്സുമാറ്റിയാൽ ത്രിജടക്കും നിരവധി ഉപഹാരങ്ങൾ രാവണനിൽ നിന്ന് ലഭിക്കുമായിരുന്നു.പക്ഷെ ത്രിജട ഒരു ഉത്തമസ്ത്രീയുടെ മാതൃകയായി​,​ ​ലോകത്തെ യഥാർത്ഥ സത്യത്തെ തിരിച്ചറിഞ്ഞ് ​പരിലസിക്കുകയാണ് ചെയുന്നത് .സത്യധർമങ്ങൾക്കും നീതി ബോധത്തിനും മൂല്യം കല്പ്പിക്കുന്നവർ പണം കണ്ടോ പദവികൾ കണ്ടോ ഭ്രമിക്കുന്നില്ല.പകരം ഏതു പ്രതികൂലാവ​സ്ഥയിലും വ്യക്തിയുടെയും അതുവഴി ലോകത്തിന്റെയും നന്മ മാത്രമായിരിക്കും അവരുടെ ലക്‌ഷ്യം.​അവർ ഏറ്റവും വലിയ സമ്പത്തായി കാണുന്നത് നീതി ധർമങ്ങളാണ് ​.​രാമായണം എന്ന മഹാകാവ്യം ഇത്തരം കൊച്ചു കൊച്ചു​ മുഹൂർത്തങ്ങളിലൂടെ ​ ലോകത്തിനു കാണിച്ചു കൊടുക്കുന്നതു മഹത്തും ബ്രഹത്തുമായ ഇത്തരം നീതിധർമങ്ങളുടെ പ്രകാശ ഗോപുരങ്ങളാണ് .

Generated from archived content: essay1_sep11_15.html Author: venu_variyath

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here