വിഷുത്തലേന്ന് കണ്ട ദുഃസ്വപ്‌നം
ഇരുട്ടിലെ ചൂളമടിപോലെ
കാണിക്കും ചുവരിനുമിടയിൽ
കണിപ്പാത്രമില്ല
ആറന്മുളക്കണ്ണാടിയില്ല
പൊന്നും പുസ്‌തകവുമില്ല
കണ്ടച്ചക്കയും കണിവെളളരിയുമില്ല
ഭീമൻപുകച്ചുരുളുകൾ മൂടുന്ന
ഒരു കണിക്കളം ഭൂമി
അതിന്റെ അച്ചുതണ്ടിനു
ആരോ തീയിട്ടിരിക്കുന്നു.
കാലില്ലാതെ പുകയുന്ന തുകൽഷൂ
ഉടലില്ലാതെ എരിയുന്ന കുപ്പായങ്ങൾ
വിരലില്ലാതെ ഉരുകുന്ന മോതിരങ്ങൾ
എകിറുളള വൈറസുകൾ
മുലക്കണ്ണ് പോലെ
പൊടുത്തുവരുന്ന അരിമ്പാറകൾ
യോനികളിൽ നിന്നടർത്തപ്പെട്ട
ശിവലിംഗങ്ങൾ
സ്രവിക്കപ്പെട്ട രേതസ്സിന്റെ നിറമാണോ?
പുകച്ചുരുളുകൾക്ക്
അവ ഭൂമിയെ മാത്രമല്ല
ആകാശഗംഗകളെയും വിഴുങ്ങി
ആറ്റിക്കുറുക്കുമ്പോൾ
ഒരു ഭ്രാന്തൻകൂണിന്റെ
ആണവമൗനം ആ ദുഃസ്വപ്‌നം
ഇനി കാണിക്ക വേണ്ട
കാണുവാൻ കണ്ണുണ്ടാവില്ല
കൈനീട്ടം വേണ്ട
വാങ്ങുവാൻ കയ്യുണ്ടാവില്ല
കയറാനും ഇറങ്ങാനും കോണിയും വേണ്ട
ഒരു വേള ഓസോണിനു കീഴെ
ഇത് ഒരന്ത്യക്കണി
എൻഡോസൾഫാൻ സൂക്ഷിക്കുന്ന
കണിയാൻ മനസ്സുകൾ
ഇതു വിശ്വസിക്കുമോ ആവോ?
അവരുടെ വിഷുഫലപ്രവചനത്തിൽ
വിദേശയാത്രയും പരസ്‌ത്രീഗമനവും
ക്ലോണിംഗും കടമെടുത്ത് നെയ്യ് സേവിക്കലും മാത്രം
കടലോരത്തെ കവിടിയും
പുഴയോരത്തെ പുൽക്കൊടിയും
ആകാശച്ചെരിവിലെ കൊറ്റിയും
ആവർത്തിച്ചു ചോദിക്കുന്നുഃ
അവശേഷിക്കുന്ന ഒരേയൊരു
അച്ചുതണ്ടിനു തീയെറിഞ്ഞാൽ
പിന്നെയെങ്ങനെ
കറങ്ങും ഈ ഭൂമി?
Generated from archived content: poem1_apr12_06.html Author: venu_nambyar