ബ്രാ അലറുന്നതു
ആൾജിബ്രയെക്കുറിച്ചല്ല
ജ്യോമട്രിയെക്കുറിച്ചുമല്ല
പോരടിക്കുന്ന രണ്ടു പൂജ്യങ്ങൾക്കിടയിൽ
ശ്വാസംമുട്ടിച്ചത്ത പ്രണയത്തെക്കുറിച്ചാകാം.
ബ്ലാക്ക് ബോർഡിലെ
പകുതി മാഞ്ഞ ഫോർമുലകളിൽ
വീർപ്പുമുട്ടുന്നതു അനന്തത
ബ്രായുടെ പിൻകുടുക്ക് വിഴുങ്ങുന്ന
ഉന്മാദത്തിനിടയിൽ
അനന്തയെ പക്ഷെ ആർക്കു വേണം?
അജ്ഞാതമായ ഘടകം എക്സ്
ട്രിഗണോമിറ്ററി ഫോർമുലയ്‌ക്കും
ആത്മഹത്യാമുനമ്പിനുമിടയിൽ അകലമെത്ര?
സുബോധത്തെ പൂർണ്ണമായും കുടിയിറക്കുവാൻ
ത്രീ എക്സ് എത്ര പെഗ്ഗ് വരുത്തണം?
പാരസ്പര്യത്തെ സംഹരിപ്പാൻ
ദൃഢവിശ്വാസങ്ങളുടെ ആർ ഡി എക്സ്
എത്ര പെട്ടി കരുതണം?
തറപറ നാമജപം
വകതിരിവ് കരിന്തിരി കത്തുന്നു
തറപറയുടെ ഊഷരതയിൽ
സത്യം ചിന്നൻ വലിക്കുന്നു, സ്നേഹവും.
ബാലവാടി വെറുംതറയാണെങ്കിൽ
വിശ്വവിദ്യാലയം വെറുംപറ
തറയും പറയും
ഒരേ വമനാഭ്യാസദണ്ഡിന്റെ
രണ്ടറ്റങ്ങൾ.
അതിനാൽ പഠിച്ചതെല്ലാം മറന്നതിനുശേഷം
ഒരു പൂമ്പാറ്റയിൽനിന്നു പുതുതായി തുടങ്ങാം
വള്ളികളും പുള്ളികളും
ഒരെറുമ്പിൽനിന്നു
കുത്തും കോമയും പഠിക്കാം
മുരിക്കൊമ്പിൽ നിന്നൊരു ധ
കൃഷ്ണപ്പരുന്തിൽ നിന്നൊരു ന
നക്ഷത്രക്കുറിപ്പുകൾ
ഒരരുവിയിൽനിന്ന്
ജീവിതത്തിന്റെ ഇറുക്കം
വലംപിരിശംഖിൽനിന്ന്
പഠിക്കുവാൻ ബാക്കിയായതു
ഒരീറൻകണ്ണിൽനിന്ന്
ജയിക്കാനും ഉപജീവിക്കാനുമല്ല
തോൽക്കാനും മണ്ണടിയാനുമല്ല
ചാരത്തിനുപകരം പനിനീരലർകൊണ്ട്
ഈ ലോകത്തെ എതിരേൽക്കുവാൻ!
Generated from archived content: poem1_may27_08.html Author: venu_nambyar