കാക്ക മയിലാകുമെങ്കിൽ
കര അതൊരു വാർത്തയാക്കും
സ്രാവ് മുയലാകുമെങ്കിൽ
കടൽ അതൊരു വാർത്തയാക്കും.
വാർത്ത വായിക്കുന്നവനു
വായന ശരണം
കേൾക്കുന്നവനു കേൾവിയും
പക്ഷെ വായനയ്‌ക്കും കേൾവിയ്‌ക്കുമപ്പുറത്താണ്
ഉരുകുന്ന ജാഗരൂകത.
അപ്പൂപ്പൻതാടികളായി
ബഹിരാകാശത്തിലേക്കുയർന്നു
ഗുരുത്വാകർഷണനിയമത്തെ
കൊഞ്ഞനം കുത്തുന്ന വാർത്തകളുണ്ട്
അവ വായിക്കുന്നവർ പക്ഷെ
ചുരുക്കമത്രേ.
വാർത്ത സൃഷ്‌ടിക്കാൻ വേണ്ടിമാത്രം
ഒരു ചെറുപ്പക്കാരൻ തൂങ്ങിച്ചാകുന്നു
ഒരു യുവതി കടിഞ്ഞൂൽ പ്രസവത്തിൽ
ആറു കുഞ്ഞുങ്ങളെ പ്രസവിക്കുന്നു
ഒരു ശിൽപ്പി തെരുവുവേശ്യക്ക്
തന്റെ കാതരിഞ്ഞു സമ്മാനിക്കുന്നു.
വാർത്തകൾ സാധൂകരിക്കുന്നത്
തഥാഗതന്റെ പരിവർത്തനനിയമത്തെ.
വാർത്തകൾക്കു സ്ഥിരതയില്ല
എങ്കിലും സ്ഥിരമായ ഒരച്ചുതണ്ടിൽ
അവ കറങ്ങുന്നു തണുത്ത പ്രാതലിനു ചൂടേകുവാൻ.
സുനാമി, സൂസൈഡ് ബോംബ്, അംലമഴ,
ഭൂകമ്പം, ചുഴലിക്കാറ്റ്, ബലാൽക്കാരം…
ദൂരെ നിന്നു കേൾക്കുന്നവൻ അനുഗൃഹീതനത്രെ
ഉദ്‌ഭവസ്ഥാനത്തിന് അടുത്തുളള ബധിരനും
ഏറെ അനുഗൃഹീതനത്രെ
വാർത്തകളുടെ അലസിപ്പോകാത്ത
ഗർഭം വഹിക്കുന്ന ആത്മാവ് മാത്രം
കുരിശിലേറ്റപ്പെടുകയാണ്
അങ്ങാടിനിലവാരത്തിൽ ആ ആത്മാവിനു
വില മുപ്പതു വെളളിക്കാശ്.
പരിപാടിയും പ്രക്ഷേപണവുമില്ലാത്ത
മനസ്സ് നിരന്തരം കേൾക്കുന്നു
അച്ചടിക്കാത്ത വാർത്തകൾ
ആർക്കും വേണ്ടാത്തതാണെങ്കിലും
അവ അമൂല്യങ്ങളത്രെ!
Generated from archived content: poem1_mar22_06.html Author: venu_nambyar