പറത്തമുപേക്ഷിച്ചൊരു രാപ്പാടിയായ്
കൂട്ടിലിരുന്നു പാടാമൊരു തോറ്റം
കൂടിയാട്ടത്തിന്റെ തോറ്റം.
ചിഹ്‌നങ്ങളാൽ ചില ദൃശ്യങ്ങളാൽ
നിമിത്തങ്ങളാൽ നീയെന്നെയുന്മനി കാട്ടുന്നു
കാട്ടുമൊ നീയെന്നെയെന്നെങ്കിലും
നിന്റെ വിശ്വവിരാട് രൂപത്തെ?
പൂർണ്ണമായ്‌ക്കാട്ടുന്ന നേരത്തപൂർണ്ണമായ്
പ്പോമെന്ന തോന്നലാൽ കാട്ടാത്തതാകുമൊ?
ഒന്നുമെനിക്കറിവില്ലയിപ്പോഴെന്റെ-
യുന്മാദചേതസ്സിലുണ്ടൊരു സംശയംഃ
ഇപ്പടുംതൊണ്ടയിലൂടെ പാടുന്നതാർ
ഇപ്പഴംനാവിലൂടെ രുചിക്കുന്നതാർ
ഇപ്പഴംനേത്രത്തിലൂടെ കാണുന്നതാർ
കൽപ്പന കിട്ടേണ്ട താമസം പരിഭവമന്യെ
കളിച്ചിട്ടയിൽ ഞാനിക്കളി-
വേഷമഴിച്ചെറിയാം നിന്റെ മേലേരിയിൽ
ജാജ്വല്യമാനമാം മേലേരിയിൽ;
നിന്നിൽ ലയിക്കാമങ്ങനെ പൂർണ്ണമായ്
പിന്നെ ഞാനില്ലയെന്റെ വികൽപ്പമില്ല
പദാർത്ഥമുദ്രയില്ല, കളിത്തട്ടുമില്ല.
അത്യുന്നതത്തിന്റെയൊശിസ്‌സിനാലൊ
അർക്കസന്നിഭമാളും പ്രജാഗരത്താലൊ
ജീവന്റെ മേലേരിതന്നെയിവിടെ വല്ലരി!
നിന്റെ വെയിലത്ത് വാടിക്കരിയട്ടെ ഞാൻ
നിന്റെ കടവത്ത് മുങ്ങിത്തെളിയട്ടെ ഞാൻ
നിന്റെ കാറ്റത്ത് പാറിപ്പറക്കട്ടെ ഞാൻ
നിന്റെ മുത്തത്തിൽ പൊട്ടിത്തെറിക്കട്ടെ ഞാൻ!
Generated from archived content: poem4_jan9_07.html Author: venu_nambyar