ഓണക്കളി കളിച്ചില്ല
ഓണാട്ടുകാരൻ കളിച്ചതൊക്കെയും
ഹോളിക്കളി
സഹ്യനെ കണ്ടതില്ലയീ-
സഹ്യന്റെ പുത്രൻ കണ്ടതൊക്കെയും
ഹിമാലയപ്പൊൻമുടി
കണിയ്‌ക്കു കത്തിച്ചതൊക്കെ പുറനാട്ടിലെ മത്താപ്പൂ
പുത്തരിക്കശിച്ചതൊ പഹാഡിയാലുപ്പൊറോട്ട
ഇല്ലന്നിറയ്‌ക്കു നിറ നിറച്ചതു വീര്യമുളള മഹൂവ
തെയ്യനം തിന്തനം തെയ്യക്കിളികൾ
വിട്ടു മാറിപ്പറക്കുന്നു കൂട്
പരദേശങ്ങളിൽ തെറുത്തുകെട്ടുന്നു
കളിവേഷങ്ങളെത്രയെത്ര
ദശകം രണ്ടു പിന്നിട്ട പ്രവാസത്തിൽ കിളിർന്നു വരുന്നില്ല മധുരം മലയാളം;
ഉച്ചൈസ്തരം നാക്കു-
ച്ചരിച്ചീടുന്നതൊക്കെയുമിപ്പോൾ
ചപ്പാത്തിഭാഷാമൊഴികൾഃ
ഹറാം ഘോർ, സാലേ, നമക് ഹറാം!
കളിപ്പദങ്ങളാരോ ടേപ്പിൽ മൂളിച്ചീടവേ
കേൾക്കുന്നയൽപതി മൗനനൊമ്പരംഃ
മെയ്യിക്കരെ കരളക്കരെ
മുറിഞ്ഞുവീഴുമോ ഹൃദയത്തിരശ്ശീല
വിരഹത്തിരപ്പുറപ്പാടിൽ!
പ്രവാസത്തിൻ പിണി തീർത്തു
തിരിച്ചു വിളിക്കുമോ നീ
നിളേ ദേശാടനപ്പക്ഷിയെ?
കണ്ണുനട്ടുപാർത്തിരിപ്പാൻ
ശേഷക്കാരില്ലെങ്കിലെന്ത്
സ്വന്തമെന്നു പറയുവാനക്കരെക്കാണും
വിഷുക്കൊന്നകൾ ഓണപ്പൂവുകൾ
തൈത്തെങ്ങുകൾ വെൺകവുങ്ങുകൾ
സന്തുലിതവേളയിൽ നിളേ
നിന്നെ ഞാൻ സ്‌തുതിക്കട്ടെ
അസന്തുലിതവേളയിൽ നിളേ
നിന്നെ ഞാൻ തേടിയൊഴുകട്ടെ
പിച്ചയായ് വീണുകിട്ടുമോരോ ക്ഷണത്തിനും
നിളേ നിനക്കെന്റെ കൂപ്പുകൈ!
അറുത്ത കൈക്കെന്നപോലെയൊരുപിടി
ഉപ്പുകൊടുത്തേനിവനറിയാക്കരത്തിനും;
കുറ്റപ്പേര് പിന്നെയും ചാർത്തുന്നു
ലോകം – ‘നമക് ഹറാം’!
Generated from archived content: poem1_sept12_05.html Author: venu_nambyar