കണ്ണാൽ കാണാത്ത പാലത്തെ ലാളിപ്പവർ
കടക്കുകില്ല, വിടില്ല കടപ്പാനും;
മാറ്റുകയാണല്ലോ, തീവെട്ടികൾ, ജീവിതം
തീപിടിപ്പിച്ചൊരു തൂക്കുപാലമായ്.
സത്സംഗശിബിരം നടത്തി ചിലർ
കോപ്പിടുന്നു സർവ്വജ്ഞപീഠത്തിനായ്;
പരസേവയ്‌ക്കിഹജീവിതം നോറ്റുനോറ്റിട്ട്
നിർവ്വഹിപ്പൂ സ്വയംസേവയിതു ചിലർ.
മുറയ്‌ക്കു കഴുതപ്പെട്ടി പാർത്തു
കഴുതകളായ്‌ച്ചമയുന്നു ചിലർ;
അഷ്ടിക്കുവകയില്ലെങ്കിലും ചിലർ
കരുതുന്നു മുഷ്ടിയിൽ മൊബൈൽ.
കേശംമുറിച്ചു ഞെളിയുന്നു സുന്ദരികൾ
കുണുങ്ങുന്നു കമ്മലണിഞ്ഞ സുന്ദരന്മാർ;
കാതലിക്കാംമരിക്കുവോളമെന്നാണയിട്ടും
ചിലർ തരംനോക്കി വെട്ടുന്നു പൊൻകാതുകൾ.
തപ്പുകൊട്ടുവാനേതും മടിയില്ല
വോട്ടിനു നപുംസകങ്ങൾക്കും;
ആൾദൈവങ്ങളായ് കെട്ടിയാടാൻ
വിരുതേറെയാണ് നവവാമനർക്കും.
സത്തമനരുളുന്നു ഃ പെൺ
വാണിഭം മഹാശ്ചര്യം;
സുന്നത്തേ കഴിച്ചുള്ളൂ, ഗുഹ്യം
ശൂന്യമാക്കിയിട്ടില്ലിവൻ!
ഗൃഹലക്ഷ്മിയെ ചൂളയിൽ ചുട്ടു
കരിക്കുന്നു ചിലർ സ്ര്തീധനത്തിനായ്;
ഗർഭപാത്രത്തിലെ സരസ്വതീബീജത്തെ
ചിലർ കളയുന്നു ശാസ്ര്തദൃഷ്ടിയാൽ.
ഉണ്ണികൃഷ്ണൻ മനസ്സിൽ കളിക്കുമ്പോഴു-
മിറുകെപ്പുണരുന്നു തന്ത്രികൾ പുംശ്ചലിതൻപയോധരം;
മരണം കതകിൽ തെരുതെരെ മുട്ടുമ്പോൾ
മാഴ്‌കുന്നു ചിലരെൺപതിലും ‘പോര,
മതിയായില്ല ജന്മം സുഖിച്ചതീമണ്ണിൽ’.
ഉപഭോഗേച്ഛയാൽ പച്ചക്കടംവാങ്ങി ജീവ
നാഡിക്കു ബ്ലേഡുവെക്കുന്നിതു ചിലർ;
പോകുന്നതൊറ്റയ്‌ക്കൊരുപോക്കണംകേടതിനാൽ
പോകുന്നു കൂട്ടമായ് വിഷം വിഴുങ്ങും വിഷാദികൾ.
അച്ഛനെയും പുനരമ്മയെയും
കയ്യൊഴിഞ്ഞു പടിയടക്കുന്നു ചിലർ;
സ്ഥലജലവിഭ്രാന്തിയിൽ വേറെച്ചിലർ വെപ്പു
പണയം രജസ്വലയായ സ്വന്തം പെണ്ണിനെ.
ജീവന്റെ ഹരിശ്രീയറിയാത്തോർ ചിലർ
ഉരുക്കഴിക്കുന്നു പുണ്യജീവിതഫോർമുല;
തുറക്കേണം വാതായനങ്ങളെല്ലാമെന്നൊരാൾ
അടക്കേണമോരോന്നുമെന്നുമറ്റൊരുമൂഢൻ;
ചിലതു തുറക്കുമ്പോൾ ചിലതടയേണം
വാഴ്‌വിലിതല്ലോ, പൂന്താനമേ,
ചിരന്തനജീവനതാളം!
Generated from archived content: poem1_nov7_07.html Author: venu_nambyar
Click this button or press Ctrl+G to toggle between Malayalam and English