പണ്ടു കണ്ട വഴിയിൽ മതിലുകൾ
പണ്ടു കണ്ട മുഖങ്ങളിൽ ംലാനവും
പണ്ടു മുങ്ങിക്കുളിച്ച പുഴകളിൽ
വീർത്തു പൊങ്ങിക്കിടക്കും ജഡങ്ങളും.
നൊമ്പരങ്ങളിറക്കിവെക്കാനൊരത്താണി
തിരഞ്ഞു ഞാനെത്തീ കുരിശിലും.
പൊന്താതെ പൊന്തിച്ചെടുക്കും
പാടത്ത് മക്രാണ മാർബിൾ മഹലുകൾ
ഹോമധൂമമായ് നീറി നീറ്റുന്ന യൗവ്വനക്കോലങ്ങൾ
വേഗമാവേഗമാണെങ്ങുമെങ്ങുമിവിടെ
കാകോളപാനമാണെങ്ങുമെങ്ങും.
പെറ്റനാടിന്റെ ദൃഷ്‌ടിയിലിവനെങ്ങു
നിന്നൊ വലിഞ്ഞു കയറി വന്ന പരദേശി
“തെക്കനൊ വടക്കനൊ വാടകക്കാരനൊ?”
ഇടവഴിയിലെ കളളി പൂത്ത തിരിവിൽ
സത്വമാരാഞ്ഞിടുന്നൊരാരാൻഃ
“ആരുവാൻ നിങ്ങളാരുവാൻ?”
“വാടകക്കാരനല്ല, പിറന്ന വീട്ടി-
ലൊഴിവുകാലം ചിലവഴിപ്പാനെത്തിയോൻ;
വെളുപ്പിനിറങ്ങണം നാളെ,
യെത്താനിരവ്‌മൂന്നെടുക്കും,
വിദൂരമാം വടക്കൻനാട്ടിലേക്ക്”
നെയ്‌ത്തുകാരന്റെയോടംകണക്കെ
വരവുംപോക്കും തുടങ്ങിയിട്ടിമ്മിണി കാലമായ്
നീക്കുപോക്കില്ലാവരവിലുംപോക്കിലും
കുറവത്രെ വരവ്, ചിലവേറിയും
ഇങ്ങുമങ്ങുമൊരുപോലെയന്യൻ,
ഊറുമന്യതാബോധമല്ലോ ജീവിതസമ്പാദ്യം.
എങ്കിലും പെറ്റ നാടല്ലേ വന്നു കുമ്പിടാം
വീണ്ടുമൊരാവണിക്കാലത്ത്
കണ്ണുനീർത്തുളളി വീഴ്‌ത്തുവാനുണ്ടിവിടെ
യെനിക്കൊരുപാപനാശിനി
കണ്ണാന്തളിപ്പൂക്കളിലുണ്ടൊരു
കുന്നരിച്ചുപെറുക്കിയ കൈശോരം.
Generated from archived content: poem1_aug2_06.html Author: venu_nambyar