പാൽസ്‌കൂട്ടറിന്റെ ഹോറണടി
പുലർകാലസ്വപ്നങ്ങൾക്ക്
പാരിക്കേൽപ്പിക്കുന്നു.
ഈയിടെയായി
ഹെൽമറ്റ് ധരിച്ച ഒരാളാണ്
പത്രം തരുന്നത്,
അയാളുടെ പഴയ ബുള്ളറ്റിന്റെ
അരോചകശബ്‌ദം കേട്ടാണ്
എന്റെ സൂര്യൻ ഉണരുന്നത്.
പാലിനുപകരം വീഞ്ഞും
പത്രത്തിനുപകരം പുഴയും
വരും നാളുകളിൽ
തിരിയാം പുതുവാർത്തകൾ,
പുഴയോളങ്ങളിലും
പുലർകാലപ്പുതുമകളിലും
പൂവിരിയും മേടുകളിലും
പൂത്ത പാലമരത്തെ വലം ചുറ്റുന്ന
മഞ്ഞപൂമ്പാറ്റ ഒരു വാർത്തയാകുമൊ!
ഒറ്റക്കാലിൽ വെയിലത്ത് നത്തിക്കുത്തി മേയുന്ന
മൈന സ്‌കുപ്പാകിമൊ!
കൊക്കലിറുക്കിപ്പിടിച്ച ന്യൂ ഇയർ ആശംസാക്കാർഡുമായി
ഒരു വെള്ളപ്രാവ് തൂങ്ങിമരിച്ച ഒരുവന്റെ ചുമലിലേക്ക്
ഊർന്നിറങ്ങി വരികയാണെങ്കിൽ അതൊരു വാർത്തയാകില്ലേ?
കാലത്തിന്റെ ക്രോണോളജിക്കൽ
ഓർഡറിനപ്പുറം കാലനുണ്ട്
എങ്കിലും പുതുവത്സരം പ്രമാണിച്ച്
ചില റസലുഷൻസ്……….
പുകവലി നിർത്തി പൊടിവലി തുടങ്ങാം
റെഡ് വൈനിനു പകരം വൈറ്റ് വൈൻ
ബന്ധുക്കളെ ചുരികമുനയിൽ നിർത്താം
ചിരിയിനി ജന്മശത്രുക്കളോട് മാത്രം
പൈപ്പിൻ ചുവട്ടിലെ കാക്കക്കുളിയെന്തിന്
പുതുവത്സരം തൊട്ടങ്ങോട്ട് അനന്തമായ
ജ്ഞാനസാഗരത്തിൽത്തന്നെയാകട്ടെ നമുക്ക് സ്‌നാനം
ടാറ്റാ ബൈ ബൈ !
2008നൊപ്പം മൃത്യുവിനോടും വിട.
ശയനം ഇനി ശവാസനത്തിൽ
അണയാത്തീയുള്ള ഒരു ചുടലക്കളത്തിൽ.
അതെ, ജീവനോടെ അതിജീവിക്കണം
മരണത്തെ………
പണ്ടത്തെ ഭാഷയിൽ പറഞ്ഞാൽ
ഉടലോടെ ഉയരണം സ്വർഗ്ഗത്തിലേക്ക് !
Generated from archived content: poem1_dec29_08.html Author: venu_nambyar