ഭൂലോകമലയാളിക്കുവേണ്ടി ഒരു നവവത്സരഗാഥ

എന്നിൽ നിന്നും കിഴിച്ചു ഞാൻ

രക്തമാംസമജ്ജാദികൾ

എന്നിൽ നിന്നും പുകച്ചുപുറത്തു

ചാടിച്ചു ഞാൻ പക, യോർമ്മകൾ;

കുറഞ്ഞതില്ല കടുകോളമെൻസത്ത

പാൽക്കടലും കടന്ന്‌

വ്യാപിച്ചുയുർന്നേൻ

ഹിമാദ്രിക്കുമപ്പുറം.

പ്രവാസത്തിൻ പുലിപ്പുറത്തേറിയിവൻ

താണ്ടുന്നു വൻകരകളൊക്കെയും ഭൂവിന്റെ

അത്തപ്പൂക്കളമിടുന്നന്റാർട്ടിക്കയിൽ

കത്തിക്കുന്നു കതിന കൈലാസത്തിൽ

ന്യൂയോർക്കിൽ ബർഗർ തിന്നുന്നു

ഛർദ്ദിക്കുന്നു റോമാത്തെരുവിൽ

ദഹിക്കാത്ത പിസ്സാ.

കാലടിയിൽ

അഖിലാണ്ഡചക്രം

തലപ്പുറത്തൊരു കളിപ്പെട്ടി

ചുണ്ടത്തൊരു കഥകളിപ്പദം

മാറാപ്പിൽ കൂടാരം

കാലിണയിൽ കളരിച്ചുവടുകൾ

മടിക്കുത്തിൽ പൊടിപ്പച്ചമരുന്ന്‌

ദക്ഷിണായനത്തിലും

ഉത്തരായനത്തിലും

ഇരുൾമുടിക്കെട്ടുമായ്‌

പതിനാറായിരത്തെട്ടുപടികളിൽ

ശരണാഗതിയടയുന്നു ഞാൻ.

മലയോളം കിളരവും

കടലോളമാഴവുമുള്ളയെന്നെ

മലയാളിയെന്നു വിളിക്കൂ

കോരിത്തരിക്കട്ടെയാ വിളി

കേട്ടെന്റെ കാതുകൾ

റബ്ബർമരത്തിന്റെ

നാട്ടിലെനിക്കെന്തുണ്ട്‌-

തുഞ്ചൻപറമ്പൊ

ചിക്കൻഗുനിയയൊ

പഞ്ചവർണ്ണക്കിളിയൊ?

മേടം കൊന്നക്കുടന്നകളുടെ

ശരറാന്തലുകൾ കൊളുത്തി

വെക്കുന്നതാർക്കുവേണ്ടി!

കണ്ണാന്തളികൾ ചിങ്ങത്തിൽ

കൺതുറക്കുന്നതാർക്കുവേണ്ടി!!

Generated from archived content: poem2_dec28_07.html Author: venu_nambyar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleമൗനങ്ങൾ പാടുമ്പോൾ
Next articleപളളിക്കൂടം
ജനനം 1955 ൽ കണ്ണൂർജില്ലയിലെ കണ്ണപുരം ഗ്രാമത്തിൽ. അഞ്ചാം വയസ്സിലുണ്ടായ ഒരു വെടിക്കെട്ടപകടത്തിൽ ആസന്നമരണാനുഭവം. സ്ഥലത്തെ ദിവ്യനായ ഡോക്ടറുടെ വിവേകംമൂലം ജീവൻ തിരിച്ചുകിട്ടി; സൗഭാഗ്യമോ ദൗര്ഭാഗ്യമോ എന്താണ് പറയേണ്ടതെന്ന് അറിയില്ല , അദ്ദേഹത്തിന്റെ കൈപ്പിഴകൊണ്ട് മറ്റൊരു കാര്യം സംഭവിച്ചു. ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. പത്താംക്ലാസ്സിനുശേഷം ടൈപ്പട,ചുരുക്കെഴുത്തു,അക്കൗണ്ടൻസി, ജ്യോതിഷം എന്നീ ഒടിവിദ്യകൾ അഭ്യസിച്ചു. ബേക്കറി ഓവൻ സഹായി, ബിൽ കളക്ടർ, ലോഡ്ജ് മാനേജർ..ഇത്യാദി .പല പണികളിലും ഭാഗ്യം പരീക്ഷിച്ചു. ഒരു ഗതിയും കിട്ടിയില്ല. പിന്നീട് ഒരു ശരാശരി മലയാളിയുടെ തലവിധിയുമായി ഊരുചുറ്റൽ: കൊൽക്കത്ത.ഡൽഹി. ഡെഹ്റാഡൂൺ. "വേണുവിന് കഥയെഴുതുവാൻ കഴിയും, വിടാതെ കൂടിയ്‌ക്കോളൂ ". എന്നെഴുതി ഒരിക്കൽ കുഞ്ഞുണ്ണിമാഷ് അനുഗ്രഹിച്ചിരുന്നു. ആ ബലത്തിൽ എഴുതിയ ചില രചനകൾ, പുഴ മാഗസിൻ, കഥ, ദേശാഭിമാനി, കുങ്കുമം, മനോരാജ്യം,മനോരമ, മംഗളം, ബാലരമ, ചന്ദ്രിക,ചില്ല, സമയം എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രകാശമോ ഇരുളോ പരത്തി. സർഗശ്രമങ്ങൾക്കു കയ്പ്പും മധുരവുമായിരുന്നു പ്രതിഫലം.'അമ്പുനമ്പ്യാരുടെ തോക്കിനു' മനോരാജ്യത്തിന്റെ ചെറുകഥാ പുരസ്‌കാരം.കുങ്കുമത്തിൽ വന്ന കഥകളുടെ പേരിൽ പ്രൊ എം കൃഷ്ണൻ നായരുടെ നിരന്തര ശകാരം. 2010 ൽ ഓ യെൻ ജി സി ഡെഹ്‌റാഡൂണിലെ എച് ആർ എക്സിക്യൂട്ടീവ് തസ്‌തികയിൽനിന്നു വി ആർ എസ്സെടുത്തു. പ്രവാസപ്പായ ചുരുട്ടിക്കെട്ടിയതിനു ശേഷം . ഇപ്പോൾ കണ്ണപുരത്ത്‌. ഭാര്യ ശ്രിമതി പി .നളിനിയോടൊപ്പം വിശ്രമജീവിതം. രണ്ടു പെണ്മക്കൾ,സൗമ്യ.ദിവ്യ.ഇവർ വിവാഹിതരായി ബാംഗ്ലൂരിൽ കഴിയുന്നു. എഴുത്തുകാരന്റെ സ്ഥിരമേൽവിലാസം :- പി സി വേണുഗോപാലൻ, സോപാനം,, കണ്ണപുരം ഈസ്റ്റ്, പി ഓ മൊട്ടമ്മൽ, കണ്ണൂർ 670331 മൊബൈൽ 9400563338,

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English