ഏച്ചിലിലയ്‌ക്കുവേണ്ടി
തെരുവുനായ്‌ക്കളുമായ് മല്ലിടേണ്ടിവരുമ്പേൾ
ഒരു കോരനും ലഹരി പകരില്ല
ഭക്തി തിളക്കുന്ന ഞരമ്പുകളുടെ കീർത്തനം.
വട്ടം ചുറ്റിപ്പറക്കാനുള്ള ചിറക്
കവട്ടക്കടയിൽ കിട്ടില്ലെന്നറിയാം
ചോര ചിന്തിക്കിട്ടിയ പുതുലോകത്തിൽ
കൂരിരുട്ടുദിക്കുമെന്നാരോർത്തു!
പായസത്തിനു കരയുന്നവന്റെ
കുമ്പിളിൽ കഞ്ഞിയെങ്കിലും….
തൽക്കാലം കായ്‌ക്കാത്ത തെങ്ങിൻചുവട്ടിൽ
ഒരു കുമ്പിൾ കഞ്ഞിയുടെ സ്വപ്നവുമായി
മയങ്ങട്ടെ കോരൻ;
ഭാരതമെന്ന ഭദ്രദീപത്തിനു
എണ്ണത്തിരിനാളമായി അവൻ
ഒളി മങ്ങാതെ ആളിക്കത്തട്ടെ,
നാടിനെ ഒരൊളിസേവയിൽ
ജാരനു വിൽക്കാതെ!
സ്വർണ്ണമുട്ടയിടുന്ന താറാവിനെ
കയറ്റുമതി ചെയ്തതു ആരാണ്?
കുടിച്ച പായസം ദഹിച്ചു കിട്ടാത്തവർക്കു
നെയ്‌പ്പായസം രണ്ടാംവട്ടം,
പട്ടിണിക്കു പെൻഷൻ മുഴുപ്പട്ടിണി.
രാമരാജ്യത്തിലെയും
രാവണക്കരയിലെയും കോരന്മാർ
ഒരേ പഷ്ണിക്കാലം പങ്കിടുന്നു
വാൽമീകി വൈരുദ്ധ്യങ്ങളെ
എതിർത്തിരുന്നുവൊ?
Generated from archived content: poem1+aug14_07.html Author: venu_nambyar