നിനയ്‌ക്കിന്നെന്തിനുമേതിനും വേണം
ഇരുപതു കരമുളള രാവണൻ.
കുലയിട്ടുതരാൻ, കുല കുലയായ് പൂക്കുല
കുടം കുടമായെത്തിക്കുവാൻ തൈർക്കുടം
ചപ്പുംചവറും പെറുക്കുവാൻ
കടം പച്ചക്കടം വച്ചുനീട്ടുവാൻ
ചന്തത്തിൽപ്പിന്നെ കാവടിയാട്ടമാടിപ്പാൻ.
ഒറ്റത്തലയുളള നീ തണലിൽ അഴകിയരാവണൻ
ആലസ്യത്തിൽ വെടിപൊട്ടിച്ചിരിക്കുമ്പോൾ
മരം കൊത്തിക്കീറിത്തരുമവൻ തീ പാറുമുച്ചനേരത്തും.
ചൂഷിതർക്കു ജയ ജയ പാടുമ്പോഴും
ചൂഷകന്റെ പൊൻതൊപ്പിയണിയുന്ന നീ,
പരദേശിയാമണ്ണാച്ചിക്കു
കൂലി കുറച്ചേ കൊടുക്കൂ;
കാശു തികയാതിരുന്നാലവനൊരു
കഴുത്തിലേതു പിടിച്ചുപറിക്കും കട്ടബൊമ്മൻ.
ഓർക്കണം വല്ലപ്പോഴും നീ
പുറനാട്ടിലുയിർവറ്റിച്ചിടും
മലനാട്ടിൻകിടാങ്ങളെ,
അമ്മ പണ്ടു നൊന്തുപെറ്റോരവരെങ്കിലു-
മിന്നു നേർച്ചക്കോഴികൾ പരദേശക്കാവുകളിൽ.
കഷ്‌ടം ചെറുപണിയൊക്കെയുളള നാട്ടിൽ
പണിയാളെക്കിട്ടാനില്ലപോലും പണിക്ക്!
മെയ്യനങ്ങാനയമനുഷ്‌ഠിക്കുമിവിടെ
യെങ്ങാനുമടഞ്ഞുപോയാലൊരു കണ്ണ്,
ശവമെടുപ്പാനാളയച്ചുവരുത്തണോ
പുറം കറുത്തൊരു പുറനാട്ടുകാരനെ!
Generated from archived content: poem2_dec7_06.html Author: venu_nambyar