ആണിയായി ചുറ്റികയായി
വില്ലായി വില്ലാളിയായി
കുരിശായി ചക്രമായി
കാറ്റായി ഇലയായി
തകരയായി താമരയായി
ഇരുമ്പായി കാളയായി
തുരുമ്പായി തിരയായി
തരിശായി ഗോവർദ്ധനമായി
മനുഷ്യനാകാൻ പക്ഷെ
മറന്നേ പോയി
പകരം നരിയായി പുലിയായി
ചീങ്കണ്ണിയായി
ഹിപ്പൊപ്പൊട്ടാമസ്സായി
ദിനോസറായി
ഹുന്ത്രാപ്പിബുട്ടോസായി
ഇക്കരേന്നു അക്കരേക്കു കടക്കാനുള്ള
ഇറച്ചിപ്പാലമത്രെ മനുഷ്യൻ
പാലത്തിന് ആരും തീ കൊളുത്തരുത്
പാലത്തെ വെള്ളത്തിൽ മുക്കുകയുമരുത്
പാലത്തിൽ വീട് പണിയുന്നവരും
ആകാശത്തിൽ കോട്ട കെട്ടുന്നവരും
ഭൂമിയുടെ പുത്രന്മാരാകുമോ?
കടക്കുവോളം
നാരായണാ
കടന്നു കത്തിച്ചിട്ടാൽപ്പിന്നെ
കൂരായണാ
പുഴ വറ്റിക്കുന്ന
ഘോരായണാ
ഒരക്ഷരസേതു ഇത്രയും
പുകിലുണ്ടാക്കുമെന്ന്
പാവം വാൽമീകി നിരീച്ച്‌ട്ട്‌ണ്ടാവില്ല!
Generated from archived content: poem1_sept17_07.html Author: venu_nambyar