നാൽവരുടെ യാത്ര


അമ്മ

തെക്കോട്ടെടുക്കുന്ന യാത്രയല്ലേ
പൊതിച്ചോറെടുക്കേണ്ട
പെട്ടിയെടുക്കേണ്ട
പൂത്താലി വേണ്ട
വാൽക്കണ്ണാടി വേണ്ട
തികച്ചും സൗജന്യമീയാത്ര
യാത്രികയില്ലാത്ത പേയാത്ര


അച്‌ഛന്റെ

വടക്കോട്ടു പോകുന്ന യാത്രയല്ലേ
കളളവണ്ടിക്കു പോകാം
ഏകമുഖിമാല ചാർത്താം
താടിയും മീശയും നീട്ടി വളർത്താം
കാഷായമൊക്കെ മോടിയിൽ ചാർത്താം
ടിക്കറ്റിനായ്‌ ടീട്ടി വന്നു ചോദിക്കുമ്പോൾ
തൃക്കണ്ണുരുട്ടിക്കാണിച്ചു ചൊല്ലാംഃ
മൂഢാ, ദേശാടനക്കിളിക്കെന്തിനു ടിക്കറ്റ്‌!


മകളുടെ

പാതാളം തേടുന്ന യാത്രയല്ലോയിതു
അവതാളത്തിലാകുന്നു കാൽവെപ്പുകൾ
കടം വാങ്ങിയ ക്രീമുകൾ, പോളീഷുകൾ
അഞ്ചിപ്പുളയും മദഭരയൗവ്വനം

ചപലവികാരത്തിൻ കാട്ടുതീയിൽ
ഒന്നൊന്നായി ഹോമിച്ചിടുന്നംഗങ്ങൾ
ഒരൊറ്റരാവിൽ പല പുരുഷരെ
പുൽകുന്നിവൾ പുതുപാഞ്ചാലി, കഷ്‌ടം
വിഴുപ്പ്‌ ചുമക്കുന്നു എച്ച്‌.ഐ.വി പോസിറ്റീവ്‌!


മകന്റെ

ലങ്കയിലേക്കുളള യാത്രയല്ലേ
ലങ്കോട്ടിയൂരയിൽ ഭദ്രമാണേ
ചാടാം കടൽ കടന്നക്കരയ്‌ക്ക്‌
പക്ഷെ ചാടുവാൻ വയ്യെനിക്കിക്കരയ്‌ക്ക്‌

ടീവിയിലുണ്ടൊരു സീരിയൽ
സീതയെ കട്ട പഹയന്റെ
പുണ്യചരിതമിദമെപ്പിസോഡ്‌
കണ്ടതു കണ്ടതുതന്നെ വീണ്ടും
കണ്ടു കണ്ണിനു തിമിരംകേറി
പക്കൽ കിട്ടിയിട്ടുമെന്തേ റേപ്പ്‌
ചെയ്‌തില്ല രാവണൻ മൈഥിലിയെ!
ഷണ്ഡനാരാണു രാമായണത്തിൽ
ഒറ്റത്തലയുളള ശ്രീരാമനോ
പത്തുതലയുളള രാവണനോ?

Generated from archived content: poem1_feb16_06.html Author: venu_nambyar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleമാസമുറ (2007)
Next articleരണ്ട്‌ കവിതകൾ
ജനനം 1955 ൽ കണ്ണൂർജില്ലയിലെ കണ്ണപുരം ഗ്രാമത്തിൽ. അഞ്ചാം വയസ്സിലുണ്ടായ ഒരു വെടിക്കെട്ടപകടത്തിൽ ആസന്നമരണാനുഭവം. സ്ഥലത്തെ ദിവ്യനായ ഡോക്ടറുടെ വിവേകംമൂലം ജീവൻ തിരിച്ചുകിട്ടി; സൗഭാഗ്യമോ ദൗര്ഭാഗ്യമോ എന്താണ് പറയേണ്ടതെന്ന് അറിയില്ല , അദ്ദേഹത്തിന്റെ കൈപ്പിഴകൊണ്ട് മറ്റൊരു കാര്യം സംഭവിച്ചു. ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. പത്താംക്ലാസ്സിനുശേഷം ടൈപ്പട,ചുരുക്കെഴുത്തു,അക്കൗണ്ടൻസി, ജ്യോതിഷം എന്നീ ഒടിവിദ്യകൾ അഭ്യസിച്ചു. ബേക്കറി ഓവൻ സഹായി, ബിൽ കളക്ടർ, ലോഡ്ജ് മാനേജർ..ഇത്യാദി .പല പണികളിലും ഭാഗ്യം പരീക്ഷിച്ചു. ഒരു ഗതിയും കിട്ടിയില്ല. പിന്നീട് ഒരു ശരാശരി മലയാളിയുടെ തലവിധിയുമായി ഊരുചുറ്റൽ: കൊൽക്കത്ത.ഡൽഹി. ഡെഹ്റാഡൂൺ. "വേണുവിന് കഥയെഴുതുവാൻ കഴിയും, വിടാതെ കൂടിയ്‌ക്കോളൂ ". എന്നെഴുതി ഒരിക്കൽ കുഞ്ഞുണ്ണിമാഷ് അനുഗ്രഹിച്ചിരുന്നു. ആ ബലത്തിൽ എഴുതിയ ചില രചനകൾ, പുഴ മാഗസിൻ, കഥ, ദേശാഭിമാനി, കുങ്കുമം, മനോരാജ്യം,മനോരമ, മംഗളം, ബാലരമ, ചന്ദ്രിക,ചില്ല, സമയം എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രകാശമോ ഇരുളോ പരത്തി. സർഗശ്രമങ്ങൾക്കു കയ്പ്പും മധുരവുമായിരുന്നു പ്രതിഫലം.'അമ്പുനമ്പ്യാരുടെ തോക്കിനു' മനോരാജ്യത്തിന്റെ ചെറുകഥാ പുരസ്‌കാരം.കുങ്കുമത്തിൽ വന്ന കഥകളുടെ പേരിൽ പ്രൊ എം കൃഷ്ണൻ നായരുടെ നിരന്തര ശകാരം. 2010 ൽ ഓ യെൻ ജി സി ഡെഹ്‌റാഡൂണിലെ എച് ആർ എക്സിക്യൂട്ടീവ് തസ്‌തികയിൽനിന്നു വി ആർ എസ്സെടുത്തു. പ്രവാസപ്പായ ചുരുട്ടിക്കെട്ടിയതിനു ശേഷം . ഇപ്പോൾ കണ്ണപുരത്ത്‌. ഭാര്യ ശ്രിമതി പി .നളിനിയോടൊപ്പം വിശ്രമജീവിതം. രണ്ടു പെണ്മക്കൾ,സൗമ്യ.ദിവ്യ.ഇവർ വിവാഹിതരായി ബാംഗ്ലൂരിൽ കഴിയുന്നു. എഴുത്തുകാരന്റെ സ്ഥിരമേൽവിലാസം :- പി സി വേണുഗോപാലൻ, സോപാനം,, കണ്ണപുരം ഈസ്റ്റ്, പി ഓ മൊട്ടമ്മൽ, കണ്ണൂർ 670331 മൊബൈൽ 9400563338,

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English