നല്ലൊരുനാളെയുദിക്കട്ടെ
നവമാനവചേതന വിടരട്ടെ
ചുഴലിക്കാറ്റുകളമരട്ടെ
ഭൂകമ്പങ്ങൾ പോയ്‌ത്തുലയട്ടെ
കുന്നുംകുളവും പൊലിയട്ടെ
പുഴയും പൂവും പൊലിയട്ടെ
പുന്നെൽക്കതിർമണി മുറ്റത്ത്
പൊന്നിൻകുന്നായുയരട്ടെ
നരനെ നരനായ് കണ്ടീടാൻ
പുതുദൃഷ്ടിയൊരെണ്ണം കിട്ടട്ടെ
തകരാനല്ല, വളരാനായ്
മനമെല്ലാർക്കുമുദിക്കട്ടെ
ദൈവങ്ങളെ വിറ്റുപുലരു-
മസുരപ്പട മുച്ചൂടും മുടിയട്ടെ
കത്തികൾ കരളിൽ കുത്താതെ
പച്ചക്കറികൾ നുറുക്കട്ടെ
സൂചികൾ കണ്ണിൽ കുത്താതെ
കീറനുടുപ്പുകൾ തയ്‌ക്കട്ടെ
തോക്കുകൾ വഴി ചൂണ്ടാനാകട്ടെ
നിറ വാനത്തേക്കൊഴിയട്ടെ
പുറത്താകട്ടെ പൊട്ടി
ചീവോതി അകത്താകട്ടെ.
Generated from archived content: poem3_dec30_06.html Author: venu_nambyar