മണ്ണിനെ കൊന്നു തിന്നുന്നവര്‍

മനുഷ്യനെ നശിപ്പിക്കുന്ന നിരവധി ഭൂതപിശാചുക്കള്‍ ഈ ആധുനിക ലോകത്തുണ്ട്. മദ്യവും മയക്കുമരുന്നുകളും ഇവയില്‍ പ്രധാനമാണ്. എന്നാല്‍ പ്രത്യക്ഷത്തില്‍ നിരുപദ്രവകരം എന്നു തോന്നാമെങ്കിലും മറ്റു ചിലതു കൂടി ഈ ഗണത്തില്‍പ്പെടുത്തേണ്ടതായുണ്ട്. ഖനനം, ക്വാറി, കൂറ്റന്‍ കെട്ടിടങ്ങള്‍ എന്നിവയാണിവ. മദ്യവും മയക്കുമരുന്നും വ്യക്തികളെയും കുടുംബത്തെയും നാശത്തിലേക്കു തള്ളിവിടുമ്പോള്‍ ഖനനവും ക്വാറിയുമൊക്കെ ഒരു വലിയ ജനതയെത്തന്നെ നശിപ്പിക്കുന്നു.

കൂറ്റന്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനാണ് മിക്കവാറും ക്വോറികള്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ളതെന്നത് വ്യക്തമാണ്. മനുഷ്യന്‍ ശിലായുഗത്തില്‍ കഴിഞ്ഞതു പോലെ ഇന്നും കഴിയണമെന്നല്ല ഇവിടെ ഉദ്ദേശിക്കുന്നത്. പാര്‍പ്പിടങ്ങള്‍ നമുക്കു കൂടിയേ തീരു. പക്ഷെ സ്വര്‍ണ്ണവും പണവും ഇന്‍വെസ്റ്റ് ചെയ്യുന്നതു പോലെ ആളുകള്‍ ഇന്ന് കെട്ടിടങ്ങള്‍ ഒരു ബിസ്സിനസ്സ് വസ്തുവായി കാണുന്നു. മറ്റുള്ളവര്‍ പണം ചിലവാക്കാന്‍ വഴികാണാതെ വമ്പന്‍ ഫ്ലാറ്റുകള്‍ വാങ്ങി കൂട്ടുന്നു. അതേ സമയം സാധാരണക്കാര്‍ ഒരു കിടപ്പാടമുണ്ടാക്കാന്‍ നെട്ടോട്ടമോടുന്നു.

എറണാകുളം ജില്ലയില്‍ മാത്രം നിക്ഷേപമായിരിക്കുന്നത് ലക്ഷക്കണക്കിനു ഫ്ലാറ്റുകളുണ്ട്. ഇതില്‍ ചില തിനു 15 ലക്ഷം മുതല്‍ ഏഴരക്കോടി വരെ വില വരും. ഇവയില്‍ പലതിലും ആള്‍പ്പാര്‍പ്പില്ല. വര്‍ഷത്തില്‍ വെറും മുപ്പതു ദിവസം താമസിക്കാന്‍ ഫ്ലാറ്റു വങ്ങിയിട്ടവര്‍ നിരവധിയുണ്ട്. ആലുവയില്‍ 80 കുടുംബങ്ങള്‍ക്കു താമസിക്കാവുന്ന ഒരു ഫ്ലാറ്റ് സമുച്ചയത്തില്‍ താമസിക്കുന്ന കുടുംബങ്ങള്‍ വെറും പന്ത്രണ്ടു മാത്രം. ബാക്കി എട്ടുകാലികള്‍ക്കോ പാറ്റകള്‍ക്കോ പാലും പ്രയോജനപ്പെടുന്നില്ല എന്നത് വേദനാജനകമാണ്.

പ്രകൃതിയുടെ താളം തെറ്റിച്ച് ഗര്‍ജിക്കുന്ന കരിങ്കല്‍ ക്വോറികളും പുകയുന്ന ഇഷ്ടികക്കളങ്ങളും ഇത്തരം കെട്ടിടങ്ങള്‍ക്കുള്ള അസംസ്കൃത വസ്തുക്കള്‍ സമ്മാനിക്കുന്നു. ഇതു മൂലം വലിയൊരു ഭൂപ്രദേശം മരുഭൂമിയിലുള്ള ജീവ സമ്പത്തു പോലുമില്ലാതെ ഹനിക്കപ്പെടുന്നു. കുഴികള്‍ മൂടാന്‍ കഴിയാത്തതിനാല്‍ മണ്ണും കല്ലുമെടുത്ത് സ്ഥലങ്ങള്‍ സമൂഹത്തിനു മൊത്തത്തില്‍ നഷ്ടപ്പെടുകയാണു ചെയ്യുന്നത്.

ഭൂകമ്പബാധിത പ്രദേശമായതിനാല്‍ ജപ്പാനില്‍ ബഹുനില കെട്ടിടങ്ങള്‍ പണിയാറില്ല. കേരളത്തില്‍ രണ്ടു ദശാബ്ദം മുമ്പു വരെ ഭൂകമ്പത്തെക്കുറിച്ച് കേട്ടുകേള്‍വി പോലുമില്ലായിരുന്നു. ഇപ്പോള്‍‍ ആ സ്ഥിതി മാറി. നമ്മുടെ ഡാമുകളും ബഹുനിലകെട്ടിടങ്ങളും ഇനിയങ്ങോട്ട് ഭീതിയോടെയേ നോക്കിക്കാണാന്‍ കഴിയൂ . ഗുജറാത്തില്‍ ഭൂകമ്പത്തില്‍ തകര്‍ന്ന ഒരു പതിനൊന്നു നില ഫ്ലാറ്റിന്റെ ചിത്രം വര്‍ഷങ്ങള്‍ക്കു മുമ്പ് പത്രത്തില്‍ വന്നിരുന്നു മുകളിലെ ജലസംഭരണിയൊഴികെ ബാക്കിയെല്ലാം മണ്ണിനടിയിലേക്കു പോയി. എറണാകുളത്തു നിന്ന് ആലപ്പുഴക്കു പോകുമ്പോള്‍ മണ്ണില്‍ കുറെ ഭാഗം പൂണ്ടു പോയ ഫ്ലാറ്റ് നമുക്കൊരു പാഠമാണ്. അതിന്റെ ഉടമ പണി തീരും മുമ്പേ ജീവനൊടുക്കി.

ഒരു പൂമ്പാറ്റ പൂവില്‍ നിന്നും തേന്‍ കുടിക്കുന്നതു പോലെയാകണം പ്രകൃതിയെ ഉപയോഗിക്കേണ്ടത് എന്ന് കടുത്ത പ്രകൃതി സ്നേഹികള്‍ പറയാറുണ്ട്. പൂവിനോ ചെടിക്കോ തെല്ലും കേടു വരുത്താതെ അതിലെ ഗുണങ്ങള്‍ ഉപയോഗപ്പെടുത്തുക എന്നതാണ് ഇതുകൊണ്ടു ഉദ്ദേശിക്കുന്നത്. ഇത്രത്തോളം എത്തിയില്ലെങ്കിലും അത്യാര്‍ത്തി ഒഴിവാക്കി പ്രകൃതിയെ ഉപയോഗിക്കാന്‍ നാം പഠിക്കേണ്ടിയിരിക്കുന്നു. പരിസ്ഥിതി സ്നേഹം ആധുനികയുഗത്തില്‍ പലരും ഒരു ഫാഷനായി സ്വയം പ്രചരണത്തിനുള്ള ആയുധമായി ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു. അതുകൊണ്ടു തന്നെ സാധാരണക്കാര്‍ക്ക് പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ശരി തെറ്റുകള്‍ തിരിച്ചറിയാതെ പകച്ചു നില്‍ക്കുകയാണ്.

Generated from archived content: environment2.html Author: venu_variyath

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here