ഏഞ്ചുവടി മനഃപ്പാഠമെങ്കിലും
ജീവന്റെ പിഞ്ചോമനമുഖം മറന്നു, ഞാനമ്മേ!
മഴതോരുംമുമ്പൊരു കിളിനാദം കേട്ടുവൊ
ശിശിരമിലപൊഴിക്കുംമുമ്പൊരു
പൂവിതൾ തൊട്ടുവൊ.
വഴി മറന്നതാമെന്റെയക്കങ്ങൾ
ശരിയുത്തരത്തെറിയാതെ
തരിശിൽ അലയുന്നു.
കണക്കിൽ കനക്കെ തോറ്റു ഞാനമ്മേ!
ഏങ്കിലും കാണം വിൽക്കാതെയോണമുണ്ണാൻകഴിവതു
ശ്രീപാദപ്പൊലിമയാലമ്മേ!!
ഗുണകോഷ്‌ഠകപ്പട്ടികയിൽ
സ്‌നേഹത്തെ തളച്ചിടുന്നോർ
മസ്‌തിഷ്‌കത്തിൻ കോണകവാലിൽ
രതിസ്വപ്‌നങ്ങൾ കുരുക്കുവോർ
കണക്കിൻ രാവണൻകോട്ടയ്‌ക്കുളളിൽ
കുടിക്കുന്നു രുധിരം മാവേലിതൻ.
വിരൽ മടക്കി ഞാനെണ്ണുമ്പോൾ
തല പുകഞ്ഞു ഞാനെരിയുമ്പോൾ
നിത്യദുരിതത്തിൻ കണക്കുവഴിയിലൂടെ
യോണച്ചന്തയിലൊറ്റയാനായ് ഞാൻ ചരിക്കുമ്പോൾ
കൂട്ടിയ കണക്കൊക്കെപ്പിഴക്കുമ്പോൾ
കൈക്കണക്കിലെയക്കങ്ങൾ നിലവിളിക്കുമ്പോൾ
നാൾവഴിസംഖ്യകൾ മൃഗതൃഷ്‌ണയിൽ
തുളളിത്തിളയ്‌ക്കുമ്പോൾ-
മനസ്സിൽ കുളുർമ്മ തരുമൊ ജനനി നീ,
മുക്തിവാഹിനിക്കവിതയാം വരംതരുമൊ മഹിതേ നീ.
സീതയ്‌ക്കുവേണ്ടി പിളർന്നു പണ്ട് നീയമ്മേ
ഇന്നു നമുക്കുവേണ്ടിപ്പിളരുക
ആണവക്കണക്കുപ്പുസ്‌തകമൊരുണ്ണിയും
കാണാത്തിടത്തൊളിപ്പിച്ചു വെക്കുക.
Generated from archived content: poem1_sept11_08.html Author: venu_nambyar