ആത്മഹത്യ ചെയ്യുവാൻ
തീവണ്ടിയെ കാത്തിരിക്കുന്നവരും
പുഴയെ ആശ്രയിക്കുന്നവരും കാണും.
അവർ ഒരു കാര്യം മറന്നുപോകുന്നുഃ
ശരീരത്തിനു പോറലൊന്നും പറ്റില്ലെങ്കിൽ
അതിനകത്ത് പ്രാണൻ ഭദ്രമാകുമെങ്കിൽ
ആത്മഹത്യയും സുന്ദരംതന്നെ,
റുബേൻ ദാരിയൊവിന്റെ കവിതപോലെ.
കൂകിപ്പായുവാൻ തീവണ്ടി ആഗ്രഹിക്കുന്നില്ല
പുഴ പതഞ്ഞൊഴുകുവാൻ വിചാരിക്കുന്നുമില്ല
എങ്കിലും കൃത്യനേരത്തിനു കര പറ്റുന്നു
മനുഷ്യരും ചങ്ങാടങ്ങളും
പന്തയത്തിൽ സ്വർണ്ണമെന്നും പുഴക്ക്
പാലത്തിനുമുന്നെയുള്ള ലൂപ്പ്‌ലൈനിൽ
പഴങ്കഥയിലെ മുയലിനെപ്പോലെ
ശീഘ്രതയുടെ പുറംപൂച്ചുമായ്
തീവണ്ടി ഉറങ്ങാതിരിക്കില്ല.
ഒരോട്ടപ്പന്തയത്തിലും പക്ഷെ പുഴ
പേരു കൊടുക്കുമെന്നു തോന്നുന്നില്ല
സ്വന്തം ട്രാക്കല്ലാതെ വേറൊരു ട്രാക്ക്
പുഴക്ക് അചിന്ത്യമല്ലോ.
പുഴ കടക്കുമ്പോൾ ഒരുത്തന്
തോണിമുട്ടി ചാവുമെന്ന പേടിയെന്തിന്!
തീവണ്ടിപ്പാളം മുറിച്ചുകടക്കുമ്പോൾ
പക്ഷെ സൂക്ഷിക്കണം;
ഒരു സൂപ്പർഫാസ്‌റ്റ് ഉരുക്കുതോണി
കാൽനടക്കാരന്റെ കണ്ടകശ്ശനിയാവാം.
പുഴയിൽ യാചകരുടെ ശല്ല്യമില്ല
അവിടെ സഞ്ചാരികളും യാചകരാണ്
പ്രാർത്ഥനയുടെ കളിക്കൊഞ്ചലുകൾക്കായി
അവർ തങ്ങളെ ശിശുക്കളിലേക്ക്
പരാവർത്തനം ചെയ്യുന്നു
പുഴ അപ്പോൾ രഹസ്യമായി
അവരുടെ മുടി നരപ്പിക്കുന്നു
കടൽ അവരുടെ ജരാനരകൾ ഏറ്റുവാങ്ങുന്നു
പുഴയെപ്പോലെ തീവണ്ടിയും
പർവ്വതങ്ങളുടെ എളിമയിലേക്ക് കുതിക്കുന്നു
മഴയെപ്പോലെ അത്
അകലങ്ങളെ വിഴുങ്ങിക്കൊണ്ട്
സമാഗമത്തിന്റെ സുവിശേഷ
സംഗീതമാലപിക്കുന്നു
ഇളകിത്തുള്ളിപ്പായുമ്പോഴും അത്
നിശ്ചലനായ ഒരു സഞ്ചാരിയുടെ
വിഹ്വലതകളെ ആവാഹിക്കുന്നു
തീവണ്ടിക്ക് പുഴയാകാനൊ
പുഴയ്‌ക്ക് തീവണ്ടിയാകാനൊ വയ്യ;
എങ്കിലും കൊങ്കൺ റൂട്ടിൽ
പുഴക്കുമീതെ നീണ്ട നീണ്ട
വണ്ടിപ്പാലങ്ങൾ കാണാം.
Generated from archived content: poem1_dec1_07.html Author: venu_nambyar
Click this button or press Ctrl+G to toggle between Malayalam and English