എന്തെന്നറിയുന്നു ഇന്നലെ
കേവലമൊരു നിറംകെട്ട മൂകബധിരസ്വപ്‌നം
നാളെയുമെന്തെന്നറിയുന്നു
നാളെ വരും മരണം വിടരും കണിക്കൊന്ന
ഇന്നെന്തെറിയുന്നു ജീവിതമൊരു
കുഠാരത്തിൻ രാകിമൂർപ്പിച്ച വായ്‌ത്തല
കടമായ്‌ത്തരുന്നേൻ നിനക്കു ഞാനതു
നീയിക്കരൾ കുത്തിപ്പിളർക്കുക
കളിക്കുന്നു മനസ്സിലുണ്ണിക്കണ്ണനുമുണ്ണിയേശുവും
തരുന്നില്ലയിരിക്കപ്പൊറുതി പക്ഷെ
ഭ്രൂണഹത്യയെയതിജീവിച്ച കരുമാടികൾ
പാച്ചോറിനും നറുംവെണ്ണയ്‌ക്കുംബദലായ്
ചവച്ചരയ്‌ക്കുന്നവറ്റകൾ ബബ്‌ൾഗം ബബ്‌ൾഗം!
കാണാത്ത തേവരെ മതേതരായ്
വിളിച്ചുകേഴുമ്പോഴും
കരുതുന്നു ചിലർ കയ്യിൽ
മരക്കുരിശും വിഷംതേച്ചൊരമ്പും;
കെട്ടിയടച്ച മുളളുവേലിക്കിരുപുറം
അന്യോന്യമാശംസിക്കുന്നയയൽക്കാർ സുപ്രഭാതം!
ഹൃദയം ഹൃദയത്തിൻ മിടിപ്പറിയുംമുമ്പറിയുന്നു
നീറ്റിവാറ്റിടുന്നൊരു മാംസദാഹത്തെ;
പാനപാത്രങ്ങളെത്രയുടഞ്ഞുതകർന്നില്ല
ദാഹമിന്നും ചുണ്ടത്ത് മിച്ചം
കൂടിയാണു കുരുക്കിൽ തൂങ്ങിപ്പിടയുമ്പോഴും
കൂടിയാണു ചുറ്റിപ്പിണയുമ്പോഴും
പക്ഷെയിങ്ങനെ കാണുന്ന വേളയിൽ
പ്രണയമജ്ഞാതമവനിയിലജ്ഞേയം.
Generated from archived content: poem2_dec22.html Author: venu_nambyar