ഉപ്പിനു ചോദിച്ചു, വെടിയുപ്പു കിട്ടി
ചോദിച്ചു പൊന്നിന്, കാക്കപ്പൊന്നു കിട്ടി
തുണിക്കു ചോദിച്ചപ്പോളുടുതുണിയഴിപ്പിച്ചു
വിത്തിനു ചോദിച്ചപ്പോൾ തന്നു കുത്തിയ വിത്ത്
സ്‌നേഹത്തിനാശിച്ചപ്പോൾ കണ്ണുനീരു തന്നു
കിനാവിനായ് മോഹിച്ചപ്പോൾ കെടുത്തിയുറക്കം
വെളിച്ചത്തിനിരന്നപ്പോളിരുട്ടു തന്നു
ജ്വാല വേണ്ടപ്പോൾ പുകച്ചുരുള് തന്നു
വിഷുവിനും ഓണത്തിനും തിരക്കു തന്നു
കതിനയും പൂവും വാങ്ങാൻ മുഴുക്കടവും തന്നു
സൂചിക്കു ചോദിച്ചപ്പോൾ പടവാള് തന്നു
നൂലിനു ചോദിച്ചപ്പോൾ കൊലക്കയറു തന്നു.
കഴുത്തിലറുംപലിശ കൊലക്കത്തിപോലെ
പന്തയത്തിലൊന്നാമിടം പൂകുവാനതിദുര
മറവിതൻമാറാലയിൽ കുടുങ്ങുന്ന മനമിതു
തുരങ്കത്തിന്നപ്പുറം വെളിച്ചമുണ്ടോ?
വെളിച്ചത്തിൻ കാവൽക്കാർ കലവറക്കാർ
കട്ടെടുത്തു അമ്മയുടെ തിരുവാഭരണങ്ങൾ
തിരുമുറ്റത്തൊഴുകുന്നു പൊട്ടിയ മുന്നൂർക്കുടങ്ങൾ
ഒടുക്കത്തെ തിരിയും കടുന്തിരി കത്തുന്നു.
Generated from archived content: poem1_july20_05.html Author: venu_nambyar