ഒരു ബുദ്ധനെ
ലോകത്തിനു നൽകാൻ
ആർക്കു കഴിയും
ഒരുവൻ വിചാരിച്ചാൽ
പക്ഷെ തീർച്ചയായും
ഈ ലോകത്തിൽനിന്ന്
ഒരു ഹിറ്റ്‌ലറെ കുറക്കാൻ കഴിയും.
ബുദ്ധൻ യാഗശാലകളിൽനിന്നും
അനേകം കുഞ്ഞാടുകളെ രക്ഷിച്ചപ്പോൾ
ഹിറ്റ്‌ലർ നിത്യവും തീൻമേശയിൽ
വരുത്തിച്ചു പൊരിച്ച്
സ്‌റ്റഫ് ചെയ്‌ത പ്രാവുകളെ.
ഇണയെ മാനസാന്തരത്തിന്റെ
കണ്ണീരിൽ സ്നാനപ്പെടുത്തിയ ബുദ്ധനെവിടെ
ഇണയെ സാഡിസത്തിന്റെ മൂത്രത്തിൽ
കുളിപ്പിച്ച ഹിറ്റ്‌ലറെവിടെ.
ബുദ്ധൻ ഒരു സത്യം
ആവർത്തിച്ചാവർത്തിച്ചരുളിയപ്പോൾ
അതൊരു നിർവ്വാണനുണയായി.
ഹിറ്റ്‌ലർ
ആവർത്തിച്ചാവർത്തിച്ചുരുവിട്ടപ്പോൾ
ഒരു നുണ ദുരന്തസത്യമായി.
ഹിറ്റ്‌ലറുടെ സത്യത്തെക്കാൾ
ഇന്ന് നല്ലത്
ബുദ്ധന്റെ നുണ.
ഇടത്തോട്ടു ചാഞ്ഞാൽ ഞാൻ
കപടബുദ്ധനായ്‌പ്പോകും
വലത്തോട്ടു ചാഞ്ഞാൽ ഞാൻ
കപടഹിറ്റ്‌ലറായ്‌പ്പോകും
എങ്ങോട്ടും ചായാതെ
തട്ടുകൾ കാലിയായ ഒരു ത്രാസിന്റെ സൂചിപോലെ
എനിക്കൊരു നിമിഷം
അന്തംവിട്ടുനിൽക്കാൻ കഴിഞ്ഞെങ്കിൽ!
Generated from archived content: poem1_aug2_08.html Author: venu_nambyar
Click this button or press Ctrl+G to toggle between Malayalam and English