പൊന്നിളം വെയിലത്തിവൻ
പിന്നെയും കാണുവാൻ
വന്ന വേളയിൽ
തൂമുല്ലയെച്ചൊടിപ്പിക്കും
ചിരിയൊന്നു പൊഴിച്ചു നീ.
ചെറുമുടന്തുമായ് നൊണ്ടി നീ
അകത്തേക്കു ചെന്നപ്പോൾ
നടുങ്ങിയില്ലെന്മനം;
ഇതു നിഷ്‌കപടമാം മറ്റൊരു
നടത്തത്തിനപൂർവത!
കർണ്ണാമൃതം പാദസരക്കിലുക്കം
ക്ഷണികം നുറുങ്ങിപ്പരക്കു
മപാരതതൻ ചിലമ്പൊലി.
മറന്നുപോകാത്തൊരു
പൂപ്പാലിക കാലമന്നുമിന്നും
പ്രണയമൊ കുരുക്കുത്തി
മുല്ലപ്പൂമ്പൊടിയിൽ
ചാലിച്ചെടുത്തതാം
നവചന്ദ്രകാന്തി!
രഹസ്യം കമ്മലിൻ പൊന്നലുക്കിൽ
ചൊരിഞ്ഞന്നു ഞാൻ
ഇഷ്ടമാണിഷ്ടമാണോമലേ,
നിശ്ശബ്ദം മിഴിയാൽ മൊഴിഞ്ഞതൊക്കെയും
വാമൊഴിയാലൊരുകുറി പിന്നെയും ചൊല്ലുവാൻ
വന്നതാണോമലേ,
ഇഷ്ടമാണോമലേ,
ഇഷ്ടമാണിഷ്ടമാണേ…!
Generated from archived content: poem1_feb11_08.html Author: venu_nambyar