ഒറ്റപ്പെട്ടതിനുശേഷം ആദ്യം ചെയ്‌തതു,
ശബ്‌ദതാരാവലിയിൽനിന്ന്
നീ എന്ന വാക്ക് വെട്ടിനീക്കുകയായിരുന്നു.
ജാഗരത്തിൽ, പഴയ എന്ന വാക്ക് വെട്ടിമാറ്റി
സ്വപ്‌നത്തിൽ, ലോകം എന്ന വാക്കും.
നിഘണ്ടുവിൽനിന്നു വെട്ടിനീക്കിയ
നാലാമത്തെ നശിച്ച വാക്ക് ഃ ദൈവം!
“പഠിക്കൂ”
ദൈവം കൽപ്പിച്ചുഃ
“ഇന്ത്യ, ശ്രീലങ്ക, ഇൻഡോനേഷ്യ, തായ്‌ലൻഡ്!”
പഠിക്കേണ്ടത് നഷ്‌ടപ്പെട്ട ഒന്നാംതരം
ആത്‌മാക്കളെയോ രണ്ടാംതരം ഇനങ്ങളെയൊ?
അറിവുകേടു മൂടിവെക്കാൻ
ശബ്‌ദതാരാവലി തുറന്നുവെച്ചു.
നിരന്തരം അതുമായി പങ്കിട്ടതു
ആയിരത്തിയൊന്നു അറേബ്യൻ മിനുട്ടുകൾ.
എന്റെ കണ്ണീരത്രയും കുടിച്ച നിഘണ്ടു
പിന്നീട് ഒരു പുഴയിലേക്കെറിയപ്പെട്ടു.
നിശാന്ധതയുളള ചരിത്രകാരാ,
നീ ആ പുഴയുടെ പേര് ആരായുന്നതെന്തിന്?
പുഴയുടെ സഹസ്രാവതാരങ്ങളിൽ ഒന്നെന്നു കരുതിക്കോളൂ
ഗംഗ, വോൾഗ, നൈൽ റൈൻ, ആമസോൺ…
അവയിലേതെങ്കിലുമൊന്നാകാം
അല്ലെങ്കിൽ സുനാമി വിതച്ച ഏഷ്യൻകണ്ണീർപ്പുഴയാകാം.
വാൽനക്ഷത്രങ്ങൾ ആരോരുമറിയാതെ
ഒരു കണ്ണീർപ്പുഴയിൽ മുഖം നോക്കുന്നു
മീവൽപ്പക്ഷികൾ ആരോരുമറിയാതെ
ഒരു കണ്ണീർപ്പുഴ കടന്നുപോകുന്നു
മേൽപ്പരപ്പിലെ കലക്കിനാകട്ടെ
അടിത്തട്ടിലെ വിശുദ്ധമായ തെളിമയ്‌ക്കാകട്ടെ
തരാൻ ഒരുത്തരവുമില്ല.
ചരിത്രകാരാ ഞാൻ നിന്നോടു പറയുന്നു
പുഴയൊരു റെയിൽപ്പാളമല്ല
ചരിത്രത്തിൽനിന്നു വെളിയിലേക്കുകടപ്പാൻ
ഒരുപോലെ തരപ്പെടുമെങ്കിലും
രണ്ടും രണ്ടാകുന്നുവല്ലോ.
ശബ്‌ദതാരാവലിയുടെ ലോകം ഉപേക്ഷിച്ച
മീവൽപ്പക്ഷികൾ ദേശാടനത്തിനിടയിൽ ശ്രുതി മീട്ടുന്നുഃ
കാത്തിരിക്കുവാൻ മനസ്സുവെക്കുക
ചെങ്ങിമറിഞ്ഞ പുഴയ്‌ക്കുമീതെ വേഗം ഉയർന്നുവരും
സ്‌നേഹത്തിന്റെ പുതിയ ഊഞ്ഞാൽപ്പാലങ്ങൾ!
Generated from archived content: poem2_mar11.html Author: venu_nambyar
Click this button or press Ctrl+G to toggle between Malayalam and English