പാടുന്ന പൈങ്കിളിക്കൊപ്പമൊരു പിൻ
പാട്ടുപാടുമോയിന്നു പാട്ടുകാരെ
പാടാത്ത പൈങ്കിളിക്കൊരു നല്ല
വിഷുപ്പാട്ടിന്നീണമിരവുനൽകുമോ നിങ്ങൾ
ആലപിക്കുമോ ഗായകരെ രാഗദീപകം
അന്ധതാമിസ്രമീതുളസിത്തറയിൽ
കൊളുത്തിവെക്കാനൊരു കൊച്ചുനെയ്‌ത്തിരി
സംഗ്രാമഗാനങ്ങൾ ഗ്രാമമൂലയിൽ
നാരകീയപ്പാട്ടുകൾ നഗരത്തിൽ
ഒറ്റപ്പെട്ടുപോയതിൻ
നൊമ്പരമൊരു പുല്ലാങ്കുഴലിൽ
മുറുകിപ്പൊട്ടുന്ന തന്ത്രികൾ രുദ്രവീണയിൽ
ഈണമിടയ്‌ക്കു കൈമോശപ്പെടുകയാണെങ്കിൽ
നിലാവിലലതല്ലിടുമമൃതവർഷിണിപ്പുഴ
യുണ്ടവിടേയ്‌ക്കു പോകാം
ഒഴുകുമ്പോഴുമൊഴുകാത്ത തീക്കണ്ണിൽ
നിന്നിരവുവാങ്ങാമൊരീണം നവംനവം
അനേകാന്തതീർത്തു മുഴക്കിടാമതിൻ മാറ്റൊലി
കനിവിൻ കതിർക്കുല കരുതിടാൻ
മറക്കൊലാ ഹൃത്തിൽ,
പുറമെയൊരു പച്ചമരച്ചില്ലയും.
വരാതിരിക്കുമൊയൊരുദിനം
വിഷുപ്പാട്ടുമായീവഴി
കതിരുകാണാക്കിളി
പാടുവാൻ മധുരതരമാമൊരീണ
മില്ലെങ്കിൽ ദീക്ഷിപ്പിൻ മൗനം
മധുരതമമതും
സാഗരരാഗത്തിൽ ഗാനവീചികൾ
അനുനിമിഷമലയടിക്കും
ഹൃദയമേ നമോവാകം
കുരിശിന്റെ പാതയിതു
തൊണ്ടപൊട്ടീടിലും
പാരിതോഷികം മുൾക്കിരീടം
Generated from archived content: poem2_apr12.html Author: venu_nambyar