വന്നില്ല പൊൻകണിക്കൊന്ന
പൂത്ത നാളിലും, ഓണമായാലൊന്നിനി
കാണുവാൻ തോന്നുമോ?
പണ്ടത്തെയോണമല്ലിന്നത്തെ-
യെങ്കിലും പോരണേ,
കൺതുറന്നൊന്നു കാണുവാൻ!
ഈണം മറന്ന ഓണവില്ലുകൾ
ഓർമ്മ പൊട്ടിത്തകർന്ന പൂക്കൂടകൾ
മമത്വം കല വീഴ്‌ത്തിയ വാത്‌സല്യച്ചിമിഴുകൾ
പൊടിതുടച്ചെല്ലാമൊരുക്കിവെക്കാം,
വിതറാം നീ വരും വഴിയിലൊരു
കുമ്പിളോണപ്പൂക്കളമ്മ.
ചെയ്യേണ്ട യാത്ര നേരത്തു
ചെയ്യുന്നതേ ജന്മസായൂജ്യം.
ഓണം കഴിഞ്ഞാലും കാലത്തിൻ
രഥമുരുളും വരും വീണ്ടും
മറ്റൊരാവണിച്ചിങ്ങം.
ആരറിഞ്ഞുവതിൻമുന്നെ
വരുവതു കാലനൊ….?
വായ്‌ക്കരിക്കു മണിയോർഡർ പോര
അകം കുളിർപ്പിക്കാനിരുവരിക്കത്തു പോര
കാണാനുഴറുന്ന പഴങ്കണ്ണാൽ
കണ്ണായീക്കണ്ണുചിമ്മുവതെങ്ങനെ!
അമ്മതന്നന്ത്യയാത്രയ്‌ക്കുമുൻപ്
വരികയീപ്പടിയോളമൊന്നു;
കരിയിലകൾ കൈകൊട്ടിക്കളിക്കുമീ
ഓണമുറ്റം കണ്ടിട്ടുപോവുക!!
Generated from archived content: poem1_aug23.html Author: venu_nambyar