നിദ്രാവിഹീനങ്ങൾ
വീഞ്ഞുശാലകൾ
ശരറാന്തലുകൾ
ഭഗ്‌നപാനപാത്രങ്ങൾ
അയഞ്ഞതാമധരങ്ങളിൽനിന്നു
പൊട്ടിയൊഴുകുന്ന വീഞ്ഞുപാട്ടുകൾ
വീഞ്ഞുകോരിച്ചൊരിയുന്ന
കൊന്നപ്പുലരികൾ
അതിരുകൾ മങ്ങിമായും
മകരന്ദസന്ധ്യകൾ.
മുന്തിരിത്തോപ്പിൽ
മുളച്ചവൻ ലഹരിയിൽ
ജീവിതമർപ്പിച്ചു
മുന്തിരിച്ചാറിനായ്!
മുന്തിരിപ്പന്തലിലും
മുളളിൻവളളി കേറ്റിപ്പടർത്തിയതാം
കളളിക്കുകൂടി
പകർന്നുകൊടുത്തേനവൻ
അധരാമൃതപാനപാത്രം.
നിലാത്തിരി
പൊഴിഞ്ഞുകത്തും
വിഷുക്കാലരാത്രിയിൽ
വിളമ്പുന്നൊരുതുളളിയും മോന്താതെ
പ്രജാഗരത്തിൻ
മധുമസ്‌തിയിലവൻ.
നിമിഷം നിമിഷം
മധുപാനം
മരണം ജീവിതം
വിഷുസന്നിഭം
വിമോഹനം;
നീറിപ്പുകഞ്ഞു
കാത്തിരിക്കട്ടെ
മണൽക്കാട്ടിലെ
വിഷുസംക്രമത്തിൽ
നിന്നെ ഞാൻ.
Generated from archived content: poem2_apr10_08.html Author: venu_nambyar