തലസ്ഥാനപുരിയിലെ ഫാഷൻ
റാംപിലോണത്തപ്പനെയിക്കുറിക്കാണാം!
പിച്ചപൂച്ചക്കളിമ്പം, മേനിയിൽ
പൂത്ത കസവൊളി മിന്നൽ
ഓലക്കുടക്കറക്കത്തിൽ
ചാലേ മൂന്നുനാലു ചാൽ
കുണുങ്ങിക്കുണുങ്ങി നടത്തം
പൊലിക്കടം പൂപ്പൊലിയോണം
മസ്‌ക്കാരയിമകളിൽലാസ്യം!
മറക്കുന്നു മാവേലി പൂക്കളം
മഞ്ഞക്കിളി ഭൂതകാലം
വാമനന്മാരെ പൂവിട്ട് പൂജിക്കും
നാടു കാണാൻ മനസ്സിനിയില്ല
മായമെളളിലും കളളിലും മായം
പൊളിവചനത്തിൽ ജ്ഞാനസ്‌നാനം!
“ഭവാനു ഭാവിയിലെന്താണു പ്ലാൻ?”
റാംപിന്റെ പിന്നാമ്പുറത്ത് ചോദിപ്പൂ
പൂച്ചക്കണ്ണി ബീബിസിക്കാരി.
“ഓണാട്ടൻ കാണാത്ത
നാട്ടിലെന്തോണം!
പരേഡിൽ ജയിച്ചാൽ
പറക്കണം പാരീസിൽ,
മോന്തണമിത്തിരി ഷാംപെയിൻ.
ചന്ദ്രികാചർച്ചിതമാമൊരുരാവിൽ
ലോകമഹാത്ഭുതമൊന്നിൽ
തൂങ്ങണം കൊങ്ങയ്‌ക്കു പൂണൂൽ കുരുക്കിട്ടു
മുങ്ങണമണ്‌ഡകടാഹത്തിൽനിന്നും.
‘എന്തെന്റെ മാവേലി വന്നില്ല.’
മാഴ്‌കില്ല പിന്നെയൊരാളും മാവേലിനാട്ടിൽ!”
Generated from archived content: poem3_aug31_06.html Author: venu_nambyar