പാവം പാവം ആന

ആനകള്‍ക്കെതിരെയുള്ള ക്രൂരതയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് പഞ്ഞമില്ല. പലതരത്തിലുള്ള ജോലികള്‍ക്ക് ആനകളെ പണ്ടുമുതലേ മനുഷ്യന്‍ അടിമയാക്കിമാറ്റി. ഇതിനേക്കാള്‍ വലിയ ക്രൂരതയാണ് കൊമ്പുകള്‍ക്കു വേണ്ടി ആനകളെ കൊല്ലുന്നത്. സമ്പന്നരുടെ അലങ്കാര വസ്തുവാണ് ആനക്കൊമ്പ്. കൊമ്പുള്ള ജീവിയായി ജനിച്ചുവെന്നതാണ് ആന ചെയ്ത ഏറ്റവും വലിയ കുറ്റം!

കഴിഞ്ഞ വര്‍ഷം കൊമ്പുകള്‍ക്കു വേണ്ടി ലോകത്ത് 35,000 ആനകളെയാണ് വേട്ടക്കാര്‍ കൊന്നുകൂട്ടിയത്. ആഫ്രിക്കയില്‍ ഒറ്റ ദിവസം 96 ആനകള്‍ വരെ കൊലചെയ്യപ്പെട്ടു. യഥാര്‍ത്ഥത്തില്‍ ആനക്കൊമ്പിനേക്കാള്‍ എത്രയോ വിലപിടിച്ചതാണ് ആന എന്ന മൃഗം.

ലോകവിപണിയില്‍ ആനക്കൊമ്പിന് സ്വര്‍ണത്തേക്കാള്‍ വിലയാണ്. പലപ്പോഴും നീളം കണക്കാക്കിയാണ് ഇതിനു വില ഈടാക്കുന്നത്. ഒരു ഇഞ്ചിന് 12,000 രൂപ മുതല്‍ 20,000 രൂപ വരെയാണ് വില. ലോകത്ത് ആനക്കൊമ്പിന്റെ കയറ്റുമതി, ഇറക്കുമതി, വില്‍പന എന്നിവ നിരോധിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും ആനക്കൊമ്പു കൊണ്ടു നിര്‍മിച്ച കൗതുക വസ്തുക്കള്‍ വ്യാപകമായി വിറ്റഴിക്കപ്പെടുന്നു.

മനുഷ്യന്റെ അത്യാര്‍ത്തിക്ക് ആന ഇരയാകാന്‍ തുടങ്ങിയിട്ട് ആയിരം വര്‍ഷങ്ങളെങ്കിലും ആയിട്ടുണ്ട്. മനുഷ്യരില്‍ ഒരു വിഭാഗം സമ്പന്നരുടെ പട്ടികയില്‍ പെടുന്നിടത്തോളം കാലം ആനയുടെ കഷ്ടകാലം തുടര്‍ന്നുകൊണ്ടേയിരിക്കും. സഹജീവികളോടുള്ള സ്‌നേഹം സ്വപ്‌നത്തില്‍ കാണുന്ന ഒരു വികാരം മാത്രമാകുമ്പോള്‍ ലോകം കൂടുതല്‍ കൂടുതല്‍ ദുരന്തങ്ങളിലേക്ക് കൂപ്പുകുത്തും. സമ്പത്ത് മറ്റുള്ളവരെ സഹായിക്കാനും അവരുടെ കണ്ണീരൊപ്പാനും വിനിയോഗിക്കപ്പെടുമ്പോള്‍ അത് യഥാര്‍ഥ സമ്പത്തായി തീരുന്നു. വേദനകൊണ്ട് പിടഞ്ഞു മരിച്ച ഒരു ജീവിയുടെ ശരീരംഭാഗം വിലകൊടുത്തുവാങ്ങി സൂക്ഷിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യുമ്പോള്‍ അവന്‍ പ്രകൃതിയെ നോവിക്കുകയും ധിക്കരിക്കുകയും നന്മകളെ ചവിട്ടി മെതിക്കുകയുമല്ലേ ചെയ്യുന്നത്?

Generated from archived content: environment1.html Author: venu_variyath

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here